ഹൃദയത്തില്‍ മാനുഷികമായ പ്രകൃതവികാരങ്ങള്‍ സജീവമായി നിലനില്‍ക്കുന്നവരില്‍ സന്തോഷകരമായ ജീവിതം കാണാനാകും. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നും എല്ലാ ദിവസവും പുഞ്ചിരി പകര്‍ന്നും എല്ലാ സഹജീവികളുമായും സൗഹൃദം നുണഞ്ഞും ജീവിക്കാനാകുന്നത് മഹാഭാഗ്യമാണ്. ഈ പറഞ്ഞ ജീവിത നിലപാടുകളിലൊക്കെ ഓരോരുത്തരുടേയും സാഹചര്യങ്ങളെപ്രതി ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാല്‍ ആത്യന്തികമായി ഇത്തരം ആളുകളില്‍ മുഖപ്രസന്നതയും ആഹ്ളാദവും ഊര്‍ജ്ജസ്വലതയും കണ്ടെത്താന്‍ സാധിക്കും. ചുറ്റുപാടുകളെ സമീപിക്കുന്നതില്‍ നാം സ്വീകരിക്കുന്ന സൗഹൃദ നിലപാടുകള്‍ നമ്മുടെയൊക്കെ ജീവിതത്തെ അനുകൂലമായാണ് സ്പര്‍ശിക്കുക. ജീവിതത്തിലെ ഭൂത ഭാവി വര്‍ത്തമാന അനുഭവങ്ങളെ സഹിഷ്ണുതാപൂര്‍വം സ്വീകരിക്കുമ്പോഴും നമുക്കു ലഭിക്കുന്നത് ആഹ്ലാദകരമായ ജീവിതം തന്നെയാണ്.
ദൈവദത്തമായ രണ്ട് സര്‍ഗ്ഗാത്മക ഗുണങ്ങളാണ് സ്നേഹവും കരുണയും. നമുക്കിടയില്‍ നിര്‍ലോപം ഉപയോഗിക്കപ്പെടുന്ന മൗലികമായ വികാരങ്ങളാണ് ഇവരണ്ടും. മനുഷ്യ സമൂഹത്തിന്‍റെ ഭദ്രവും സ്വച്ഛവുമായ ഒഴുക്കിന് ഈ രണ്ടു വികാരങ്ങളുടെയും അനിവാര്യത ബോധ്യപ്പെട്ടതുകൊണ്ടാണ് നാം ഇവയെ ധാരാളിത്തത്തോടെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. സ്നേഹമില്ലാത്തവന്‍ എന്ന് നാം ആക്ഷേപിക്കുന്നവനിലും സ്നേഹമുണ്ട്. സ്നേഹത്തെക്കുറിച്ച് അവന്‍ വാചാലനാകാറുമുണ്ട്. കരുണയില്ലാത്തവന്‍ എന്ന് നാം ആക്ഷേപിക്കുന്നവനിലും കരുണയുണ്ട്. കരുണയെക്കുറിച്ച് അവനും ഏറെ സംസാരിക്കാറുണ്ട്. ഒരു പക്ഷെ, താന്‍ പ്രതീക്ഷിക്കുന്ന കരുണ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് അനുഭവിക്കാനാകാത്തതു കൊണ്ടാകാം, കരുണയില്ലാത്തവന്‍ എന്ന് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് അവന്‍ മാറിയതു തന്നെ.
