ഞാവല്‍പഴം

1219

ചെറുപുല്ലുകള്‍ നിറഞ്ഞ വിശാലമായ മൈതാനത്ത് പടര്‍ന്ന്, നിഴല്‍ പരത്തി നില്‍ക്കുന്ന ഞാവല്‍ മരം. കുട്ടികളുടെയൊക്കെ ഇഷ്ടപ്പെട്ട സ്ഥലം. അതിന്‍റെ കീഴെ വന്ന് ഞാവല്‍ പഴം പെറുക്കുന്നവരുണ്ട്. തമാശകള്‍ പറഞ്ഞിരിക്കുന്നവരുണ്ട്. അല്‍പം മാറി കുട്ടിയും കോലും കളിക്കുന്നവരുണ്ട്. അങ്ങനെയങ്ങനെ പച്ചുപ്പൂല്‍ മൈതാനവും ഞാവല്‍ മരവും കുസൃതിക്കുട്ടികളുമൊക്കെ കണ്ടുകൊണ്ടാണ് ഓരോ ദിവസവും സൂര്യന്‍ വന്നും പോയിമിരിക്കുന്നത്.

അന്ന് ഞായറാഴ്ചയായിരുന്നു. കുട്ടികളുടെ കലപില ശബ്ദം കൊണ്ട് മുഖരിതമാണ് മൈതാനം. ചിരിയും കളിയും ഓട്ടവും ചാട്ടവും… ആകെ ബഹളമയം. അത് നോക്കി നില്‍ക്കാന്‍ തന്നെ രസമാണ്. ചിലര്‍ ഇടയ്ക്ക തല്ല് കൂടുന്നുണ്ട്. പിണങ്ങുന്നുണ്ട്. കുട്ടികളല്ലെ. അവരുടെ പിണക്കം മിനുറ്റുകള്‍ നീളാറില്ല.

നബീല്‍ മൈതാനത്തേക്ക് ചെല്ലുമ്പോള്‍ ഞാവല്‍ മരത്തിന്‍റെ ചുവട്ടില്‍ സലീമും ബഷീറും ലബീബും ജാബിറും മറ്റും കൂടിയിരിക്കുന്നുണ്ട്. എന്തൊക്കെയൊ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുമുണ്ട്. ബഷീര്‍ തമാശകള്‍ പൊട്ടിക്കാന്‍ മിടുക്കനാ.

“അസ്സലാമു അലൈക്കും” നബീല്‍ പുഞ്ചിരി തൂകിക്കൊണ്ട് അവര്‍ക്കരികിലേക്ക് കടന്നു ചെന്നു.

“ഹായ് നബീല്‍, വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്” എല്ലാവരും ഒപ്പത്തില്‍ സലാം മടക്കി

“നീ എവിടെയായിരുന്നു നബീല്‍ ഇത്രനേരം?” ലബീബാണത് ചോദിച്ചത്

“ഹബീബീ, ഇവിടേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു ഉമ്മ വിളിച്ച് കടയില്‍ ചെല്ലാന്‍ പറഞ്ഞത്. സാധനങ്ങള്‍ വാങ്ങിക്കൊടുത്താണ് ഞാനിങ്ങ് പോന്നത്. ഉച്ചക്ക് വല്ലതും തിന്നണ്ടെടാ?”

“അതു വേണ്ടതാ..” സലീം പറഞ്ഞു

“അല്ല, വല്ലാത്ത ചിരിയും ബഹളവുമൊക്കെയായിരുന്നല്ലൊ! എന്താ പുതിയ വിശേഷം?”

“അത് ബഷീറൊരു തമാശ പൊട്ടിച്ചതാ.” സലീം മറുപടി പറഞ്ഞു

“നബീലെ, വാ ഇരിക്ക്…”

ബഷീര്‍ നബീലിന്‍റെ കൈപിടിച്ച് അടുത്തിരുത്തി

“നബീലൂ, ഒരു കാര്യണ്ട്, നമ്മുടെ സുലൈമാനില്ലെ…. ഹായ്, ആ ഫുട്ബോളറേയ്.. അവന്‍റെ കഥയറിഞ്ഞില്ലെ…?”

ബഷീര്‍ സുലൈമാനെപ്പറ്റി അറിഞ്ഞ പുതിയൊരു വാര്‍ത്ത നബീലിനെ അറിയിക്കാനുള്ള ആവേശത്തിലാണ്.

