മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 2

8184

അധ്യായം രണ്ട്
പ്രവാചക ജീവിതം ആരാധനാ സമൃദ്ധം

മുഹമ്മദ് നബി(സ്വ) മാനവതക്കനുഗുണമായ അനന്യമാതൃകയാണ്. ലോകജനതക്ക് അനുധാവനം ചെയ്യാവുന്ന ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ നിറഞ്ഞ നേതാവാണദ്ദേഹം. വിശുദ്ധ ഖുര്‍ആനിലൂടെ അക്കാര്യം അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
“തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.” (അഹ്സാബ്/21)

അല്ലാഹുവിന്‍റെ ആജ്ഞകള്‍ ഉപദേശിക്കുക മാത്രമല്ല, അവ സ്വന്തം ജീവിതത്തില്‍ കൃത്യതയോടെ പാലിക്കുകയും ചെയ്തൂ തിരുമേനി(സ്വ). തത്വങ്ങളും സിദ്ധാന്തങ്ങളു മാവിഷ്കരിച്ച ഒരുപാടുപേരെ നമുക്കറിയാം. ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു അവയൊക്കെ. എന്നാല്‍ അവയൊന്നും തന്നെ തങ്ങളുടെ ജീവിതത്തില്‍ പാലിക്കാന്‍ അവര്‍ കൂട്ടാക്കിയതായി കണ്ടിട്ടില്ല. മുഹമ്മദ് നബി(സ്വ) ഇവിടെ വേറിട്ടു നില്‍ക്കുന്നു. തന്‍റെ സമൂഹത്തെ പഠിപ്പിക്കുന്നതെന്തൊ അത് ആദ്യം തന്‍റെ ജീവിതത്തില്‍ നടപ്പിലാക്കുകയാണ് പ്രവാചകന്‍റെ പതിവ്. ലോകാവസാനംവരെയുള്ള ജനതക്ക് ഉല്‍കൃഷ്ടമായ മാതൃകയാകുവാനായിരുന്നല്ലൊ അവിടുത്തെ ദൈവനിയോഗം!

1. നബി(സ്വ)യുടെ നമസ്കാരം

അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരം പ്രവാചകന്‍ പഠിപ്പിച്ചതാണ്. പ്രവാചക ജീവിതത്തിലെ മഹത്തായ ഒരു മുഅ്ജിസത്തിലൂടെയാണ് അഞ്ചു നേരത്തെ നമസ്കാരം മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടത്. ഒരൊറ്റ രാത്രിയില്‍ മക്കയില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസിലേക്ക് രാപാലായനം ചെയ്യുകയും, തുടർന്ന് അല്ലാഹുവിങ്കലേക്ക് ആകാശാരോഹണം നടത്തി മക്കയില്‍ തന്നെ തിരിച്ചെത്തുകയും ചെയ്ത സംഭവമാണ് പ്രസ്തുത മുഅ്ജിസത്ത്. പ്രവാചകന്‍റെ അരുമശിഷ്യന്‍ അനസ് ബ്നു മാലിക്(റ) നിവേദനം ചെയ്ത പ്രസ്തുത മുഅ്ജിസത്തിനെ സംബന്ധിച്ച വിശദമായ ഹദീസ് ഇമാം ബുഖാരിയും, ഇമാം മുസ്ലിമും തങ്ങളുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അുനേരത്തെ നസ്കാരത്തെ സംബന്ധിച്ച പ്രസ്താവന വിശുദ്ധ ഖുര്‍ആനിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സൂറത്തുല്‍ ബഖറ: 238, സൂറത്തുൂര്‍: 58, സൂറത്തു ഹൂദ്: 114 എന്നീ ആയത്തുകളില്‍ നിന്നും അക്കാര്യം സുതരാം വ്യക്തമാകുന്നതാണ്. വിശ്വാസികളുടെ ജീവിതത്തില്‍ ഉപേക്ഷവരുത്താന്‍ പാടില്ലാത്ത ആരാധനാ കര്‍മ്മമാണ് നമസ്കാരം. അല്ലാഹു പറഞ്ഞു: “തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു.” (നിസാഅ്/103)

