രണ്ടു നീര്‍മണികള്‍

407

സലീം… ഡാ സലീം…

കയ്യില്‍ ഒരു സഞ്ചിയും തൂക്കി തലതാഴ്ത്തി നടന്നു നീങ്ങുന്ന സലീമിനെ റോഡിന്റെ മറ്റേ ഭാഗത്തു നിന്നു നബീല്‍ ഉറക്കെ വിളിച്ചു. എന്തോ ആലോചനയിലാണെന്ന് തോന്നുന്നു, നബീലിന്റെ വിളി അവന്‍ കേട്ടിട്ടില്ല.

സലീംംംംം … നബീല്‍ ഒരിക്കല്‍ കൂടി ഉച്ചത്തില്‍ വിളിച്ചു

സലീം നിന്നു.. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. നബീലായിരുന്നു അത്. അവന്‍ തന്റെ അടുക്കലേക്ക് നടന്നു വരുന്നത് അപ്പോഴാണ് അവന്‍ കണ്ടത്.

അസ്സലാമു അലൈക്കും

വ അലൈക്കുമുസ്സലാം

അവര്‍ രണ്ടുപേരും അഭിവാദ്യം ചെയ്തു.

സലീമിന്റെ കയ്യില്‍ പിടിച്ച് നബീല്‍ ചോദിച്ചു: എന്തുപറ്റീ നിനക്ക്, വല്ലാത്ത ആലോചനയിലാണല്ലൊ?

ഹേയ്, ഒന്നൂല്ല നബീലൂ.. വെറുതെ എന്തൊക്കെയൊ ആലോചിച്ചു നടന്നതാ… സലീം മറുപടി പറഞ്ഞു

അവന്റെ മുഖഭാവത്തിലും മറുപടിയിലും എന്തൊ വിഷമം അവനിലുണ്ട് എന്ന് നബീല്‍ ഊഹിച്ചു.

വിട്ടുപിരിയാത്ത നിന്റെ ചങ്കെവിടെപ്പോയി, സലീമെ..? ഇന്ന് കൂടെ കാണുന്നില്ലാലൊ?

സലീമിന്റെ കൈപിടിച്ചും തോളില്‍ കയ്യിട്ടും സദാ നടക്കാറുള്ള ജാബിറിനെ ഉദ്ദേശിച്ചായിരുന്നു നബീല്‍ ചോദിച്ചത്.

സലീം തലതാഴ്ത്തി നിന്നതേയുള്ളൂ

ഹായ്.. എന്തുപറ്റിയെടാ… രണ്ടാളും തമ്മില്‍ പിണങ്ങിയൊ? നബീല്‍ ചിരിച്ചു കൊണ്ട് ചോദിച്ചു

ആ.. ചെറിയൊരു പിണക്കം.. രണ്ടു മൂന്നു ദിവസമായി ഞങ്ങള്‍ തമ്മില്‍ കാണാറില്ല.

അതു നന്നായി… എന്തിനായിരുന്നു പിണങ്ങിയത്?

വെറുതെ തമാശ പറഞ്ഞു തുടങ്ങിയതായിരുന്നു.. അതങ്ങ് കാര്യായി..

എന്തേണ്ടായത്?

വര്‍ത്താനത്തിനിടയില് അവന്റെ വാപ്പാനെ പറഞ്ഞുപോയി ഞാന്‍… അതിന് അവന്‍ എന്റെ വാപ്പാനേം പറഞ്ഞു… അത് എനിക്ക് സഹിക്കാന്‍ പറ്റീല… അങ്ങനെ വഴക്കായി പിരിഞ്ഞതാ..

നബീല്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു:

സലീമെ, നീയല്ലെടാ ആദ്യം പറയാന്‍ പാടില്ലാത്തത് പറഞ്ഞത്. അതോണ്ടല്ലെ അവനും അതേ പോലെത്തന്നെ നിന്നോടും അങ്ങനെ ചെയ്തത്‌

അതിന് ഞാന്‍ തമാശ പറഞ്ഞതല്ലെ… സലീം ഗൗരവത്തിലായിരുന്നു.