ജീവിതത്തില്‍ ഉപയോഗിക്കുന്തോറും തിളക്കമേറുന്ന അവസ്ഥ സ്നേഹത്തിനും കരുണക്കുമുണ്ട്. സഹജീവികളില്‍ ആത്മാര്‍ത്ഥമായി ഇവയെ ഉപയോഗിക്കുമ്പോള്‍ എനിക്കും നിങ്ങള്‍ക്കും ലഭിക്കുന്നത് അനന്തമായ ആത്മനിര്‍വൃതിയും സമാധാനവുമാണ്. ആരോടും പകവെക്കാതെ, കുറവുകളെയും കുറ്റങ്ങളേയും ഗുണകാംക്ഷയോടെക്കണ്ട് വിട്ടുവീഴ്ച നല്‍കിയും സാരോപദേശങ്ങള്‍ നല്‍കിയും സഹചരന്‍മാരുമായി ഇടപഴകുമ്പോള്‍ മനസ്സ് വിശാലമാകുകയും അവിടം മുഴുവന്‍ സ്നേഹവും കരുണയും പരന്നൊഴുകുകയുമാണ് ചെയ്യുന്നത്. ഇത് വായിക്കുമ്പോള്‍, ഇപ്രകാരമെഴുതുന്ന ലേഖകന്ന് ഈ വിധത്തില്‍ ജീവിക്കാന്‍ സാധിക്കുമൊ എന്ന ചോദ്യമുയര്‍ന്നേക്കാം. സംശയമാണ് എന്നു തന്നെയാണ് ഉത്തരം. പക്ഷെ, അതിന്ന് സാധ്യമാകും എന്ന പ്രതീക്ഷയാണ് ഈ ആശയങ്ങള്‍ പങ്കുവെക്കുന്നതിലെ ചേതോവികാരം.
എനിക്ക് ആരില്‍ നിന്നും സ്നേഹവും കരുണയും ലഭിച്ചിട്ടില്ല എന്നൊ, അവ എനിക്ക് ലഭിക്കുന്നില്ല എന്നൊ ആവലാതി പറയുന്ന ഏറെപ്പേരുണ്ട് നമുക്കിടയില്‍. എന്നും ദു:ഖമാണ് അവരുടെ മുഖത്ത്. മ്ലാനമാണ് അവരുടെ ഹൃദയം. നിരാശ കൂടുകൂട്ടിക്കുറുകുകയാണ് അവരുടെ മനസ്സില്‍. പലരും ആത്മഹത്യാ മുനമ്പുകളിലെത്തുന്നതോ, ആത്മഹത്യയില്‍ തന്നെ വീഴുന്നതോ മിക്കപ്പോഴും ഇക്കാരണം കൊണ്ടാകാം. യഥാര്‍ത്ഥത്തില്‍ അന്യരില്‍ നിന്ന് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന കരുണയും സ്നേഹവും കിട്ടുന്നില്ല എന്ന തോന്നലുണ്ടാകുമ്പോള്‍, അവ രണ്ടും തന്നില്‍ നിന്ന് അന്യര്‍ക്ക് ലഭിക്കുന്നുണ്ടൊ എന്ന് ആരും ചിന്തിക്കാറില്ല. അപ്രകാരം ചിന്തിക്കുന്ന ഒരു സ്വയംവിചാരണാ സ്വഭാവം നാം വളര്‍ത്തിയെടുക്കുകയും ജീവിതത്തില്‍ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നുവെങ്കില്‍ എല്ലാവരില്‍ നിന്നും കരുണയും സ്നേഹവും പരിഗണനയും ലഭിക്കുന്നൂ എന്ന മാനസികാനുഭവത്തിലേക്ക് നാമെത്തുന്നതാണ്. ആഹ്ലാദവും ഊര്‍ജ്ജസ്വലതയുമായിരിക്കും അതുവഴി നമുക്കു ലഭിക്കുന്നത്.
