അധ്യായം 02
ആര്‍ക്കാണ് സ്വര്‍ഗ്ഗ ഭവനം
സച്ചരിതരായ ദാസീ ദാസന്മാര്‍ക്കായി ദയാനിധിയായ അല്ലാഹു സ്വര്‍ഗം സൃഷ്ടിച്ചു സംവാധിനിച്ചിരിക്കുന്നു. ദുനിയാവില്‍ നന്മകളനുഷ്ഠിച്ച് ജീവിതം ധന്യമാക്കിയ സത്യവിശ്വാസികളെ പരലോകത്ത് കാത്തിരിക്കുന്നത് സര്‍വ്വാധിനാഥനായ റബ്ബിന്‍റെ സല്‍കാരങ്ങള്‍ നിറഞ്ഞ സ്വര്‍ഗ സങ്കേതമാണ്. ശാന്തിയും സമാധാനവും, എല്ലാവിധ അനുഭൂതികളും ആസ്വാദനങ്ങളും നിറഞ്ഞ ജീവിത ചുറ്റുപാടാണ് സ്വര്‍ഗ്ഗത്തിലേത്.
അല്ലാഹു നല്‍കിയ സദാചാര പാതയില്‍, ഐഹിക പ്രതികസന്ധികളേയും പ്രലോഭനങ്ങളേയും കീഴടക്കി വിനയാന്വിതം സഞ്ചരിക്കാനായാല്‍ മനുഷ്യ ജീവിതം ഫലപൂര്‍ണ്ണമായ പര്യവസാനത്തിലെത്തും എന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. സ്വര്‍ഗീയാരാമങ്ങളും അവിടുത്തെ വിഭവങ്ങളും അനുഭവങ്ങളും ഖുര്‍ആനിലും പ്രവാചക മൊഴികളിലും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. തോട്ടങ്ങള്‍, പാലിന്‍റേയും തേനിന്‍റേയും മദ്യത്തന്‍റേയും അരുവികള്‍, പഴവര്‍ഗ്ഗങ്ങള്‍, വിവിധ തരം പാനീയങ്ങള്‍, കോപ്പകള്‍, തലയിണകള്‍, ചാരുകട്ടിലുകള്‍, സ്വര്‍ണ്ണത്തിന്‍റേയും വെള്ളിയുടേയും കരവളകള്‍, തരുണികള്‍, ഉയര്‍ന്ന പദവികള്‍ തുടങ്ങീ സ്വര്‍ഗീയമായ ഒട്ടനവധി സംഗതികള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ഹദീസുകളും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇവയൊന്നും പക്ഷെ, ദുനിയാവിലെ ജീവിതത്തില്‍ മനുഷ്യന്‍ പരിചയിച്ചതും ആസ്വദിച്ചതുമായ വിഭവങ്ങള്‍ക്ക് സമാനമായവയേ അല്ല. അതുസംബന്ധമായ പ്രവാചക തിരുമേനി(സ്വ)യുടെ പ്രസ്താവന വായിക്കുക:
അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍(സ്വ) അരുളുകയുണ്ടായി. അല്ലാഹു പ്രസ്താവിച്ചിരിക്കുന്നൂ: എന്‍റ സച്ചരിതരായ അടിമകള്‍ക്ക് ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനുഷ്യ ഹൃദയത്തിലും രൂപം തെളിഞ്ഞിട്ടില്ലാത്ത അനുഗ്രഹങ്ങള്‍ ഞാന്‍ തയ്യാറാക്കി വെച്ചിരിക്കുന്നൂ. (ബുഖാരി, മുസ്ലിം)
അല്ലാഹു തയ്യാറാക്കിയ ആദരണീയ ഭവനം നേടാന്‍ വ്യാമോഹങ്ങള്‍ കൊണ്ട് കഴിയില്ല. അലസന്മാരായ ആളുകള്‍ക്കും അത് പ്രാപ്യമല്ല. തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും അവനില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുന്ന, തങ്ങളുടെ മഹാനായ പ്രവാചകനെ പിന്തുടരുകയും, അല്ലാഹുവിന്‍റെ പ്രീതിയിലേക്കും അവന്‍റെ സ്വര്‍ഗത്തിലേക്കും അനുനിമിഷം പ്രബോധനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന മുസ്ലിമുകള്‍ക്കല്ലാതെ ആ ഭവനത്തിലേക്ക് പ്രവേശിക്കാനും സാധ്യമല്ല.
സ്വര്‍ഗപ്രവേശമെന്നത് ഓരോ മുഅ്മിനിന്‍റേയും അടങ്ങാത്ത തേട്ടമാണ്. അതിനോടുള്ള അവരുടെ ആഗ്രഹം അമൂല്യമാണ്. അതു കൊണ്ടു തന്നെ, സ്വര്‍ഗത്തിനു വേണ്ടിയാണ് അവരുടെ ജീവിതത്തിലെ നിരന്തരമായ യത്നവും പ്രാര്‍ഥനയും. വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനി(സ്വ)യുടെ അധ്യാപനങ്ങളും അനുധാവനം ചെയ്തു കൊണ്ടുള്ള സമീപനങ്ങളിലും നിലപാടുകളിലും ജീവിക്കാന്‍ സത്യവിശ്വാസികള്‍ കണിശത കാട്ടുന്നത് ജീവിതത്തിന്‍റെ ഈ യഥാര്‍ത്ഥ ലക്ഷ്യത്തെ നേടുന്നതിനുവേണ്ടിയാണ്.
