നാലു സാക്ഷികൾ

1275

ആളുകള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റമാണെന്നറിയാം. പിടിക്കപ്പെട്ടാല്‍ വിചാരണയും ശിക്ഷയുമുണ്ടെന്നും ബോധ്യമുണ്ട്. പക്ഷെ, തന്‍റെ ചെയ്തികള്‍ കാണാനും, പിടിക്കപ്പെട്ടാല്‍ സാക്ഷിപറയാനും ആരുമില്ലല്ലൊ. ഒരുവേള, സകല തൊണ്ടിസാധനങ്ങളും, സാഹചര്യത്തെളിവുകളുമായി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരപ്പെട്ടാല്‍ പോലും, ഭയക്കേണ്ടതില്ല;

രക്ഷപ്പെടാന്‍ എന്തെന്തു മാര്‍ഗങ്ങള്‍! മോഷ്ടാവിന്‍റേയും കൊലയാളിയുടേയുമെന്നല്ല, വഞ്ചകന്‍റേയും ചതിയന്‍റേയും കൈക്കൂലിക്കാരന്‍റേയുമൊക്കെ മനോഗതമാണിത്. കള്ളുകുടിക്കുന്നവനും വ്യഭിചരിക്കുന്നവനും അശ്ലീലങ്ങള്‍ കാണുന്നവനും, ഒളിക്കാമറകള്‍ സ്ഥാപിക്കുന്നവനും മനസ്സാ സമാധാനിക്കുന്നത് ‘തന്നെയാരും കാണുന്നില്ലല്ലൊ’ എന്നാണ്.
തന്നെയാരും കാണുകയില്ലല്ലൊ, തന്‍റെ തെറ്റുകള്‍ക്കൊരാളും സാക്ഷിയായില്ലല്ലൊ എന്ന അബദ്ധധാരണ ആര്‍ക്കുണ്ടായാലും ശരി, ഒരു മുഅ്മിനിന്ന് അതുണ്ടാകുകയില്ല.

മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു മുഴുവന്‍ സാക്ഷികളാകാന്‍ ചില സംവിധാനങ്ങള്‍ ഭൂമിയില്‍ പ്രപഞ്ച സ്രഷ്ടാവ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന കൃത്യമായ ബോധമുള്ളതുകൊണ്ടാണ് സത്യവിശ്വാസികളില്‍ അത്തരം അബദ്ധധാരണയുണ്ടാകാത്തത്.
ആരാണ് നമുക്കെതിരെ അല്ലാഹുവിങ്കല്‍ മൊഴിപറയുന്ന സാക്ഷികള്‍? കൂരാകൂരിട്ടില്‍ ഒരാളുമറിയാതെ, ചെയ്തുകൂട്ടിയ ദുഷ്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയൊ? ഉത്തരവാദിത്ത നിര്‍വഹണത്തിനു പോലും അതീവ രഹസ്യമായി അന്യരില്‍ നിന്ന് വാങ്ങിയ കൈക്കൂലിക്ക് സാക്ഷിയൊ? ആരുമാരുമറിയാത്തവിധം അയല്‍വാസിയുടെ അതിരുനീക്കിയതിനും സാക്ഷിയൊ?

എത്ര പേരെ വഞ്ചിച്ചിരിക്കുന്നൂ! എത്രപേരെ അപഹസിച്ചിരിക്കുന്നൂ! എത്രയാളുകളുടെ ജീവനപഹരിച്ചിരിക്കുന്നൂ! എത്രയെത്ര മോഷണങ്ങള്‍ നടത്തിയിരിക്കുന്നൂ! എന്നിട്ടും ഒരാളാലും പിടിക്കപ്പെടാതെ, പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാതെ വിജയിയായി വിലസുന്നവരെ പരലോകത്ത് കുടുക്കുന്ന ആ സാക്ഷികള്‍ ആരെല്ലാമാണ്?

ചിലസാക്ഷികളെ നമുക്ക് പരിചയപ്പെടാം; ദുനിയാവിലെ പ്രലോഭനങ്ങളിലും, ദേഹേച്ഛകളുടെ പ്രചോദനങ്ങളിലുമകപ്പെട്ട് അപകടങ്ങളില്‍ വീണുപോകാതിരിക്കാന്‍ അത് ഉപകരിക്കുക തന്നെ ചെയ്യും.

ഒന്ന്: നാം അധിവസിക്കു ഭൂമി. നാം ജനിച്ചു വളര്‍ന്ന, നടക്കുകയും ഇരിക്കുകയും, ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ഈ ഭൂമി നാളെ നമുക്കെതിരില്‍ മൊഴിപറയുന്ന സാക്ഷിയാണ്. ഭൂമിയുടെ നെഞ്ചിൽ ഒട്ടനവധി രഹസ്യങ്ങളുടെ കലവറകളുണ്ട്. ഇരുളുകളും പഴുതുകളും ഉപയോഗപ്പെടുത്തി മനുഷ്യന്‍ ചെയ്തുകൂട്ടുന്ന മുഴുവന്‍ രഹസ്യങ്ങളും ഒരുനാള്‍ അത് പുറത്തെടുക്കും. അല്ലാഹുവിന്‍റെ കോടതിയില്‍ ഉപായങ്ങള്‍കൊണ്ട് രക്ഷപ്പെടാന്‍ കഴിയാത്തവിധം അന്ന് മനുഷ്യൻ നിസ്സഹായനായി നിലകൊള്ളും.