പ്രകൃതിയിലെ എല്ലാ സൃഷ്ടികളിലും കരുണയും സ്നേഹവും പ്രപഞ്ച സ്രഷ്ടാവ് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രപഞ്ച സ്രഷ്ടാവിന്‍റെ അതിവിശിഷ്ടഗുണമായി മുഹമ്മദ് നബി(സ്വ) പറഞ്ഞു പഠിപ്പിച്ചതു തന്നെ അവനിലെ കരുണയാണ്. എന്‍റെ കോപത്തിനും മീതെ ഉയര്‍ന്നു നില്‍ക്കുന്നൂ എന്‍റെ കരുണ എന്ന സ്വന്തത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്‍റെ സന്ദേശം സൃഷ്ടികളായ നമ്മള്‍ മുഖവിലക്കെടുത്തു വേണം ജീവിക്കാന്‍. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ മുഴുവനും പരസ്പരം കൈമാറുന്ന കരുണ അല്ലാഹുവിന്‍റെ കരുണയില്‍ നിന്നും വീതിച്ചു കിട്ടിയ ഒരു ശതമാനത്തില്‍ നിന്നുള്ളതാണ് എന്ന പാഠവും പ്രവാചകന്‍ നല്‍കിയിട്ടുണ്ട്.
്അബൂഹുറയ്റ(റ) നിവേദനം. നബി(സ്വ) അരുളി: അല്ലാഹുവിന്ന് നൂറ് കരുണയുണ്ട്. അതിലൊരു കരണയാണ് ജിന്ന്, മനുഷ്യന്‍, മൃഗങ്ങള്‍, വിഷജന്തുക്കള്‍ തുടങ്ങിയവക്കിടയില്‍ അല്ലാഹു വീതിച്ചു നല്‍കിയത്. അതു മുഖേനയാണ് അവര്‍ തങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും കരുണയും കാണിക്കുന്നത്. ഒരു കാട്ടുമൃഗം തന്‍റെ കുഞ്ഞിനോടു കാണിക്കുന്ന സ്നേഹവും ആ ഒരു ശതമാനത്തില്‍ നിന്നാണ്. ബാക്കിയുള്ള തൊണ്ണൂറ്റി ഒമ്പതു കരുണയും തന്‍റെ നല്ലദാസന്മാര്‍ക്കായി അന്ത്യനാളിലേക്കായി അല്ലാഹു മാറ്റിവെച്ചിരിക്കുകയാണ്. (മുസ്ലിം)
സ്നേഹനിധിയായ ഒരു മാതാവ്, കാണാതെ പോയ തന്‍റെ കുഞ്ഞിനെക്കണ്ടു കിട്ടുമ്പോള്‍ കാണിക്കുന്ന മൂര്‍ത്തമായ വാത്സല്യവും കരുണയും അല്ലാഹുവില്‍ നിന്ന് വീതിച്ചു കിട്ടിയ കരുണയില്‍ നിന്നാണെന്നും പ്രവാചക തിരുമേന(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
അപ്പോള്‍ മനുഷ്യരെല്ലാവരും ചെയ്യേണ്ടത് ഇത്രമാത്രം; സ്വയമറിയാതെ, അധ്വാനമില്ലാതെ, മറ്റൊരാളുടേയും ഔദാര്യമില്ലാതെ കയ്യില്‍, ക്വല്‍ബില്‍ വന്നു ചേര്‍ന്നിട്ടുള്ള രണ്ടു ഭീമമായ സമ്പത്തില്‍ നിന്ന് അഥവാ കരുണയില്‍ നിന്നും സ്നേഹത്തില്‍ നിന്നും നിര്‍ലോപം തുറന്നുവെക്കുക. വേണ്ടവരെല്ലാം വാരിയെടുക്കട്ടെ. അവര്‍ അനുഭവിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. അതു കാണുമ്പോഴുണ്ടാകുന്ന ആത്മനിര്‍വൃതിയും അതിന്നായി അല്ലാഹുവില്‍ നിന്ന് ലഭിക്കാനിടയുള്ള പ്രതിഫലത്തെക്കുറിച്ചോര്‍ക്കുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തിയും അപ്പോള്‍ നമുക്കുമനുഭവിക്കാനാകും. ഒരുകാര്യം നാം പ്രത്യേകമോര്‍ക്കണം. നല്‍കുന്തോറും ഉറന്നു വരുന്നവയാണ് സ്നേഹവും കരുണയും. അഥവാ അല്ലാഹു അതില്‍ നിറച്ചു കൊണ്ടേയിരിക്കും എന്ന് സാരം.