ഞങ്ങളാണ് സ്വര്‍ഗ്ഗത്തിനര്‍ഹര്‍ എന്ന വാദവുമായി ചരിത്രത്തില്‍ പലരും മുന്നോട്ടു വന്നിട്ടുണ്ട്. പ്രവാചകന്മാര്‍ പഠിപ്പിച്ച വിശ്വാസങ്ങളെ കയ്യൊഴിക്കുകയും ദൈവിക നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയും ചെയ്ത ജൂതന്മാരും ക്രിസ്ത്യാനികളും പ്രസ്തുത ജല്‍പനക്കാരായിരുന്നു! വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം സൂചിപ്പിക്കുകയും അവരുടെ വാദത്തെ വസ്തു നിഷ്ഠമായി ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്:
“(ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്.” (ബഖറ/111)
എന്നാല്‍ കാര്യം അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്നു മാത്രമേ സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം സാധ്യമാകൂ എന്ന പാഠമാണ് പടച്ചവനും പ്രവാചകനും പഠിപ്പിക്കുന്നത്. ജൂത ക്രിസ്ത്യാനികളുടെ അവകാശവാദം പ്രസ്തുത അധ്യാപനത്തിന് തീര്‍ത്തും വിരുദ്ധമാണ്. അല്ലാഹു പറഞ്ഞു:
“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (നഹ്ല്‍/97)
ചുരുക്കത്തില്‍, തങ്ങളുടെ റബ്ബില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും അവന്‍റെ ഏകത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ല. അല്ലാഹുവിന്‍റെ ഖുര്‍ആനും പ്രവാചക മൊഴികളും വ്യക്തമാക്കിയിട്ടുള്ള വസ്തുതയാണിത്. അതേ പ്രകാരം തന്നെ, വിശ്വാസത്തോടൊപ്പം സല്‍കര്‍മ്മവുമുണ്ടായിരിക്കണമെന്ന അധ്യാപനവും വിശുദ്ധ ഖുര്‍ആന്‍ നല്‍കിയിട്ടുണ്ട്. ചില ആയത്തുകള്‍ ശ്രദ്ധിക്കുക:
“വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (ബഖറ: 82)
“ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊയണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.” (നിസാഅ്: 124)
“വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൗധങ്ങളില്‍ താമസസൗകര്യം നല്‍കുന്നതാണ്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!” (അങ്കബൂത്ത്: 58)
“തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂര്‍വ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (ഹൂദ്: 23)
“അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക.” (നഹ്ല്‍: 32)
എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല. (മര്‍യം: 60)
“അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!” (സുമര്‍: 74)
“നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വര്‍ഗമത്രെ അത്.” (സുഖ്റുഫ്: 72)
“നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര്‍ ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെ അത്.” (മര്‍യം: 63)
“അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്.” (അഹ്കാഫ്: 14)
മേലുദ്ധൃത ആയത്തുകള്‍ മുഴുവന്‍ വ്യക്തവും കൃത്യവുമാണ്. ഈമാനും അമലുസ്സ്വാലിഹാത്തും മുഖേന മാത്രമാണ് സ്വര്‍ഗ പ്രവേശനത്തിന് സാധ്യമാകുക എന്ന് ബോധ്യപ്പെടുത്തുന്ന സുവ്യക്തമായ പ്രസ്താവനകളാണ് അവയൊക്കെ. സ്വര്‍ഗാവകാശിയാകാന്‍ വിശ്വാസം മാത്രം മതിയാകില്ല, സല്‍കര്‍മ്മങ്ങള്‍ കൂടി അനിവാര്യമാണ് എന്നത്രെ ഖുര്‍ആനിന്‍റെ ഖണ്ഡിതമായ അധ്യാപനം. ഈ വിശുദ്ധ വചനങ്ങളെ സാക്ഷ്യപ്പെടുത്തുന്ന നബിമൊഴികളും ധാരാളമുണ്ട്.
അല്ലാഹുവിന്‍റെ അനുഗൃഹീത ഭവനമായ, സൗഖ്യങ്ങളും സല്‍കാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന, സ്വര്‍ഗത്തിലേക്കെത്തിക്കുന്ന അനേകം പുണ്യകര്‍മ്മങ്ങളെ സംബന്ധിച്ച് പ്രവാചക തിരുമേനി (സ്വ) മുസ്ലിം ഉമ്മത്തിന് പഠിപ്പിച്ചു തന്നിട്ടുണ്ട്. ജീവിതത്തില്‍ പരലോക വിജയം നേടാന്‍ ആഗ്രഹിക്കുന്ന ഓരോ മുസ്ലിമും അവയെ പഠിക്കാനും ഉള്‍ക്കൊള്ളാനും, പ്രാധാന്യപൂര്‍വം പ്രാവര്‍ത്തികമാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങളെ അവയുടെ പൂര്‍ണ്ണമായ അര്‍ഥത്തിലും രൂപത്തിലും ഉള്‍ക്കൊണ്ട് ആത്മാര്‍ഥതയോടെ നടപ്പില്‍ വരുത്തുമ്പോഴാണ് അല്ലാഹുവിന്‍റെ അംഗീകാരവും പ്രതിഫലവും ലഭ്യമാവുകയുള്ളൂ.
അമലുസ്സ്വാലിഹാത്തുകളെ അവ്വിധം അനുഷ്ഠിക്കാനും അതുമുഖേന സ്വര്‍ഗത്തില്‍ ഇടം ലഭിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.