നെറ്റിത്തടം വിയര്‍ത്തു കൊണ്ടുള്ള തിരിച്ചു യാത്രക്ക്‌

1064

മനുഷ്യന്‍ അവന്‍റെ നിത്യ ജീവിതത്തില്‍ സദാ അധ്വാനത്തിലും പരിശ്രമങ്ങളിലുമാണ്. വിശ്രമമില്ലാത്ത അധ്വാനങ്ങളധികവും തന്‍റെയും കുടുംബത്തിന്‍റേയും ഉപജീവനം നേടാനുള്ള മാര്‍ഗത്തിലുമാണ്. തൊഴിലിലും കച്ചവടങ്ങളിലും ചെറുതും വലുതുമായ ഇതര സാമ്പത്തിക സംരംഭങ്ങളിലും ഇടതടവില്ലാതെ ഇടപെടുമ്പോഴും മനുഷ്യരിലധികവും നിരാശയിലും ദുഃഖത്തിലുമാണ് കഴിഞ്ഞു കൂടുന്നത്. ഉദ്ദേശിച്ചത്ര ഉപജീവനവും സാമ്പത്തികമായ മേന്മയും കൈവരിക്കാനാവുന്നില്ല, ദാരിദ്ര്യത്തിന്‍റേയും പങ്കപ്പാടുകളുടേയും ആധിക്യമാണ് തന്നില്‍ എന്നുമുള്ളത്. പരീക്ഷണങ്ങളില്‍ നിന്ന് പരീക്ഷണങ്ങളിലേക്ക് കൂപ്പുകുത്തുന്നുവെന്നല്ലാതെ ജീവിതാനുഭവങ്ങളില്‍ യാതൊരു മാറ്റവുമില്ല. ഇവ്വിധത്തിലുള്ള ചിന്തകളാണ് മനുഷ്യനെ നിരാശയിലേക്കും ദുഃഖത്തിലേക്കും തള്ളിവിടുന്നത്. ഏതൊരു മനുഷ്യന്‍റേയും ജീവിത ശത്രു നിരാശയാണ് എന്നതാണ് വാസ്തവം. അത് ഹൃദയത്തില്‍ പടര്‍ന്നു കഴിഞ്ഞാല്‍ ജീവിതം ദുരിതപൂര്‍ണ്ണമായതു തന്നെ.

യഥാര്‍ത്ഥത്തില്‍, സത്യവിശ്വാസികളുടെ കാര്യം അത്ഭുതകരമാണ്. അല്ലാഹുവില്‍ മനസ്സുറപ്പിച്ച് ജീവിക്കുന്ന അവര്‍ ജീവിതത്തെ ചിട്ടപ്പെടുത്തുന്നത് അവന്‍റെ വിധിവിലക്കുകള്‍ക്ക് അനുസൃതമായിട്ടാണ്. തഖ്വയിലധിഷ്ഠിതമായ ജീവിതം അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ക്ക് വഴിവെക്കും എന്ന കാര്യത്തില്‍ സത്യവിശ്വാസിക്ക് തരിമ്പും സംശയമില്ല. ദാരിദ്ര്യങ്ങളേയും സാമ്പത്തിക പരാധീനകളേയും അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളായി കാണുന്നൂ എന്നത് മാത്രമല്ല സത്യവിശ്വാസികളുടെ പ്രത്യേകത; ആ പരീക്ഷണങ്ങള്‍ ഒന്നും തന്നെ തങ്ങളില്‍ സ്ഥായിയായി നിലനില്‍ക്കില്ല എന്ന് വിശ്വസിക്കുകയും അവയുടെ നിവൃത്തിക്കായി അധ്വാനിച്ചും അല്ലാഹുവിനോട് പ്രാര്‍ഥിച്ചും അവര്‍ പ്രതീക്ഷയോടെ ജീവിക്കുകയും ചെയ്യും എന്നതു കൂടിയാണ്. അതു കൊണ്ടു തന്നെ തഖ്വയിലധിഷ്ഠിതമായ ധാര്‍മ്മിക ജീവിതം കയ്യൊഴിയുന്ന ഒരു അവസരവും സത്യവിസ്വാസിയുടെ ജീവിതത്തിലുണ്ടാകുന്നതല്ല.