വിശ്വാസിയുടെ ജീവിതത്തില്‍ നമസ്കാരത്തിന്‍റെ പ്രാധാന്യം വലുതാണ്. തന്‍റെ ആദര്‍ശം വ്യതിരിക്തമാകുന്നതു തന്നെ ഈ ഉല്‍കൃഷ്ടമായ ആരാധനയിലൂടെയാണെന്ന് നബി തിരുമേനി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.
ജാബിര്‍(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ (സ്വ) അരുളി: “ഒരു വിശ്വാസിയായ വ്യക്തിക്കും ശിര്‍ക്കിന്നും കുഫ്റിന്നും ഇടയിലുള്ള വേര്‍തിരിവ് നമസ്കാരം ഉപേക്ഷിക്കുക എതാണ്.” (മുസ്ലിം)

ബുറൈദ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂലില്‍ നിന്ന് ഞാനിപ്രകാരം കേള്‍ക്കുകയുണ്ടായി: “നമ്മേയും മുശ്രിക്കുകളും കാഫിറുകളുമായ ആളുകളേയും തമ്മില്‍ വേര്‍തിരിക്കുന്ന ഘടകം നമസ്കാരമാണ്. ആര് അതിനെ ഉപേക്ഷിക്കുന്നുവൊ അവന്‍ അവിശ്വാസിയായി.” (അഹ്മദ്)

നമസ്കാരം വിശ്വാസിയിലുണ്ടാക്കുന്നത് ജീവിത പരിശുദ്ധിയാണ്. കൃത്യനിഷ്ഠയോടെ അഞ്ചുനേരം നമസ്കരിക്കുന്ന ഒരാളെ, ശുദ്ധജലമൊഴുകുന്ന അരുവിയില്‍ നിന്ന് അഞ്ചുനേരം കുളിച്ചു കയറുന്ന വ്യക്തിയോടാണ് പ്രവാചക ശ്രേഷ്ഠന്‍ ഉപമിച്ചിട്ടുള്ളത്. കുളി ശാരീരിക ശുദ്ധിയാണ് നല്‍കുന്നത് എങ്കില്‍, നമസ്കാരം ആത്മവിശുദ്ധിയാണ് വിശ്വാസിക്ക് നല്‍കുന്നത്. വെറുക്കപ്പെട്ടതും മ്ളേച്ഛവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമസ്കാരം വിശ്വാസികളെ തടഞ്ഞു നിര്‍ത്തുമെന്ന പ്രസ്താവന സൂറത്തുല്‍ അങ്കബൂത്തിലെ 45-ാമത്തെ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാനാകും.

നമസ്കാരത്തിന്‍റെ ഗുണഗണങ്ങളെപ്പറ്റി പ്രസ്താവിക്കവെ, ഇമാം ഇബ്നുല്‍ ഖയ്യിം (റ) പറഞ്ഞു: “അല്ലാഹുവിനേയും റസൂലിനേയും അകമഴിഞ്ഞു സ്നേഹിക്കുന്നവരുടെ നയനാനന്ദമാണ് നമസ്കാരം. പടച്ചവനെ മാത്രം ആരാധിക്കുന്ന മുവഹിദുകളുടെ ആത്മഹര്‍ഷമാണത്. ആരാധനാനിമഗ്നരുടെ, ഭക്തന്മാരുടെ, സത്യവാന്‍മാരുടെ ശാന്തിയേകുന്ന പൂന്തോപ്പാണത്. ദൈവമാര്‍ഗത്തില്‍ സദാ നിലയുറപ്പിച്ചിട്ടുള്ള വിശ്വാസികളുടെ മനോവ്യാപാരങ്ങളുടെ തുലാസാണത്. അതെ, മുഅ്മിനുകളായ ദാസന്മാര്‍ക്ക് കനിഞ്ഞു നല്‍കപ്പെട്ട അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷമാണ് നമസ്കാരം. അതിലേക്ക് അവരെയവന്‍ വഴിനടത്തി. അതിനെയവന്‍ അവര്‍ക്കായി പരിചയപ്പെടുത്തി. സത്യവാനും വിശ്വസ്തനുമായ തന്‍റെ ദൂതനിലൂടെയാണ് ഈ മഹല്‍ കര്‍മ്മത്തെ വിശ്വാസികള്‍ക്കവന്‍ നല്‍കിയത്. അവര്‍ക്കുള്ള കാരുണ്യമായും, അവരോടുള്ള ആദരസൂചകമായുമാണത്. അതുവഴി, അല്ലാഹുവില്‍ നിന്നുള്ള ബഹുമാനം നേടാനും അവന്‍റെ സാമീപ്യം കരസ്ഥമാക്കാനും വേണ്ടിയാണ്. അല്ലാഹുവിന്ന് അവരില്‍ നിന്നുള്ള എന്തെങ്കിലും ആവശ്യത്തിനു വേണ്ടിയല്ല ഈ ആരാധന ചെയ്യാന്‍ മനുഷ്യനോട് അവന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍, ഹൃദയത്തിനും ശരീരാവയവങ്ങള്‍ക്കും ഒരുപോലെ ആരാധനയിലേര്‍പ്പെടാനുതകുന്ന അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവുമാണത്. (അസ്റാറുസ്സ്വലാത്ത്, ഇബ്നുൽ ക്വയ്യിം)

