പ്രാര്‍ത്ഥന
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي؛ فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ
പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്
ശദ്ദാദ് ബ്‌നു ഔസ് (റ)
ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ് ഗ്രന്ഥം / ഹദീസ് നമ്പര്‍
ഇമാം ബുഖാരി / സ്വഹീഹുല്‍ ബുഖാരി / 6306
പ്രാര്‍ത്ഥനയെപ്പറ്റി
മുഹമ്മദ് നബി(സ്വ) ഈ പ്രാര്‍ത്ഥനയ്ക്കു നല്‍കിയ പേര്, സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്നാണ്. പാപമോചന പ്രാര്‍ത്ഥനകളുടെ നേതാവ് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠതയെപ്പറ്റി പ്രസ്തുത പ്രാര്‍ത്ഥന പ്രതിപാദിച്ചിട്ടുള്ള ഹദീസില്‍ നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: “പകല്‍ സമയത്ത്, ആരാണൊ ഈ പ്രാര്‍ത്ഥന ദൃഢബോധ്യത്തോടെ ചൊല്ലുന്നത് അന്നേദിവസം വൈകുന്നേരം ആകുന്നതിനു മുമ്പ് അവന്‍ മരണപ്പെടുന്നുവെങ്കില്‍ അവന്‍ സ്വര്‍ഗ്ഗാവകാശികളില്‍പ്പെട്ടവനാണ്. രാത്രി സമയത്ത്, ആരാണൊ ഈ പ്രാര്‍ത്ഥന ദൃഢബോധ്യത്തോടെ ചൊല്ലുന്നത് അന്നേദിവസം പ്രഭാതം ആകുന്നതിനു മുമ്പ് അവന്‍ മരണപ്പെടുന്നുവെങ്കില്‍ അവന്‍ സ്വര്‍ഗ്ഗാവകാശികളില്‍പ്പെട്ടവനാണ്.”
വ്യത്യസ്ത രൂപത്തില്‍ നബി(സ്വ) പാപമോചന പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്.
- ഥൗബാന്‍(റ) നിവേദനം ചെയ്ത, മുസ്ലിം രേഖപ്പെടുത്തിയിട്ടുള്ള ഹദീസില്‍ ഓരോ നമസ്‌കാര ശേഷവും നബി(സ്വ) أَسْتَغْفِرُ اللهِ എന്ന് ചൊല്ലിയതായി വന്നിട്ടുണ്ട്.
- ഇബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്ത, അബൂദാവൂദ്, തിര്‍മിദി രേഖപ്പെടുത്തിയിട്ടുള്ള ഹദീസില്‍ أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
- ആയിഷ(റ) നിവേദനം ചെയ്ത, ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തിയ ഹദീസില്‍ നബി(സ്വ) سُبْحَانَ اللهِ وَبِحَمْدِهِ، أَسْتَغفِرُ اللهَ، وَأَتوبُ إلَيْهِ ചൊല്ലാറുണ്ടായിരുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
ഇങ്ങനെ വ്യത്യസ്തങ്ങളായ ഇസ്തിഗ്ഫാറിന്റെ പ്രാര്‍ത്ഥനകളുടെ കൂട്ടത്തില്‍ നേതൃസ്ഥാനത്തു നില്‍ക്കൂന്നൂ സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്ന ഈ പ്രാര്‍ത്ഥന.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
അല്ലാഹുവേ നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ഇലാഹില്ല | اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ |
നീയാണെന്നെ സൃഷ്ടിച്ചത്, ഞാന്‍ നിന്റെ ദാസനാണ് | خَلَقْتَنِي وَأَنَا عَبْدُكَ |
എനിക്ക് സാധ്യമായത്ര ഞാന്‍ നീയുമായുള്ള കരാറിലും വാഗ്ദാനത്തിലുമാണ് | وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ |
ഞാന്‍ പ്രവര്‍ത്തിച്ചതിലെ ഉപദ്രവത്തില്‍നിന്ന് നിന്നോട് ഞാന്‍ കാവല്‍തേടുന്നു | أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ |
നീ എനിക്കായി നല്‍കിയ അനുഗ്രഹങ്ങളെ ഞാന്‍ നിന്നോട് സമ്മതിക്കുകയാണ് | أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ |
എന്റെ പാപങ്ങളേയും ഞാന്‍ നിന്നോട് സമ്മതിക്കുന്നു | وَأَبُوءُ لَكَ بِذَنْبِي |
ആകയാല്‍, നീയെനിക്ക് പൊറുത്തു തന്നാലും | فَاغْفِرْ لِي |
തീര്‍ച്ചയായും, നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല | فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ |
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
“അല്ലാഹുവേ നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ഇലാഹില്ല, നീയാണെന്നെ സൃഷ്ടിച്ചത്, ഞാന്‍ നിന്റെ ദാസനാണ്, എനിക്ക് സാധ്യമായത്ര ഞാന്‍ നീയുമായുള്ള കരാറിലും വാഗ്ദാനത്തിലുമാണ്, ഞാന്‍ പ്രവര്‍ത്തിച്ചതിലെ ഉപദ്രവത്തില്‍നിന്ന് നിന്നോട് ഞാന്‍ കാവല്‍തേടുന്നു, നീ എനിക്കായി നല്‍കിയ അനുഗ്രഹങ്ങളെ ഞാന്‍ നിന്നോട് സമ്മതിക്കുകയാണ്, എന്റെ പാപങ്ങളേയും ഞാന്‍ നിന്നോട് സമ്മതിക്കുന്നു, ആകയാല്‍, നീയെനിക്ക് പൊറുത്തു തന്നാലും, തീര്‍ച്ചയായും, നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല.”