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: കാരുണ്യം പകരുന്നവര്‍ക്ക് കരുണാവാരിധിയായ അല്ലാഹു കരുണ ചൊരിഞ്ഞു കൊണ്ടിരിക്കും. ആകയാല്‍ ഭൂമിയലുള്ളവര്‍ക്ക് നിങ്ങള്‍ കാരുണ്യം നല്‍കുവീന്‍, ആകാശത്തുള്ളവന്‍ നിങ്ങള്‍ക്ക് കാരുണ്യം ചൊരിഞ്ഞു തരുന്നതാണ്. (തിര്‍മിദി)
കരുണയുടെ ഏറ്റവും ലളിതമായ രൂപം സ്വന്തം കുഞ്ഞിന്‍റെ കവിള്‍ത്തടത്തില്‍ വാത്സല്യപൂര്‍വം ഒരു ഉമ്മ നല്‍കുക എന്നതാണ്. നിഷ്കളങ്കരാണ് കുഞ്ഞുങ്ങള്‍. അല്ലാഹുവില്‍ നിന്നുള്ള കണ്‍കുളിര്‍മ്മകളാണ് അവര്‍. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളാണ് അവരുടെ ഊര്‍ജ്ജസ്വലമായ വളര്‍ച്ചക്കാവശ്യമായ അന്നം. ചോക്ലേറ്റുകളും വിവയും ഹോര്‍ലിക്സും ബൂസ്റ്റുമൊന്നുമല്ല അവരുടെ ചുണ്ടില്‍ പുഞ്ചിരിയും ഹൃദയത്തില്‍ ആനന്ദവുമുണ്ടാക്കുന്ന വിഭവങ്ങള്‍. തലയില്‍ തലോടുന്ന കരുണ. കവിളില്‍ ചുംബനം നല്‍കുന്ന കരുണ. താരാട്ടു പാടുന്ന, താലോലിക്കുന്ന കരുണ. കൈപിടിച്ചു നടത്തുകയും തോളില്‍ത്തട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കരുണ. ഒപ്പം നിസ്സീമമായ സ്നേഹവും.
അബൂഹുറയ്റ(റ) പറഞ്ഞു തരുന്ന ഒരു സംഭവമുണ്ട്. ഒരിക്കല്‍ പ്രവാചകന്‍ (സ്വ) മസ്ജിദ്ദുന്നബവിയില്‍ ഞങ്ങളോടപ്പമിരിക്കുകയായിരുന്നു. ആ സമയം പേരമകനായ ഹസന്‍ ബ്നു അലി(റ) വേച്ചുവേച്ചു നടന്നു വന്നു. നബി(സ്വ) തന്‍റെ പേരമകനെ വാരിയെടുത്ത് കവിളില്‍ വാത്സല്യപൂര്‍വം ഉമ്മവെച്ചു. ഈ സമയം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു അക്വ്റഅ് ബ്നു ഹാബിസ്(റ) പ്രവാചകനോടായി പറഞ്ഞു: പ്രവാചകരെ, എനിക്ക് പത്ത് മക്കളാണുള്ളത്. അവരിലൊരാളേയും ഇന്നുവരെ ഞാന്‍ ഉമ്മവെച്ചിട്ടില്ല. പ്രവാചക തിരുമേനി(സ്വ) അപ്പോള്‍ അക്വ്റഇനെ ആശ്ചര്യപൂര്‍വ്വം നോക്കി. എന്നിട്ട് പറഞ്ഞു: കരുണ കാണിക്കാത്തവന്ന് കരുണ ലഭിക്കില്ല. (ബുഖാരി മുസ്ലിം) മക്കള്‍ക്കൊരുമ്മ നല്‍കാത്തവന്‍ കരളില്‍ കരുണയറ്റവനാണ് എന്ന് ചുരുക്കം.