മനസ്സിന്‍റെ അതിശ്രേഷ്ഠമായ ഭാവമാണ് തഖ്വ. മനുഷ്യ ജീവിതത്തില്‍ അതിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ജീവിത വിശുദ്ധി, പ്രതീക്ഷ, സുരക്ഷിതത്വം, നിര്‍ഭയത്വം, ആത്മാനന്ദം തുടങ്ങിയ സാര്‍ഥക ജീവിതത്തിനുതകുന്ന സകലതും തഖ്വയിലൂടെ വന്നു കിട്ടുമെന്നതാണ് സത്യം. ‘അല്ലാഹുവേ, എന്‍റെ മനസ്സിന് നീ അതിന്‍റെ തഖ്വ പ്രധാനം ചെയ്യേണമേ, നീ അതിനെ പരിശുദ്ധമാക്കുകയും ചെയ്യേണമേ, നീയാണ് അതിനെ പരിശുദ്ധമാക്കാന്‍ യോഗ്യന്‍’, എന്ന പ്രവാചക പ്രാര്‍ഥനയും, ഐഹിക ജീവിത യാത്രയില്‍ മനുഷ്യന്‍ കരുതിവെക്കുന്ന ‘ഏറ്റവും മികച്ച പാഥേയം തഖ്വയാണ്’ എന്ന ഖുര്‍ആനിക പാഠവും ഈ സന്ദര്‍ഭത്തില്‍ അനുസ്മരണീയമാണ്.

കുറ്റമറ്റ ഹൃദയം സ്വര്‍ഗപ്രാപ്തിക്ക് നിര്‍ബന്ധമാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. എന്താണ് ഖല്‍ബുന്‍ സലീം? ശിര്‍ക്കില്‍ നിന്നും ബിദ്അത്തുകളില്‍ നിന്നും മുക്തമായ ഹൃദയം എന്ന് പണ്ഡിതന്മാര്‍ അതിനെ വിശദീകരിച്ചിട്ടുണ്ട്. സത്യവിശ്വസങ്ങളെ സന്ദേഹമില്ലാതെ ഉള്‍ക്കൊള്ളാനും, അവക്കനുസൃതമായി പ്രവര്‍ത്തിക്കാനുള്ള പ്രചോദനങ്ങളേകാനും പ്രാപ്തിയുള്ള ആരോഗ്യ ഹൃദയം എന്നും അത് വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. സത്യനിഷേധികളുടെ ഹൃദയങ്ങള്‍ രോഗാതുരമാണ് എന്ന സൂറത്തുല്‍ ബഖറയിലെ 10-ാം വചനം ഇവിടെ സ്മരിക്കുക. കുറ്റമറ്റ, ആരോഗ്യമുള്ള, സ്വര്‍ഗപ്രാപ്തമായ ഹൃദയത്തിന് ആരാണ് ഉടമകളാകുന്നത് എന്ന സൂചന ഖുര്‍ആനില്‍ നിന്നു തന്നെ നമുക്ക് വായിക്കാനാകും.

“അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) മുത്തഖ്വീങ്ങള്‍ക്ക് അഥവാ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്.” (ശുഅറാഅ്/88-90)

