മനുഷ്യന് തന്‍റെ ഭൗതിക ജീവിതത്തില്‍ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളും ധര്‍മ്മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തിലാണ് ഇന്ന് നമ്മുടെ ജീവിതം. മുസ്ലിമെന്ന നിലക്ക് നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട നോമ്പ് എന്ന ആരാധനാ കര്‍മ്മത്തില്‍ ഈ മാസം മുഴുവന്‍ നാം മുഴുകുകയാണ്. നമ്മുടെ ജീവിതത്തെ ആസകലം സ്വാധീനിച്ചു നില്‍ക്കുന്ന വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണ മാസമാണ് വിശുദ്ധ റമദാന്‍ എന്നതു കൊണ്ടു തന്നെ ആ മാസത്തില്‍ സന്നിഹിതനാകുന്നവന്‍ നോമ്പനുഷ്ഠിക്കണമെന്ന കല്‍പന പടച്ച തമ്പുരാന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (ബഖറ/185)
വിശുദ്ധ ഖുര്‍ആന്‍ വഴിയറിയാത്ത ജനതക്ക് വഴികാട്ടുന്നൂ. സത്യത്തിന്‍റെ പാതയും അതിന്‍റെ ലക്ഷ്യവും തുറന്നു വെക്കുന്നു. സുതാര്യവും സുവ്യക്തവുമായ പ്രമാണങ്ങളിലൂടെ മോക്ഷമാര്‍ഗത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ഈ ഗ്രന്ഥം മാനവ കുലത്തിന് പ്രപഞ്ച നാഥനില്‍ നിന്നു ലഭിച്ച അനുഗ്രഹം തന്നെയാണ്. നോമ്പെടുക്കുന്ന മുഅ്മിനിന്‍റെ ജീവിതത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എന്നത്തേതിലുമപരി കൂടുതല്‍ ശക്തിയോടെ ഒട്ടി നില്‍ക്കുകയാണു വേണ്ടത്. കാരണം, ഇത് ചൊവ്വായ നിലയില്‍ അവതീര്‍ണ്ണമായ ഗ്രന്ഥമാണ്. (കഹ്ഫ്/2) ഇത് ഏറ്റവും ചൊവ്വായതിലേക്ക് മാത്രം നയിക്കുന്ന ഗ്രന്ഥവുമാണ്. (ഇസ്റാഅ്/9)
അല്ലാഹുവിലും അന്ത്യദിനത്തിലും അന്തിമ പ്രവാചകനിലും വിശ്വസിക്കുന്ന വിശ്വാസികള്‍ ഖുര്‍ആനിന്‍റെ വായനക്കും പഠനത്തിനും ചിന്തക്കും സമയം കണ്ടെത്തേണ്ടതുണ്ട്. വായിക്കുന്തോറും പുതിയ പുതിയ വെളിച്ചവും വഴിയും തുറന്നു കിട്ടുന്ന അത്ഭുതകരമായ അനുഭവം ഖുര്‍ആനില്‍ നിന്നു മാത്രമേ ലഭിക്കുന്നുള്ളൂ. നമ്മുടെ നിത്യജീവിതത്തിലെ ഓരോ ഭാഗവും കൃത്യതയോടെ വിശകലനം ചെയ്തു നോക്കുക; ഖുര്‍ആനികാധ്യാപനങ്ങളുടെ കണിശമായ സ്പര്‍ശം അവയിലൊക്കെയും നമുക്ക് കാണാനാകും. ഏകദൈവ വിശ്വാസമെന്ന പവിത്രമായ ആദര്‍ശം, ഏകദൈവാരാധനയെന്ന മഹിതമായ ആചാരം, ജീവിതത്തിന് വിശുദ്ധി പകര്‍ന്നു തരുന്ന ധര്‍മ്മനിഷ്ഠ, പെരുമാറ്റ രംഗങ്ങളിലെ വിനയം, ക്രയവിക്രയ മേഖലകളിലെ സത്യസന്ധത, സഹജീവികളുമായുള്ള ബന്ധങ്ങളിലെ മാനുഷികത, പാപകര്‍മ്മങ്ങളോടുള്ള വിമുഖത, സദാചാര ജീവിതത്തോടുള്ള പ്രതിബദ്ധത തുടങ്ങീ എല്ലാ നന്മകളും നമ്മളില്‍ സജീവമായി നിലനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആനിന്‍റെ സ്വാധീനം കൊണ്ടു തന്നെയാണ്.
