അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സത്യവിശ്വാസികളുടെ മനസ്സില്‍ കുളിരാണുണ്ടാകുന്നത്. താങ്ങാനും തലോടാനും ആശ്വസിപ്പിക്കാനും ആശ്രയമേകാനും പ്രപഞ്ചനാഥന്‍റെ സാമീപ്യമറിയുന്നതു കൊണ്ടാണ് അത്. മണ്ണില്‍ ജീവിതം തന്നവന്‍, ജീവിക്കാന്‍ വാരിക്കോരി അവസരങ്ങള്‍ നല്‍കിയവന്‍, ഭൂമിക്കു പുറത്തും അകത്തും വിഭവങ്ങള്‍ നിറച്ചു വെച്ചവന്‍. കാരുണ്യവാനാണവന്‍, ദയാനിധിയാണവന്‍. അടിമകളോടെന്നും ദാക്ഷിണ്യമുള്ളവനാണവന്‍. ഒരു ചാണവനുമായടുത്താല്‍ ഒരു മുഴം നമ്മോടടുക്കുന്നവന്‍. അവനിലേക്ക് നടന്നു ചെന്നാല്‍ നമ്മിലേക്ക് ഓടിയണയുന്നവന്‍. അവനെ യഥാവിധി അറിഞ്ഞവരെല്ലാം മഹാ ഭാഗ്യവാന്‍മാര്‍.
മനുഷ്യന്‍ പക്ഷെ, അല്ലാഹുവിനെപ്പറ്റി അശ്രദ്ധയിലാണ്. ദുനിയാവും അതിലെ മനംമയക്കുന്ന അലങ്കാരങ്ങളും അതു സജ്ജീകരിച്ച സ്രഷ്ടാവിനെ ഓര്‍മ്മിക്കുന്നതില്‍ നിന്നും മനുഷ്യനെ തടഞ്ഞു നിര്‍ത്തുകയാണ്. ജീവിതത്തിന്‍റെ സന്തോഷങ്ങളില്‍ മതിമറന്നാഹ്ളാദിക്കുകയും, അതിന്‍റെ പ്രയാസങ്ങളില്‍ നിരാശയില്‍ കിടന്ന് വിലപിക്കുകയും ചെയ്യുന്നവരുടെ എണ്ണമാണ് സമൂഹത്തില്‍ കൂടുതലും. പടച്ച തമ്പുരാന്‍റെ നോട്ടവും സാമീപ്യവും അറിയാത്തതു കൊണ്ടുള്ള അപകടമാണത്. കരുണാ വാരിധിയായ നാഥന്‍ തനിക്കു വേണ്ടി ഔദാര്യപൂര്‍വം സജ്ജീകരിച്ചതാണ് ഭൂമിയും അതിലെ അനുഭവങ്ങളും എന്ന തിരിച്ചറിവില്ലാത്തു കൊണ്ട് സംഭവിക്കുന്ന പരിണതിയാണത്. പരിധിയില്ലാത്ത സന്തോഷവും അതിരുവിട്ട സന്താപവും ദൈവചിന്തയില്ലാത്ത മനസ്സുകളിലാണ് കാണപ്പെടുക. രണ്ടും ഭാരമാണ്; രണ്ടിന്‍റേയും പര്യവസാനം ഖേദമാണ്.
സംഭവ കാലം അലങ്കാരങ്ങളുടേയും ആര്‍ഭാടങ്ങളുടേയും കാലമാണ്. അങ്കുശമില്ലാത്ത ആഗ്രഹങ്ങളുടേയും കലവറയില്ലാത്ത സ്വപ്നങ്ങളുടേയും കാലം. എല്ലാവരും വരുംവരായ്കകള്‍ നോക്കാതെയുള്ള ജീവിതത്തില്‍ മുഴുകിയിരുപ്പാണ്. എല്ലാത്തരം സന്തോഷങ്ങളേയും കാത്തിരിക്കുക, എത്തിപ്പിടിച്ച എല്ലാ സന്തോഷങ്ങളേയും നിലയില്ലാതെ ആസ്വദിക്കുക. ചിരിയിലും തമാശയിലും സാഹസികതകളിലും ആനന്ദം കൊള്ളുക. കാണുന്ന താഴ്വാരങ്ങളിലെല്ലാം ലക്ഷ്യമില്ലാതെ വിഹരിക്കുന്ന വലിയൊരു തലമുറയുടെ കാലത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്.