ഹൃദയമുള്ള ചിലരുടെ മുഖത്തു നോക്കി ഹൃദയമില്ലാത്തവന്‍ എന്ന് ആളുകള്‍ വിളിക്കാറുണ്ട്. കരുണയില്ലാത്ത കഠിന ഹൃദയമാണ് അവന്‍റേത് എന്നതു കൊണ്ടാണ് ആളുകള്‍ അവനെയങ്ങനെ വിളിക്കുന്നത്. പ്രവാചകനോടൊരിക്കല്‍ തന്‍റെ ഹൃദയകാഠിന്യത്തെപ്പറ്റി ആവലാതിപ്പെട്ട ഒരു സ്വഹാബിയുടെ കഥയുണ്ട് ഹദീസില്‍. റസൂലേ, എന്‍റെ ഹൃദയം അലിവുള്ളതാകാന്‍ ഞാനെന്തു ചെയ്യണം എന്നദ്ദേഹം ചോദിച്ചപ്പോള്‍ പ്രവാചകനരുളിയത്, നീ അനാഥയുടെ ശിരസ്സു തടവുക നിന്‍റെ ഹൃദയം ലോലമായിത്തീരും എന്നാണ്.
കനിവു നിറഞ്ഞ ഹൃദയ സാന്നിധ്യം ഏതൊരാള്‍ക്കും ഊഷ്മളമായ ഒരു അനുഭവമാണ്. മധുരോതരമായ അനുഭൂതിയാണത്. അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ക്കായി അവന്‍ നല്‍കുന്ന ദാനമാണത്. അനസ്ബ്നു മാലിക്(റ) നിവേദനം. പ്രവാചകനരുളുകയുണ്ടായി: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണൊ അവനെത്തന്നെ സത്യം! കരുണയുള്ളവന്നല്ലാതെ അല്ലാഹു അവന്‍റെ കാരുണ്യം വര്‍ഷിക്കുകയില്ല. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: ഞങ്ങളെല്ലാവരും കരുണ ചെയ്യാറുണ്ട് റസൂലേ. പ്രവാചകന്‍(സ്വ) പറഞ്ഞു: ശരിയായിരിക്കാം, സ്വന്തക്കാര്‍ക്കു മാത്രമായി ചെയ്യുന്നതല്ല കരുണ; എല്ലാവര്‍ക്കുമായി കരുണ ചെയ്യാനാകണം. (അബൂ യഅ്ല)
മനുഷ്യനെ മാത്രമല്ല, പക്ഷി മൃഗാദികളെക്കുടി പരിഗണിക്കുന്ന കരുണയെയും സ്നേഹത്തെയുമാണ് പ്രവാചക തിരുമേനി(സ്വ) ലോകത്തെ പഠിപ്പിച്ചിട്ടുള്ളത്.
