സൂറത്തുല്‍ കഹ്ഫിലെ നാലു കഥാ സംഗ്രഹങ്ങള്‍

8912

സുറത്തുല്‍ കഹ്ഫ്
വിശുദ്ധ ഖുര്‍ആനിലെ 18 ാമത്തെ അധ്യായം
അല്‍ഭുതകരമായ പാഠങ്ങള്‍ നല്‍കുന്ന
സുപ്രധാനമായ നാലു ചരിത്ര കഥകള്‍ ഇതില്‍ പ്രതിപാദിക്കുന്നു

പ്രവാചകന്‍ (സ്വ) അരുളി
സൂറത്തുല്‍ കഹ്ഫിലെ ആദ്യ പത്ത് ആയത്തുകള്‍ മന:പാഠമാക്കുന്നവന്ന് ദജ്ജാലിനെതിരില്‍ സുരക്ഷ ലഭിക്കുന്നതാണ്. (മുസ്്‌ലിം)

കഥ 01
ഗുഹാ വാസികള്‍
ഒരു വിശ്വാസ പരീക്ഷണം
അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിച്ചൂ എന്ന കാരണത്താല്‍ സ്വന്തം ജനതയാല്‍ മര്‍ദ്ദിക്കപ്പെട്ട കുറച്ചു യുവാക്കളുടെ കഥ. അവര്‍ വ്ിശ്വാസ സംരക്ഷണാര്‍ത്ഥം സ്വന്തം നാട്ടില്‍ നി്ന്നും പലായനം ചെയ്യുകയാണ്. യാത്രാ മധ്യേ അവര്‍ ഒരു ഗുഹയില്‍ വിശ്രമിക്കാനായി കയറുകയാണ്. അല്ലാഹു ആ യുവാക്കളെ പ്രസ്തുത ഗുഹയില്‍ 309 ചാന്ദ്രവര്‍ഷക്കാലം, അഥവാ 300 സൗരവര്‍ഷക്കാലം ഉറക്കിക്കിടത്തി.

ദീര്‍ഘകാലത്തെ നിദ്രക്കു ശേഷം അവര്‍ ഉണര്‍ന്നു. ഒരു ദിവസം അല്ലെങ്കില്‍ അരദിവസം മാത്രമേ തങ്ങള്‍ ഉറങ്ങിയിരുന്നുള്ളൂ എന്നായിരുന്നു അവരുടെ ധാരണ. അവര്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരിലൊരാള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവുമായി ഭക്ഷണത്തിനായി അടുത്ത അങ്ങാടിയിലേക്ക് ചെന്നു. ആളുകള്‍ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി. തങ്ങള്‍ക്കിടയില്‍ ഈ മനുഷ്യന്‍ തീര്‍ത്തും അപരിചിതനാണല്ലൊ! അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന നാണയമാകട്ടെ വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയ തലമുറ ഉപയോഗിച്ചിരുന്നതും!

ആ യുവാവ് ഗുഹയിലേക്കു തന്നെ തിരിച്ചു ചെന്നു. അവിടെ വെച്ച് ആ യുവാക്കള്‍ മരണമടയുകയും ചെയ്തു.

ഏകദൈവ വിശ്വാസം സ്വീകരിച്ച് ജീവിക്കുന്നതിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെടുക എന്ന ചരിത്രലെമ്പാടും കാണാം. എന്നാല്‍ ഏകദൈവ വിശ്വാസികളായ ദാസന്മാരെ അല്ലാഹു അവരുടെ പ്രതിസന്ധകളില്‍ എന്ന് സംരംക്ഷണം നല്‍കി സഹായിക്കുന്നതാണ്. ഗുഹാവാസികളെ സംബന്ധിച്ച ഈ ഖുര്‍ആനിക കഥ പ്രസ്തുത പാഠമാണ് നമുക്ക് നല്‍കുന്നത്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണയിലായിരിക്കും സത്യവിശ്വാസികള്‍ എപ്പോഴും.

ഗുഹയില്‍ ദീര്‍ഘകാലം നിദ്രയില്‍ കഴിഞ്ഞ യുവാക്കള്‍ ഏഴുപേരായിരുന്നൂ എന്ന് സാധാരണ പറഞ്ഞു വരാറുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ച പ്രസ്താവനയില്‍,അവര്‍ എത്ര പേരായിരുന്നൂ എന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നില്ല.

ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ:
അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്, നാലാമത്തെത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്; ആറാമത്തെത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്. എട്ടാമത്തെത് അവരുടെ നായയാണ് എന്ന് (നബിയേ) പറയുക; എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റിനല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്. അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്. (കഹ്ഫ്: 22)

കഥ 02
രണ്ട് തോട്ടങ്ങളുടെ ഉടമ
സാമ്പത്തിക പരീക്ഷണം

അല്ലാഹുവില്‍ നിന്ന് ധാരാളം അനുഗ്രഹം കിട്ടിയ ഒരു മനുഷ്യ. ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങള്‍ അദ്ദേഹത്തിനു ലഭിച്ച ദൈവികാനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു. പക്ഷെ, എല്ലാം അയാള്‍ മറന്നു. അഹങ്കരിച്ചു. വിനയാന്വിതനാകണം എന്ന തന്റെ കൂട്ടുകാരന്റെ ഉപദേശം പോലും അയാള്‍ തിരസ്‌കരിച്ചു. അയാളുടെ വാക്കുകള്‍ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:

അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും
കൂടുതല്‍ സംഘബലമുള്ളവനും. (കഹ്ഫ്: 34)

അഹങ്കാരത്തോടെയാണ് അവന്‍ തന്റെ തോട്ടങ്ങളില്‍ പ്രവേശിച്ചിരുന്നത്. അന്ത്യ നാളിനെ അവന്‍ അവിശ്വസിച്ചു. ഇനി ഉണ്ടെങ്കില്‍ തന്നെ ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചമുള്ള സ്ഥനങ്ങള്‍ തനിക്ക് ലഭിക്കും എന്നവന്‍ വീമ്പു പറഞ്ഞു.
പക്ഷെ, അല്ലാഹു അവന്റെ അവിശ്വാസത്തിനും അഹങ്കാരത്തിനും അര്‍ഹമായ ഫലം നല്‍കി. സമ്പത്ത് ഒരുപാട് ചെലവഴിച്ച് ഫലമൂലാദികള്‍ വെച്ചു പിടിപ്പിച്ച അവന്റെ കൃഷിയിടങ്ങളെ അല്ലാഹു പാടെ നശിപ്പിച്ചു. അപ്പോഴാണ് അവന്‍ ഖേദത്തോടെ വിരല്‍ കടിച്ചത്!

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭ്യമാകുമ്പോഴും അവ അനുഭവിക്കുമ്പോഴും ഏതൊരാളും അല്ലാഹുവിന്ന് നന്ദി ചെയ്യാനും അവന്റെ മുമ്പാകെ വിനയാന്വിതനാകാനും ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം, അല്ലാഹുവിന്റെ ശിക്ഷക്ക് അവന്‍ വിധേയമാകുന്നതാണ് എന്നുമുള്ള സന്ദേശമാണ് ഈ ഖുര്‍ആനിക കഥനം നല്‍കുന്നത്.

കഥ 03
മൂസാ നബി(അ)യും ഹിള് ര്‍(അ)
വൈജ്ഞാനിക പരീക്ഷണം

മുഹമ്മദ് നബി(സ്വ) പറയുകയുണ്ടായി. ഒരിക്കല്‍ മൂസാ നബി(അ) ബനൂ ഇസ്്‌റാഈല്യര്‍ക്ക് സാരോപദേശം നല്‍കുകയായിരുന്നു. ആ സമയം അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: ആളുകളില്‍ ഏറ്റവും വലിയ ജ്ഞാനി ആരാണ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെ! പക്ഷെ, അല്ലാഹു അദ്ദേഹത്തെ തിരുത്തി; അദ്ദേഹമല്ല, ഏറ്റവും വലിയ ജ്ഞാനി. അല്ലാഹു പറഞ്ഞു: ശരി, മൂസാ, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് എന്റെ എന്റെയൊരു ദാസനുണ്ട്. അദ്ദേഹം നിന്നെക്കാള്‍ അറിവുള്ളവനാണ്. അതു കേട്ടപ്പോള്‍ മൂസാ(അ) പറഞ്ഞു: രക്ഷിതാവേ, അദ്ദേഹത്തെ എങ്ങനെ എനിക്ക് കണ്ടുമുട്ടാനാകും?