റമദാനിലെ വിശ്വാസി ഖുര്‍ആനിന്‍റെ കൂടെയാകണം കൂടുതല്‍ സമയവും ജീവിക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തിയ ആയത്തുകള്‍ വായിക്കുമ്പോള്‍ അതിന്‍റെ ആവശ്യകത ബോധ്യപ്പെടും. മാനവകുലത്തിന് ശരിയായതിലേക്ക് വഴികാട്ടുന്ന ഖുര്‍ആന്‍, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുന്ന ഗ്രന്ഥമാണ്. (ഇസ്റാഅ്/9) കരുണാ വാരിധിയായ റബ്ബില്‍ നിന്ന് ദാസീ ദാസന്മാര്‍ക്ക് ലഭിക്കുന്ന സദുപദേശങ്ങളുടെ സമാഹാരമായ ഖുര്‍ആന്‍, സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കുള്ള ശമനവും കാരുണ്യവുമാണെന്ന് അല്ലാഹു പഠിപ്പിക്കുന്നുണ്ട്. (യൂനുസ്/57) ഒരിക്കലും ഒരു ഭാഗത്തു കൂടെയും അപാകതകള്‍ കടന്നു വരില്ല എന്നത് ഖുര്‍ആനിന്‍റെ മാത്രം പ്രത്യേകതയാണ്. (ഫുസ്സിലത്ത്/42) മനുഷ്യന്‍റെ ഭൗതികവും ആത്മീയവുമായ ഏതേതു സംഗതികളിലേക്കും വെളിച്ചം വീശുകയോ, അവയെ വിശദീകരിക്കുകയോ ചെയ്യുന്ന ആദരണീയമായ ഈ ദൈവിക ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല (ആന്‍ആം/38) എന്ന് പടച്ച തമ്പുരാന്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പഠിക്കാനും പാരായണം ചെയ്യാനും വചനങ്ങളിലെ സാരാംശങ്ങളിലേക്ക് കയറിച്ചെല്ലാനും സുഗമമായ ശൈലിയാണ് ഖുര്‍ആനിന്‍റേത്. ആ നിലക്കാണ് അതിന്‍റെ സംവിധാനം. അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (ഖമര്‍/17) അല്ലാഹുവിന്‍റെ ഗൗരവമാര്‍ന്ന ഈ ചോദ്യം, റമദാനിലെ വിശ്വാസികളുടെ ഹൃദയത്തിലും നാവിലും ജീവിതത്തിലും ഉത്തരങ്ങളുണ്ടാക്കണം.
ഖുര്‍ആനിക വചനങ്ങളിലൂടെയുള്ള ചിന്ത നമ്മുടെ മുന്നില്‍ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നു വെക്കും. അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും അവനെ ഹൃദയപൂര്‍വം സ്നേഹിക്കാനും അവന്‍റെ സാരോപദേശങ്ങളെ മാനിക്കാനും വിശ്വാസികളെ പ്രാപ്തമാക്കുന്നത് അറിവാണ്. ജ്ഞാനികളാണ് അല്ലാഹുവിനെ ആത്മാര്‍ത്ഥതയോടെ ഭയക്കുന്നവര്‍ എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ‘അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു’ (ഫാത്വിര്‍/28) എന്ന പ്രസ്താവന പഠിപ്പിക്കുന്നത് അതാണ്. ശരിയായ വിശ്വാസങ്ങളില്‍ നിന്നും, ധാര്‍മ്മിക നിഷ്ഠകളില്‍ നിന്നും, സദാചാര പരിസരങ്ങളില്‍ നിന്നും നമ്മെയൊക്കെ ഇറക്കിക്കൊണ്ടു പോകാവുന്ന മ്ളേച്ഛമായ പ്രലോഭനങ്ങളും മാര്‍ക്കറ്റിംഗുകളും ജീവിത ചുറ്റുപാടുകളില്‍ വിവിധ രൂപത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ ഖുര്‍ആനിന്‍റെ വെട്ടം വിനഷ്ടമായാലുണ്ടാകുന്ന അപകടം വളരെ വലുതാണ്. അതു കൊണ്ടു തന്നെ ഖുര്‍ആനിനെ പഠിക്കാനും അറിവു വര്‍ദ്ധിപ്പിക്കാനുമുള്ള അവസരമായി ഈ മാസത്തെ ഉപയോഗപ്പെടുത്താനാകാണം വിശ്വാസികളുടെ മുഴുശ്രദ്ധയും.