വേനല്‍ കനത്തിരിക്കുന്ന വേളയാണിത്. കടുത്ത ചൂടും മിക്കയിടത്തും വരള്‍ച്ചയും വ്യാപകമായിരിക്കുന്നു. ദാഹജലമെന്നത് കിട്ടാക്കനിയായി മാറുന്ന അവസ്ഥയിലേക്ക് പോകുന്ന സാഹചര്യമാണ് ഇന്ന്. മനുഷ്യനെപ്പോലെ ഇതര ജീവികളും പ്രയാസത്തിലാണ്. മനുഷ്യരോടെന്നപോലെ അവയോടും അലിവും കരുണയും കാണിക്കേണ്ട അവസരമാണിത്. മുമ്പൊക്കെ, തെങ്ങിന്‍ ചുവട്ടില്‍ പാത്രങ്ങള്‍ കഴുകാനായി നിറച്ചുവെച്ച വെള്ളത്തൊട്ടികളുണ്ടായിരുന്നു. അതില്‍ നിന്ന് പറവകള്‍ക്ക് ദാഹം തീര്‍ക്കാന്‍ ആകുമായിരുന്നു. ഇന്ന് അങ്ങനെയൊരു സംവിധാനം അധിക വീടുകളിലുമില്ല. പക്ഷി മൃഗാദികള്‍ക്ക് വേനല്‍ദാഹത്തിന് ശമനം നല്‍കാന്‍ വെള്ളം നിറച്ച തൊട്ടികള്‍ ഓരോ വീട്ടുകാരും ഒരുക്കി വെക്കട്ടെ. വിശന്ന് വയറൊട്ടി നില്‍ക്കുന്ന ഒട്ടകത്തെ കാണാനിടയായ പ്രവാചക തിരുമേനി(സ്വ), സംസാരശേഷിയില്ലാത്ത ഈ ഒട്ടകത്തിന്‍റെ കാര്യത്തില്‍ ഇതിന്‍റെ ഉടമ അല്ലാഹുവിനെ സൂക്ഷിക്കട്ടെ എന്ന് താക്കീതു ചെയ്ത സംഭവം ഹദീസുകളിലുണ്ട്. ഏത് പച്ചക്കരളുള്ള ജീവിയോട് കാരുണ്യം കാണിക്കുമ്പോഴും അല്ലാഹുവിന്‍റെ പ്രതിഫലം ലഭ്യമാണ് എന്ന് നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്.
തല്ലും കൊല്ലും പൂര്‍വ്വാധികം അധികരിച്ച ആസുര കാലമാണിത്. മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് അലിവും ദയയും അപരസ്നേഹവും ഒലിച്ചു പോയിരിക്കുന്നു. എപ്പോഴും പകനിറഞ്ഞൊഴുകുന്ന മാനസികാവസ്ഥ കുട്ടികളിലും മുതിര്‍ന്നവരിലും ഏകദേശം സാര്‍വ്വത്രികമായിരിക്കുന്നു. മുമ്പൊക്കെ സ്വാര്‍ത്ഥതക്കു വേണ്ടിയായിരുന്നു കഠിനഹൃദയനായി മാറുന്നതും അന്യദ്രോഹങ്ങളില്‍ മുഴുകുന്നതും. ഇന്ന് ആ അവസ്ഥയില്‍ നിന്ന് മാറി, വെറുമൊരുല്ലാസം എന്ന അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കുഴമറിഞ്ഞുപോയിട്ടുണ്ട്. മാനവസ്നേഹവും, കാരുണ്യഭാവവും, സേവന മനസ്ഥിതിയും, ദൈവഭയവുമൊക്കെ ചെറുപ്പം മുതല്‍ക്കു തന്നെ അനുയോജ്യമായ നിലയില്‍ വ്യക്തികളില്‍ സന്നിവേശിപ്പിക്കുന്ന സംവിധാനങ്ങള്‍ കുറഞ്ഞു പോയിട്ടുണ്ട്. തെറ്റിയാല്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്ന, ജന്തുക്കളില്‍ പോലും കാണുക സാധ്യമല്ലാത്ത, കടുകടുത്ത മനസ്സുമായിട്ടാണ് അധിക പേരുടേയും ജീവിതം.
