സ്വർഗ്ഗം അരികെ – അധ്യായം 1

738

അധ്യായം 01
ജീവിതത്തിന്‍റെ ലക്ഷ്യം

ജീവിതത്തില്‍ ലക്ഷ്യം പ്രതീക്ഷിക്കാത്ത മനുഷ്യര്‍ വിരളമാണ്. മതവിശ്വാസികള്‍ ഭൗതിക ജീവിതത്തിന് അര്‍ത്ഥം കല്‍പിക്കുന്നവരാകയാല്‍ ലക്ഷ്യപ്രാപ്തി എന്നത് അവരുടെ കൂടെപ്പിറപ്പാണ്. എന്നാല്‍ മറേറതൊരു മതത്തേക്കാളും കൃത്യവും കണിശവുമായ ജീവിത ലക്ഷ്യം മനുഷ്യര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് ഇസ്ലാം മതമാണ്. പ്രസ്തുത ലക്ഷ്യത്തിലേക്കെത്താനുള്ള ഋജുവായ മാര്‍ഗവും കൂടി മനുഷ്യനെ പഠിപ്പിക്കുന്നൂ എന്നതാണ് അതിന്‍റെ സുപ്രധാനമായ സവിശേഷത.

“സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതിൽ നിത്യവാസികളായിരിക്കും.” (യൂനുസ്: 25, 26)

ജീവിതത്തിന്‍റെ ലക്ഷ്യവും മാര്‍ഗവും വിനഷ്ടമാക്കുന്ന ഒന്നത്രെ മനുഷ്യന്‍റെ അതിരുവിട്ട ഭൗതികാഭിനിവേശം. കുഴിമാടത്തിലെത്തുവോളം കളിച്ചും മദിച്ചും ജീവിക്കാന്‍ ആര്‍ത്തിയും ദുരയും മനുഷ്യനെ പ്രേരിപ്പിക്കുമ്പോള്‍ നശിച്ചു പോകുന്നത് മൂല്യവത്തായ ഒരു ജീവിതമാണ്. മരണത്തോടെ മനുഷ്യജീവിതം അവസാനിച്ചിരുന്നുവെങ്കില്‍ നാശനഷ്ടങ്ങളെ പരിഗണിക്കാതെ നമുക്കീ ഭൂമിയില്‍ വിഹരിക്കാമായിരുന്നു. എന്നാല്‍ വസ്തുത അതല്ല. മരണത്തിനുമപ്പുറം നീണ്ടു നില്‍ക്കുന്ന ഒരു ജീവിത സംവിധാനം പരമോന്നതനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക് വേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, മരണാനന്തര ജീവിതത്തിലെ ഈശ്വര സാക്ഷാത്കാരവും സ്വര്‍ഗപ്രവേശവുമാണ് മനുഷ്യജീവിതത്തിന്‍റെ ശരിയായ ലക്ഷ്യമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.

സ്രഷ്ടാവിന്‍റെ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിച്ചും, അവന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങളെ പാലിച്ചും സല്‍കര്‍മ്മങ്ങളില്‍ നിരതനാകുന്ന മനുഷ്യന്‍ വിവേകിയും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച് ബോധമുള്ളവനുമാണ്. ആയുസ്സും, ആരോഗ്യവും, ലഭ്യമാകുന്ന അവസരങ്ങളും ഐഹിക ലോകത്ത് പാഴാക്കിക്കളയാനല്ല, വരാനിരിക്കുന്ന ജീവിതം പുഷ്കലമാകാനുതകും വിധം വിനിയോഗിക്കാനാകും അവന്‍ ശ്രദ്ധിക്കുക.

ഐഹികജീവിതം കളിവിനോദങ്ങളാണെന്നും, മരണാനന്തര ജീവിതമാണ് സൂക്ഷ്മതയുള്ളവര്‍ക്ക് ഗുണകരമെന്നും ക്വുര്‍ആന്‍ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
“ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ചിന്തിക്കാത്തത്?” (അന്‍ആം: 32)

