സമയം ജീവിതത്തോട് ചേർന്ന് നിൽക്കേണ്ടത്

1409

ഏതൊരു ദിവസവും വിടരുന്നത് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന് വിഖ്യാത പണ്ഡിതൻ ഹസൻ ബസ്വരി (റഹി) പറഞ്ഞു:”അല്ലയോ മനുഷ്യാ ,ഞാനൊരു പുതിയൊരു സൃഷ്ടി ,നിന്‍റെ കർമ്മത്തിനു സാക്ഷി,അത്കൊണ്ട് നീ എന്നെ പ്രയാജനപ്പെടുത്തുക,ഞാൻ പോയിക്കഴിഞ്ഞാൽ അന്ത്യനാൾ വരെ തിരിച്ചുവരാൻ പോകുന്നില്ല.”(കിതാബ് അല്ലയാലീ വൽ അയ്യാം 1/24)

നമ്മുടെ ജീവിതത്തിൽ സമയത്തിനു എത്രത്തോളം പ്രാധന്യമുണ്ടെന്ന് ഈ വാക്കുകൾ തന്നെ ധാരാളം.സമയം ജീവിതമാണ്,അത് എത്ര പണക്കാരനായാലും പാവപ്പെട്ടവനായാലും കിട്ടുന്നത് ഒരേപോലെയാണ്,പക്ഷെ ഉപയോഗമാണ് അതിനെ ഫലപ്രദമാക്കുന്നത്.ജീവിതത്തെ ഫലപ്രദമാക്കണമെങ്കിൽ സമയബോധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.ഓരോ നിമിഷങ്ങളും ഒന്നുകിൽ പരലോകത്തിനു വേണ്ടിയോ ദുൻയാവിനു വേണ്ടിയോ ഉപയോഗമാക്കുകയാണെങ്കിൽ ഒരിക്കലും ദുഖിക്കേണ്ടിവരില്ല.അതിനാൽ മുസ്‌ലിംകൾ അവരുടെ സമയം കാത്തുസൂക്ഷിക്കുണം കാരണം
ലോകരക്ഷിതാവ് തന്ന ഓരോനിമിഷങ്ങളും ചോദ്യംചെയ്യപെടും. പ്രത്യേകിച്ചും നമ്മൾ ഈ യുഗത്തിലായിരിക്കുമ്പോൾ, ഒരുപാട് ടെക്നോളജികൾ ഉണ്ടായിട്ടും ആളുകൾ ചിതറിക്കിടക്കുന്ന പൊടിപടലങ്ങൾ പോലെ അകലുകയാണ്,അതുപോലെതന്നെയാണ്
ഇപ്പോൾ സമയവും മനുഷ്യനെ സംബന്ധിച്ചോളം കടന്നുപോകുന്നത് എന്തെന്നാൽ സമയം ഒരുപാട് ഉണ്ടായിട്ടും സ്വന്തത്തിനോ സമൂഹത്തിനോ ഉപകാരപ്പെടാത്ത വിധം സമയത്തെ ദുരുപയോഗപ്പെടുത്തുകയാണ്.

ഏറെസങ്കടകരം എന്ന് പറയട്ടെ സാമൂഹ്യമാധ്യമങ്ങളുടെ തിന്മയിൽ മുഴുകി ജീവിക്കുകയാണ് നമ്മുടെ സമൂഹം,എന്നാൽ അതേ മീഡിയകൾ ഉപയോഗിച്ച് സമയബന്ധിതമായി നന്മ നേടണമെന്നോ നന്മ പ്രചരിപ്പിക്കണമെന്നോ അവർ ചിന്തിക്കുന്നേയില്ല!!സമയം എന്ന അനുഗ്രഹത്തിന്റെ വില അവർ അറിഞ്ഞിരുന്നുവെങ്കിൽ പറയുമായിരുന്നു ഇനിയുമൊരു ജീവിതമുണ്ടെങ്കിൽ ഞാനൊരു നിമിഷംപോലും വെറുതെ കളയുകയില്ലെന്ന്.

ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: “സമയം പാഴാക്കല്‍ മരണത്തേക്കാള്‍ ഏറ്റവും കഠിനമാകുന്നു. കാരണം, സമയം പാഴാക്കല്‍ അല്ലാഹുവുമായും,പരലോക ഭവനവുമായി നിന്നെ വേര്‍പ്പെടുത്തുന്നു. മരണം ദുനിയാവില്‍ നിന്നും, അതിന്റെ ആളുകളില്‍നിന്നും നിന്നെ വേര്‍പ്പെടുത്തുന്നു. (അൽഫവാഇദ് :44).
നമ്മുടെ മുൻകഴിഞ്ഞ പണ്ഡിതന്മാർ സമയം പാഴാക്കുന്നതിനെക്കുറിച്ചുള്ള ഗൗരവം ഇതിൽ നിന്ന് തന്നെ മനസിലാക്കാം.സമയത്തെ ദുൻയാവിനും
പരലോകത്തിനും വേണ്ടി ഉപയോഗപ്പെടുത്തുക,നഷ്ടപ്പെടുത്തരുത്.

എന്നാൽ അതിനേക്കാൾ ഏറെ മനുഷ്യൻ നഷ്ടപ്പെടുത്തുന്ന അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ് ഒഴിവ് സമയം.ഈ പ്രവാചകവചനം എപ്പോഴും എന്നും ശ്രേദ്ധയമാണ്:”രണ്ട് അനുഗ്രഹങ്ങൾ,അതിൽ അധികമാളുകളും വഞ്ചിതരാണ്.ആരോഗ്യവും ഒഴിവ്സമയവും”(ബുഖാരി).

യുവത്വം, നല്ല ആരോഗ്യം, ഒഴിവു സമയം എന്നിവ പ്രയോജനപ്പെടുത്താൻ പ്രവാചകൻ ജനങ്ങളോട് ആവശ്യപ്പെട്ടു എന്നുള്ളത് നിരവധി നബിവചനങ്ങളിൽ നിന്നും വ്യക്തമാണ്.ഖുർആനിൽ അല്ലാഹുവിന്റെ ഉപദേശം ഇങ്ങനെയാണ്:
فَإِذَا فَرَغْتَ فَٱنصَبْ

ആകയാല്‍, നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിച്ചുകൊള്ളുക. (ശര്‍ഹ് – 94:7)ഈ ആയത്തിന്റെ വിശദീകരണത്തിൽ അമാനി മൗലവിയുടെ വാചകങ്ങൾ ഏറെ പ്രസക്തമാണ് :
“ഒഴിവ് കിട്ടിയാല്‍ അദ്ധ്വാനിക്കണം, ആഗ്രഹം പ്രകടിപ്പിക്കുന്നത് അല്ലഹുവിങ്കലേക്കായിരിക്കണം എന്നത്രെ അത്. ഇന്നിന്ന കാര്യങ്ങളില്‍ നിന്ന് ഒഴിവായാല്‍ എന്നോ, ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നു. ഐഹിക കാര്യങ്ങളില്‍ നിന്ന് ഒഴിവുകിട്ടുമ്പോള്‍ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തില്‍ നിന്ന് ഒഴിവ് കിട്ടുമ്പോള്‍ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോള്‍ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളില്‍ നിന്ന് സ്വസ്ഥമാകുമ്പോള്‍ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിര്‍ബന്ധ കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ന്നാല്‍ ഐഛികകര്‍മ്മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകള്‍ അവസാനിച്ചാല്‍ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാല്‍ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയില്‍ നിന്ന് ഒഴിവ് കിട്ടുമ്പോള്‍ മറ്റൊരു നല്ല വിഷയത്തില്‍ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്.”

ആലോചിച്ച് നോക്കുക നമ്മുടെ ഒഴിവ് സമയത്തെക്കുറിച്ച്.നമ്മുടെ ഒഴിവ് സമയം നമ്മുക്കോ മറ്റുള്ളവർക്കോ ഉപകാരപ്രദമാക്കാൻ കഴിഞ്ഞോ എന്ന് സ്വയം വിലയിരുത്തുക.സമയത്തെ കൈകാര്യം ചെയ്യണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പണ്ഡിതന്മാർ പറയുന്നു;ഒന്ന്,ഓരോ ചെറിയ നിമിഷത്തെക്കുറിച്ചും അള്ളാഹു ചോദ്യം ചെയ്യുമെന്നും അങ്ങനെ ചോദ്യം ചെയ്യപ്പെടാതെ ഒരു കാലടിപോലും മുന്നോട്ട്പോവില്ലെന്നുള്ള പ്രവാചകന്റെ താക്കീത് മുഴുസമയങ്ങളിലും ആലോചനകളിലുണ്ടാവുക.രണ്ട്,നമ്മുടെ സമയത്തെ കൊല്ലുന്ന തരത്തിലുള്ള സകലപ്രവണതകളിൽ നിന്നും വിട്ടു നിൽക്കുക.മൂന്ന്,ഇന്ന് തന്നെ ചെയ്യുനാവുന്ന ഒരു കാര്യത്തെ നാളേയ്ക്ക് നീട്ടിവെക്കാതിരിക്കുക.സമയത്തിന്റെ മഹത്വവും വിലയും മനസ്സിലാക്കിയവർ കഴിയുന്നത്ര നന്മകൾ കൊണ്ട് ഒഴിവ് സമയം ധന്യമാക്കും.