ലോകം വിറപ്പിച്ച പോക്കിരികളും, മനുഷ്യക്കബന്ധങ്ങള്‍ക്കുമേല്‍ സിംഹാസനങ്ങളുയര്‍ത്തിയ രാജാക്കളും, ദൈവനിഷേധത്തിന്‍റെ നെറുകിലിരുന്ന് നെറികേടു കള്‍ ചെയ്തുകൂട്ടിയ അഹങ്കാരികളും ‘എന്തുപറ്റയീ ഭൂമിക്ക്?’ എന്ന് അത്ഭുതത്തോടെ പറഞ്ഞു പോകുന്ന ദിനമാണത്. അല്ലാഹു പറഞ്ഞു:
“ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ – അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം. ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും, അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍. അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.” (സല്‍സല: 1-4)

‘അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുതാണ്’ എന്ന സൂക്തത്തെ നബി തിരുമേനി(സ്വ) വിശദീകരിച്ചു തന്നിട്ടുണ്ട്.
അബൂ ഹുറയ്റ(റ) നിവേദനം. يومئذ تحدث أخبارها എന്ന ആയത്തോതിക്കൊണ്ട് നബി(സ്വ) സ്വഹാബത്തിനോട് ചോദിച്ചു: “അതിന്‍റെ വര്‍ത്തമാനങ്ങള്‍ എന്നാല്‍ എന്താണെന്നറിയുമൊ നിങ്ങള്‍ക്ക്?” അവര്‍ പറഞ്ഞു: അല്ലാഹുവിനും അവന്‍റെ റസൂലിനുമറിയാം. നബി(സ്വ) പറഞ്ഞു: “ഭൂമിപ്പുറത്തു വെച്ച് ഓരോ ദാസനും ദാസിയും പ്രവര്‍ത്തിച്ച കര്‍മ്മങ്ങളെക്കുറിച്ച്, ഇന്നിന്ന ദിവസങ്ങളില്‍ നീ ഇന്നിന്നതൊക്കെ ചെയ്തിട്ടുണ്ട് എന്ന ഭൂമിയുടെ സാക്ഷി പറയലാണ് അത്.” (തിര്‍മിദി)

രണ്ട്: വിശുദ്ധരായ മലക്കുകള്‍. കൈവശമുള്ള ഇസ്ലാമിക നിയമങ്ങളെ പഠിച്ചും പാലിച്ചും ആര് ജീവിക്കുന്നൂ എന്ന് രേഖപ്പെടുത്താന്‍ അല്ലാഹു കണിശമായ മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ ചെറുതും വലുതുമായ കര്‍മ്മങ്ങളെ രേഖപ്പെടുത്താന്‍ വിശുദ്ധരായ മലക്കുകളെ അവന്‍ ഏര്‍പ്പാടാക്കി എന്നതാണത്. അവർ നമ്മുടെ കര്‍മ്മസാക്ഷികളാണ്.

പരലോകവിചാരണയില്‍ നീതിയുക്തമായ തീരുമാനത്തിനുവേണ്ടിയുള്ള സംവിധാനമത്രെ അത്. സ്വര്‍ഗവും സ്വര്‍ഗീയാനുഭൂതികളും ലഭിച്ചവന്ന്, ‘ഇനിയും എന്‍റെ കര്‍മ്മങ്ങള്‍ ബാക്കിയുണ്ട്, ഇനിയും എനിക്ക് പ്രതിഫലം കിട്ടാനുണ്ട്’ എന്ന് ആവലാതി പറയാതിരിക്കാന്‍. നരകത്തിലേക്ക് തള്ളപ്പെടുവര്‍ക്ക് തങ്ങളുടെ മുഴുവന്‍ കര്‍മ്മങ്ങളും നേരില്‍ കണ്ട് നിജസ്ഥിതി ബോധ്യപ്പെടാന്‍.

അല്ലാഹു പറയുന്നു: “തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്. രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.” (ഇന്‍ഫിത്വാര്‍: 10-12)

“അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്.” (സുഖ്റുഫ്: 80)

അല്ലാഹുവിന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ വെപ്രാളപ്പെട്ട് നില്‍ക്കുന്ന മനുഷ്യരുടെ കയ്യില്‍ ജീവിത കാലത്തെ പ്രസ്തുത കര്‍മ്മരേഖ നല്‍കപ്പെടുന്നതാണ്. പടച്ചതമ്പുരാന്‍റെ പ്രീതിയും സ്വര്‍ഗവും പ്രതീക്ഷിച്ച്കൊണ്ട് ചെയ്ത നന്നെച്ചെറിയ നന്മയും, ആരും കാണുന്നില്ലെന്നും, അറിയുന്നില്ലെന്നും കരുതി ചെയ്തുതീര്‍ത്ത, അണുസമാന തിന്മയും അതില്‍നിന്ന് വായിക്കാനാകും.

