പ്രാര്‍ത്ഥന
رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ
പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 23, സൂറത്തുല്‍ മുഅ്മിനൂന്‍, ആയത്ത് 118
പ്രാര്‍ത്ഥിക്കുന്നത് ആര്?
മുഹമ്മദ് നബി(സ്വ)യോടുള്ള അല്ലാഹു സുബ്ഹാനഹു വ തആലയുടെ പ്രത്യേക നിര്‍ദ്ദേശമാണ് ഈ പ്രാര്‍ത്ഥന. അതു കൊണ്ടുതന്നെ, നബി(സ്വ) തീര്‍ച്ചയായും ഈ പ്രാര്‍ത്ഥനാ വചനം ജീവിതത്തില്‍ പാലിച്ചിട്ടുണ്ടാകണം എന്നതില്‍ സംശയമില്ല.
പ്രാര്‍ത്ഥനയെപ്പറ്റി
മുകളില്‍ നല്‍കിയ പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ആശയം ഗ്രഹിക്കാന്‍ പ്രസ്തുത പ്രാര്‍ത്ഥന വന്നിട്ടുള്ള സൂറത്തുല്‍ മുഅ്മിനൂനിലെ 109 മുതലുള്ള ആയത്തുകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുന്നത് നന്നായിരിക്കും. അല്ലാഹുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും, അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും കരുണ ചോദിക്കുകയും ചെയ്യുന്ന തന്റെ ദാസന്മാര്‍ക്ക്, അവരുടെ ജീവിതത്തില്‍ അവര്‍ കാണിച്ച ക്ഷമയെ പരിഗണിച്ചു കൊണ്ട് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെ വിശദീകരിക്കുന്നുണ്ട് പ്രസ്തുത ആയത്തുകളില്‍. മാത്രമല്ല, യഥാര്‍ത്ഥ രാജാവായ, സിംഹാസനത്തിന്റെ ഉടമസ്ഥനായ ഏക അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്നും, അവനോടാകണം നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്നും വിശദീകരിക്കുന്നുണ്ട്. ശേഷമാണ്, നബിയേ, പറയുക എന്ന ആശയത്തില്‍ ഈ പ്രാര്‍ത്ഥന അല്ലാഹു പഠിപ്പിക്കുന്നത്. അപ്പോള്‍, ഇത് പ്രവാചകന്നു മാത്രമായുള്ള പ്രാര്‍ത്ഥനയല്ല, മുഅ്മിനുകളായ നമുക്കെല്ലാവര്‍ക്കുമായുള്ള പ്രാര്‍ത്ഥനയായി വേണം നാമിതിനെ ഉള്‍ക്കൊള്ളാന്‍.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
എന്റെ രക്ഷിതാവേ |
رَّبِّ |
നീ പൊറുത്തുതരണേ |
اغْفِرْ |
നീ കരുണ കാണിക്കുകയും ചെയ്യണേ |
وَارْحَمْ |
നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണ് |
وَأَنتَ خَيْرُ الرَّاحِمِينَ |
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
”എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.”
