[മദീന മസ്ജിദുന്നബവിയിലെ മിമ്പറില്‍ നിന്ന് ശ്രേഷ്ഠപണ്ഡിതന്‍ അശ്ശൈഖ് അബ്ദുല്ലാഹിബ്നു അബ്ദുറഹ്മാന്‍ അല്‍ ബുഐജാന്‍ നിര്‍വഹിച്ച ജുമുഅ ഖുതുബയുടെ ആശയ വിവര്‍ത്തനം]
വിശ്വാസികളേ, അല്ലാഹുവിന്റെ കല്‍പനകളില്‍ തക് വയുള്ളവരാകുക. എല്ലാ നിഷിദ്ധങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക. അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക.
പ്രിയ സഹോദരങ്ങളെ, അല്ലാഹു മനുഷ്യനെ ആദരിച്ചു. അറിവാര്‍ജ്ജിക്കാനുള്ള ബൗദ്ധിക ശേഷി നല്‍കി. അവനറിയാത്ത പലതും പേനകൊണ്ട് അല്ലാഹു പഠിപ്പിച്ചു. വിവേകവും വിശദീകരണപാടവവും നല്‍കി. അവന്നാവശ്യമുള്ള നിയമാവലികളും അതിന്നാവശ്യമായ രേഖകളും കൊണ്ട് അവനോടവന്‍ സംസാരിച്ചു. അറിവുകൊണ്ടാണ് അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നത്. അവന്റെ സൃഷ്ടികളില്‍ അധിക സൃഷ്ടികളേക്കാളും അവന്ന് അല്ലാഹു ശ്രേഷഠ്ത നല്‍കിയിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു.. വിജ്ഞാനബോധം കൊണ്ട് ഭൂമിയിലെ അധികാരിയായി അവനെയവന്‍ നിശ്ചയിച്ചു.
അല്ലാഹു പറഞ്ഞു: “ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞു കൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?” (ബഖറ/30-33)
സഹോദരങ്ങളേ, അറിവാണ് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് എന്ന് ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നു.
ധാരാളം അറിവു ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. “അല്ലാഹുവേ എനിക്ക് നീ അറിവു വര്‍ദ്ധിപ്പിച്ചു തരേണമെ എന്ന് നീ പ്രാര്‍ത്ഥിക്കുക” എന്നതാണ് പ്രസ്തുത നിര്‍ദ്ദേശം
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജര്‍ പറഞ്ഞു: “ഈ വചനം വിജ്ഞാനത്തിന്റെ ശ്രേഷ്ഠതയെയാണ് അറിയിക്കുന്നത്. കൂടുതല്‍ ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പ്രവാചക തിരുമേനിയോട് അല്ലാഹു കല്‍പ്പിച്ചിട്ടുള്ളത് അറിവിനു വേണ്ടിയല്ലാതെ മറ്റൊന്നിനുമില്ല എന്നതാണ് വാസ്തവം.”
സഹോദരങ്ങളെ, അറിവിന്റെ സദസ്സുകള്‍ സ്വര്‍ഗ്ഗത്തോപ്പുകളാണ്. പ്രവാചകന്‍ (സ്വ) പറഞ്ഞു; “നിങ്ങള്‍ സ്വര്‍ഗ്ഗത്തോപ്പുകള്‍ക്കരികിലൂടെ നടന്നു പോകുന്നുവെങ്കില്‍, അതില്‍ നിന്നും ഭക്ഷിക്കുക. സ്വഹാബികള്‍ ചോദിച്ചു. പ്രവാചകരേ, ഏതാണ് ആ സ്വര്‍ഗ്ഗത്തോപ്പുകള്‍? തിരുമേനി(സ്വ) പറഞ്ഞു: ഉദ്‌ബോധനത്തിന്റെ, അഥവാ ദിക്‌റിന്റെ സദസ്സുകള്‍.” (തിര്‍മിദി)
പ്രവാചകന്റെ മറ്റൊരു വചനത്തില്‍ പ്രസ്താവിച്ചത് ഇപ്രകാരമാണ്. “ജ്ഞാനികള്‍ അമ്പിയാക്കന്‍മാരുടെ അനന്തിരാവകാശികളാണ്. അമ്പിയാക്കന്‍മാര്‍ അനന്തിരാവകാശികള്‍ക്കായി വിട്ടേച്ചു പോയത്, സ്വര്‍ണ്ണനാണയങ്ങളും വെള്ളിനാണയങ്ങളുമല്ല. അവര്‍ അനന്തിരമായി ശേഷിപ്പിച്ചത് വിജ്ഞാനമാണ്. ആരാണൊ അതില്‍ നിന്നും എടുക്കുന്നത് അവന്‍ സമൃദ്ധമായി അതില്‍ നിന്നുമെടുക്കട്ടെ.” (അബൂദാവൂദ്)
വിശ്വാസീ സഹോദരങ്ങളെ, വിജ്ഞാന സമ്പദാനം ജീവിതശിക്ഷണത്തിനുള്ള മൗലികമായ ഘടകമാണ്. എല്ലാത്തരം വിശിഷ്ട സ്വഭാവങ്ങളും ഉത്തമമായ നിലപാടുകളും അറിവിലൂടെയാണ് വന്നുചേരുന്നത്. അവിവേകങ്ങളെ തിരുത്താന്‍. വീക്ഷണങ്ങളെ ശരിയാക്കാന്‍, വഴിതിരുവുകളെ നേരെയാക്കാന്‍ അറിവിലൂടെയാണ് സാധ്യമാകുന്നത്. ഏത് ഫിത്‌നകളുടെ ഘട്ടങ്ങളിലും ഉറച്ചു നില്‍ക്കാനും നേരിട്ടു നില്‍ക്കാനും ശേഷിയേകുന്നത് മൗലികമായ വിജ്ഞാനങ്ങളാണ്. എല്ലാ നന്മകളിലേക്കുമുള്ള മാധ്യമമാണ് വിജ്ഞാനം. വിജയത്തിലേക്കുള്ള മാര്‍ഗ്ഗം. അല്ലാഹുവില്‍ നിന്ന് ഒരു അടിമക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അനുഗ്രഹമാണ് വിജ്ഞാനമെന്നത്. അതിലുടെയാണ് അല്ലാഹു മനുഷ്യനെ ഉന്നത ശ്രേണിയിലേക്ക് ഉയര്‍ത്തുന്നത്.
