പ്രവാചകന്റെ പ്രകാശദീപികയില്‍ നിന്ന്

415

പ്രിയ സഹോദരങ്ങളെ, അല്ലാഹുവിനെ സൂക്ഷിക്കുക, അവനിലേക്ക് പശ്ചാത്തപിക്കുക. പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ്. പാപങ്ങള്‍ക്ക് അവനോട് മാപ്പിരന്നുകൊണ്ടിരിക്കുക. അവന്‍ പാപങ്ങള്‍ പൊറുക്കുന്നവനാണ്. തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കുക. ഖേദിക്കുക.. വീണ്ടും തെററുകളിലേക്ക് വീഴാതിരിക്കാന്‍ പരമാവധി ശ്രദ്ദിക്കുക. അല്ലാഹുവിന്റെ സാരോപദേശം ശ്രദ്ധിക്കൂ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. (തഹ്രീം-8)

പ്രിയ സഹോദരങ്ങളേ, പ്രവാചകന്റെ പ്രകാശദീപികയില്‍ മഹത്തായ ഒരു ഖുദ്‌സിയായ ഹദീസുണ്ട്. ദീനിന്റെ അതിപ്രധാനമായ മൗലികമായ അറിവുകളും നിയമങ്ങളും അതിലുള്‍ക്കൊളളുന്നുണ്ട്. അടിസ്ഥാനപരവും ശാഖാപരവുമായ ഒട്ടേറെ കാര്യങ്ങള്‍ അതില്‍ പ്രതിപാദിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ, അല്ലാഹുവിന്റെ കരുണയും ദയയും അലിവും നിറഞ്ഞു തുളുമ്പുന്ന ഒരു പ്രസ്താവനയായിട്ടാണ് പണ്ഡിതിന്മാര്‍ ഈ ഖുദ്‌സിയായ ഹദീസിനെ പരിഗണിച്ചിട്ടുള്ളതും പരിചയപ്പെടുത്തിയിട്ടുള്ളതും.

ഏതാണ് ഈ ഹദീസെന്നല്ലെ. ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ദരിച്ച ഖുദ്‌സിയായ ഹദീസിന്റെ സാരം ഇതാണ്:

അബൂ ദറുല്‍ ഗഫാരി(റ) നിവേദനം ചെയ്യുന്നു. പ്രവചാചക തിരുമേനി(സ്വ) മഹാനായ തന്റെ റബ്ബില്‍ നിന്നും പ്രസ്താവിക്കുകയാണ്.

അല്ലാഹു പറഞ്ഞു: “എന്റെ ദാസന്മാരേ, എന്റെ മേല്‍ അക്രമം നിഷിദ്ധമാണ്. നിങ്ങള്‍ക്കിടയിലും അക്രമത്തെ ഞാന്‍ നിഷിദ്ധമാക്കുന്നു.നിങ്ങള്‍ പരസ്പരം അക്രമം ചെയ്യരുത്.

എന്‍റെ ദാസന്മാരേ, നിങ്ങളെല്ലാവരും വഴിയറിയാത്തവരാണ്; ഞാന്‍ വഴി കാണിച്ചവനൊഴികെ. ആകയാല്‍ നിങ്ങളെന്നോട് വഴിചോദിക്കുക, ഞാന്‍ നിങ്ങള്‍ക്ക് വഴി കാണിച്ചു തരുന്നതാണ്.

എന്‍റെ ദാസന്മാരേ, നിങ്ങളെല്ലാവരും വിശപ്പുള്ളവരാണ്; ഞാന്‍ ഭക്ഷിപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് ഭക്ഷണം തേടുക, ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കുന്നതാണ്.

എന്‍റെ ദാസന്മാരേ, നിങ്ങളെല്ലാവരും നഗ്നരാണ്; ഞാന്‍ ഉടുപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് വസ്ത്രം തേടുക, ഞാന്‍ നിങ്ങളെ ഉടുപ്പിക്കുന്നതാണ്.

എന്റെ ദാസന്മാരെ, രാപ്പകലുകളില്‍ നിങ്ങള്‍ തെറ്റുചെയ്യുന്നവരാണ്. ഞാനാണ് പാപങ്ങള്‍ പൊറുക്കുന്നവന്‍. നിങ്ങളെന്നോട് പാപമോചനം തേടുക. ഞാന്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കുന്നതാണ്.

എന്റെ ദാസന്മാരെ, നിങ്ങള്‍ക്കാര്‍ക്കും എന്നെ  ദ്രോഹിക്കാന്‍ ശേഷിയില്ല. എനിക്ക് ഉപകാരം ചെയ്യാനും കഴിയുകയില്ല.

എന്റെ ദാസന്മാരെ, നിങ്ങളിലെ ആദിമരും അന്തിമരും മനുഷ്യരും ജിന്നുകളും മുഴുവന്‍ അതിഭക്തനായ ഒരു വ്യക്തിയുടെ മനസ്സുള്ളവരായിരുന്നാലും അത് എന്റെ ആധപത്യത്തില്‍ അല്പം പോലും ഏറ്റുകയില്ല.

എന്റെ ദാസന്മാരെ, നിങ്ങളിലെ ആദിമരും അന്തിമരും മനുഷ്യരും ജിന്നുകളും മുഴുവന്‍ വളരെ  ദുഷിച്ച മനുഷ്യന്റെ മനസ്സുള്ളവരായിരുന്നാലും അത് എന്റേ ആധിപത്യത്തില്‍ യാതൊന്നും കുറവു വരുത്തുകയുമില്ല.

എന്റെ ദാസന്മാരെ, നിങ്ങളിലെ ആദിമരും അന്തിമരും മനുഷ്യരും ജിന്നുകളും ഒരേ സമയം ഒരിടത്തു നിന്ന് ചോദിക്കുന്നവ മുഴുവന്‍ നിങ്ങള്‍ക്കായി ഞാന്‍ നല്‍കിയാലും എന്റെ അനുഗ്രഹങ്ങളുടെ കലവറയില്‍ അത് യാതൊരു കുറവുമുണ്ടാക്കില്ല; കടലില്‍ മുക്കിയെടുത്ത സൂചിമുനയിലെ ജലകണത്തിന്റെയത്രയേ ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ക്കുള്ളൂ.

എന്റെ ദാസന്മാരെ, ഇത് നിങ്ങളുടെ കര്‍മ്മങ്ങളാണ്, നിങ്ങള്‍ക്കു വേണ്ടി ഞാന്‍ തന്നെ ക്ലിപ്തപ്പെടുത്തിവെച്ചവ. വഴിയേ, ഞാനവയക്ക് പൂര്‍ണ്ണമായ പ്രതിഫലം നല്‍കുന്നതാണ്. അന്ന് നന്മകള്‍ അനുഭവിക്കുന്നവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ. അന്ന്, അതല്ലാത്തത് അനുഭവിക്കുന്നവന്‍ സ്വന്തത്തെത്തന്നെ പഴിക്കട്ടെ. ” (മുസ്ലിം)

മുകളില്‍ വായിച്ച ഖുദ്‌സിയായ ഹദീസ് നമുക്കു നല്‍കുന്ന സാരോപദേങ്ങള്‍ ഹൃദയത്തിലേറ്റി ജീവിക്കാന്‍ അല്ലാഹു തൗഫീഖേകട്ടെ. ആമീന്‍