സാന്ത്വനം
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുവഹിദുകളാണല്ലൊ നമ്മളെല്ലാവരും. അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണ് എന്ന വിശ്വാസം നമ്മുടെയൊക്കെ ഹൃദയങ്ങളില്‍ രൂഢമൂലമാണ്. അടിമകളുടെ ജീവിതത്തില്‍ തെറ്റുകുറ്റങ്ങളുണ്ടാകുമ്പോഴേക്കും അവരെ പിടിച്ചു ശിക്ഷിക്കാന്‍ നില്‍ക്കുന്നവനല്ല അല്ലാഹു. തന്റെ അടിമകള്‍ക്ക് ഖേദിക്കാനും പശ്ചാത്തപിക്കാനും തെറ്റുകുറ്റങ്ങള്‍ തിരുത്താനും അവന്‍ ഒരുപാടവസരങ്ങള്‍ ഔദാര്യപൂര്‍വ്വം നല്‍കുന്നുണ്ട്. കോപത്തേക്കാള്‍ അല്ലാഹുവില്‍ അതിജയിച്ചു നില്‍ക്കുന്നത് അവന്റെ കരുണയാണ് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
ജീവിതം അല്ലാഹുവിന്റെ കല്‍പനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാണ് വേണ്ടത് എന്നും, അതിന്നു വിരുദ്ധമായി വല്ലതും തന്നില്‍ സംഭവിക്കുന്നുവെങ്കില്‍ അത് അല്ലാഹുവിന്ന് ഇഷ്ടകരമാകില്ല എന്നും ബോധ്യമുള്ള ഒരു വിശ്വാസി സദാ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേണ്ട പ്രാര്‍ത്ഥനയാണ് ഇത്. കാരണം നമ്മുടെയൊക്കെ ജീവിതത്തില്‍ ബോധപൂര്‍വ്വമൊ അല്ലാതെയൊ ഉള്ള തെറ്റുകുറ്റങ്ങള്‍ നിത്യവും വന്നു പോകാറുണ്ടല്ലൊ. അവയൊന്നും തന്നെ എപ്പോള്‍ സംഭവിച്ചു, എവിടെ വെച്ചു സംഭവിച്ചു, എത്ര സംഭവിച്ചു എന്നൊന്നും നമ്മള്‍ എഴുതി രേഖപ്പെടുത്താറുമില്ല. അതുകൊണ്ടു തന്നെ, നമ്മുടെ വിശ്വാസ ജീവിതം പരിശുദ്ധമാകുന്നതിന് വേണ്ടി അല്ലാഹുവിനോട് മാപ്പു ചോദിച്ചും കരുണക്കായി ഇരന്നുമാകണം നമ്മുടെയൊക്കെ ദൈനംദിന ജീവിതം.
അല്ലാഹുവില്‍ നിന്നുള്ള മാപ്പ് ലഭിക്കുമ്പോഴാണ് അവനില്‍ നിന്നുമുള്ള കരുണ ലഭിക്കാന്‍ നാം അര്‍ഹരായിത്തീരുന്നത്. അല്ലാഹു ഗഫൂറാണ് അഥവാ അവന്‍ ഏറെ പൊറുക്കുന്നവനാണ് എന്ന പ്രസ്താവനയ്ക്കു ശേഷമാണ് അല്ലാഹു റഹീമാണ് അഥവാ ഏറെ കരുണ ചൊരിയുന്നവനാണ് എന്ന പ്രസ്താവന മിക്ക ഭാഗത്തും ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുള്ളത്. പ്രസ്തുത പ്രാധാന്യമറിഞ്ഞുവേണം ഈ പ്രാര്‍ത്ഥന പ്രാവര്‍ത്തികമാക്കാന്‍.
മുകളില്‍ നല്‍കിയ പ്രാര്‍ത്ഥനയുടെ അവസാന ഭാഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ യഥാര്‍ത്ഥ സാന്ത്വനത്തിന്റെ തണുത്ത കാറ്റു വിശിത്തരുന്നത്. രക്ഷിതാവേ, നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലൊ എന്ന് പ്രാര്‍ത്ഥിച്ചു നിര്‍ത്തുമ്പോള്‍, ഒരു അഭയമാണ്, ഒരു തണലാണ്, ഒരു ആശ്രയമാണ് നമ്മുടെയൊക്കെ ഹൃദയത്തില്‍ വന്നുചേരുന്നത്. ശരിയല്ലെ? തീര്‍ച്ചയായും അതെ! ഇത് തെറ്റുകള്‍ക്കുള്ള മാപ്പിനായി മാത്രമുള്ള പ്രാര്‍ത്ഥനയായല്ല, ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും, വിശിഷ്യാ പരലോകത്ത് തനിക്കു ലഭിക്കേണ്ട കാരുണ്യാനുഗ്രഹങ്ങള്‍ക്കു വേണ്ടി, ദയാനിധിയായ അല്ലാഹുവിനോടുള്ള അതിമഹത്തായ പ്രാര്‍ത്ഥനയായിട്ടാകും നമുക്കു അനുഭവിക്കാനാകുക.
Source: www.nermozhi.com