ഖുര്‍ആന്‍ പാരായണത്തെ പ്രോത്സാഹിപ്പിക്കുന്ന നബിമൊഴികള്‍ ധാരാളമുണ്ട്. ഓരോ അക്ഷരം മൊഴിയുമ്പോഴും പടച്ചവനില്‍ നിന്നുള്ള പ്രതിഫലം പത്തിരിട്ടിയായാണ് ലഭ്യമാകുന്നത്. ഖുര്‍ആനിലൂടെ സഞ്ചരിക്കുന്ന വിശ്വാസിയില്‍ പ്രധാനമായും ഉണ്ടാകുന്ന വികാരം, ലോക രക്ഷിതാവിന്‍റെ കലാമിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നാണ്. അത്യുന്നതനായ റബ്ബ് വിനീതനായ തന്നോട് നടത്തിയ തുല്യതയില്ലാത്ത സംസാരങ്ങള്‍. ചിലപ്പോള്‍ ‘എന്‍റെ ദാസന്മാരേ’ എന്ന് ദയയോടെ വിളിച്ചും, ചിലപ്പോള്‍ ‘സത്യവിശ്വാസികളേ’ എന്ന് ആദരപൂര്‍വം അഭിസംഭോധന ചെയ്തും കൊണ്ടുള്ള എത്രയെത്ര ദൈവികാഹ്വനങ്ങളാണ് ഖുര്‍ആനില്‍ നിറയെ!
ഖുര്‍ആന്‍ പാരായണക്കാരനായ മുഅ്മിനിനെ നബി തിരുമേനി(സ്വ) ഉപമിച്ചത് അകവും പുറവും മണവും ഗുണവുമുള്ള മധുരനാരങ്ങയോടാണ്. വരണ്ട വായനയല്ല, ആത്മാവിനെ സ്പര്‍ശിക്കുന്ന പാരായണമാണ് നമുക്കു വേണ്ടത്. ഹൃദയത്തില്‍ പ്രകമ്പനമുണ്ടാക്കുന്ന വായന. അവയവങ്ങളില്‍ അനുരണനങ്ങളുണ്ടാക്കുന്ന വായന. അപ്പോഴാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക. ശരിയായ വിശ്വാസിയില്‍ ഖുര്‍ആനുണ്ടാക്കുന്ന പ്രതിഫലനം അല്ലാഹു വിശദീകരിച്ചിട്ടുണ്ട്.
“അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.” (അന്‍ഫാല്‍/2-4)
ഹൃദയങ്ങളിലേക്കിറങ്ങുകയും വിശ്വാസത്തിന് മാറ്റു കൂട്ടുകയും അല്ലാഹുവിന്‍റെ ആശ്രയത്തിലേക്ക് അടുപ്പിക്കുകയും സല്‍കര്‍മ്മ മേഖലകളില്‍ നിരതമാക്കുകയും ചെയ്യുന്ന പ്രചോദനം ഖുര്‍ആനുമായി ബന്ധപ്പെടുമ്പോള്‍ നമുക്ക് ലഭ്യമാകണം. എങ്കില്‍ പരലോകത്ത് ലഭിക്കാനിരിക്കുന്നത് അല്ലാഹുവില്‍ നിന്നുള്ള സ്വര്‍ഗീയ പദവികളും, സ്വര്‍ഗപ്രാപ്തമാക്കുന്ന പാപമോചനവും, ഉദാരമായ ഉപജീവനവുമാണ്. ഇത്തരം ഖുര്‍ആനിക വാഗ്ദാനങ്ങള്‍ വിശ്വാസികളുടെ ജീവിതത്തെ സാവേശം മുന്നോട്ടു നയിക്കുന്നവ തന്നെയാണ്.
