അല്ലാഹുവിനെ അറിയുക, അവനെ മാത്രം ആരാധിക്കുക

1525

അല്ലാഹു ഏകനാണ്. അവനാണ് പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ്. സര്‍വ്വ നിയന്ത്രകനും പരിരക്ഷകനും അല്ലാഹുവല്ലാതെ വേറെ ആരുമില്ല. പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം അല്ലാഹുവിന്ന് കീഴ്പ്പെട്ടും അവനെ അനുസരിച്ചുമാണ് ജീവിക്കുന്നത്.

കോടാനുകോടി ജീവജാലങ്ങളിലെ ഒരു സൃഷ്ടിയാണ് മനുഷ്യന്‍. അല്ലാഹുവിന്‍റെ വിശിഷ്ടമായ സൃഷ്ടി! അല്ലാഹു അവനെ ആദരിച്ചിട്ടുണ്ട്. ഭൗമജീവിതത്തിനാവശ്യമായതെല്ലാം മനുഷ്യന് സംവിധാനിച്ചു നല്‍കിയിട്ടുണ്ട്.

“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്രാഅ്: 70)

വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ് മേല്‍സൂചിത ആയത്തിലെ പ്രസ്താവം. അല്ലാഹുവിന്‍റെ മാത്രം കഴിവും ആസൂത്രണവും സംവിധാനവുമാണ് മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം. പ്രാപഞ്ചികവും പ്രപഞ്ചാതീതവുമായ വേറൊരു ശക്തിയുടെയും ഇടപെടല്‍ ഇക്കാര്യങ്ങളിലൊന്നിലുമില്ല. അല്ലാഹു മഹാന്‍! അവന്നാണ് സര്‍വ്വ സ്തുതികളും!

അല്ലാഹു ഏകനാണ്. അവന്‍ മാത്രമാണ് ആരാധ്യന്‍. അവനല്ലാതെ വേറെയൊരു ഇലാഹില്ല. മനുഷ്യ സൃഷ്ടിപ്പിന്‍റെ ലക്ഷ്യത്തെ കുറിച്ച് പറഞ്ഞിടത്ത് അല്ലാഹു വ്യക്തമാക്കിയത് വായിച്ചു നോക്കുക

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.” (ദാരിയാത്ത്: 56-58)

മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടിയാണെന്ന് നാം മനസ്സിലാക്കുന്നു. തന്നെ സൃഷ്ടിച്ചതിന് പ്രതിഫലമായി മനുഷ്യന്‍ അല്ലാഹുവിനെ തീറ്റിപ്പോറ്റേണ്ടതില്ല. മനുഷ്യന് ഉപജീവനം നല്‍കുന്നവന്‍ അവനാണ്. എല്ലാറ്റിനും ശക്തനും പ്രപലനുമായ അല്ലാഹു മനുഷ്യനില്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത് അവനെ മാത്രം ആരാധിക്കുക എന്നതാണ്. വളരെ സുവ്യക്തമായ വിശകരണമാണ് സൂറത്തുദ്ദാരിയാത്തിലെ മേലുദ്ധൃത ആയത്തുകള്‍!

അല്ലാഹു മനുഷ്യരോട് ഏറ്റവും സമീപസ്ഥനാണ്. മനുഷ്യരെ സൂക്ഷ്മമായി അറിയുന്നവന്‍. സദാ നിരീക്ഷിക്കുന്നവന്‍. കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങളിലെ മന്ത്രണവും ഒന്നുപോലും വിട്ടുപോകാതെ അവനറിയാം. അടിമകളോട് കരുണയുള്ളവനാണവന്‍. ഔദാര്യവാന്‍. അലിവുള്ളവന്‍. അനുഗ്രഹങ്ങള്‍ ചൊരിയുന്നവന്‍. പ്രാര്‍ത്ഥനകള്‍ അവന്‍ മാത്രമേ കേള്‍ക്കൂ. പശ്ചാത്താപം അവന്‍ മാത്രമേ സ്വീകരിക്കൂ. സഹായര്‍ത്ഥനകള്‍ക്ക് അവന്‍ മാത്രമേ ഉത്തരം നല്‍കൂ.

നമ്മുടെ അടുത്ത് തന്നെയുണ്ട് അല്ലാഹു. സൃഷ്ടികളുടെ അകവും പുറവും അറിയുന്ന അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാനാകുക? പ്രാര്‍ത്ഥന ആരാധനയാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിരിക്കെ, മനുഷ്യനെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനാണ് എന്ന് ഖുര്‍ആന്‍ ഉദ്ബോധിപ്പിച്ചിരിക്കെ നാം അല്ലാഹുവിനോടല്ലാതെ മറ്റാരോട് പ്രാര്‍ത്ഥിക്കും?

“നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു  എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്‍റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.” (ബഖറ: 186)

അല്ലാഹുവിന്‍റെ മഹത്വവും അവന്‍റെ ശേഷിയും അവനിലെ ഗുണവിശേഷണങ്ങളും ഖുര്‍ആനില്‍ നിന്നും പ്രവാചകന്‍റെ അധ്യാപനങ്ങളില്‍ നിന്നും കൃത്യതയോടെ പഠിച്ചെടുക്കുന്നവന്ന് അല്ലാഹുവിലേക്ക് അടുത്തു നിന്ന് ജീവിക്കാനേ മനസ്സുവരൂ. ജനങ്ങളോടു മുഴുവനായി അല്ലാഹു നടത്തുന്ന ഒരു ആഹ്വാനം ശ്രദ്ധിച്ചാല്‍ മാത്രം മതി മേല്‍ പറഞ്ഞ സംഗതികളൊക്കെ വിവേകമുള്ള ഒരു മനുഷ്യന് ബോധപ്പെടാന്‍. അത് ഇപ്രകാരമാണ്:

“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (അല്‍ബഖറ: 21, 22)

ഗര്‍ഭാശയ ജീവിതം മുതല്‍ ഈ ലേഖനം വായിക്കുന്നതുവരെയുള്ള നമ്മുടെ ജീവിത കാലയളവില്‍ അല്ലാഹുവിന്‍റെ നിയന്ത്രണവും പരിപാലനവും പരിരക്ഷകളും മാത്രമാണ് നടന്നിട്ടുള്ളത്. ശരീരത്തിന്‍റെ ബാഹ്യവും ആന്തരികവുമായ സംവിധാനങ്ങളിലൊ, അവയുടെ പ്രവര്‍ത്തനങ്ങളിലൊ, അവയില്‍ നിന്നുണ്ടാകുന്ന ഉപകാരങ്ങളിലൊ അല്ലാഹുവിന്‍റേതല്ലാത്ത മറ്റൊരാളുടെ ഇടപെടലും നടന്നിട്ടില്ല. നടക്കുകയുമില്ല. അതറിവുള്ളതു കൊണ്ടാണ്, ഏകനായ റബ്ബിന്‍റെ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ), ഹേ, നിത്യജീവനും സര്‍വ്വാധിപതിയുമായവനേ നിന്‍റെ കാരുണ്യത്തെ പ്രതീക്ഷിച്ച് ഞാനിതാ നിന്നോട് സഹായം തേടുകയാണ്; കണ്ണിമ വെട്ടിത്തുറക്കുന്ന സമയത്തിന്‍റെ അത്ര പോലും എന്‍റെ കാര്യങ്ങളെ നീ എന്നിലേക്ക് ഏല്‍പ്പിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചത്. ഏതൊരു മനുഷ്യന്‍റേയും സമ്പൂര്‍ണ്ണമായ നിയന്ത്രണവും പരിപാലനവും അല്ലാഹുവിനു മാത്രമേ സാധ്യമാകൂ എന്ന പ്രഖ്യാപനമാണ് പ്രവാചക തിരുമേനിയുടെ പ്രാര്‍ത്ഥനയിലെ സാരം.

അല്ലാഹു; ആകാശ ഭൂമികളുടെ സ്രഷ്ടാവ്. ആരുടേയും പിതാവൊ മകനൊ അല്ല അവന്‍. അവന്ന് ഇണതുണകളുടെ ആവശ്യമില്ല. ചരാചരങ്ങള്‍ക്കു മുഴുവന്‍ ഏക ആശ്രയമാണവന്‍ പ്രാപഞ്ചികവും പ്രപഞ്ചാധീതവുമായ എല്ലാം സൂക്ഷ്മമായി അവനറിയുന്നു. അവനെ മാത്രമാണ് സകലരും ആരാധിക്കേണ്ടത്. അവനോടു മാത്രമാണ് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കേണ്ടത്. ജീവിതം മുഴുവനും അവനിലാണ് ഏല്‍പ്പിക്കേണ്ടത്. യാതൊരാള്‍ക്കും അവന്‍ ദൃഷ്ടിപ്രാപ്യനല്ല. പക്ഷെ, അവന്‍ എല്ലാവരേയും സദാ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. സമ്പൂര്‍ണ്ണജ്ഞാനിയും സൂക്ഷ്മജ്ഞാനിയുമാണ് അവന്‍. അല്ലാഹു പോരെ അടിമകള്‍ക്ക് മതിയായവനായി?!

“ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.” (അന്‍ആം: 101-103)

Source: www.nermozhi.com