അല്ലാഹു പറഞ്ഞ ആ ‘ജ്ഞാനിയായ ദൈവ ദാസനെ’ കണ്ടെത്താന്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹം തന്റെ ഭൃത്യനോടൊപ്പം യാത്ര പുറപ്പെട്ടു. യാത്രക്കൊടുവില്‍ രണ്ട് കടലുകളുടെ സംഗമ സ്ഥാനത്തു വെച്ച് ആ ദൈവദാസനെ അഥവാ ഖിള് റി(അ)നെ മൂസാ നബി കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഒരു വിദ്യാര്‍ത്ഥിയെപ്പോലെ മൂസാ നബി(അ) യാത്ര ചെയ്തു. യാത്രയില്‍ ഖിള്‌റി(അ)ല്‍ നിന്ന് തനിക്കറിയാത്ത ഒരുപാടു സംഗതികള്‍ മൂസാ നബി(അ) പഠിച്ചെടുത്തു. മാത്രമല്ല, താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളും അതിന്റെ പിന്നിലെ അറിവുകളും എന്റേതല്ല, മറിച്ച് എന്റെ നാഥനില്‍ നിന്ന് ലഭ്യമായതാണ് എന്ന അഹങ്കാരമില്ലാത്ത മഹാവിനയത്തിന്റെ വാക്കുകളും ഹിള്‌റി(അ)ല്‍ നിന്നും കേട്ടറിഞ്ഞു.
രണ്ടു പേരും വിടപറയുന്ന സമയത്ത് മൂസാ നബി(അ)യോട് ഖിള് ര്‍(അ) പറയുന്ന വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.
താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്. (കഹ്ഫ്: 82)

കഥ 04
ദുല്‍ഖര്‍നൈനിയുടെ കഥ
ശക്തി പരീക്ഷണം

നീതിമാനായ ഒരു രാജാവായിരുന്നു ദുല്‍ഖര്‍നൈന്‍. കിഴക്കു പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ യാത്ര നടത്തിയിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന്റെ സുപ്രധാനമായ മൂന്ന് യാത്രകളെ കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്.

ദുല്‍ഖര്‍നൈനിന്റെ അവസാന യാത്രയില്‍, രണ്ട് മലകള്‍ക്കിടയിലുള്ള പ്രദേശത്ത് താമസിക്കുന്ന ഒരു ജനവിഭാഗത്തെ കാണുകയുണ്ടായി. തങ്ങളെ പലപ്പോഴും കടന്നാക്രമിക്കുന്ന യഅ്ജൂജ് മഅ്ജൂജ് എന്ന വിഭാഗത്തെ കുറിച്ചും അവരുടെ ഉപദ്രവങ്ങളെക്കുറിച്ചും അവര്‍ ദുല്‍ഖര്‍നൈനിനോട് ആവലാതിപ്പെട്ടു.ഇനിയും അവര്‍ തങ്ങളെ കടന്നാക്രമിക്കാതിരിക്കാന്‍ അവര്‍ക്കും തങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മ്മിച്ചു തരണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അതിനു സമ്മതിക്കുകയും അപ്രകാരം ഒരു സുരക്ഷാമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.

തന്റെ ശക്തിയിലും അധികാരത്തിലും അഹങ്കരിക്കാമായിരുന്ന ദുല്‍ഖര്‍നൈന്‍,പക്ഷെ, കൂടുതല്‍ വിനയാന്വിതനാകുകയാണ് ചെയ്തത്. അല്ലാഹു തനിക്കു നല്‍കിയ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത് എന്ന മാനസിക നിലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വന്‍മതില്‍ നിര്‍മ്മാണത്തിനു ശേഷം ആ ജനങ്ങളുടെ മുമ്പാകെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗ വരികള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്
അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. (കഹ്ഫ്: 98)

സൂറത്തുല്‍ കഹ്ഫില്‍ അല്ലാഹു പ്രതിപാദിച്ച നാലു ചരിത്ര കഥകളാണ് നാം വായിച്ചത്.

അനേകം അറിവുകളും ആശയങ്ങളും പകര്‍ന്നു തരുന്ന കഥകളുടെ സംഗ്രഹം മാത്രമാണ് ഇവിടെ നിര്‍വഹിച്ചത്. കൂടുതല്‍ പഠിക്കാന്‍ സൂറത്തുല്‍ കഹ്ഫും അതിന്റെ വിശദീകരണങ്ങളും വായിക്കുക.

പ്രവാചക തിരുമേനി(സ്വ) അരുളി: വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന്റെ മേല്‍ രണ്ടു വെള്ളിയാഴ്ചകള്‍ക്കിടയില്‍ അല്ലാഹു പ്രകാശം ചൊരിയുന്നതാണ്. (ബൈഹഖി)