ഹസ്ബുനല്ലാഹ് വ നിഅ്മല്‍ വകീല്‍

787

മനുഷ്യരില്‍ ദൈവവിശ്വാസികളാണ് കൂടുതല്‍. ആളുകള്‍ അധികവും തങ്ങളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് വീക്ഷിക്കുന്നത്. തനിക്കൊരു നാഥനുണ്ട് എന്നറിയുമ്പോഴും ജീവിതത്തില്‍ അസ്വസ്ഥതകളും ഉത്കണ്ഠകളും മനുഷ്യനില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? തന്‍റെ നാഥനെ സംബന്ധിച്ച് കൃത്യതയാര്‍ന്നൊരു ധാരണ അത്തരം ആളുകളില്‍ ഇല്ല എന്നതു കൊണ്ടാണ്.

എന്നാല്‍, സത്യവിശ്വാസികള്‍ അങ്ങനെയല്ല. ഏതവസ്ഥയിലും, തന്നെ കാണാനും കാക്കാനും, കൈനീട്ടിയാല്‍ കരുണ ചൊരിയാനും കെല്‍പുള്ളവനാണ് തന്‍റെ നാഥന്‍ എന്നും, അവന്‍ തന്നോട് സമീപസ്ഥനാണെന്നും ബോധമുള്ളതുകൊണ്ടുതന്നെ ഒരു മുസ്ലിം എപ്പോഴും ശാന്തിയിലും ശുഭാപ്തിവിശ്വാസത്തിലുമായിരിക്കും.

കാരുണ്യവാനായ റബ്ബ് തന്‍റെ ദാസീ ദാസന്മാര്‍ക്ക് പലമാര്‍ഗ്ഗേണ ആശ്വാസങ്ങള്‍ പകരുന്നുണ്ട്. അല്ലാഹു നല്‍കുന്ന ആശ്വാസ മാര്‍ഗ്ഗങ്ങളില്‍പ്പെട്ട ഒന്നാണ് തവക്കുല്‍.

“നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക.” എന്ന് സൂറത്തു മാഇദയിലും, “ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക.” എന്ന് സൂറത്തു ഹൂദിലും “ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവെങ്കില്‍, അവന്ന് അവന്‍ അഥവാ അല്ലാഹു തന്നെ മതിയാകും എന്ന് സൂറത്തു ത്വലാഖിലും അല്ലാഹു പഠിപ്പിക്കുന്നുണ്ട്.

ആകയാല്‍ സഹോദരങ്ങളെ പരിരക്ഷകനായ പടച്ചതമ്പുരാനില്‍ മുറിഞ്ഞു പോകാത്ത പ്രതീക്ഷവെച്ച് നമുക്കും പറയാം; ഹസ്ബുനല്ലാഹ് വ നിഅ്മല്‍ വകീല്‍. നമുക്ക് അല്ലാഹു മതി, ഭരമേല്‍പ്പിക്കാന്‍ എത്ര നല്ല കൈകാര്യകര്‍ത്താവാണ് അവന്‍.