പവിത്രമായ നമസ്കാരമെന്ന ആരാധനയുടെ പ്രാധാന്യവും വിശ്വാസികള്‍ എത്രമാത്രം താത്പര്യപൂര്‍വം അതിനെ പരിഗണിക്കേണ്ടതുണ്ട് എന്നതിന്‍റെ ഗൗരവവും പ്രവാചകന്‍ (സ്വ) സൂചിപ്പിച്ചിട്ടുണ്ട്. അബൂ ഹുറയ്റ(റ) നിവേദനം: “അല്ലാഹുവിന്‍റെ റസൂലില്‍ നിന്നും ഞാനിങ്ങനെ കേട്ടിട്ടുണ്ട്: ഖിയാമത്തുനാളില്‍ ആദ്യമായി ഒരടിമ ചോദ്യം ചെയ്യപ്പെടുന്നത് നമസ്കാരത്തെ കുറിച്ചായിരിക്കും. അത് നന്നായാല്‍ അവന്‍ ഭാഗ്യവാനും വിജയിയുമായി. അത് മോശമായാല്‍ അവന്‍ പരാജിതനും നഷ്ടക്കാരനുമായതു തന്നെ.” (സുനനുന്നസാഈ – കിതാബുസ്വലാത്ത്, സുനനുത്തിർമിദി – കിതാബുസ്വലാത്ത്)

അല്ലാഹുവും അടിമയും തമ്മില്‍ കൂടുതല്‍ അടുക്കുന്ന അനര്‍ഘ വേളയാണ് നമസ്കാരം; വിശിഷ്യാ അതിലെ സാഷ്ടാംഗവേള. പടച്ചതമ്പുരാനുമായുള്ള മനുഷ്യന്‍റെ മുനാജാത്താണത്. അനിര്‍വചനീയമായ അനുഭൂതിയേകുന്ന നമസ്കാരമെന്ന ആരാധന പ്രവാചകന്‍റെ കണ്‍കുളിര്‍മ്മയായിരുന്നു. അനുയായികള്‍ക്ക് ആചരിക്കാന്‍ സാധനകളും ആരാധനകളും പഠിപ്പിച്ച് തനിക്കവയൊന്നും ബാധകമല്ല എന്ന രീതിയല്ലായിരുന്നു പ്രാവാചകന്‍റേത്. അര്‍ധരാവില്‍ കിടക്കവിട്ടുണര്‍ന്ന്, കാലില്‍ നീരുവരുവോളം നമസ്കാരത്തില്‍ മുഴുകാറുള്ള വിനീത ദാസനായിരുന്നു പ്രവാചകന്‍. ‘എന്തിനാണങ്ങ് ഇത്രമേല്‍ പ്രയാസപ്പെട്ട് ആരാധനയില്‍ മുഴുകുന്നത്? വന്നതും വരാനിരിക്കുന്നതുമായ സകല അപാകതകളും അല്ലാഹു താങ്കള്‍ക്കു പൊറുത്തു തന്നിരിക്കെ, എന്തിനാണ് ഇത്രയധികം ത്യാഗവും അധ്വാനവും?’ എന്ന ചോദ്യത്തിന്, “ഞാന്‍ നന്ദിയുള്ള ഒരു അടിമയാകേണ്ടതില്ലേ” എന്നതായിരുന്നു അവിടുത്തെ മറുപടി! (നിവേദനം മുഗീറത്ത് ബ്നു ശുഅ്ബ – ബുഖാരി, മുസ്ലിം)