അലസത,മടി,മറ്റൊരു സമയത്തേക്ക് മാറ്റിവെക്കൽ എന്നിവ ഉപേക്ഷിച്ചാൽ തന്നെ നമ്മുടെ ഒഴിവ് സമയത്തെ ഉപയോഗപ്രദമാക്കാം.ഇതൊക്കെ അറിയാവുന്ന ഒരാൾക്ക് സ്വാഭാവികമായും ഉത്ഭവിക്കുന്ന ഒരു സംശയമാണ്,എപ്പോഴാണ് വിശ്രമിക്കുക എന്നത്.വിശ്രമം വേണം,വീണ്ടും ഊർജ്ജമുള്ളവനായി മുന്നേറാൻ.നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃകയാണ് പ്രവാചകന്റെ ജീവിതം.നമ്മളെക്കാൾ എത്രയോ തിരക്കും ബാധ്യതകളുമുള്ള നമ്മുടെ പ്രവാചകൻ,എല്ലാ തിരക്കുകൾക്ക് ഒപ്പം തന്നെ
രാത്രി നമസ്കാരം കാലിൽ നീര് കെട്ടുവോളം നമസ്കരിച്ചചരിത്രം നാം വായിച്ചതാണ്.

നബിവിശ്രമിക്കാറുണ്ട്,അതിനേക്കാൾ ഏറെ പരിശ്രമിക്കാറുമുണ്ട്.ഇമാമുകളിലൊരാളായ ഇമാം അഹ്മദ് ബിൻ ഹൻബാലിന്റ മകൻ അബ്ദുല്ല ഒരു ദിവസം പിതാവിനോട് ചോദിച്ചു: “ബാപ്പ ,ഞങ്ങൾ എപ്പോയെങ്കിലും വിശ്രമിക്കുമോ?” സുന്നത്തിന്റെ ഏറ്റവും വലിയ പുനരുജ്ജീവനക്കാരനും എല്ലാ മുസ്‌ലിംകൾക്കും ഒരു മാതൃകയുമായ അദ്ദേഹത്തിന്റെ പിതാവ് കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു:”സ്വർഗത്തിൽ ആദ്യ കാലടിവെക്കുമ്പോൾ”എത്ര സുന്ദരമായ മറുപടി.നമ്മുക്ക് ലക്ഷ്യങ്ങൾ ഉണ്ടാവണം,അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുന്നവരാകണം.സ്വന്തത്തിനോ മറ്റുള്ളവർക്കോ ഉപോയോഗശൂന്യമായ കാര്യങ്ങൾ ഒഴിവാക്കുക,സമയത്തെ സംബന്ധിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്.നബി(സ്വ) രാവിലെയും വൈകുന്നേരവും പഠിപ്പിച്ച ദുആകളിലും ദിക്റുകളിലും മുസ്ലിമിനോട് ഇങ്ങനെ പ്രാർത്ഥിക്കുവാൻ കല്പിച്ചു:” അല്ലാഹുവേ,ദുഖത്തിൽനിന്നും പ്രയാസത്തിൽ നിന്നും അലസതയിൽ നിന്നും ബലഹീനതയിൽ നിന്നും ഞാൻ നിന്നോട് ശരണം തേടുന്നു”.സമയം എന്ന അമൂല്യനിധിയെ യഥാവിധം ഉപയോഗപ്പെടുത്തുക,നഷ്ടപ്പെടുത്തരുത് ഈ മഹാ അനുഗ്രഹത്തെ.