ഇരട്ടി മധുരം

544

ബാലകഥകള്‍ – 03

അലിയും ബഷീറും സലീമും മൈതാനെത്തെത്തുമ്പോള്‍ നബീലിനെ ദൂരെ നിന്നു തന്നെ കണ്ടു. പുളിമരത്തിനു താഴെ ചാരിയിരുന്ന് എന്തോ വായനയിലാണ് നബീല്‍.
‘അസ്സലാമു അലൈക്കും’ സലീമാണ് നബീലിന് സലാം പറഞ്ഞത്.
‘വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്.’ നബീല്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു
ഓരോരുത്തരായി നബീലിന്‍റെ കൈപിടിച്ചു.
“ഇന്ന് എന്തു പറ്റീ നബീലേ, നേരത്തെ വന്ന് സ്ഥലം പിടിച്ചല്ലൊ?’ അലിയാണ് ചോദിച്ചത്.
“ഒന്നൂല്ലാ, ചെറിയൊരു വിശേഷം… അതോണ്ട് നിങ്ങളെ അടുത്തെത്താന്‍ ഇത്തിരി നേരത്തെ അങ്ങ് പോന്നു’
“ഏ… അതെന്ത് വിശേഷം..’ മുന്നു പേരും പരസ്പരം നോക്കി ആശ്ചര്യം പ്രകടിപ്പിച്ചു.
“ഉണ്ട് ബഷീറേ, ദാ… ഇത് കണ്ടോ?’ അപ്പോഴാണ് അവര്‍ നബീലിന്‍റെ അരികിലിരുന്ന ഒരു ചെറിയ ബോക്സ് കണ്ടത്.
“ഇതെന്താ…?’ അലി ചോദിച്ചു.
“ഇന്നലെ ഖത്തറീന്ന് എളാപ്പ ലീവിന് വന്നിരുന്നു. ഇത് എനിക്ക് സമ്മാനമായിത്തന്ന മിഠായിയാണ്.’
“എടാ ബഷീറെ, നിനക്കറിയ്യോ, സമ്മാനം കിട്ടുക എന്ന് പറഞ്ഞാല്‍ അത് തരുന്ന ആള്ക്ക് നമ്മളോട് സ്നേഹണ്ട് ന്നാണ് അര്‍ത്ഥം. നബി(സ്വ) പഠിപ്പിച്ച കാര്യാണത്. നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുവീന്‍ അങ്ങനെ സ്നേഹം പ്രകടിപ്പിക്കുവീന്‍ എന്ന് ഹദീസില്ണ്ട്.’
“ഏ.. അതൊരു പുതിയ അറിവാണ്…’ ബഷീര്‍ മറുപടി പറഞ്ഞു.
“എന്‍റെ പെങ്ങളൂട്ടി സാലിമാക്കും എളാപ്പ ചോക്ലേറ്റ് പെട്ടി നല്‍കീട്ടിണ്ട്. ഓളത് കിട്ടിയപാടെ തുറന്ന് തീന്നാന്‍ തുടങ്ങീര്ന്നു. എന്‍റത് കിട്ടിയപ്പൊ അപ്പോള്‍ തന്നെ പൊട്ടിച്ച് തിന്നണംന്ന്ണ്ടായിരുന്നു.. പക്ഷെ… വേണ്ടാന്ന് വെച്ചു..”
“… നിങ്ങളുടെ മുന്നില്‍ വെച്ച് തുറന്ന്, നിങ്ങളോടൊപ്പം കഴിക്കാംന്ന് കരുതി.” നബീല്‍ പുഞ്ചിരിച്ചു. അലിയും ബഷീറും സലീമും പുഞ്ചിരിച്ചു.
“നബീലേ, നീ ഞങ്ങടെ മുത്താണെടാ…” സലീം തമാശയോടെ പറഞ്ഞു.
“സലീമേ, സുഖിപ്പിക്കല്ലെ…” നബീലും തമാശയില്‍ പങ്കുചേര്‍ന്നു.
സലീം മിഠായിപ്പെട്ടി തുറന്നു. എല്ലാവര്‍ക്കും മിഠായി വിതരണം ചെയ്തു. അപ്പോള്‍ തന്നെ ബഷീര്‍ രണ്ടെണ്ണം അകത്താക്കി. “ഹായ്… എന്തൊരു ടേസ്റ്റാ..” അവന്‍ മധുരം നുണഞ്ഞു കൊണ്ട് പറഞ്ഞു.
സലീം ഒരെണ്ണം കഴിച്ച് ബാക്കിയുള്ളവ തന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചു..
“എന്താടാ ഇപ്പൊ തിന്ന്ണ്ല്ലെ…” സലീമാണ് ചോദിച്ചത്.
“ങൂഹും..” അവന്‍ ഇല്ലെന്ന് തലയാട്ടി. “ഇതെന്‍റെ ഫിദക്ക് കൊടുക്കാനാ.”
ഫിദ സലീമിന്‍റെ കുഞ്ഞു പെങ്ങളാണ്. അവളെ വലിയ സ്നേഹമാണ് അവന്ന്. എന്തുകിട്ടിയാലും ഒരു വിഹിതം അവന്‍ അവള്‍ക്കു വേണ്ടി കരുതി വെക്കും. ഉപ്പ വൈകീട്ട് പലഹാരങ്ങള്‍ കൊണ്ടു വന്ന് രണ്ടാള്‍ക്കുമിടയില്‍ വീതം വെച്ചു നല്‍കിയാലും തന്‍റെ വിഹിതത്തില്‍ നിന്ന് അല്‍പം തന്‍റെ പെങ്ങള്‍ക്ക് നല്‍കുക എന്നത് അവന്‍റ സ്വഭാവമാണ്!