നബി(സ്വ) നിശയുടെ നിശ്ശബ്ദതയില്‍ പതിനൊന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു. ദീര്‍ഘനേരം നിന്നും, നീണ്ട സൂറത്തുകള്‍ പാരായണം ചെയ്തുമുള്ള പ്രസ്തുത നമസ്കാരം വളരെ മനോഹരമായിരുന്നുവെന്ന് മഹതി ആയിഷ(റ) വിശദീകരിച്ചിട്ടുണ്ട്. (ബുഖാരി – കിതാബു സ്വലാത്തുത്തറാവീഹ്)
ഫര്‍ദ് നമസ്കാരാനന്തരം പന്ത്രണ്ട് റക്അത്ത് റവാതിബു നമസ്കാരങ്ങള്‍ നിര്‍വഹിച്ചിരുന്ന തിരുമേനി, ചിലസമയങ്ങളില്‍ അത് പത്ത് റക്അത്തായിട്ടും നിര്‍വഹിച്ചിട്ടുണ്ട്. നാലു റക്അത്തോ അതില്‍ കൂടുതലോ ളുഹാ നമസ്കാരം നിര്‍വഹിക്കുക എന്നതും പ്രവാചകന്‍റെ ദിനചര്യയായിരുന്നു. സുദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടുള്ളതായിരുന്നു തിരുമേനിയുടെ രാത്രിനമസ്കാരം. ഒരു റക്അത്തില്‍ തന്നെ ഏകദേശം അഞ്ച് ജുസ്ഓളം പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഫര്‍ദ് നമസ്കാരങ്ങളിലെ 17 റകഅത്തു സഹിതം, രാപകലുകളിലായി 40 റകഅത്തുകള്‍ നബി തിരുമേനി(സ്വ) നമസ്കരിക്കാറുണ്ടായിരുന്നു. തന്‍റെ നാഥന്‍റെ മുമ്പില്‍ നിന്നു കൊണ്ടുള്ള ആത്മാര്‍ഥമായ ആരാധനകളിലെ ആനന്ദം തിരുനബി(സ്വ) അവാച്യമാം വിധം അനുഭവിച്ചിരുന്നൂ എന്നര്‍ഥം!

നമസ്കാര സമയമായിക്കഴിഞ്ഞാല്‍ ബിലാലി(റ)നോടായി അവിടുന്ന് പറയാറുണ്ടായിരുന്നു: “ബിലാല്‍! നമസ്കാരം കൊണ്ട് ഞങ്ങള്‍ക്കു നീ ആശ്വാസം പകർന്നാലും.” (ഔനുൽ മഅ്ബൂദ് ശർഹു സുനനി അബീദാവൂദ്) മറ്റൊരിക്കല്‍ തിരുമേനി അരുളിയത് ഇങ്ങിനെയാണ്: “എന്‍റെ നയനാനന്ദം എന്‍റെ നമസ്കാരത്തിലാണ്.” (നസാഈ 7/61, അഹ്മദ് 3/128)

2. നബി(സ്വ)യുടെ നോമ്പ്

ഇസ്ലാമില്‍ വ്രതാനുഷ്ഠാനത്തിന് അതീവ പ്രാധാന്യമാണുള്ളത്. യഥാര്‍ഥ വിശ്വാസത്തോടേയും അല്ലാഹുവിന്‍റെ പ്രീതിയുദ്ദേശിച്ചും ഒരാള്‍ നോമ്പെടുക്കുന്നു വെങ്കില്‍ അവന്ന് പടച്ചവനില്‍ നിന്ന് പാപമോചനം ലഭിക്കുമെന്ന് പ്രവാചകനരുളിയിട്ടുണ്ട് . മാനവ ലോകത്തെ മഹിത സന്ദേശങ്ങളിലൂടെ സ്രഷ്ടാവിന്‍റെ സാമീപ്യം കരസ്ഥമാക്കാന്‍ പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍. ആ മാസക്കാലം വ്രതമനുഷ്ഠിക്കുക എത് ഖുര്‍ആനിന്‍റേയും പ്രവാചകന്‍റെയും നിര്‍ദ്ദേശമാണ്. അല്ലാഹു പറഞ്ഞു:  “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (ബഖറ/185)