എന്തായാലും രണ്ടാളു പറഞ്ഞതും ശരിയല്ല… അതിന്റെ പേരില്‍ പിണങ്ങി നടക്കുന്നത് ഒട്ടും ശരിയല്ല.

ഉം… സലീം വെറുതെ മൂളിയതേ ഉള്ളൂ.

സലീമെ, സത്യത്തില്‍ അവനല്ല നിന്റെ വാപ്പാനെ ചീത്തപറഞ്ഞത്, നിന്റെ വാപ്പാനെ നീ തന്നെയാണ് ചീത്തപറഞ്ഞത്..?

എന്ത്? ഞാനൊ?  സലീം അത്ഭുതത്തോടെ ചോദിച്ചു

അതെ സലീമെ, പ്രവാചകന്റെ ജീവിതത്തിലെ ഒരു സംഭവം നിനക്കു പറഞ്ഞു തരാം. ഒരിക്കലദ്ദേഹം സ്വഹാബികള്‍ക്ക് ഉപദേശം നല്‍കുന്ന കൂട്ടത്തില്‍ ഇങ്ങനെ പഞ്ഞു: സഹോദരങ്ങളെ, നിങ്ങളിലാരുംതന്നെ സ്വന്തം മാതാപിതാക്കളെ ചീത്തപറയരുത്. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ഞങ്ങളെങ്ങനെയാണ് പ്രവാചകരെ, ഞങ്ങളുടെ തന്നെ മാതാപിതാക്കളെ ചീത്തവിളിക്കുന്നത്. അങ്ങനെ ആരെങ്കിലും ചെയ്യുമൊ? നബി(സ്വ) പറഞ്ഞു: പറഞ്ഞു തരാം, നിങ്ങളിലൊരാള്‍ വേറൊരാളിന്റെ പിതാവിനെ ചീത്തവിളിക്കുന്നു എന്ന് കരുതുക. അവനപ്പോള്‍ നിങ്ങളുടെ പിതാവിനേയും ചീത്തവിളിക്കും. ഫലത്തില്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ പിതാക്കളെ ചീത്തവിളിച്ചതു പോലെയായി.

ഇപ്പൊ മനസ്സിലായൊ നിനക്ക്? ഇനി പറയ്… നീയാണൊ നിന്റെ വാപ്പാനെ ചീത്തപറഞ്ഞത്, അതൊ ജാബിറൊ…?

നബീല്‍…. ഞാന്‍…. സലീമിന് വാക്കുകളില്ലായിരുന്നു.

സാരമില്ലെടാ… കൂട്ടുകാരാകുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകും. ഇണക്കമുള്ളിടത്തെല്ലാം ഓരോരോ കാരണത്താല്‍ പിണക്കവുമുണ്ടാകും.

നബീല്‍ സലീമിന്റെ തോളില്‍ത്തട്ടി. പിന്നെ, അവന്റെ മുഖം പിടിച്ചുയര്‍ത്തിക്കൊണ്ട് ചോദിച്ചു. അവനോട് പിണങ്ങിയതില്‍ നിനക്ക് ദുഃമില്ലെടാ സലീമെ..

സലീം ഉണ്ടെന്ന് തലയാട്ടി..

പാവം ജാബിര്‍ അവനും ഇപ്പോള്‍ നിന്റെ അതേ മാനസകാവസ്ഥയിലായിരിക്കും. ഇനിയിപ്പൊ ആര് ആദ്യം സോറി പറയും ആര് ആദ്യം കൈകൊടുക്കും എന്ന ചിന്തയിലായിരിക്കും…. ശരിയല്ലെടാ.. നബീല്‍ സലീമിന്റെ മനസ്സറിഞ്ഞതു പോലെ ചോദിച്ചു.

ശരിയാണ് നബീലെ, ഒന്നിച്ചു നടന്നും കളിച്ചും ചിരിച്ചും കിട്ടിയതെല്ലാം പങ്കുവെച്ചും വേര്‍പിരിയാതെ നടന്നവരല്ലെ നമ്മള്‍… ജാബിറുമായി പിണങ്ങേണ്ടി വന്നപ്പോള്‍… വല്ലാത്തൊരു വിഷമത്തിലാണ് ഞാന്‍….