“സുലൈമാനെ എനിക്കറിയാലൊ ബഷീറെ. എന്താണ് സംഗതി? വല്ല ഹാപ്പി ന്യൂസാണോടാ?”

“ഹാപ്പീ ന്യൂസൊ… ഒക്കെ പറയാം… നീയൊന്നടങ്ങ് നബീലൂ..” ബഷീര്‍ നബീലിന്‍റെ തോളില്‍ത്തട്ടി പറഞ്ഞു.

ബഷീറിന്‍റെ സംസാരത്തില്‍ നബീലിന് എന്തൊ പന്തികേട് തോന്നി. സുലൈമാനെപ്പറ്റി നല്ല കാര്യം പറയാനല്ല അവന്‍ ഉദ്ദേശിക്കുന്നത് എന്ന് നബീല്‍ ഊഹിച്ചു. ഇതങ്ങനെ വിടാന്‍ പറ്റുന്നതല്ല. ആരെപ്പറ്റിയും മോശമായി സംസാരിക്കരുതെന്ന് പഠിച്ച താന്‍ തന്‍റെ സുഹൃത്തുക്കളെയും അക്കാര്യം ബോധ്യപ്പെടുത്തണമല്ലൊ. മാത്രമല്ല, നന്മകള്‍ എന്ത് കേട്ടാലും അത് സ്വീകരിക്കാന്‍ മനസ്സുള്ളവരാണ് തന്‍റെ കൂട്ടുകാര്‍.

നബീല്‍ പറഞ്ഞു: “കൂട്ടുകാരെ, ബഷീറിന്‍റെ കഥ കേള്‍ക്കും മുമ്പ് നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഞാനൊരു കഥ പറഞ്ഞു തരട്ടെ?”

“എന്നാല്‍ ആദ്യം അത് നടക്കട്ടെ, അല്ലെടാ സലീമെ…” ജാബിര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ബഷീറും അത് ശരിവെച്ചു.

നബീല്‍ കഥ തുടങ്ങി:

ഒരിടത്ത് ഒരു ജ്ഞാനിയുണ്ടായിരുന്നു… നമുക്ക് ഗുരു എന്ന് പറയാം. അദ്ദേഹത്തിന് കുറേ ശിഷ്യന്മാരും ഉണ്ടായിരുന്നു. ഒരിക്കല്‍ ഗുരു ഏകനായി ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ അടുക്കലേക്ക് ഒരു ശിഷ്യന്‍ കടന്നു വന്നു. എന്നിട്ട് ഗുരുവിനോടായി പറഞ്ഞു: “ഗുരോ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“എന്തു കാര്യമാണ്? ആരെപ്പറ്റിയാണ് പറയാനുള്ളത്?” ഗുരു ചോദിച്ചു

അവന്‍ പറഞ്ഞു: “താങ്കളുടെ ശിക്ഷ്യനായ ഇന്ന വ്യക്തിയെക്കുറിച്ചാണ് ചിലത് അങ്ങയോട് പറയാനുള്ളത്.”

അത് കേട്ടപ്പോള്‍ ഗുരു ചിരിച്ചു. തന്‍റെ ശിഷ്യനെ മുന്നില്‍ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു: “ശരി പറഞ്ഞോളൂ… പക്ഷെ, അതിനു മുമ്പ് ഞാന്‍ നിന്നോട് മൂന്ന് ചോദ്യം ചോദിക്കും. അവയ്ക്ക് ഉത്തരം നല്‍കിയതിനു ശേഷം നിനക്ക് പറയാനുള്ളത് പറഞ്ഞോളൂ. എന്താ ചോദിച്ചോട്ടെ…?”

ശിഷ്യന്‍ അതെയെന്ന് ഭവ്യതയോടെ തലയാട്ടി

ഗുരു തന്‍റെ ചോദ്യങ്ങളിലേക്ക് കടന്നു. “എങ്കില്‍ കോട്ടോളൂ, എന്‍റെ ഒന്നാമത്തെ ചോദ്യം ഇതാണ്, എന്‍റെ ശിക്ഷ്യനെപ്പറ്റി നീ പറയാന്‍ പോകുന്ന കാര്യം സത്യം തന്നെയാണൊ?”