ഖുര്‍ആനൊഴിഞ്ഞ മനസ്സ് ഇടിഞ്ഞു പൊളിഞ്ഞ വീടുപോലെയാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ജനമില്ലാത്ത, ജലമില്ലാത്ത, വെളിച്ചമില്ലാത്ത, ആവാസയോഗ്യമല്ലാത്ത വീട്ടില്‍ ക്ഷുദ്രജീവികളാണ് വിഹരിക്കുക. ഖുര്‍ആനിക സൂക്തങ്ങളുടെ സാന്നിധ്യമില്ലാത്ത മനസ്സുകളില്‍ പാപങ്ങളുടെ ധിക്കാരങ്ങളുടെ അഹങ്കാരങ്ങളുടെ പാമ്പുകളായിരിക്കും ഇഴഞ്ഞു കളിക്കുക. ഖുര്‍ആനിന്‍റെ പ്രകാശമാണ് ഹൃദയ തലങ്ങളിലെ ഇരുട്ടകറ്റുന്നതും അല്ലാഹുവിന്‍റെ സ്മരണ നിറക്കുന്നതും ജീവിതത്തിന് സജീവതയും സമാധാനവും പകരുന്നതും. അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.” (മാഇദ/15, 16)
‘നിങ്ങളുടെ ഹൃദയങ്ങളെ ഖുര്‍ആന്‍ കൊണ്ട് പരിചരിക്കുക, നിങ്ങളുടെ ഭവനങ്ങളെ ഖുര്‍ആന്‍ കൊണ്ട് സജീവമാക്കുക’ എന്ന് ഖതാദ(റ) ഉപദേശിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ ദിക്റാണ്. മനസ്സിലും തനുസ്സിലും ആ ദിക്റിന്‍റെ നിറവുണ്ടാകണം. ഒരിക്കല്‍ നബി(സ്വ) സ്വഹാബികളോടായി ചോദിച്ചു: ‘നിങ്ങളുടെ കര്‍മ്മങ്ങളിലെ ഉത്തമമയാതിനെ, നിങ്ങളുടെ രാജാധിപന്‍റെ മുന്നിലെ പവിത്രമായതിനെ, നിങ്ങളുടെ പദവികളിലെ ഉന്നതമായതിനെ, ധനവും സ്വര്‍ണ്ണവും ചെലവഴിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ടതിനെ, ശത്രുവിനെ നേരിട്ട് അന്യോന്യം കഴുത്ത് വെട്ടുന്നതിനേക്കാള്‍ ഉല്‍കൃഷ്ടമായതിനെ നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞു തരട്ടെയോ? അവര്‍ പറഞ്ഞു: അറിയിച്ചു തന്നാലും റസൂലേ. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) പറഞ്ഞു: അത്യുന്നതനായ അല്ലാഹുവിന്‍റെ ദിക്ര്‍.’ (തിര്‍മിദി) അതു കൊണ്ടാണ് ഹസനുല്‍ ബസ്വരീ(റ) ഇപ്രകാരം നമ്മെ ഉപദേശിച്ചത്: ‘വിശ്വാസികളേ, മൂന്നു കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ ഹൃദയമാധുര്യം നുണയുക; നമസ്കാരം, ദൈവ സ്മരണ, ഖുര്‍ആന്‍ പാരായണം.’