അല്ലാഹു പറഞ്ഞു: “നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (മുജാദില /11)
സഹോദരങ്ങളേ, അറിവ് മനുഷ്യനിലെ സ്വഭാവ നിഷ്ടയുടേയും നിലപാടുകളുടേയും മാപിനിയാണ്. ഔന്നിത്യത്തിന്റെ അളവുകോലാണത്. ഏറ്റവും നല്ലതിലേക്കുള്ള ചവിട്ടുപടിയും അതുതന്നെ. പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുന്നതും അറിവുതന്നെയാണ്. അറിവു നല്‍കി എത്രയെത്ര സമൂഹങ്ങളെ അല്ലാഹു ഉന്നതരാക്കി. അല്ലാഹു പറഞ്ഞു: “പറയുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.” (സുമര്‍/9)
പ്രിയരക്ഷിതാക്കളെ, നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങള്‍ക്ക് അറിവും ശിക്ഷണവും നല്‍കേണ്ടവരാണ്. നിങ്ങളുടെ ഉത്തരവാദിത്ത കൃത്യമായി നിര്‍വഹിക്കുക. നിങ്ങളുടെ മക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാരോപദേശങ്ങളും നല്‍കുക. അവര്‍ അഭ്യസിക്കുന്ന പാഠഭാഗങ്ങളെ നിരീക്ഷിക്കുക. മക്കള്‍ക്ക് വിജ്ഞാനം പകരുന്ന അധ്യാപകരോടൊപ്പം നിങ്ങളും സഹായികളാകുക. വിജ്ഞാന സമ്പാദനത്തിനാവശ്യമായ സാഹചര്യങ്ങളും മെറ്റീരിയലുകളും മക്കള്‍ക്കായി ഒരുക്കിക്കൊടുക്കുക. അതു മുഖേന നിങ്ങളുടെ മക്കളെ അല്ലാഹു സ്വാലിഹായ സന്താനങ്ങളാക്കിയേക്കും. ഉപകാരപ്രദമായ അറിവുകള്‍ അല്ലാഹു അവര്‍ക്ക് അനുഗ്രഹമായി നല്‍കുകയും ചെയ്‌തേക്കും. ഉല്‍കൃഷ്ടമാണ് കര്‍മ്മമാണത്, പുണ്യമാണ്, എന്നെന്നും അവശേഷിക്കുന്ന സദ് വൃത്തിയാണ്, സദാ ഫലം നല്‍കിക്കൊണ്ടിരിക്കുന്ന സ്വദഖയാണ്.
അബൂഹറയ്‌റ നിവേദനം. പ്രവാചകനരുളി; “മനുഷ്യന്‍ മരണപ്പെടുന്നതോടെ അവന്റെ അമലുകള്‍, കര്‍മ്മങ്ങള്‍ മുഴുവനും അവസാനിക്കുന്നതാണ്. മൂന്ന് കാര്യങ്ങളൊഴികെ. ഒന്ന്, സദാ ഫലം നല്‍കുന്ന സ്വദഖ, രണ്ട്, ഉപകാരപ്പെടുത്തപ്പെട്ട വിജ്ഞാനം, മൂന്ന്, തനിക്കായി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനം.” (മുസ്ലിം)
പ്രിയപ്പെട്ടവരേ, പഠിക്കുക. അറിവ് അല്ലാഹുവിനെ ഭയക്കാന്‍ ഉപകരിക്കും. വിജ്ഞാനാന്വേഷണം ഇബാദത്താണ്. അറിവിനായുള്ള യത്‌നം ജിഹാദാണ്. അന്യര്‍ക്ക് അറിവു പകരുന്നത് സ്വദഖയാണ്. അതില്‍ നിന്ന് ആവശ്യക്കാര്‍ക്കായി ചെലവഴിക്കുന്നത് പുണ്യമാണ്. അറിവു നേടാനാവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും മാധ്യമങ്ങളും ആധുനികമായ സാങ്കേതിക സംവിധാനങ്ങളും, വിദൂരപഠനത്തിന് സാധ്യമാകുന്ന ടെക്‌നോളജികളും അല്ലാഹു നമുക്ക് സൗകര്യപ്പെടുത്തിത്തന്നിട്ടുണ്ട്. പഠനത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഒരു ന്യായീകരണവും ഇനി നമ്മുടെ മുന്നിലില്ല. എല്ലാ പഠന സൗകര്യങ്ങളും മുന്നിലുണ്ട്.