തഖ്വയാണ് കുറ്റമറ്റ ഹൃദയത്തിന് നിദാനം എന്നത്രെ മേല്‍സൂചിത സൂക്തത്തിന്‍റെ താത്പര്യം. തഖ്വ ഹൃദയത്തിലേറുമ്പോള്‍ അവിടം സകലമാന രോഗങ്ങളില്‍ നിന്നും മ്ലേഛതകളില്‍ നിന്നും സുരക്ഷിതമാകും. ജീവിതത്തെ അത് വിമലീകരിക്കും. റബ്ബുമായുള്ള അടിമയുടെ സംസര്‍ഗ്ഗവും സംസാരവും അധികരിപ്പിക്കും. ഒഴിഞ്ഞിരിക്കുന്ന വേളകളില്‍ അല്ലാഹവിനെയോര്‍ത്തുള്ള വിചാരങ്ങള്‍ നയനങ്ങളില്‍ നിന്ന് കണ്ണീര്‍ കണങ്ങളൊഴുക്കും. വന്നുപോയ പാപങ്ങളില്‍ ഖേദിക്കാനും പശ്ചാത്തപിക്കാനുമുള്ള ത്രാണി ഖല്‍ബിനതു നല്‍കും. നന്മകളെ പ്രാപിക്കാനുള്ള മോഹവും തിന്മകളില്‍ നിന്നകലാനുള്ള നിശ്ചയവും മനസ്സിന് നല്‍കുന്നത് തഖ്വയാണ് എന്ന് ബോധ്യപ്പെടും. ജീവിതത്തിന്‍റെ അര്‍ഥം മാത്രമല്ല, അതിന്‍റെ ശരിയായ ആസ്വാദനവും അപ്പോള്‍ മുഅ്മിനുകള്‍ക്ക് അനുഭവിക്കാനാകും.

മനുഷ്യനില്‍ തഖ്വയുടെ സ്വാധീനം ഓരോ അവയവങ്ങളിലുമുണ്ടാകും. പ്രസ്തുത അവയവങ്ങളില്‍ ഏറെ മാറ്റമുണ്ടാകുന്നത് രണ്ട് അവയവങ്ങള്‍ക്കാണ്. അവ രണ്ടും പരിശുദ്ധവും പാപങ്ങളില്‍ നിന്ന് മുക്തവുമാകുന്നതോടെ സ്വര്‍ഗത്തിന്‍റെ ചാരത്തേക്ക് നടന്നടുക്കാന്‍ സത്യവിശ്വാസികള്‍ക്ക് വഴി ലഭിക്കുന്നതുമാണ്. ഒരു പ്രവാചക മൊഴി ശ്രദ്ധിക്കുക:

സഹ്ല് ബ്നു സഅദ് നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “ആര്‍ക്കാണൊ തന്‍റെ രണ്ട് താടിയെല്ലുകള്‍ക്കിടയിലും, രണ്ട് കാലുകള്‍ക്കിടയിലുമുള്ള അവയവങ്ങള്‍ പാപങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് ഗ്യാരണ്ടി പറയാനാകുന്നത്, അവന്ന് സ്വര്‍ഗമുണ്ടെന്ന് ഞാനിതാ ഗ്യാരണ്ടി പറയുന്നു.” (ബുഖാരി)

ഈ ഹദിസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു അബ്ദില്‍ ബിര്‍റ്(റ) എഴുതി: “നാവും
ലൈംഗികാവയവും മുഖേനയാണ് മഹാപാപങ്ങളധികളവും മനുഷ്യനില്‍ സംഭവിക്കുന്നത് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. സത്യനിഷേധത്തിന്‍റെ പദങ്ങള്‍ പറയുക, ചാരിത്ര്യവതികളെ അപകീര്‍ത്തിപ്പെടുത്തുക, മുസ്ലിംകളുടെ അഭിമാനത്തെ അപമാനിക്കുക, കള്ളു കുടിക്കുക, പലിശ ഭുജിക്കുക, അനാഥരുടെ മുതല്‍ അന്യായമായി തിന്നുക തുടങ്ങി നിരവധി പാപങ്ങള്‍ മനുഷ്യന്‍റെ വായയിലൂടെയാണ് ഉണ്ടാകുന്നത്. വ്യഭിചാരം, പ്രകൃതി വിരുദ്ധ ലൈംഗികവേഴ്ച തുടങ്ങിയ പാപങ്ങളാകട്ടെ അവന്‍റെ ഗുഹ്യാവയവത്തിലൂടെയും സംഭവിക്കുന്നൂ.” (അല്‍ഇസ്തിദ്കാര്‍ 8/565)