ഖുര്‍ആനുമായുള്ള ബന്ധം ലാഭം മാത്രം കൊതിക്കാവുന്ന കച്ചവടങ്ങളില്‍ ഒന്നാണ്. ഖുര്‍ആന്‍ അത് സൂചിപ്പിക്കുന്നുണ്ട്. “തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.” (ഫാത്വിര്‍/29) അല്ലാഹുവിന്‍റെ കിതാബുമായി നിരന്തരബന്ധം പുലര്‍ത്തുക. അതിലെ സാരാംശങ്ങളില്‍ മുഴുകുക. സ്വന്തം വിശ്വാസങ്ങളേയും ആരാധനകളേയും വിശുദ്ധ ഖുര്‍ആനിന്‍റെ മുന്നില്‍ വെച്ച് വിലയിരുത്തുക. അവയൊക്കെ അതിനോട് യോജിച്ചു വരുന്നുവെങ്കില്‍, അതിന്ന് തൗഫീഖ് തന്ന അല്ലാഹുവിനെ സ്തുതിക്കുകയും കൂടുതല്‍ അവസരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. വിശ്വാസ കര്‍മ്മാദികളില്‍ ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതു വല്ലതും കാണുന്നുവെങ്കില്‍ സ്വയം ശാസിക്കാനും തിരുത്താനും തയ്യാറാകുക. ഈ വ്രതമാസക്കാലത്തെ മേല്‍ പറയപ്പെട്ട സംഗതികള്‍ക്കായുള്ള അസുലഭ സാഹചര്യമായി ഉപയോഗപ്പെടുത്തുക. വിശ്വാസികളുടെ ഗുണമാണത്. അല്ലാഹു പറഞ്ഞു: നാം ഈ ഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്‍റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. (ബഖറ/121)
ഖുര്‍ആനിന്‍റെ കൂടെയാകണം നമ്മുടെ യാത്ര. ഈ പ്രകാശ ഗ്രന്ഥത്തെ നമ്മള്‍ അങ്ങോട്ട് തേടിപ്പോകണം. ഖുര്‍ആന്‍ നമ്മളെത്തേടി പുറകെ നടക്കരുത്. മഹാനായ അബൂ മൂസല്‍ അശ്അരീ (റ) ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരോടായി നടത്തിയ ഒരു ഉപദേശം കാണുക: “ഈ ഖുര്‍ആന്‍ പരലോകത്ത് നിങ്ങള്‍ക്കുള്ള പ്രതിഫലമായി ഭവിച്ചേക്കാം. നിങ്ങള്‍ക്കുള്ള പ്രശസ്തിയായും, നിങ്ങളുടെ നടപ്പാതയിലേക്കാവശ്യമായ വെളിച്ചമായും തീര്‍ന്നേക്കാം. അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ മറുപടി പറയേണ്ടുന്ന ഉത്തരവാദിത്തത്തിന്‍റെ ഭാരമായി പരിണമിച്ചേക്കാം. നിങ്ങള്‍ ഖുര്‍ആനിനെ പിന്തുടരുക. ഖുര്‍ആന്‍ നിങ്ങളെയല്ല പിന്തുടരേണ്ടത്. ഖുര്‍ആനിനെ പിന്തുടര്‍ന്നവന്ന് അതിനോടൊപ്പം സ്വര്‍ഗ്ഗത്തോപ്പിലേക്കിറങ്ങിച്ചെല്ലാം. ഖുര്‍ആന്‍ ആരെയെങ്കിലും പിന്തുടരുന്ന അവസ്ഥ വന്നാല്‍, അവനെയത് കഴുത്തിനു തള്ളി നരകത്തിലേക്ക് വലിച്ചിടും. (മുസ്വന്നഫ്ബ്നു അബീ ശൈബ, ഫദാഇലുല്‍ ഖുര്‍ആന്‍).
വരും കാലജീവിതം മുഴുവന്‍ ഖുര്‍ആനോടൊത്തു കഴിയാന്‍ ഈ വിശുദ്ധ മാസത്തിലെ ജീവിതം നമുക്ക് പരിശീലനം നല്‍കട്ടെ. അതിന്ന് അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ. ആമീന്‍