മരണാനന്തരജീവിതത്തിലെ മോക്ഷവും സ്വര്‍ഗപ്രവേശവുമാണ് ഈ ജീവിതത്തിന്‍റെ ലക്ഷ്യമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഇവിടെയുള്ള നഷ്ടങ്ങളൊന്നും യഥാര്‍ത്ഥ നഷ്ടങ്ങളല്ല. മരണാനന്തര ജീവിതത്തിലെ രക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കലാണ് മനുഷ്യന്‍റെ മുഖ്യ ധര്‍മ്മം. ഈ ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും താല്കാലികമാണെന്നും നിത്യമായ ജീവിതത്തിലേക്കുള്ള ഒരു കൃഷിയിടം മാത്രമാണ് ഐഹിക ജീവിതമെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഈ ലോകത്തെ നൈമിഷികമായ ജീവിതത്തില്‍ നന്മ ചെയ്താല്‍ മരണാനന്തരം സല്‍കാരങ്ങള്‍ നിറഞ്ഞ സ്വര്‍ഗരാജ്യം പ്രതിഫലമായി ലഭിക്കും. തിന്മകളാല്‍ ജീവിതത്തെ നഷ്ടമാക്കിയവര്‍ക്ക് ഭയാനകമായ നരകജീവിതമാണ് ലഭിക്കുക.
സ്രഷ്ടാവിന്‍റെ വാക്കുകള്‍ വായിക്കുക:

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ആലു ഇംറാന്‍: 185)

നമ്മുടെ മനനങ്ങളും കര്‍മ്മങ്ങളും നമ്മെപ്പടച്ച സ്രഷ്ടാവിനാല്‍ രേഖപ്പെടുത്തപ്പെടുന്നുണ്ട്. നാം ബന്ധപ്പെടുന്ന ഏതേത് മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്രഷ്ടാവ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് എന്നതാണ് വാസ്തവം. സത്യവാന്മാര്‍ക്കും സല്‍കര്‍മ്മികള്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്കൊത്ത പ്രതിഫലം നല്‍കാന്‍ വേണ്ടിയുള്ള സംവിധാനമാണത്. ദൈവികവിധികളെ ധിക്കരിച്ചും, മാനുഷികധര്‍മ്മങ്ങളെ അവമതിച്ചും ജീവിക്കുന്ന അക്രമികളെ കൈകാര്യം ചെയ്യാനുള്ള കണിശമായ രീതായാണത്.

“അവര്‍ വെളിക്കു വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ് രാജാധികാരം? ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവിന്. ഈ ദിവസം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ച തിനുള്ള പ്രതിഫലം നല്‍കപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു.” (ഗാഫിര്‍: 16, 17)

ആരാധനയില്‍ സ്രഷ്ടാവിനോടൊപ്പം ആരേയും പങ്കുചേര്‍ക്കാതിരിക്കുക. അവസാന പ്രവാചകനായ മുഹമ്മദ് നബിയെ സര്‍വാത്മനാ അനുധാവനം ചെയ്യുക, വിശുദ്ധ വേദഗ്രന്ഥമായ ക്വുര്‍ആനിനെ പ്രമാണമായി ഉള്‍ക്കൊള്ളുക, പാപങ്ങളില്‍ നിന്നകന്ന് ജീവിക്കാന്‍ പരമാവധി സൂക്ഷ്മത കാണിക്കുക, സല്‍കര്‍മ്മങ്ങളനുഷ്ഠിക്കാന്‍ അതീവ താത്പര്യമെടുക്കുക തുടങ്ങിയവ സ്വര്‍ഗപ്രാപ്തിക്കുതകുന്ന സുപ്രധാനമായ കാര്യങ്ങളാണ്.

“ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫ ലാര്‍ഹമായിരിക്കും.” (ഇസ്റാഅ്: 19)

നീതിയും ധര്‍മ്മവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കണം. അനീതിയോടും താന്തോന്നിത്ത ങ്ങളോടും സന്ധിയില്ലാത്ത സമരത്തിലേര്‍പ്പെടണം. കുടുംബക്കാരോടും അയല്‍വാസികളോടും നീതിയില്‍ വര്‍ത്തിക്കണം. മാതാപിതാക്കളോടും, ഭാര്യാസന്താനങ്ങളോടും ബാധ്യതകള്‍ നിര്‍വഹിക്കണം. വ്യവഹാരങ്ങളില്‍ കൃത്യതയും ക്രയവിക്രയങ്ങളില്‍ സത്യസന്ധതയും കാത്തുസൂക്ഷിക്കണം. രഹസ്യജീവിതവും പരസ്യജീവിതവും പരിശുദ്ധിയില്‍ സംരക്ഷിക്കണം. മനുഷ്യന്‍റെ പാരത്രിക വിജയത്തിന് ഇസ്ലാം നല്‍കുന്ന മഹിത സന്ദേശങ്ങളാണ് ഇവയൊക്കെ.