ഇബ്നു ഹജറുല്‍ അസ്ക്വലാനി(റ) ഇപ്രകാരം എഴുതി: “അതായത്, തന്‍റെ നാവിന്‍റെ ഉത്തരവാദിത്തമറിഞ്ഞ് സംസാരിക്കുകയും, തനിക്കാവശ്യമില്ലാത്ത സംഗതികളില്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്തവന്ന് സ്വര്‍ഗം ലഭിക്കുമെന്ന ഉറപ്പാണ് ഈ ഹദീസിലൂടെ അല്ലാഹുവിന്‍റെ ദൂതന്‍ നല്‍കുന്നത്. നാവിനാലുള്ള സംസാരമാണ് എല്ലാ സംഗതികളുടേയും അടിത്തറ. നല്ലതിനു മാത്രമേ ഒരാള്‍ തന്‍റെ നാവുപയോഗിക്കുന്നുള്ളൂ എങ്കില്‍, അവന്‍ എല്ലാ വിപത്തില്‍ നിന്നും രക്ഷപ്പെട്ടതു തന്നെ. ഒരു മനുഷ്യന് ദുനിയാവില്‍ ഏറ്റവും മോശമായ പരീക്ഷണമായിത്തീരുന്നത് അവന്‍റെ നാവും ലൈംഗികാവയവവുമാണ് എന്ന പാഠവും ഈ ഹദീസിലുണ്ട്. ഇവ രണ്ടിന്‍റേയും ഉപദ്രവത്തില്‍ നിന്ന് ഒരാള്‍ സുരക്ഷിതനായാല്‍ ഏറ്റവും കൊടിയ വിപത്തില്‍ നിന്നും അവന്‍ രക്ഷപ്പെട്ടു.” (ഫത്ഹുല്‍ ബാരി)

തഖ്വ ഹൃദയത്തെ ആലിംഗനം ചെയ്താല്‍ ശാരീരികാവയവങ്ങളിലെല്ലാം അതിന്‍റെ കുളിരനുഭവപ്പെടുന്നതാണ്. ആത്മീയമായ ആ കുളിരില്‍ സല്‍കര്‍മ്മങ്ങള്‍ക്ക് പ്രചോദനമുണ്ടാകും. അല്ലാഹുവിന്‍റെ മുറിയാത്ത ശ്രദ്ധയെ സംബന്ധിച്ച ബോധമുണ്ടാകും. വാക്കുകകള്‍ക്കും പ്രയോഗങ്ങള്‍ക്കും സൂക്ഷ്മത കൈവരും. അനാവശ്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ കൈകാലുകള്‍ക്ക് ധൈര്യമുണ്ടാകും. തൗഹീദീ ആദര്‍ശത്തെ നെഞ്ചിലേറ്റി മുന്നേറാന്‍ ആത്മാര്‍ത്ഥത ലഭ്യമാകും. സഹജീവികളുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാനും അവരുടെ നേട്ടങ്ങള്‍ക്കുവേണ്ടി കഴിയുന്നതു ശ്രമിക്കാനും മനസ്സിനു താത്പര്യം വരും. സ്വന്തം അപകാതകളില്‍ കരയാനും ഖേദിക്കാനും പശ്ചാത്തപിക്കാനും ഹൃദയം വെമ്പല്‍ കൊള്ളും. അങ്ങനെ പുതിയ മനസ്സും തനുസ്സുമായി ജീവിക്കാന്‍ അല്ലാഹുവിന്‍റെ ഔദാര്യമായ തൗഫീഖ് വന്നെത്തും. ‘അല്ലാഹുവേ, എന്‍റെ മനസ്സിന് നീ അതിന്‍റെ തഖ്വ തന്നാലും’ എന്ന പ്രവാചക പ്രാര്‍ഥനയുടെ രുചി എത്ര ആസ്വാദ്യകരമാണ് സഹോദരങ്ങളേ!

