നല്ലശീലങ്ങളിലൂടെയാകട്ടെ നമ്മുടെ യാത്ര

835

വിശുദ്ധ റമദാന്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള മാസമാണ്. അവന്‍റെ തൃപ്തിയും പ്രതിഫലവും കരസ്ഥമാക്കാനുള്ള മാസം. ഒരുപാട് ശീലങ്ങളാണ് ഈ മാസത്തില്‍ നാം ജീവിത്തിലേക്ക് ചേര്‍ക്കുന്നത്. ഒരുപാട് ദുശ്ശീലങ്ങളാണ് നമ്മുടെ ജീവിതത്തില്‍ നിന്നും നാം ഒഴിവാക്കി മാറ്റുന്നത്. ഗുണമില്ലാത്ത, ഗുണകാംക്ഷയില്ലാത്ത വാചാലതയും തര്‍ക്കശീലവും ദുശ്ശീലമാണ്. ഇഹപര നന്മകളെ നഷ്ടപ്പെടുത്തിക്കളയുന്ന ദുഷ്പ്രവണതയാണത്. നാം അത് ഒഴിവാക്കണം. നാവിന്‍റെ നിയന്ത്രണമില്ലാത്ത ഉപയോഗം ദുരവ്യാപകമായ പ്രതിസന്ധികളാണ് മനുഷ്യ ജീവിതത്തിലുണ്ടാക്കുന്നത്. താര്‍ക്കികനെ ആര്‍ക്കും ഇഷ്ടമല്ല. അല്ലാഹുവിന്ന് തീരെ ഇഷ്ടമില്ല. പടച്ചവന്നും പടപ്പുകള്‍ക്കും ഇഷ്ടമില്ലാത്ത ഒരു ജീവിയായി ജീവിച്ചു മരിച്ചു പോകാതിരിക്കാനാണ് നാം നല്ല ശീലങ്ങളെ സ്വീകരിക്കുന്നത്. സംസാരത്തിലെ സൂക്ഷ്മതയും മിതത്വവും സ്വര്‍ഗ്ഗ പ്രവേശം സാധ്യമാക്കുമെന്ന പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്.

അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: “ആര്‍ക്കാണൊ തന്‍റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്നും, തന്‍റെ തുടകള്‍ക്കിടയിലുള്ളതിന്നും അല്ലാഹു സംരംക്ഷണം നല്‍കുന്നത്, അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു.” (തിര്‍മിദി)

സത്യവിശ്വാസികളെ ഏറെ ചിന്തിപ്പിക്കേണ്ട പ്രവാചക മൊഴിയാണിത്. അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കേണ്ട രണ്ടവയവങ്ങള്‍ തന്നിലുണ്ടെന്നും അവ രണ്ടിനേയും അവയുടെ ധര്‍മ്മം മറന്നു ഉപയോഗിക്കുന്നത് നരകപ്രവേശത്തിന് വഴിവെക്കുമെന്നും ഗൗരവപൂര്‍വ്വം ഉണര്‍ത്തുകയാണ് റസൂല്‍(സ്വ). പ്രിയപ്പെട്ടവരെ, സൂക്ഷ്മതയോടെ ജീവിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.