മനസ്സിനൊരു നനച്ചുകുളി

492

മുഅ്മിനുകളില്‍ അതിവിശുദ്ധ മാസമായ റമദാന്‍ വന്നിറങ്ങി. ചക്രവാളത്തില്‍ റമദാനിന്റെ അമ്പിളിക്കല ദര്‍ശിച്ചതോടെ, വിശ്വാസീ ഹൃദയങ്ങള്‍ മുഴുവന്‍, അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍യുംനി വല്‍ ഈമാന്‍ വസ്സലാമത്തി വല്‍ ഇസ്ലാം എന്ന് പ്രാര്‍ത്ഥിച്ചു കഴിഞ്ഞു. ഇനി നോമ്പിന്റെ നാളുകളാണ്. ഹൃദയ ശുദ്ധീകരണത്തിനുള്ള വിലപ്പെട്ട ദിവസങ്ങള്‍. പ്രിയപ്പെട്ടവരേ, ഈയൊരു റമദാനിലും ജീവിക്കാന്‍ അവസരം ലഭിച്ചൂ എന്നത് മഹാഭാഗ്യമാണ്. അവസരങ്ങളെ അനുഗ്രഹങ്ങളായി ഉള്‍ക്കൊണ്ട്, അവയെ പരലോക വിജയത്തിനുതകും വിധം ഉപയോഗപ്പെടുത്തുന്നവനാണ് വിവേകി. മനസ്സിനെ വിചാരണക്കെടുക്കുകയും മരണശേഷമുള്ള ജീവിതത്തിലേക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍ എന്ന് നബി(സ്വ) നമ്മളെ ഉണര്‍ത്തിയിട്ടുണ്ട്.

ഇനിയുള്ള നാളുകള്‍ പൂര്‍ണ്ണമായും നമ്മുടേതാണ്. എന്നത്തേക്കാളുമുപരി ജാഗ്രതയും ശ്രദ്ധയും ഈ നാളുകളില്‍ നമുക്കു വേണം. റമദാനിലേക്ക് പ്രവേശിക്കും മുമ്പ് വീടും പരിസരവും നാം വൃത്തിയാക്കിക്കഴിഞ്ഞു. വിശാലമായ നനച്ചുകുളി. ഇനിവേണ്ടത് മനസ്സും ശരീരവും വൃത്തിയാക്കലാണ്. നാളിതുവരെയുള്ള നമ്മുടെ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയുമൊക്കെ വന്നു ചേര്‍ന്നതും അടിഞ്ഞുകൂടിയതുമായ പാപമാലിന്യങ്ങള്‍ കഴുകി ഹൃദയശുദ്ധി വരുത്തുക. നോമ്പ് അതിന്നുള്ളതാണ്. ശരിയായ ഈമാനോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫല പ്രതീക്ഷയോടെയും നോമ്പെടുക്കുന്നവന്റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന സന്തോഷവാര്‍ത്ത നബി(സ്വ) നമുക്കു നല്‍കിയിട്ടുണ്ട്. അല്ലാഹുവില്‍ നിന്ന് പാപങ്ങള്‍ പൊറുത്തുകിട്ടുക എന്നതാണ് ഹൃദയവിശുദ്ധി. വ്രതനാളുകളെ മുഖവിലയ്‌ക്കെടുത്ത് നന്നായി അധ്വാനിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

Source: www.nermozhi.com