രാവും പകലും, രഹസ്യവും പരസ്യവും, വാക്കും പ്രവൃത്തിയും ഒരുപോലെയാക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര പേരുണ്ട് നമ്മില്‍. പകലായാല്‍ പകല്‍വെളിച്ചം പൂകുന്ന നമ്മുടെ മനസ്സ്, രാവായാല്‍ രാവിന്‍റെ ഇരുളു പോലെ കറുക്കുന്നുവെങ്കില്‍ അതു കൊണ്ട് ഫലമെന്തുണ്ട്? ആരേയും നോവിക്കരുതെന്ന് ഉപദേശിക്കുന്ന ഞാന്‍ വാക്കു കൊണ്ട് മാന്യനാകാം. പക്ഷെ, അറിവിന്‍റെ അമ്മിഞ്ഞപ്പാലൂട്ടിയ അധ്യാപകനെപ്പോലും തേവിടിശ്ശിയോടുപമിക്കാനും തെറിവിളിക്കാനുമാണ് ഞാന്‍ നാവെടുക്കുന്നതെങ്കില്‍ പ്രവൃത്തിപഥത്തില്‍ ഞാന്‍ നിന്ദ്യനാണ്, നികൃഷ്ടനാണ്. ഒരു വ്യക്തിയില്‍, തന്‍റെ വാക്ചാതുരിയും വൈഭവവും വ്യതിരിക്തത സൃഷ്ടിക്കുന്നത്, അവന്‍റെ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലുമുള്ള സൂക്ഷ്മതയും വിനയവുമാണ് എന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണം. അല്ലാഹുവിങ്കല്‍ പ്രിയപ്പെട്ടവനാകുന്നതും ആളുകളാല്‍ അംഗീകരിക്കപ്പെട്ടവനാകുന്നതും ശുദ്ധഹൃദയമുള്ളവനാണ്. തഖ്വയുള്ള ഹൃദയത്തില്‍ പകയും പരനിന്ദയുമുണ്ടാകില്ല. രഹസ്യവും പരസ്യവും വ്യത്യസ്തമാകുകയുമില്ല. സംശുദ്ധമായിരിക്കും ആ മനസ്സ്. ആ മനസ്സുള്ളവര്‍ക്കാണ് സ്വര്‍ഗ്ഗത്തിലിടമുള്ളത്. അല്ലാഹു പറഞ്ഞു:

“തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.” (സുമര്‍/73)

അന്യരുടെ പിഴവുകളെ നന്നാക്കാന്‍ അവിശ്രമം അധ്വാനിക്കുമ്പോള്‍ സ്വന്തത്തെ മറക്കാതിരിക്കാന്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കണം. പണ്ഡിതന്മാരാകുമ്പോള്‍ പ്രത്യേകിച്ചും. എന്തുകൊണ്ടെന്നാല്‍ മറ്റുള്ളവര്‍ ജീവിക്കുന്ന ഭൂമിയിലും അവര്‍ ബന്ധപ്പെടുന്ന ചുറ്റുപാടുകളിലുമാണ് നമ്മുടേയും ജീവിതവും യാത്രയും. അവരെ ബാധിക്കാവുന്ന ചെളികള്‍ നമ്മുടെയും കരളിലും കര്‍മ്മങ്ങളിലും പുരളാം. മറ്റുള്ളവര്‍ക്ക് വിരല്‍ ചൂണ്ടാന്‍ നമ്മുടെ ജീവിതവും പ്രാപ്യമെങ്കില്‍ നമ്മുടെ ഉപദേശങ്ങളും ഉല്‍സാഹങ്ങളും വൃഥാവിലാകും. തഖ്വയെ കൂടെക്കൂട്ടിയുള്ള യാത്രയിലാണ് നമുക്കെന്നും സുരക്ഷിതത്വമുള്ളത്. നാവിന്‍ തുമ്പിലല്ല, ഹൃദയാന്തര്‍ഭാഗത്താണ് അതിന്ന് ഇരിപ്പിടം നല്‍കേണ്ടത്. പ്രവാചക തിരുമേനി(സ്വ) സ്വന്തം ഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ടാണ് ‘തഖ്വയുടെ ഇരിപ്പിടം ഇവിടെയാണ്’ എന്ന് നമുക്കു പറഞ്ഞു തന്നിട്ടുള്ളത്. അതു കൊണ്ടു തന്നെ, ‘ഹൃദയങ്ങളെ മാറ്റുന്നവനേ, എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍ തന്നെ നീ ഉറപ്പിച്ചു നിര്‍ത്തണേ’ എന്ന പ്രാര്‍ഥന നാം ആവര്‍ത്തിച്ചു കൊണ്ടിരിക്കണം.