സാന്ത്വനം
പ്രാര്‍ത്ഥനയുടെ ആദ്യത്തില്‍ ഹൃദയ സാന്നിധ്യത്തോടെ ചില സത്യസന്ധമായ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് ഒരു മുഅ്മിന്‍. 1. അല്ലാഹുവാണ് എന്റെ റബ്ബ്. 2. അവന്‍ മാത്രമാണ് ആരാധ്യന്‍. 3. തന്റെ സൃഷ്ടാവിന്റെ ദാസനാണു ഞാന്‍ 4. അല്ലാഹുവിന്റെ കരാര്‍–വാഗ്ദാനങ്ങള്‍ കഴിയും വിധം പാലിക്കുന്നവനാണ് ഞാന്‍ 5. താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളിലെ ഉപദ്രവങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നാണ് കാവല്‍ ലഭിക്കേണ്ടത്. 6. അല്ലാഹു തനിക്ക് ഒട്ടേറെ അനുഗ്രഹങ്ങള്‍ തന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. 7. ജീവിതത്തില്‍ പാപങ്ങള്‍ വന്നു പോയിട്ടുണ്ടെന്നും സമ്മതിക്കുന്നു.
ഇപ്രകാരം സുപ്രധാനമായ പ്രസ്താവനകള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് വിനയാന്വിതനായ തന്റെ ആവശ്യം ഒരു മുഅ്മിന്‍ അല്ലാഹുവിനോട് പറയുന്നത്. അത് മറ്റൊന്നുമല്ല, അല്ലാഹുവേ, പാപങ്ങളെല്ലാം പൊറുക്കുന്നവന്‍ നീ മാത്രമല്ലൊ. എന്നില്‍ സംഭവിച്ച തെറ്റുകുറ്റങ്ങള്‍ നിന്റെ മുമ്പാകെ സമ്മതിച്ച താണ്. ആകയാല്‍ ഈ ദാസന്ന് നീ പൊറുത്തു തന്നാലും. നിന്റെ കല്പനകളേയും നീയുമായുളള കരാറുകളേയും പാലിക്കുന്നവനെന്ന നിലയ്ക്ക്, നീ നല്‍കിയിട്ടുളള വാഗ്ദാനങ്ങളില്‍ ദൃഢമായി പ്രതീക്ഷവെക്കുന്നവനെന്ന നിലയ്ക്ക് നിന്റെ അലിവും ദയയും എന്നിലുണ്ടാകേണമെ.
സത്യവിശ്വാസികള്‍ അകവും പുറവും പരിശുദ്ധരായിരിക്കണം. പാപങ്ങള്‍ വിശ്വാസികളെ ബാധിക്കുന്ന കറകളാണ്. കറകളേറിയാല്‍ ഹൃദയം കറുത്തു കഠിനമാകും. പ്രസ്തുത ഹൃദയത്തില്‍ ഈമാനിന്റെ വെളിച്ചം മങ്ങിനില്‍ക്കും. വിനയവും വിധേയത്വവുമുള്ള സത്യവിശ്വാസി ഈ കാര്യത്തില്‍ എപ്പോഴും ജാഗ്രതയുള്ളവനാകും. അവന്‍ പാപങ്ങളെ തിരിച്ചറിയുമ്പോള്‍ പശ്ചാത്താപ വിവശനാകും. അത്തരം മുഅ്മിനുകളെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്.
“വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണ്” (തഖ് വയുള്ളവര്‍). (ആലു ഇംറാന്‍/135)
ജീവിതത്തില്‍ തെറ്റുകള്‍ ചെയ്തു പോയാല്‍ നിരാശവേണ്ട എന്നും, തെറ്റേറ്റുപറഞ്ഞ് പശ്ചാത്തപിച്ചാല്‍ അല്ലാഹു പൊറുക്കുകയും തുടര്‍ന്നും അവന്‍ അനുഗ്രഹങങ്ങള്‍ ചൊരിയുകയും ചെയ്യുമെന്ന സാന്ത്വന വാഗ്ദാനവും അല്ലാഹു നല്‍കിയിട്ടുണ്ട്.
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُواْ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُواْ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ (الزمر/53)
“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍ / 53)
ചുരുക്കത്തില്‍ പ്രവാചക തിരുമേനിയില്‍ നിന്നും സത്യവിശ്വാസികള്‍ക്കു ലഭിച്ച സാന്ത്വന പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. അല്ലാഹുവിന്റെ മാപ്പും കരുണയും കൂടെയുണ്ടെന്ന സമാശ്വാസത്തിന് ഈ പ്രാര്‍ത്ഥന നമുക്ക് ഉപയുക്തമാകും.
Source: www.nermozhi.com