ദുനിയാവിന്‍റെ മുഖത്തിന് ആകര്‍ഷണീയമായ ചന്തമുണ്ട്. ആരും പ്രണയിച്ചു പോകുന്ന ചന്തം. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരു കോസ്മെറ്റിക്സിന്‍റേയും സഹായമില്ലാതെ ഇന്നും യുവത്വം നിലനിര്‍ത്തുന്നൂ ദുനിയാവ്. അവളുടെ ഭംഗിയിലും പ്രലോഭനങ്ങളിലും ഇതിനകം മനുഷ്യരെത്രയോ വീണു. വീണവരെ മുഴുവന്‍ പക്ഷെ, അവള്‍ ചതിച്ചിട്ടേയുള്ളൂ. എങ്കിലും ഖൈസിന് ലൈലയോടെന്നവണ്ണമാണ് മനുഷ്യന് ദുനിയാവിനോടുള്ള പ്രണയം. മതിലുകള്‍ മുഴുവനും ലൈലക്കു വേണ്ടിയുള്ള ഖൈസിന്‍റെ ചുംബനപ്പാടുകള്‍ മാത്രം! ദുനിയാവിനെ പൂര്‍ണ്ണമായൊന്നാശ്ലേഷിക്കാന്‍ പോലും അതിന്‍റെ കാമുകന്മാരിലൊരാള്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. എങ്കിലും മനുഷ്യന്‍ അതിന്‍റെ പിറകെ തന്നെ കാമാന്ധം നടക്കുകയാണ്.
കൊതുകിന്‍റെ ചിറകിനോളം പോന്ന വില അല്ലാഹുവിങ്കല്‍ ദുനിയാവിനില്ലെന്ന് (തിര്‍മിദി) മഹാനായ പ്രവാചകന്‍ (സ്വ) അരുളിയിട്ടുണ്ട്. ദുനിയാവ് മധുരതരവും ഹരിതാഭവുമാണ്; അതില്‍ നിങ്ങളെന്തു ചെയ്യുന്നുവെന്ന് നോക്കാനാണ് നിങ്ങളെയവിടെ അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ആകയാല്‍ ദുനിയാവിനെ സൂക്ഷിച്ചോളണേ (മുസ്ലിം) എന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഭൂമിയില്‍ ഒരു വിദേശിയെപ്പോലെ, അല്ലെങ്കില്‍ ഒരു വഴിയാത്രികനെപ്പോലെയായിരിക്കണം നിന്‍റെ ജീവിതം (ബുഖാരി) എന്ന് അബ്ദുല്ലാഹിബ്നു ഉമര്‍(റ)ന്‍റെ തോളില്‍പിടിച്ചു കൊണ്ട് പ്രവാചക തിരുമേനി(സ്വ) ഉപദേശിച്ചിട്ടുണ്ട്. രാവിലെ എഴുന്നേറ്റാല്‍ രാവാകുംവരെ ജീവിക്കുമോ എന്നറിയാത്തവനാണ് മനുഷ്യന്‍. ആ മനുഷ്യനാണ് ദുനിയാവിന്‍റെ പിറകെ സദാ കിതച്ചു കൊണ്ടോടുന്നത്!
