ജീവിതത്തിലെ ഓരോ കാര്യത്തിലും നമുക്ക് വിജയമുണ്ടാകുമ്പോഴെല്ലാം, നമ്മെ വിജയിക്കാൻ സഹായിച്ചത് അല്ലാഹുവാണെന്ന് മനസ്സിലാക്കുക.
അല്ലാഹുവിനോടുള്ള നമ്മുടെ കൃതജ്ഞത ഉടനടി കാണിക്കുന്നതിന് ഏറ്റവും നല്ല മാർഗമുണ്ട്: ശുക്റിന്റെ സജ്ദ അഥവാ നന്ദിയുടെ സുജൂദ്.
നേട്ടം കൈവരിക്കുക അല്ലെങ്കിൽ ദോഷം ഒഴിവാകുക തുടങ്ങിയ, നമ്മളെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലുമൊരു കാര്യം ജീവിതത്തിൽ ഉണ്ടാകുമ്പോള്‍ ശുക്റിന്റെ സജ്ദ ചെയ്യാവുന്നതാണ്.
മുഹമ്മദ് നബി(സ്വ) അദ്ദേഹത്തെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും വാർത്ത കേട്ടാൽ, ഉടൻ അല്ലാഹുവിന് സുജൂദ് ചെയ്യുമായിരുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടണ്ട്. (തിർമിദി)
ഇബ്നുൽ ഖയ്യിം(റ) പറഞ്ഞു: ഒരു അനുഗ്രഹം ലഭിക്കുകയോ ജീവിതത്തിൽ നിന്ന് പ്രയാസവും കഷ്ടപ്പാടും നീങ്ങുകയൊ ചെയ്യുമ്പോൾ, നന്ദി സൂചകമായി അല്ലാഹുവിന് സുജൂദ് ചെയ്യുക എന്നതിന് പ്രവാചക തിരുമേനി(സ്വ)യുടെ സുന്നത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്. . (സാദുൽമആദ്, 1/270)
ഒരു സുജൂദ് മാത്രമാണ് ശുക്റിന്റെ സജദയായി ചേയ്യേണ്ടതുള്ളൂ.
നമസ്‌കാരമല്ലാത്തതു കൊണ്ടു തന്നെ, ശുക്‌റിന്റെ സുജൂദിന് വുദു അഥവാ അംഗസ്‌നാനം ആവശ്യമില്ല.
ശുക്‌റിന്റെ സുജൂദില്‍ ചൊല്ലാനായി പ്രത്യേകമായ ദുആ ഹദീസുകളില്‍ ആധികാരികമായി വന്നിട്ടില്ല.
അതിനാൽ നമസ്‌കാരത്തിലെ സുജൂദില്‍ ചൊല്ലുന്ന തസ്ബീഹുകളും ദുആയും തന്നെ ശുക്‌റിന്റെ സുജൂദിലും ചൊല്ലാമെന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. അതുപോലെ, മറ്റു ആവശ്യമുള്ള പ്രാർത്ഥനകളും ചൊല്ലാവുന്നതാണ്.
ലളിതമായി പറഞ്ഞാല്‍, അല്ലാഹുവില്‍ നിന്ന് സന്തോഷകരമായ വല്ല സംഗതിയും നമുക്ക് ലഭിച്ചാല്‍, ഉടനെ അവന്ന് നന്ദിരേഖപ്പെടുത്തിക്കൊണ്ട് സുജൂദ് ചെയ്യുക. നമുക്ക് സഹായമേകിയ അല്ലാഹുവിനെ അങ്ങനെ വാഴ്ത്തുകയും ചെയ്യുക.
ശുക്‌റിന്റെ സുജൂദ് നമ്മുടെ ഈമാനിന് ഉത്തേജനം നല്‍കും. നിരാശയേയും അശുഭ ചിന്തകളേയും മനസ്സില്‍ നിന്നും അകറ്റും. അല്ലാഹു എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും.’ (ഇബ്‌റാഹീം: 7)
അല്ലാഹുവേ, നിന്നെ എന്നെന്നും സ്മരിക്കാനും നിന്നോട് നന്ദിയുള്ളവരാകാനും മികച്ച രീതിയിൽ നിന്നെ ആരാധിക്കാനും ഞങ്ങളെ നീ സഹായിക്കേണമേ.
Source: www.nermozhi.com