നമ്മുടെ പൂര്‍വികരെ ഓര്‍ത്തുനോക്കുക. അറിവിനായി അവര്‍ക്ക് വീടു വിട്ടു പോകേണ്ടതുണ്ടായിരുന്നു. നാടുകളിലൂടെ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. ആ മാര്‍ഗ്ഗത്തില്‍ പ്രയാസങ്ങളൊരുപാട് നേരിടേണ്ടതുണ്ടായിരുന്നു.ല ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളോടും എതിരിടണമായിരുന്നു. അങ്ങനെയാണ് അവര്‍ ജ്ഞാനികളായിത്തീര്‍ന്നതും അതു മുഖേന ഔന്നിത്യങ്ങള്‍ കീഴടക്കിയതും.
അധ്യാപികാ അധ്യാപകന്മാരെ, നിങ്ങള്‍ക്ക് ആശംസകള്‍. നിങ്ങള്‍ അമ്പിയാക്കളുടെ പിന്‍ഗാമികളാണല്ലൊ. അറിവു പകരുന്നതിലും അധ്യാപന വൃത്തി ഉത്തരവാദിത്തോടെ നിര്‍വഹിക്കുന്നതിലും നിങ്ങള്‍ ആത്മാര്‍ത്ഥമായി യത്‌നിക്കുകയാണ്. അമ്പിയാക്കന്‍മാരെ അധ്യാപകരായാണ് അല്ലാഹു നിയോഗിച്ചത്.
ജനങ്ങള്‍ക്കായി അറിവ് പകരുന്നതിനും അതിന്റെ മാര്‍ഗ്ഗത്തില്‍ സേവന നിരതരാകുന്നതിനും അല്ലാഹുവിന്റെ അനുഗ്രമുണ്ടാകട്ടെ എന്ന് ആശംസിക്കുകയാണ്. ഇനിയും വിജ്ഞാന പ്രസരണമാര്‍ഗ്ഗത്തില്‍ അല്ലാവില്‍നിന്നുള്ള ്ര്രപതിഫല പ്രതീക്ഷയോടെ നിങ്ങള്‍ ആത്മാര്‍ത്ഥമായി നിലകൊള്ളുക. നിങ്ങള്‍ ചെയ്യുന്ന ഏതൊരു സല്‍പ്രവര്‍ത്തനത്തിനുമുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ കണ്ടെത്താനാകും എന്ന അല്ലാഹുവിന്റെ വാഗ്ദാനം എപ്പോഴും ഓര്‍മ്മയില്‍ വെക്കുക.
അബുഹുറയ്‌റ(റ) നിവേദനം. റസൂല്‍(സ്വ) പറഞ്ഞു. സന്മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന്, ആ ക്ഷണം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവന്റെതിനു തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലം യാതൊന്നും കുറയുകയുമില്ല. (മുസ്ലിം)
നല്ലനിയ്യത്തോടെ പ്രവര്‍ത്തിക്കുക. ഒരു തലമുറയുടെ ഉത്തരവാദിത്തം നിങ്ങളുടെ ചുമലിലാണുള്ളത്. മികച്ച് ഒരു ഭാവി സമൂഹത്തിന്റെ പിറവി നിങ്ങളിലൂടെയാണ് നടക്കേണ്ടത്. നിങ്ങളിലേല്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രജകളോടുള്ള ബാധ്യത പ്രത്യേകം ശ്രദ്ധിക്കുക. ദീനിന്റൈ അറിവുകള്‍ നിര്‍ലോപം അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കു. അവരുടെ ഹൃദയങ്ങളില്‍ വിശുദ്ധ ഇസ്ലാമിനോടുള്ള സ്‌നേഹമുണ്ടാക്കുക. എല്ലാ ആദരണീയമായ ധാര്‍മ്മികതകളും സ്വഭാവ മര്യാദകളും സദാചാര നിഷ്ഠകളും അ വരില്‍ സന്നിവേശിപ്പിക്കുക. ദുനിയാവിലും പരലോകത്തിലും അവര്‍ക്ക് ലഭിക്കാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അവര്‍ക്ക് സന്തോവാര്‍ത്ത നല്‍കിക്കൊണ്ടിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
Source: www.nermozhi.com