അതെ സലീമെ, സൗഹൃദത്തിന് വിലമതിക്കാനാകാത്ത സൗന്ദര്യമുണ്ട്. അത് ആരുമായുള്ള സൗഹൃദമായിരുന്നാലും ശരി. യഥാര്‍ത്ഥ സ്‌നേഹമായിരുന്നു കൂട്ടുകാരുടേത് എങ്കില്‍ അതിന് മുറിവേല്‍ക്കുമ്പോള്‍ പരസ്പരം അവര്‍ വേദനിക്കും.. പറഞ്ഞറിയിക്കാനാകാത്ത വേദന… നബീല്‍ അവനെ ആശ്വസിപ്പിച്ചു.

മൂന്നു ദിവസമായി ഞാനത് അനുഭവിക്കുന്നുണ്ട് നബീല്‍.. സഹോദരങ്ങള്‍ മൂന്നു ദിവസത്തിലധികം പിണങ്ങി നിന്നു കൂടാ എന്ന നബി(സ്വ)യുടെ ഉപദേശം ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

സലീമിന്റെ വാക്കുകളില്‍ ജാബിറുമായി പിണങ്ങിയതിലുള്ള വേദനയും പശ്ചാത്തപവുമുണ്ടായിരുന്നു.

നബീല്‍ പറഞ്ഞു: പോട്ടെ സലീമെ, സംഭവിച്ചു പോയില്ലെ… ഇനി വേണ്ടത് നിങ്ങള്‍ രണ്ടു പേരും പരസ്പരം ക്ഷമചോദിച്ച് സൗഹൃദം പുതുക്കുകയാണ് വേണ്ടത്…

അതിന്…. ഞാന്‍… സലീം നിന്നു പരുങ്ങി

നീയെങ്ങനെ ആദ്യം അവനോട് മിണ്ടും എന്ന ചമ്മലല്ലെ നിനക്ക്… അതിനൊരു കാര്യം പറഞ്ഞു തരാം ഞാന്‍. നമ്മുടെ നബി പറഞ്ഞൂ: നിങ്ങളില്‍ രണ്ടുപേര്‍ ഒരിക്കല്‍ പിണങ്ങിയകന്നു എന്ന് കരുതുക. ഒരു ദിവസം ആ രണ്ടു പേരും വഴിയില്‍ വെച്ച് നര്‍ക്കുനേരെ കാണുന്നുവെന്നും വിചാരിക്കുക. അപ്പോള്‍, ആദ്യം സലാം പറഞ്ഞ് അപരന്റെ കൈപിടിക്കുന്നവനാണ് ആ രണ്ടു പേരില്‍ ശ്രേഷ്ഠനായവന്‍.

എന്തു പറയുന്നു, സലീമെ… ?

നബീല്‍, ഇനിയെനിക്കൊന്നും പറയാനില്ല. സൗഹൃദത്തിന്റെ വിലപഠിപ്പിച്ചു തന്ന. സൗഹൃദ സാഹോദര്യങ്ങളോടുള്ള നബി(സ്വ)യുടെ നിലപാടു പഠിപ്പിച്ചു തന്ന നിന്നോട് വല്ലാത്ത ബഹുമാനമുണ്ടെടാ നബീലൂ..

… ഈ സാധനങ്ങള്‍ ഞാന്‍ വീട്ടിലൊന്നേല്‍പ്പിച്ചോട്ടെ… പിന്നെ ഞാന്‍ നേരെ പോകുന്നത് അങ്ങോട്ടേക്കായിരിക്കും…. എന്റെ പ്രിയപ്പെട്ട ജാബിറൂന്റെ അടുത്തേക്ക്..

അതു പറഞ്ഞു തീരുമ്പോള്‍ സലീമിന്റെ കണ്‍തടങ്ങളിലൂടെ രണ്ടു നീര്‍മണികള്‍ ഉരുണ്ടൊഴുകുന്നുണ്ടായിരുന്നു.

Source: www.nermozhi.com