ഇതിന്ന് പ്രകടമായ പല കാരണങ്ങളുമുണ്ട്. ചെറിയവര്‍ മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ലാതെ വ്യാപകമായി കളിച്ചു കൊണ്ടിരിക്കുന്ന ഗെയിമുകളെ ശ്രദ്ധിച്ചിട്ടുണ്ടൊ? എല്ലാം കൊല്ലും കൊലയും പ്രോത്സാഹിപ്പിക്കുന്നവ. നിലവില്‍ ജനകീയമായിത്തീര്‍ന്ന പബ്ജിയെന്ന ഓണ്‍ലൈന്‍ ഗെയിം തന്നെ ഉദാഹരണം. ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും ഒരുപാടു പേര്‍ക്ക് ഒന്നിച്ചിരുന്ന് ലോകം മറന്ന് കളിക്കാവുന്ന കളിയാണ് പബ്ജി. അതില്‍ നിറയെ കൊലയാണ്. പബ്ജി കളിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ അരികത്ത് അല്‍പ സമയം നിന്നു നോക്കൂ; വിടെല്ലെടാ, കൊല്ലെടാ, ചത്തെടാ തുടങ്ങിയ ആക്രോശങ്ങള്‍ അവനില്‍ നിന്ന് നമുക്ക് കേള്‍ക്കാനാകും. കലിപ്പും നിരാശയും പല്ലിറുമ്മലുമൊക്കെ അവനില്‍ നമുക്ക് കാണാനാകും! ഇങ്ങനെയുള്ളവന്‍റെ ഹൃദയത്തില്‍ കനിവിന്‍റെ നീരുറവ എങ്ങനെ ഉണ്ടാകാനാണ്. ഉണ്ടായിരുന്ന സ്നേഹത്തിന്‍റെ കിനിവ് എങ്ങനെ വറ്റാതെ നില്‍ക്കാനാണ്! ഏതു സാധരണക്കാരനും കളിക്കാവുന്ന ഈ ജനകീയ ഗെയിം കുട്ടികളിലും വലിയവരിലും കുടുംബത്തിലും സമൂഹത്തിലും വരുത്തിവെക്കുന്ന അപരിഹാര്യമായ അപകടങ്ങളെക്കുറിച്ചുള്ള അനുഭവകഥകള്‍ എമ്പാടുമുണ്ട്. ഈ ഗെയിമിന് അഡിക്റ്റുകളായിരുന്നവര്‍ തന്നെ, തങ്ങള്‍ക്കു ഭവിച്ച നെഗറ്റീവ് ഇംപാക്ടുകളെക്കുറിച്ച് വേദനയോടെയും ആവലാതിയോടെയും എഴുതിയിട്ടുണ്ട്. ഇന്‍റര്‍ നെറ്റില്‍ പരതിനോക്കിയാല്‍ നമുക്കത് കാണാനാകും. ഈ കളിയുടെ കാര്യത്തില്‍, രക്ഷിതാക്കളേ, നിങ്ങള്‍ മക്കളെ ശ്രദ്ധിക്കണേ എന്ന് ഉപദേശിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. എന്തുകൊണ്ടെന്നാല്‍ രക്ഷിതാക്കളും ഈ കളിയില്‍ സസന്തോഷം വ്യാപൃതരാണ്!
അല്ലാഹു ഹൃദയത്തില്‍ ഇട്ടു തന്ന കരുണയുടേയും സ്നേഹത്തിന്‍റെ മൂര്‍ത്തമായ മൂല്യങ്ങള്‍ കെട്ടുപോകാതെ സൂക്ഷിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കണം. ഈ രണ്ട് വികാരങ്ങളും എന്‍റെയും നിങ്ങളുടേയും സ്വസ്ഥവും ആനന്ദകരവുമായ ഐഹിക ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പരലോകത്ത് സ്വര്‍ഗ്ഗ പ്രവേശത്തിന് കാരുണ്യവാനായ അല്ലാഹുവിന്‍റെ ഔദാര്യം ലഭിക്കാന്‍ അനിവാര്യമാണ്. ഈ ആദരണീയമായ രണ്ടു മാനുഷിക വികാരങ്ങളുടേയും നഷ്ടവും നിരുപയോഗവും ആത്യന്തികമായ നഷ്ടത്തിലേക്ക് നമ്മെ തള്ളിവിടും എന്ന ബോധജാഗ്രതിലാകണം സത്യവിശ്വാസികള്‍ എന്ന നിലക്ക് നമ്മുടെ എല്ലാവരുടേയും ജീവിതം.