അല്ലാഹു പറഞ്ഞു:
“ഉയിര്‍ത്തെഴുന്നേൽപ്പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നം സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും).” (ഇസ്റാഅ്: 13-14)

മൂന്ന്: നമ്മുടെ അവയവങ്ങള്‍. നാളെ പരലോകത്ത് നമ്മുടെ അവയവങ്ങളും നമുക്കെതിരെ സാക്ഷിപറയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുുണ്ട്. നമ്മില്‍ നിന്ന് നമ്മുടെ അവയവങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് എന്ത് കര്‍മ്മം ചെയ്യാനാണ് നമുക്ക് സാധിക്കുക?!

അനുഗ്രഹങ്ങളായി അല്ലാഹു നല്‍കിയ കണ്ണും കാതും കൈകാലുകളുമൊക്കെ ‘കണ്ണുതുറന്നിരിക്കുകയാണ്. രഹസ്യപരസ്യങ്ങള്‍ക്ക് സാക്ഷികളായി വിധിദിനത്തില്‍ അവ അണിനിരക്കുമ്പോള്‍ തെമ്മാടികള്‍ക്കും, നിഷേധികള്‍ക്കും രക്ഷപ്പെടാന്‍ പഴുതുകളേതുമുണ്ടാകില്ല.

അല്ലാഹു പറഞ്ഞു:
“അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്.” (യാസീന്‍: 65)

“അങ്ങനെ അവര്‍ അവിടെ (നരകത്തില്‍) ചെന്നാല്‍ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവര്‍ക്ക് എതിരായി അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്.” (ഫുസ്സിലത്ത്: 20)

തങ്ങള്‍ക്കെതിരില്‍ മൊഴിപറയുന്ന സ്വന്തം ശരീരാവയവങ്ങളോട്, ‘ഞങ്ങള്‍ക്കെതിരില്‍ നിങ്ങള്‍ക്കെങ്ങനെ സാക്ഷിപറയാന്‍ കഴിഞ്ഞു’ എന്ന കുറ്റവാളികളുടെ ചോദ്യവും അന്ധാളിപ്പും ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:
“തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു.” (ഫുസ്സിലത്ത്: 21)

നാല്: ആരായിരിക്കുമത്? നമുക്കനുകൂലമായൊ പ്രതികൂലമായൊ മൊഴിപറയുന്ന സുപ്രധാനമായ മൂന്ന് സാക്ഷികളെയാണ് നാം പരിചയപ്പെട്ടത്. ഇനി, നാലാമതൊരാള്‍കൂടിയുണ്ട്. ആരായിരിക്കുമത്? അത് മറ്റാരുമല്ല; നമ്മെ പടച്ചു പരിപാലിക്കുന്ന സര്‍വ്വശക്തനായ റബ്ബ് തന്നെ. കണ്ണിന്‍റെ കട്ടുനോട്ടങ്ങളും ഹൃദയമന്ത്രങ്ങളും ഒന്നൊഴിയാതെ അറിഞ്ഞുകൊണ്ടിരിക്കുന്ന സാക്ഷാല്‍ സ്രഷ്ടാവ്. അവന്‍ നമ്മുടെ സാക്ഷിയാണ്. അവന്‍ തന്നെ നമ്മോടത് പറഞ്ഞിട്ടുണ്ട്:
“നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?” (ഫുസ്സിലത്ത്: 53)

“ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച.” (ആലു ഇംറാന്‍: 5)

“നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു.” (അഹ്സാബ്: 51)

“അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?” (അലഖ്: 14)

പടച്ചവന്‍റെ കണ്ണില്‍ നിന്ന് മാറിയുള്ള ജീവിതം മനുഷ്യന്ന് സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തുന്ന ആയത്തുകളാണ് മുകളില്‍ നാം വായിച്ചത്. അല്ലാഹുവിന്‍റെ നീരീക്ഷണത്തെ ഭയക്കാനും പരലോക വിചാരണയെ ഓര്‍ക്കാനും നരകശിക്ഷയില്‍ നിന്ന് വിടുതല്‍ നല്‍കുന്ന കര്‍മ്മങ്ങളിലേര്‍പ്പെടാനും സദാ പശ്ചാത്തപിച്ചു കൊണ്ട് നിലകൊള്ളാനും നമുക്കാകുമെങ്കില്‍, മുകളില്‍ പറയപ്പെട്ട നാലു സാക്ഷികളും നമുക്കനുകൂലമായി ഭവിക്കും