റമദാനിലെ വ്രതത്തിലൂടെ വിശ്വാസികള്‍ക്ക് ആത്മീയമായി ലഭിക്കുത് ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനുള്ള തഖ്വയാണെന്ന് സൂറത്തുല്‍ ബഖറയിലെ 183-ാമത്തെ ആയത്തിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ അതുമുഖേന അല്ലാഹു അവനെ നരകാഗ്നിയില്‍ നിന്നും 70 വര്‍ഷദൂരം അകലെയാക്കുമെന്ന തിരുമൊഴി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാനാകും. അല്ലാഹുവിങ്കല്‍ വ്രതത്തിുള്ള പ്രാധാന്യമെത്രയാണെന്നറിയാന്‍ താഴെ വരുന്ന തിരുമൊഴി സഹായകമാകും:
അബൂ ഹുറയ്റ നിവേദനം. നബി(സ) അരുളി: (അല്ലാഹു പറയുന്നു, എന്‍റെ ദാസന്‍) അവന്‍റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം.” (ബുഖാരി – കിതാബുസ്സൌം)

ഇവ്വിധം നോമ്പിന്‍റെ ശ്രേഷ്ഠതകള്‍ പഠിപ്പിച്ച പ്രവാചകന്‍ (സ്വ) വ്രതാനുഷ്ഠാനത്തിന്‍റെ കാര്യത്തില്‍ അനിതരസാധാരണമായ ശ്രദ്ധയും ശ്രമവുമുള്ള ആളായിരുന്നു. വിശുദ്ധ റമദാനിലെ ഒരു മാസക്കാല നോമ്പിനു പുറമെ എല്ലാ മാസവും മൂന്നു ദിവസങ്ങള്‍ നബി(സ്വ) വ്രതമനുഷ്ഠിക്കാറുണ്ടായിരുന്നു. കൂടാതെ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പെടുക്കുന്നതിലും തിരുമേനി(സ്വ) കണിശത കാട്ടിയിരുന്നു. ശഅബാന്‍ മാസം -മുഴുവനുമെന്നു തന്നെ പറയാം- നബി(സ്വ) നോമ്പുകാരനായിരുന്നു. ഒരു മാസക്കാലം നീണ്ടു നിന്ന റമാദാന്‍ വ്രതാനാനന്തരം ശവ്വാലില്‍ ആറു നോമ്പുകൂടി അനുഷ്ഠിക്കാന്‍ അവിടുന്ന് ശ്രദ്ധകാണിച്ചിരുന്നു. അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ദുല്‍ഹിജ്ജ പത്തിലെ നോമ്പ് പ്രവാചകന്‍ അനുഷ്ഠിച്ചിരുന്നു. ഒമ്പതാം ദിനത്തിലെ നോമ്പിനെ സംബന്ധിച്ചും പ്രവാചക ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടോ മുന്നോ ദിവസങ്ങള്‍ തുടര്‍ച്ചയായി നോമ്പുമുറിക്കാതെ അദ്ദേഹം വ്രതമെടുക്കാ റുണ്ടായിരുന്നു. എന്നാല്‍ അത്തരം നോമ്പനുഷ്ഠിക്കുന്നതില്‍ നിന്ന് തന്‍റെ ഉമ്മത്തിനെ തിരുമേനി(സ്വ) വിലക്കിയിട്ടുമുണ്ട്. പ്രവാചകന്‍(സ്വ) പ്രത്യേക ഗുണങ്ങളുടെ ഉടമയാണ്. മറ്റു സാധാരണ വിശ്വാസികളെപ്പോലെയല്ല തിരുനബി(സ്വ). തുടര്‍ച്ചയായി മുറിക്കാതെയുള്ള തന്‍റെ നോമ്പിനെ സംബന്ധിച്ച് അവിടുന്ന് പറഞ്ഞത്, ‘താന്‍ അല്ലാഹുവിങ്കല്‍ നിന്ന് ഭക്ഷിപ്പിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്’ എന്നാണ്! (ബുഖാരി, മുസ്സിം)

ചുരുക്കത്തില്‍, ഇതര ആരാധനാ കര്‍മ്മങ്ങളാല്‍ സമൃദ്ധമായിരുന്ന പ്രവാചക ജീവിതത്തില്‍ നോമ്പിന് മുഖ്യസ്ഥാനം തന്നെയാണ് ഉണ്ടായിരുന്നത്. സമൂഹത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവയെന്തൊ, അതെല്ലാം തിരുനബിയുടെ കര്‍മ്മ മണ്ഡലത്തില്‍ സജീവമായി നിലനിിരുന്നു. അദ്ദേഹം തന്നെ പ്രസ്താവിച്ചതുപോലെ, അല്ലാഹുവിന്‍റെ നന്ദിയുള്ള അടിമയാകാന്‍ സദാ ശ്രദ്ധിച്ചിരുന്നൂ, ആ ലോകഗുരു!

