[മദീന മസ്ജിദുന്നബവിയിലെ മിമ്പറില്‍ നിന്ന് അശ്ശൈഖ് സ്വലാഹ് മുഹമ്മദ് അല്‍ ബുദൈര്‍ ഹഫിളഹുല്ലാഹ് നിര്‍വഹിച്ച ജുമുഅ ഖുതുബയുടെ ആശയ വിവര്‍ത്തനം.]
വിശ്വാസികളായ സഹോദരങ്ങളേ, അല്ലാഹുവിന്റെ പ്രീതിക്കായി അവനോട് തഖ് വ കാണിക്കുക. പാപങ്ങളില്‍ നിന്ന് മാറിനില്‍ക്കാനായി സൂക്ഷ്മതയുള്ളവരാകുക.
വിശ്വാസീ സഹോദരങ്ങളെ ദുനിയാവ് വിഭവങ്ങളുടെ ആസ്വാദനങ്ങളുടെ ഗേഹമാണ്. ഒരു നാള്‍ ഉപേക്ഷിച്ചു കളയേണ്ട അലങ്കാരങ്ങളാണ് അതില്‍. ദുനിയാവിന്റെ ഭംഗിയില്‍ ആലസ്യരായി വഞ്ചിതരാകുന്നത് അവിവേകികള്‍ മാത്രമായിരിക്കും. ഒരു കവി പാടിയതിനങ്ങനെയാണ്:
ദുനിയാവ്, വെറും നിദ്രയിലെ കിനാവു പോലെയാണ്
അല്ലെങ്കില്‍ എപ്പോഴും മാഞ്ഞുപോകാവുന്ന നിഴലുപോലെ
കൊഞ്ചലുമായ് ഇന്ന് നിന്നോടവള്‍ സല്ലപിക്കും
നീയകന്നാല്‍ അവളുടെ കൈകളില്‍ മറ്റൊരാള്‍ വിശ്രമിക്കും
സ്വര്‍ഗ്ഗജലവും സ്വര്‍ഗ്ഗത്തിലെ ഉപജീവനവും വിലക്കപ്പെട്ട നരകവാസികളെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധേയമാണ്.
(അതായത് ) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു. (അഅ്‌റാഫ് 51)
ദുനിയാവില്‍ ചിലയാളുകളുണ്ട്. ഭൂമിയിലെ സുഖസൗകര്യങ്ങളോട് ചാഞ്ഞുറങ്ങുന്ന മനോഗതമാണ് അവരുടേത്. എന്നാല്‍ അല്ലാഹു പറഞ്ഞു:
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. (അഅ്‌ല-17, 18
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ദുനിയാവ് അനുഗ്രങ്ങള്‍ വേഗത്തിലനുഭവിക്കാനുള്ള അവസരമാണ്. പരലോകമാകട്ടെ അനുഗ്രഹങ്ങള്‍ ശാശ്വതമായി അനുഭവിക്കാനുളള അവസരവും. നാമാകട്ടെ ആഖിറത്തിനെ വിട്ട് നശ്വരമായതിനെ തെരഞ്ഞെടുക്കുന്നു. ദുനിയാവ് നിസ്സാരമാണ്, വേഗം നഷ്ടമാകുന്നത്. കാര്‍മേഘവേഗതയിലാണ് അതിന്റെ സഞ്ചാരം. ദുനിയാവിലേത് മുഴുവനും ഒരുനാള്‍ അവസാനിക്കുന്നതും നശിക്കുന്നതുമാണ്.
സഹോദരങ്ങളേ , ആയുസ്സ് എപ്പോഴും അവസാനിച്ചു പോകാം. അത് അവസാനിക്കുന്നതിനുമുമ്പ് വിവേകത്തോടെ അതിനെ ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാന്‍. നിനച്ചിരിക്കാതെ വന്നെത്തുന്ന മരണത്തിനു മുന്പ് ജീവിതാവസരങ്ങളെ ഉപയോഗപ്പെടുത്തുന്നവനാകും അവന്‍.
എന്നാല്‍ അവിവേകി അങ്ങനെയല്ല, ദുനിയാവിനാല്‍ അവന്‍ വഞ്ചിതനാണ്. ദിനരാത്രങ്ങളെ അവന്‍ അനാവശ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നവനാണ്. ജീവിതത്തിന്റെ പരിണതികളെ സംബന്ധിച്ച് അവന്ന് ഒരു ചിന്തയുമില്ല. ജീവിത വിഭവങ്ങളിലെ സമ്പന്നതയില്‍ അവന്‍ മുഴുകി ജീവിക്കുകയാണ്. അന്നന്നത്തെ സന്തോഷങ്ങളില്‍ അലസമായി കഴിയുകയാണ്.