ശിക്ഷ്യന്‍ പറഞ്ഞൂ: “അറിയില്ല ഗുരോ, ഞാന്‍ വേറൊരാളില്‍ നിന്നും കേട്ടതാണ്.”

“രണ്ടാമത്തെ ചോദ്യം കേട്ടോളൂ: എന്‍റെ ശിക്ഷ്യനെപ്പറ്റി നീ പറയാന്‍ പോകുന്ന കാര്യം നിനക്ക് വല്ല ഉപകാരവുമുള്ളതാണൊ?”

ശിക്ഷ്യന്‍ തലയാട്ടിക്കൊണ്ട് പറഞ്ഞു: “തീര്‍ച്ചയായും അല്ല ഗുരോ

“ഇതാ മൂന്നാമത്തെ ചോദ്യം, എന്‍റെ ശിക്ഷ്യനെപ്പറ്റി നീ പറയാന്‍ പോകുന്ന കാര്യം അവന്ന് ഉപകാരമുളളതാണൊ?”

ഇതു കൂടി കേട്ടപ്പോള്‍ ആ ശിക്ഷ്യന്‍ ആകെ വെപ്രാളത്തിലായി. ഗുരുവിന്‍റെ മുഖത്തേക്ക് നോക്കാതെ അവന്‍ പറഞ്ഞു: “ഗുരോ, അത്… അവന്നും ഉപകാരമുള്ളതല്ല.”

ഗുരു ചിരിച്ചു. തന്‍റെ ശിക്ഷ്യന്‍റെ തോളില്‍ കൈവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: “നന്നായിട്ടുണ്ട്…. സത്യമാണൊ എന്ന് ഉറപ്പില്ലാത്ത, നിനക്കും അവന്നും ഉപകാരമില്ലാത്ത കാര്യമാണൊ കുട്ടീ, നീ എന്നോട് പറയാനായി വന്നത്?

മോനേ, ഒരാളെപ്പറ്റിയുള്ള ഉപകാരമില്ലാത്ത കാര്യം ഒന്നുകില്‍ അയാളെപ്പറ്റിയുള്ള പരദൂഷണമായിരിക്കും. അല്ലെങ്കില്‍ അപവാദമായിരിക്കും. അതുമല്ലെങ്കില്‍ അസൂയയായിരിക്കും…”

“ഈ മൂന്ന് കാര്യങ്ങളും ആരെക്കുറിച്ചും നിന്‍റെ മനസ്സില്‍ ഉണ്ടായിക്കൂടാ എന്ന് നിനക്കറിയില്ലെ? എല്ലാവരെക്കുറിച്ചും നല്ലതു ചിന്തിക്കുക… അവരുടെ നന്മകള്‍ പറയുക… അവരുടെ പോരായ്മകള്‍ പ്രചരിപ്പിക്കാതിരിക്കുക… ഇതൊക്കെ നല്ലമനസ്സിന്‍റെ ലക്ഷണമാണ് കുട്ടീ, നിനക്ക് മനസ്സിലായൊ…?”

ശിക്ഷ്യന്‍ ഖേദത്തോടെ തലയാട്ടി… “ഇല്ല ഗുരോ… ഇനി ഒരിക്കലും ഇങ്ങനെയൊന്നുണ്ടാകില്ല…” ഇപ്രകാരം പറഞ്ഞു കൊണ്ട് ഗുരുവിന്‍റെ അടുക്കല്‍ നിന്നും ആ ശിക്ഷ്യന്‍ നടന്നു നീങ്ങി.

“കുട്ടുകാരെ, എങ്ങനെയുണ്ട് എന്‍റെ കഥ?” നബീല്‍ എല്ലാവരോടുമായി ചോദിച്ചു. പക്ഷെ ആരും ഉത്തരം പറഞ്ഞില്ല. സുലൈമാന്‍റെ കഥ പറയാന്‍ ആവേശം കാണിച്ച ബഷീറാകട്ടെ നബീലിന്‍റെ കഥയിലെ ശിക്ഷ്യനെപ്പോലെ തലയും താഴ്ത്തി ഇരിക്കുകയാണ്.

“ടാ ബഷീര്‍…. സുലൈമാന്‍റെ കഥയെന്താടാ.. പറയ്..” നബീല്‍ ബഷീറിന്‍റെ കയ്യിലൊരു നുള്ളു കൊടുത്തു.