3. നബി(സ്വ)യുടെ ദാനധര്‍മ്മം

ഒരു മുസ്ലിമില്‍ തന്‍റെ വിശ്വാസ ലക്ഷണമായി പ്രവാചകന്‍ എടുത്തു പറഞ്ഞത് അവന്‍ ദാനമനസ്കനായിരിക്കും എന്നതാണ്. “ധര്‍മ്മം വിശ്വാസത്തിന്‍റെ മുദ്രയാണ്” (മുസ്ലിം – കിതാബുത്ത്വഹാറ) എന്ന നബിവചനം പ്രസ്തുത ആശയമാണ് നമ്മെ പഠിപ്പിക്കുന്നത്.
കൈവശമുള്ള സമ്പത്തില്‍ നിന്ന് ചോദിച്ചു വരുന്നവര്‍ക്കും അശരണര്‍ക്കും കഴിവിന്‍പടി സഹായങ്ങളനുവദിച്ചു നല്‍കേണ്ടവരാണ് വിശ്വാസികളെന്നും അത്തരക്കാരായിരിക്കും വിജയികളെന്നും സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നിരവധിയാണ്. അല്ലാഹു പറഞ്ഞു: “ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.” (ഹശ്ർ/9)

“തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്.” (ഹദീദ്/18)

“ജലം അഗ്നിയെ കെടുത്തും പോലെ ദാനം പാപങ്ങളെ കെടുത്തുതാണ്.” (തിർമിദി – കിതാബുൽ ഈമാൻ)

ഹൃദയത്തില്‍ കാരുണ്യത്തിന്‍റെ സാന്നിധ്യം നിലനില്‍ക്കാന്‍ നബിതിരുമേനി(സ്വ) തന്‍റെ അനുചരനെ ഉപദേശിച്ചത്; “പാവപ്പെട്ടവരെ ഊട്ടുക, അനാഥകളുടെ ശിരസ്സ് തലോടുക” എന്നായിരുന്നു. (മുസ്നദ് അഹ്മദ്)

“ദാനം ധനത്തെ കുറക്കില്ല” (മുവത്വ – കിതാബുൽ ജാമിഅ്) എന്ന സന്ദേശമാണ് പ്രവാചകന്‍റെ ഔദാരാധ്യായത്തിലെ ഏറ്റവും മികച്ച വശം.

കാരുണ്യം, ദയ, ഔദാര്യം, പരോപകാരം, ഗുണകാംക്ഷ തുടങ്ങിയ സല്‍ഗുണങ്ങള്‍ സത്യവിശ്വാസികളില്‍ സന്നിവേശിപ്പിച്ച മതമാണ് ഇസ്ലാം. ആയിശ(റ)യില്‍ നിന്ന് നിവേദനം: “നിശ്ചയം, നബി(സ) അരുള്‍ ചെയ്തു. അല്ലാഹു ദയയുള്ളവനും ദയ ഇഷ്ടപ്പെടുന്നവനുമത്രെ.” (മുസ്ലിം)

“നബി(സ്വ) പറഞ്ഞു: കാരുണ്യവാന്‍മാര്‍ക്ക് അല്ലാഹു കരുണചെയ്യുന്നതാണ്. ആകയാല്‍, നിങ്ങള്‍ ഭൂവാസികളോട് കരുണകാട്ടുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണകാട്ടുന്നതാണ്.” (അബൂദാവൂദ്, തിർമിദി)

‘ജനങ്ങള്‍ക്ക് കരുണചെയ്യാത്തവര്‍ക്ക് അല്ലാഹു കരുണചെയ്യുകയില്ല’ (മുസ്ലിം)
ജരീര്‍(റ)വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. “വല്ലവനും കാരുണ്യം സ്വയം തടഞ്ഞാല്‍ സര്‍വ്വനന്മകളും അവന്നും തടയപ്പെടുന്നതാണ്.” (മുസ്ലിം)

ചോദിച്ചു വരുന്നവരെ ആട്ടിയകറ്റരുത് എന്നതാണ് ഇസ്ലാമിന്‍റെ അധ്യാപനം. അല്ലാഹു പറയുന്നു: “ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.” (ളുഹ/9)
മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കാന്‍ പോന്ന മഹല്‍ നിര്‍ദ്ദേശങ്ങളാണ് നാം മുകളില്‍ വായിച്ചത്.