സഹോദരങ്ങളേ, മരണം സമീപത്തുണ്ട്. ചിന്തിക്കുക. അലസന്മാരുടെ ജീവിതമാകരുത്. അലസന്മാര്‍ നന്മകളിലേര്‍പ്പെടുന്നില്ല. പരോപകാരങ്ങള്‍ ചെയ്യുന്നില്ല. ബാധ്യതകള്‍ നിര്‍വഹിക്കുന്നില്ല. അറിവുകള്‍ പകരുന്നില്ല. ജനോപകാരപ്രഥമായ യാതൊന്നിലും ഏര്‍പ്പെടുന്നില്ല. പള്ളികള്‍ പണിയുന്നില്ല. മുസ്ഹഫുകള്‍ നല്‍കുന്നില്ല. വഖ്ഫുകള്‍ നടത്തുന്നില്ല. സ്വന്തം സമ്പാദ്യവും ജീവിതവും മാത്രമാണ്, ദുനിയാവിനാല്‍ വഞ്ചിതനായവന്റെ ശ്രദ്ധ. പരലോക ജീ വിതത്തിലേക്കായി യാതൊന്നും അവന്‍ തയ്യാറാക്കി വെക്കുന്നില്ല.
അബ്ദുല്ലാഹിബ്‌ന് ശിഖ്ഖീര്‍(റ) പറഞ്ഞു: ഞാന്‍ പ്രവാചന്റെ അടുക്കല്‍ ഒരിക്കല്‍ ചെന്നു. അദ്ദേഹം അല്‍ഹാകുമുത്തക്കാഥുര്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയാണ്. ആ സമയം അദ്ദേഹം പറഞ്ഞു: ആദമിന്റെ മക്കള്‍ എന്റെ സമ്പത്ത് എന്റെ സമ്പത്ത് എന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ്. പക്ഷെ, അവന്‍ സമ്പാദിച്ച് ഉപയോഗിച്ചു തീര്‍ത്തതും, ഉടുത്ത് ദ്രവിപ്പിച്ചു തീര്‍ത്തതും, അല്ലെങ്കില്‍ ദാനം ചെയ്ത് നിത്യമാക്കിയതും അല്ലാതെ മറ്റെന്തുണ്ട് അവന്ന് സമ്പാദ്യമായി. (മുസ്ലിം)
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) നിവേദനം. നബിയൊരിക്കല്‍ സ്വഹാബികളോടായി ചോദിച്ചു: സ്വന്തം സമ്പത്തിനേക്കാള്‍ അനന്തിര സ്വത്തിനോട് പ്രിയമുള്ളവര്‍ നിങ്ങളില്‍ ആരാണ്. സ്വഹാബികള്‍ പറഞ്ഞു: സ്വന്തം സ്വത്തിനോടാണ് പ്രവാചകരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. നബി(സ്വ) പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അറിയുക: നിങ്ങള്‍ മരണത്തിന് മുമ്പ് ചെലവഴിക്കുന്നതെന്തൊ അതാണ് നിങ്ങളുടെ സ്വത്ത്, മരണശേഷം അവശേഷിക്കുന്നത് നിങ്ങളുടെയല്ല, അത് അനന്തരാവകാശികളുടേതാണ്. (ബുഖാരി)
ഒരു കവി പാടിയതിങ്ങനെയാണ്:
നീ അവശേഷിപ്പിക്കുന്നവയെല്ലാം
നിന്റെ അനന്തരാവകാശിയുടേതാണ്
ചിന്തിക്കുക, അങ്ങനെയെങ്കില്‍
നിന്റേതായ വല്ല സ്വത്തും നിനക്കായി അവശേഷിപ്പിച്ചിട്ടുണ്ടൊ
നിന്റെ മരണശേഷം നിന്റെ കുടുംബക്കാര്‍
അവരുടെ ആഹ്ലാദ ജീവിതത്തിലായിരിക്കും,
അവരെ പിരിഞ്ഞതിനു ശേഷം പക്ഷെ,
നിന്റെ അവസ്ഥയെന്തായിരിക്കും എന്നാലോചിച്ചു നോക്കുക
അവര്‍ എന്നോ നിന്റെ പേരിലുള്ള കരച്ചിലുകള്‍ അവസാനിപ്പിച്ചിരിക്കും
ഒരാളും നിനക്കായി കരയാനുണ്ടാകില്ല.
അനന്തരസ്വത്തിലായിരിക്കും അവരുടെ ശ്രദ്ധമുഴുവന്‍
പിശുക്കന്‍ ആയുസ്സു ചെലവഴിക്കുന്നതു ധനശേഖരണത്തിനായാണ്
എല്ലാം താത്കാലിക ആവശ്യങ്ങള്‍ക്കൊ
പിന്‍ഗാമികള്‍ക്കൊ വേണ്ടി!