പെങ്ങന്മാരെ നന്നായി സ്നേഹിക്കണം എന്ന് അവന്‍റെ ഉപ്പ എപ്പോഴും അവനോട് പറയാറുണ്ടത്രെ!
ശരിയാണത്. സഹോദരിമാരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നബി(സ്വ) ഉപദേശിച്ചിട്ടുണ്ട്. അതിന്ന് പരലോകത്ത് പ്രതിഫലവും കിട്ടും.
“നബീലെ വര്ന്ന വഴിക്ക് ഇന്നൊരു സംഭവണ്ടായി?” ബഷീര്‍ പറഞ്ഞു
“എന്തു പറ്റീ?” നബീല്‍ ആകാംക്ഷയോടെ ചോദിച്ചു
“പറ്റീത് ഞമ്മങ്ങക്കല്ല, പൂച്ചക്കുട്ടിക്കാ..” സലീം ഇടയ്ക്കു കയറി പറഞ്ഞു
“നബീലേ, സ്കൂള്ന്ന് വര്ന്ന വഴിക്ക് ഒരു കള്‍വര്‍ട്ടില്ലെ, അതിന്‍റെ താഴെണ്ട് ഒരു പൂച്ചക്കുട്ടി. അലിയാണ് കാണിച്ച് തന്നത്. പമ്മി നില്‍ക്ക്ആണ് ആശാന്‍.”
“അലി പറഞ്ഞു, എടാ നോക്കെടാ ഒരു പാവം പൂച്ചക്കുട്ടി. നമുക്കതിനെ രക്ഷപ്പെടുത്താം.”
“അതിനൊന്നും ഞാന്‍ നിന്നില്ല, ഒരു കല്ലെടുത്ത് കൊടുത്തൂ രണ്ടൂമൂന്ന് ഏറ്. മ്യാവൂ മ്യാവൂന്നും പറഞ്ഞ് അത് കരഞ്ഞ് ഓടാന്‍ തുടങ്ങി…” അതു പറഞ്ഞിട്ട് ബഷീര്‍ നബീലിന്‍റെ മുഖത്തു നോക്കി ഉറക്കെ ചിരിച്ചു. കൂടെയുള്ളവും ചിരിച്ചു.
പക്ഷെ, നബീല്‍ മാത്രം ചിരിച്ചില്ല.
ബഷീറിനെ അവന്‍ ഗൗരവത്തോടെ നോക്കി.
“എന്താ നബീല്‍, നിനക്കൊരു ഗൗരവം?” സലീം ചോദിച്ചു
നബീല്‍ പറഞ്ഞു: “നിങ്ങള്‍ പൂച്ചക്കുട്ടിയെ ദ്രോഹിച്ച കഥകേട്ടിട്ട് ഞാന്‍ ചിരിക്കുകയാണൊ വേണ്ടത്? മോശമായ പണിയല്ലെ നിങ്ങള്‍ ചെയ്തത്?”
അലിയും ബഷീറും സലീമും പരസ്പരം നോക്കി
“പച്ചക്കരളുള്ള ഏത് ജീവിയോടും കരുണകാണിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടെന്ന് നമ്മളൊക്കെ മദ്രസയില്‍ പഠിച്ചിട്ടുള്ളതല്ലെ?”
“ഭക്ഷണവും വെള്ളവും നല്‍കാതെ പൂച്ചയെ കെട്ടിയിട്ട് കൊന്നുകളഞ്ഞ ഒരു സ്ത്രീയുടെ കഥയും നമ്മള്‍ പഠിച്ചിട്ടുണ്ട്. ആ സ്ത്രീക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുള്ളതല്ലെ.”
കഷ്ടമാണ് കൂട്ടുകാരെ! മേലില്‍ നിങ്ങള്‍ ഒരു ജീവിയേയും ദ്രോഹിക്കരുത്.. പാപമാണത്..”
“പൂച്ചക്കുട്ടിയെ കണ്ടപ്പോള്‍ ഒരു രസത്തിന് എറിഞ്ഞു പോയതാണ് നബീല്‍… ഈ അലി പറഞ്ഞത് ഞാന്‍ കേട്ടില്ല.” ബഷീര്‍ ഖേദത്തോടെ പറഞ്ഞു…
“ഇനിയങ്ങനെ ഉണ്ടാകില്ല..” ബഷീറിനു വേണ്ടി സലീമാണ് അങ്ങനെ പറഞ്ഞത്..
“അതെ, അങ്ങനെയാണ് വേണ്ടത് കൂട്ടുകാരെ.. മനുഷ്യര്‍ക്കു മാത്രമല്ല, എല്ലാ ജീവികള്‍ക്കും നന്മ ചെയ്യുന്നവരാകണം നമ്മള്‍.” നബീല്‍ ഉപദേശിച്ചു.
മറ്റുള്ളവര്‍ ഒന്നിച്ച് അതെ എന്ന് തലയാട്ടി.
“… അതിനാല്‍… ഓരോരുത്തര്‍ക്കും ഓരോ മിഠായി കൂടി ഞാന്‍ സമ്മാനമായി തരുന്നു…” പുഞ്ചിരിച്ചു കൊണ്ട് അലിക്കും ബഷീറിനും സലീമിനും ഓരോ മീഠായി കൂടി നബീല്‍ നല്‍കി.
നബീലില്‍ നിന്ന് രണ്ടു മധുരം കിട്ടിയ അനുഭൂതിയായിരുന്നു അവര്‍ക്ക്!

കബീര്‍ എം. പറളി

Source: nermozhi.com