അതീവ ധര്‍മ്മിഷ്ടനായിരുന്നൂ പ്രവാചക തിരുമേനി(സ്വ). റമദാനില്‍ ജീബ്രീ(അ)ലിനെ കണ്ടുമുട്ടുന്ന വേളയില്‍, അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ വേഗതയില്‍ ആളുകള്‍ക്ക് ധര്‍മ്മം നല്‍കാന്‍ അവിടുന്ന് ശ്രദ്ധിച്ചിരുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. കയ്യിലുള്ളതെന്തും ദാനമായി നല്‍കുന്നതില്‍ പ്രവാചകന്ന് മടിയേതുമില്ലായിരുന്നു. അക്കാര്യത്തില്‍ ദാരിദ്ര്യത്തെ ഭയക്കുന്ന ആളായിരുന്നില്ല തിരുമേനി(സ്വ). തന്നെ സമീപിച്ച അയല്‍ പ്രദേശത്തുകാരനായ ദരിദ്രന്ന്, തന്‍റെ കൈവശമുണ്ടായിരു രണ്ട് ആട്ടിന്‍ പറ്റത്തെ ധര്‍മ്മം നല്‍കിയ സംഭവം ഹദീസു കൃതികളില്‍ വിശ്രുതമാണ്. ആടുകളേയും തെളിച്ചെത്തിയ അയാള്‍ തന്‍റെ പ്രദേശത്തുകാരോട് ഇങ്ങനെ പറഞ്ഞു: “ആളുകളേ, നിങ്ങള്‍ ഇസ്ലാമാശ്ലേഷിച്ചോളൂ, ദാരിദ്ര്യം മറന്ന് ധര്‍മ്മം ചെയ്യുന്നവനാണ് മുഹമ്മദ്.” (ബുഖാരി, മുസ്ലിം)

അശരണരേയും, അഗതികളേയും, വിധവകളേയുമൊക്കെ കയ്യഴിഞ്ഞ് സഹായിക്കുന്നതില്‍ മുന്നിലായിരുന്നു അദ്ദേഹമെപ്പോഴും. തന്‍റെ സ്വഹാബാക്കളില്‍ ഔദാര്യമനസ്ഥിതി ഉണ്ടാക്കുക മാത്രമല്ല, അക്കാര്യത്തില്‍ സ്വന്തത്തെ തന്നെ അവര്‍ക്കുള്ള മാതൃകയായി പ്രതിഷ്ഠിക്കുകയായിരുന്നു അവിടുന്ന്. അല്ലാഹുവിന്‍റെ കല്‍പനയെ മാനിച്ചതിന്‍റെ ഫലമായിരുന്നു അത്. പ്രവാചകനോടായി പടച്ചതമ്പുരാന്‍ പറഞ്ഞു:
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. (കഹ്ഫ്/28)

കനിവാര്‍ന്ന ഹൃദയം, വിനയം, നിറഞ്ഞ നീതി, അനന്യമായ ക്ഷമ, ഔദാര്യമനസ്ഥിതി, വിട്ടുവീഴ്ച, സഹനം, ലജ്ജ, സത്യത്തോടുള്ള പ്രതിബദ്ധത, സല്‍കാര്യങ്ങളിലെ സ്ഥിരത തുടങ്ങിയ ഒട്ടേറെ സല്‍ഗുണങ്ങളാല്‍ സമ്പന്നമായിരുന്ന പ്രവാചക ശ്രേഷ്ഠന്‍(സ്വ), ലോകത്തിനിണങ്ങിയ മാതൃകയാണ് എന്ന കാര്യത്തില്‍ സന്ദേഹത്തിന് വഴിയില്ല.

അല്ലാഹുവിന്‍റെ കരുണാ കടാക്ഷങ്ങള്‍ പ്രവാചകനിലും അവിടുത്തെ കുടുംബത്തിലും നിറഞ്ഞു നില്‍ക്കട്ടെ.

Source: www.nermozhi.com
(ദഅ് വ ബുക്സ് പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)