ഈവക ധര്‍മ്മനിഷ്ഠകളൊക്കെ നിത്യജീവിതത്തിന്‍റെ ഭാഗമായി നിലനിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നതേയുള്ളൂ. അതിന് സംശുദ്ധമായ ഒരു വിശ്വാസം, വ്യക്തമായ ഒരു ആദര്‍ശം വേണമെന്ന് മാത്രം. അത് ഇസ്ലാമാണ്. ദൈവദൂതന്മാര്‍ മുഴുവനും പ്രബോധനം ചെയ്ത അവക്രമായ മാര്‍ഗം. എല്ലാ മനുഷ്യരും ആ മാര്‍ഗത്തിലണിനിരന്ന് യാത്രചെയ്യണമെന്നാണ് നമ്മുടെ സ്രഷ്ടാവ് ആവശ്യപ്പെടുന്നത്. എന്തു കൊണ്ടെന്നാല്‍ ആ മാര്‍ഗത്തിന്‍റെ അവസാനം സ്വര്‍ഗമാണ്. ഓരോ മനുഷ്യനും തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യമായി കാണുന്ന മോക്ഷസ്ഥലം. അത് സമാധാനത്തിന്‍റെ ഭവനമാണ്. കാരുണ്യവാനായ അല്ലാഹു ആ ഭവനത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ക്വുര്‍ആന്‍ പറയുന്നത് വായിക്കുക:

“അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.” (യുനുസ്: 25)

നാം നമ്മുടെ ബുദ്ധിയും വിവേകവും ഉപയോഗപ്പെടുത്തുക. പാരത്രികജീവിതം ധന്യമായിത്തീരാന്‍ ഇസ്ലാമിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുക. ഐഹികജീവിതം ഹൃസ്വമാണെന്നും മരണം ഏതു നിമിഷവും നമ്മെ പ്രാപിക്കാമെന്നും തിരിച്ചറിയുകയും സല്‍കര്‍മ്മങ്ങളില്‍ ശ്രദ്ധകാണിക്കുകയും ചെയ്യുക. നമ്മുടെ ജീവിതലക്ഷ്യം പരലോകമോക്ഷമാണ്. മരണം തൊണ്ടക്കുഴിയിലെത്തിയ വേളയില്‍ വിലപിച്ചവരും, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞവരും ചരിത്രത്തിലുണ്ടായിട്ടുണ്ട്. അവര്‍ക്ക് അവരുടെ വിലാപവും, അവസാന നിമിഷത്തെ വിശ്വാസവും ഉപകാരപ്പെട്ടിട്ടില്ലെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. കടലില്‍ മുങ്ങിമരിക്കാറായപ്പോള്‍, ‘ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.’ (യൂനുസ്:90) എന്ന് കരഞ്ഞു പറഞ്ഞ ഫിര്‍ഔനിന് മുങ്ങി നശിക്കാന്‍ തന്നെയായിരുന്നു വിധി.

ആകയാല്‍ ആയുസ്സും, ആരോഗ്യവും, സമ്പത്തും, സംവിധാനങ്ങളുമെല്ലാം പരലോകമോക്ഷത്തിനു വേണ്ടി ഇപ്പോള്‍ തന്നെ ഉപയോഗപ്പെടുത്തുക. നന്നാകാന്‍ കൊതിക്കുകയും ശ്രമിക്കുകയും ചെയ്യുന്ന ഏതൊരു ദാസനും പരമകാരുണികനായ അല്ലാഹുവിന്‍റെ പരിരക്ഷയുണ്ടാകുമെന്നതില്‍ സംശയം വേണ്ട. ‘നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്വൃത്തരോടൊപ്പമാകുന്നു.’ (അങ്കബൂത്ത്: 69) എന്ന് ക്വുര്‍ആനില്‍നിന്നും നാം വായിക്കുന്നത് അത്തരം പരിരക്ഷയെപ്പറ്റിയുള്ള വാഗ്ദാനമാണ്.

ജീവിതത്തിന്‍റെ നശ്വരതയും, മരണ-മരണാനന്തര ജീവിതത്തിന്‍റെ സത്യതയും ബോധ്യപ്പെട്ടാല്‍ ലക്ഷ്യപ്രാപ്തിക്ക് ശ്രമിക്കലാണ് വിവേകം. അല്ലാഹു മനുഷ്യനെ ഉപദേശിച്ചിട്ടുള്ളത് അങ്ങനെയാണ്.

“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ.” (ഹദീദ് : 21)