ദുനിയാവിന് വിലയില്ലെങ്കില്‍ പിന്നെ ജീവിതത്തിനെന്തു വില? ദുനിയാവ് ശാശ്വതമല്ലെങ്കില്‍ പിന്നെ ജീവിതമെവിടെയാണ് ശാശ്വതം? മനുഷ്യ പ്രകൃതിയില്‍ നിന്നുടലെടുക്കുന്ന ചോദ്യങ്ങളാണിവ. ദുനിയാവു പടച്ച, മനുഷ്യനെ പടച്ച, ജീവിതം നിശ്ചയിച്ച പ്രപഞ്ച സ്രഷ്ടാവ് ഈ വക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരത്തെ തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
“അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?” (മുഅ്മിനൂന്‍/115)
ജീവിതത്തിന് വിലയുണ്ടെന്നര്‍ഥം. വില നഷ്ടപ്പെട്ടു പോകാത്തവിധം മനുഷ്യന്‍ ജീവിതത്തെ നിയന്ത്രിച്ചു നിര്‍ത്തണമെന്നര്‍ഥം. മൂല്യവത്തായ ജീവിതത്തിന് വില ലഭിക്കുന്നത് ദുനിയാവില്‍ വെച്ചല്ല എന്നര്‍ഥം. അല്ലാഹുവിങ്കലേക്ക് തിരിച്ചെത്തുമെന്നും അവിടെയാണ് ജീവിതത്തിന് ശാശ്വതത്വം കൈകവരുന്നതെന്നും ഈ ആയത്തു നല്‍കുന്ന കണിശമായ അര്‍ഥം. അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?” (ക്വസസ്/60)
ദുനിയാവ് കളിയും ചിരിയുമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. കാര്യബോധവും ലക്ഷ്യ ചിന്തയുമുള്ള ഒരാളും കളിയിലും ചിരിയിലും ജീവിതത്തെ തളച്ചിടില്ല. ഐഹികതയുടെ അലങ്കാരങ്ങളെ അളവറിഞ്ഞേ അവന്‍ ആസ്വദിക്കൂ. ലക്ഷ്യത്തിലേക്കുള്ള പാതയിലെ പ്രലോഭനങ്ങളെ അവഗണിച്ചാവും വിവേകികളുടെ യാത്രയും യത്നവും. ജീവിക്കാന്‍ ജീവിക്കലാണ് ജീവിതം. എവിടെ ജീവിക്കാന്‍? പരലോകത്ത്; മരണാനന്തര ജീവിതത്തില്‍. അതാണ് യഥാര്‍ഥ ജീവിതമെന്ന് ഖുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നുണ്ട്.
“ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!” (അങ്കബൂത്ത്/64)
നന്മകള്‍ കൊതിക്കുന്ന ആരും നന്മകളിലേക്കാകും ശ്രദ്ധ നല്‍കുക. നന്മ നേടാനുതകുന്ന ഉപദേശങ്ങളിലേക്കാകും കാതോര്‍ക്കുക. നടത്തവും ഇരുത്തവും മാത്രമല്ല, ചിന്തയും നിലപാടും അതിനുതകും വിധമാണ് ചിട്ടപ്പെടുത്തുക. പരമകാരുണികനായ അല്ലാഹു തന്‍റെ ദാസന്മാര്‍ക്കു നല്‍കിയിരിക്കുന്നത്, അത്തരം ചിട്ടകളുടെ സമാഹാരമാണ്; ഏറ്റവും ചൊവ്വായതിലേക്ക് നയിക്കുന്ന ഖുര്‍ആന്‍. ആ വിശുദ്ധ ഗ്രന്ഥം നല്‍കുന്ന അടിസ്ഥാന അവബോധമാണ് ഐഹിക ജീവിതത്തിന്‍റെ നശ്വരതയും പാരത്രിക ജീവിതത്തിന്‍റെ അനശ്വരതയും. എന്നതു കൊണ്ട്, ഐഹിക ജീവിതത്തെ പാടെ ത്യജിക്കണമെന്നാണൊ? തീര്‍ച്ചയായും അല്ല. ധൂര്‍ത്തും ദുരയുമില്ലാത്ത വിധം അനുവദനീയവും പരിശുദ്ധവുമായ എല്ലാം ദുനിയാവില്‍ നിന്ന് തേടാം, നേടാം, അനുഭവിക്കാം. ഒന്നും ലക്ഷ്യം മറന്നു കൊണ്ടുള്ളതാകരുത് എന്ന് മാത്രം. എന്തു കൊണ്ടെന്നാല്‍, അല്ലാഹു പറഞ്ഞു:
“അല്ലാഹുവിന്‍റെ പക്കലുള്ളത് കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്.” (ശൂറ/36)
ഐഹിക ജീവിതത്തിലൂടെ മുഅ്മിനുകള്‍ ആത്യന്തികമായി കൊതിക്കേണ്ടതെന്ത് എന്ന് ഈ ഖുര്‍ആനിക സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവില്‍ വിശ്വസിക്കുക. അവനെ ഓര്‍മ്മിക്കുക. അവനെ കുറിച്ചുള്ള ഓര്‍മ്മയില്‍ നിന്ന് ആശ്വാസം കൊള്ളുക. അവന്‍റെ പക്കലുള്ള ഉത്തമവും ശാശ്വതവുമായ അനുഗ്രഹങ്ങള്‍ക്കായി മനസ്സറിഞ്ഞ് യത്നിക്കുക. സ്വന്തം ജീവിതത്തിന്‍റെ ഭരണം അവനിലേല്‍പ്പിക്കുക. പരീക്ഷണങ്ങളെ മുഴുവന്‍ പാതയോരത്തെ പ്രതിസന്ധികളായി കണ്ട് അവതാനതയോടെ യാത്ര തുടരുക. ദുനിയാവിന്‍റെ പ്രലോഭനങ്ങളില്‍ മനസ്സുടക്കുമ്പോഴൊക്കെ അതിനെ ശാസിച്ചൊതുക്കുക. “പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും” (അഅ്ല/17) എന്ന ഖുര്‍ആനികോപദേശം മനസ്സിനെ സദാ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുക. കരുണയുള്ളവനാണ് റബ്ബ്; അവന്‍ നമുക്ക് കാവല്‍ നല്‍കിക്കൊണ്ടേയിരിക്കും.
സൂറത്തുല്‍ അഅ്ലയിലെ, മുകളില്‍ പ്രസ്താവിക്കപ്പെട്ട ആയത്ത് വിശദീകരിച്ചു കൊണ്ട് ഇബ്നു കസീര്‍(റ) എഴുതി: “പരലോക ഭവനത്തിലെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളാണ് ദുനിയാവിനേക്കാള്‍ ഉത്തമമായിട്ടുള്ളത്. ദുനിയാവ് നിസ്സാരമാണ്; അത് നശ്വരവുമാണ്. പരലോകമാണ് മഹത്തരം; അതാണ് ശാശ്വതം. എങ്കില്‍, ശാശ്വതമായതിനെ വിട്ട് ഏത് വിവേകിയാണ് നശ്വരമായതിനെ തെരഞ്ഞെടുക്കുക! ക്ഷണമാത്രയില്‍ നീങ്ങിപ്പോകുന്നതിനെ എങ്ങനെയാണവന്‍ പരിഗണിക്കുക! അനശ്വരമായ ഭവനത്തെ എന്തടിസ്ഥാനത്തിലാണ് അവഗണിക്കുക!”