പുണ്യകര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നത് അടിമകളിലെ മുത്തഖികളില്‍ നിന്നാണ് എന്ന ബോധത്തോടെ ജീവിക്കാന്‍ വിശ്വാസികള്‍ സദാ ശ്രദ്ധിക്കണം. അതിന്, “ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ” (മാഇദ/27) എന്ന ഖുര്‍ആനിന്‍റെ പാഠം ഓര്‍മ്മയില്‍ സൂക്ഷിച്ചാല്‍ മതിയാകും. മുസ്ലിംകളായി മരിക്കാന്‍ തഖ്വ വേണം. വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാനും തഖ്വ അനിവാര്യമാണ്. തഖ്വയാണ് സത്യസന്ധന്മാരോടൊപ്പം സഹവസിക്കാനുള്ള പ്രചോദനമേകുന്നത്. നിശിതമായ വിചാരണയെ നേരിടേണ്ടുന്ന പരലോകത്തിലേക്ക് എന്ത് നേട്ടങ്ങളാണ് കയ്യില്‍ കരുതിയിട്ടുള്ളത് എന്ന് ഇടക്കിടെ ചിന്തിക്കാന്‍ പര്യാപ്തമാക്കുന്നതും നമ്മിലുള്ള തഖ്വ തന്നെയാണ്. ഈ അമൂല്യമായ ഹൃദയഭാവം കൊണ്ടു മാത്രമാണ് അല്ലാഹുവിങ്കല്‍ ആരും ആദരണീയനാകുന്നത്. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത് എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുള്ളതാണ്. സത്യത്തിലേക്കുള്ള ഹിദായത്തും സത്യാസത്യ വിവേചനത്തിനുള്ള ശേഷിയും മുത്തഖികളായ ദാസന്മാര്‍ക്ക് അല്ലാഹു ഔദാര്യമായി നല്‍കുന്നതാണ്.

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരുന്നതാണ്.” (അന്‍ഫാല്‍/29)

ഹൃസ്വമാണ് ജീവിതം എന്ന് ബോധ്യപ്പെട്ടും, ശാശ്വതമായ പരലോകത്തിലെ വിജയത്തിനു വേണ്ടി പണിപ്പെട്ടും കഴിയുന്നത്ര നല്ല ദാസനായി ജീവിക്കാന്‍ നമുക്കായാല്‍ നാം ധന്യരാകും. അല്ലാഹുവിനെ സദാ സ്മരിക്കാനും, തന്‍റെ കര്‍മ്മങ്ങളുടെ കുറവിനെയോര്‍ത്ത് വേവലാതിപ്പെട്ട് അതിനെ നികത്താനും, പുഞ്ചിരിയോടെ, നെറ്റിത്തടം വിയര്‍ത്തു കൊണ്ടുള്ള മരണത്തെ പ്രാപിക്കാനും നാമെല്ലാവരും മനസ്സുവെക്കുക. നമ്മുടെ പ്രാര്‍ഥനകളധികവും അതിനു വേണ്ടിയാകട്ടെ.