സഹോദരാ ജീവിതത്തെ ഹൃദയംകൊടുത്ത് കാണുക, കണ്ണുകള്‍ കൊണ്ട് കാണുന്നതല്ല ജീവിതം. ദുനിയാവില്‍ നീ വിടപറഞ്ഞു പോകുന്ന ദിനത്തെക്കുറിച്ച് ആലോചിക്കുക. നിന്റെ എത്രയെത്ര സഹോദരങ്ങള്‍ നിന്നെവിട്ടു പോയിക്കഴിഞ്ഞു, എത്രയെത്ര കുടുംബക്കാര്‍, കൂട്ടുകാര്‍, അയല്‍വാസികള്‍ യാത്രയായിക്കഴിഞ്ഞു.
ജീവിതം അവസാനിക്കും മുമ്പ് നിനക്കായി നീ വിത്തുപാകുക, നിനക്കായി നീ വിളകള്‍ സമൃദ്ധമാക്കുക. നിന്റെ വേര്‍പാടിനു ശേഷം നിന്റെ കുടുംബക്കാര്‍ നിന്റെ ശേഷക്കാര്‍ നീ കൊടുത്തേല്‍പ്പിച്ചതെല്ലാം നല്ലനിലയില്‍ പ്രാവര്‍ത്തികമാക്കുമൊ എന്ന് നിനക്കറിയില്ല. അതൊ ദുര്‍വ്യയം ചെയ്ത് നഷ്ടപ്പെടുത്തുമൊ എന്നുമറിയില്ല.
അല്ലാഹുവിന്റെ മുമ്പില്‍ അവിവേകികങ്ങളിലേര്‍പ്പെട്ട മനുഷ്യരേ, പശ്ചാത്തപിക്കാന്‍ വൈകരുത്. എപ്പോഴാണിനി തൗബചെയ്യാന്‍ ഒരുങ്ങുന്നത്. എന്തിനാണിങ്ങനെ റബ്ബിനോട് പശ്ചാത്തപിക്കാന്‍ വൈകുന്നത്. ദുനിയാവകന്ന് പരലോകം വന്നു കഴിഞ്ഞാല്‍ നിനക്കതിനാകുമൊ. മരണത്തോടടുത്താന്‍ നിനക്കതിനു കഴിയുമൊ. ആ സമയം ഖേദിച്ചിട്ട് കാര്യമില്ലെന്നറിയുക.. ആഖിറം വന്നു കഴിഞ്ഞാല്‍ നീ തുലച്ചു കളഞ്ഞ ജീവിതം നന്നാക്കാന്‍, നീ ദ്രോഹിച്ചവരോട് ക്ഷമചോദിക്കാന്‍, നീ അടക്കിഭരിച്ചവരോട് മാപ്പു ചോദിക്കാന്‍, അന്യായമായി സമ്പാദിച്ച സ്വത്ത് തിരിച്ചു നല്‍കാന്‍ പിന്നീടൊരു തിരിച്ചു പോക്കിന് സാധ്യമല്ലെന്നുമറിയുക.
സഹോദരാ നിനക്ക് നിന്നോട് സ്‌നേഹമുണ്ടെങ്കില്‍ നിന്റെ റബ്ബിന്റെ ശിക്ഷയെ ഭയമുണ്ടെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിക്കുക. ജീവിതത്തെ പാപങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രദ്ധിക്കുക. നിഷിദ്ധങ്ങളില്‍ നിന്ന് മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കുക. ഹലാലുകളില്‍ മാത്രം ജീവിത്തെ കേന്ദ്രീകരിക്കുക. അന്യരുടെ അവകാശങ്ങളെ നല്‍കുക. കടബാധ്യതകള്‍ നിറവേററുക. ജീവിതം അവസാനിക്കും മുമ്പ് എല്ലാ നന്മകളിലും വ്യാപൃതനാകുക. എല്ലാ അന്യായങ്ങളില്‍ നിന്നും മാറി ജീവിക്കുക. മരണമെത്തും മുമ്പേ നന്മകളാല്‍ മുന്നേറുക. അല്ലാഹുവിലേക്ക് മനസ്സ് തിരിക്കുക. അവനോട് പാപങ്ങളെല്ലാം ഏറ്റു പറഞ്ഞ് ശുദ്ധനാകുക. പാപങ്ങളില്‍ പശ്ചാത്തപിക്കുന്നവന്‍ പാപം ചെയ്യാത്തവനെപ്പോലെയാണെന്ന് നബി(സ്വ)പറഞ്ഞിട്ടുണ്ട്.
അല്ലാഹുവേ, ഞങ്ങളെ നീ നല്ലനിലയില്‍ നിന്നിലേക്ക് തിരിച്ചെത്തിക്കേണമെ. പാപരഹിതമായൊരു ജീവിതം ഞങ്ങള്‍ക്ക് പ്രധാനം ചെയ്യണേ. ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു നല്‍കണേ.
Source: www.nermozhi.com