ബഷീര്‍ അവനെ നിസ്സംഗതയോടെ നോക്കി. എന്നിട്ട് പറഞ്ഞു: “വേണ്ട നബീലൂ.. ഞാന്‍ പറയണില്ല…”

“അതെന്താടാ? നിന്‍റെ കഥയ്ക്ക് മുമ്പ് ഞാന്‍ കഥ പറഞ്ഞതു കൊണ്ടാണൊ?”

“അതല്ല നബീല്‍… നിന്‍റെ കഥയിലെ ഗുരു ബഷീറിന്‍റെയും വായടപ്പിച്ചു കളഞ്ഞതു കൊണ്ടാ…” ലബീബാണത് പറഞ്ഞത്….

അപ്പോള്‍ നബീല്‍ പറഞ്ഞു: “കൂട്ടുകാരെ, സുലൈമാന്‍ നമ്മുടെയൊക്കെ കൂട്ടുകാരനാണ്… അവനെപ്പറ്റി പറയാന്‍ പോകുന്ന കാര്യം സത്യമാണൊ, ആര്‍ക്കെങ്കിലും വല്ല ഉപകാരവും ഉള്ള സംഗതിയാണൊ എന്ന് അറിയണ്ടെ? ബഷീറിനും കേള്‍ക്കുന്ന എനിക്കും സുലൈമാനു തന്നെയും ഒരു ഉപകാരവുമില്ലാത്ത കാര്യമാണ് പറയുന്നതെങ്കില്‍… ഞാനത് കേള്‍ക്കാന്‍ നിക്കണൊ? തെറ്റല്ലെ അത്. അതും നമ്മുടെ കൂട്ടുകാരനെക്കുറിച്ച്. പരദൂഷണവും അപവാദ പ്രചരണവും അസൂയയുമൊന്നും നമുക്ക് നല്ലതല്ലല്ലൊ സുഹൃത്തുക്കളെ”.

“നിങ്ങള്‍ക്കറിയാലൊ, മരിച്ചു കിടക്കുന്ന സഹോദരന്‍റെ പച്ചമാംസം തിന്നുന്നതിന് സമാനമാണ് അന്യരെപ്പറ്റി പരദൂഷണം പറയുന്നത് എന്നാണ് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുള്ളത്. സൂറത്തുല്‍ ഹുജുറാത്തിലാണ് ഇപ്രകാരം പറഞ്ഞിട്ടുള്ളത് എന്നാണ് എന്‍റെ ഓര്‍മ്മ.”

ശരിയാണ് നബീല്‍, ഞാനത് പഠിച്ചിട്ടുണ്ട്. ഹുജുറാത്ത് സൂറത്തില് 12-ാമത്തെ ആയത്തിലാണ് അങ്ങനെയുള്ളത്. ലബീബ് ഇടയ്ക്കു കയറി പറഞ്ഞു.

“നന്ദി ലബീബ്, നീയാള് സൂപ്പറാണ്…” നബീല്‍ അവന്‍റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു

“ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ സുഹൃത്തുക്കളെ, പരദൂഷണം പറയുന്നത് മാത്രമല്ല അത് കേള്‍ക്കാനിരിക്കുന്നതും നല്ല സ്വഭാവമല്ല. നമ്മുടെ പ്രവാചകന്‍ അങ്ങനെ പാടില്ല എന്ന് നമ്മളെ പഠിപ്പിച്ചിട്ടുള്ളതാണ്. എന്തു പറയുന്നൂ നിങ്ങള്‍…? നബീല്‍ എല്ലാവരേയും നോക്കി. എല്ലാവരുടെ മുഖത്തും അപ്പോള്‍ നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.

“നബീലൂ, ഇന്നത്തെ നിന്‍റെ കഥക്ക്…. ദേ, നോക്ക്… ഈ ഞാവല്‍ പഴത്തേക്കാള്‍ മധുരമുണ്ട്.” മുകളില്‍ നിറയെ തൂങ്ങി നില്‍ക്കുന്ന ഞാവല്‍ പഴങ്ങളിലേക്ക് ചൂണ്ടി ജാബിറാണത് പറഞ്ഞത്.

അത് കേട്ട് എല്ലാവരും ചിരിച്ചു.