എല്ലാ അലങ്കാരങ്ങളും എടുത്തണിഞ്ഞാണ് ദുനിയാവിന്‍റെ നില്‍പ്. രാവിലും പകലിലും അവള്‍ നവോഢയാണ്. പ്രലോഭനങ്ങളാണ് അവളുടെ കൈമുതല്‍. അവള്‍ക്കു മുന്നില്‍ വീണുപോയവര്‍ക്കൊക്കെ തങ്ങളുടെ ക്ഷണിക വികാരങ്ങളെ പോലും ശമിപ്പിക്കാനായിട്ടില്ല. വഞ്ചനയാണ് ദുനിയാവിന്‍റെ ചന്തം. ആ ചന്തമാണ് മനുഷ്യനെ കൊണ്ട് അവിവേകങ്ങളും അനാശാസ്യങ്ങളും പ്രവര്‍ത്തിപ്പിക്കുന്നത്. അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് അകറ്റുന്നത്. മനസ്സാക്ഷിക്കുത്തില്ലാതെ പാപകര്‍മ്മങ്ങളില്‍ വിഹരിക്കാന്‍ ധൈര്യമേകുന്നത്. തീര്‍ത്തും കബളിപ്പിക്കുകയാണ് ദുനിയാവ്. അല്ലാഹു പറഞ്ഞു:
“ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ആലുഇംറാന്‍/185) അതില്‍ വീണുപോകാതെ ജീവിക്കലാണ് സത്യവിശ്വാസിയുടെ ധര്‍മ്മം. മഴ വീണു കുതിര്‍ന്ന പ്രതലത്തില്‍ പൂത്തു കായ്ചു നില്‍ക്കുന്ന കൃഷിയോട് കര്‍ഷകന് ആശ്ചര്യമുണ്ടാകുക സ്വാഭാവികമാണ്. ഒരു പാടു പ്രതീക്ഷകള്‍ അവന്‍റെ മനസ്സില്‍ മുളപൊട്ടും. ഒട്ടധികം സ്വപ്നങ്ങള്‍ അവന്‍ ഒരുക്കൂട്ടും. പക്ഷെ, ആ കൃഷിയെ നേരെ പരിഗണിച്ചില്ലെങ്കില്‍, വേണ്ടതു നല്‍കി പരിചരിച്ചില്ലെങ്കില്‍ അത് വാടും, തുരുമ്പായിപ്പോകും. ഒരു സ്വപ്നവും പൂവണിയാതെ നിരാശ മാത്രം ബാക്കിയാകും. സൂറത്തുല്‍ ഹദീദില്‍ ഇക്കാര്യം അല്ലാഹു വ്യംഗ്യമായി ഉണര്‍ത്തുന്നുണ്ട്.
ദുനിയാവ് നേടാനാകാത്തിതില്‍ വിശ്വാസി ദുഃഖിക്കേണ്ടതില്ല. അത് നേടാനുള്ളതല്ല; വിടാനുള്ളതാണ്. ദൈവചിന്തയും ലക്ഷ്യബോധവുമുള്ള സത്യവിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ വര്‍ത്തമാനങ്ങള്‍ മനം കുളിര്‍പ്പിക്കുന്നവയാണ്. അനീതിയില്ലാത്ത പ്രതിഫലം, പരിപൂര്‍ണ്ണമായ പ്രതിഫലം, ആകാശ ഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗം. താഴ്ഭാഗത്ത് അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍. ഒരു കണ്ണും കണ്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു ഹൃദയത്തിലും ഇതുവരെ ചിത്രം തെളിഞ്ഞിട്ടില്ലാത്ത വശ്യമായ അനുഭൂതികളും വിഭവങ്ങളും നിറഞ്ഞ അനുഗ്രഹങ്ങള്‍. അതു നേടാനാകണം നമ്മുടെയൊക്കെ ജീവിതം. അല്ലാഹുവിനെ ഓര്‍ത്തും അവന്‍റെ വാഗ്ദാനങ്ങളില്‍ മനസ്സു ചേര്‍ത്തും ജീവിക്കുക. ക്ഷണികമായ ദുനിയാവാകരുത് ലക്ഷ്യം. ‘അല്ലാഹുവേ, ദുനിയാവിനെ ഞങ്ങളുടെ ഏറ്റവും വലിയ താത്പര്യമാക്കരുതേ’ (തിര്‍മിദി) എന്ന് സദാ പ്രാര്‍ഥിച്ചിരുന്ന പ്രവാചക തിരുമേനി(സ്വ)യുടെ പാതയിലാണ് നാം. പരലോക വിഭവങ്ങള്‍ കാത്തിരിക്കുന്നു; അവ നേടാന്‍ നാഥാ, ഞങ്ങള്‍ക്ക് നീ തൗഫീഖു നല്‍കിയാലും.