പ്രാര്‍ത്ഥന
بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്
അബൂഹുറയ്‌റ (റ)
ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ് ഗ്രന്ഥം / ഹദീസ് നമ്പര്‍
ബുഖാരി (റ) / സ്വഹീഹുല്‍ ബുഖാരി / 6320
പ്രാര്‍ത്ഥനയെപ്പറ്റി
മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ട പ്രാര്‍ത്ഥനയാണ് ഇത്. ഉറങ്ങാന്‍ കിടക്കുന്ന വേളയില്‍ നമ്മള്‍ പാലിക്കേണ്ടുന്ന ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു ശേഷമാണ്, മേലെ നല്‍കിയ പ്രാര്‍ത്ഥന നബി(സ്വ) പഠിപ്പിച്ചുതരുന്നത്. ഉറങ്ങാനായി ഒരുങ്ങിയാല്‍ വിരിപ്പിന്റെ അകവും പുറവും തിരിച്ചും മറിച്ചും കുടയണമെന്നും, ഉറക്കമുണര്‍ന്നു പോയതിനു ശേഷം വീണ്ടും ഉറങ്ങാനായി എത്തുമ്പോള്‍ നമ്മുടെ വിരിപ്പിനുള്ളില്‍, ക്ഷുദ്രജീവികളൊ മറ്റൊ, എന്താണ് ഉണ്ടാവുക എന്നറിയാത്തതു കൊണ്ടുതന്നെ അത് കുടഞ്ഞ് ഉപയോഗിക്കുകയാണ് വേണ്ടതെന്നും പ്രവാചകന്‍(സ്വ) ഉപദേശിക്കുകയാണ്. ഉറങ്ങാനായി വലതുവശം ചെരിഞ്ഞാണ് കിടക്കേണ്ടത് എന്നും പ്രസ്തുത ഹദീസില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സുപ്രധാനമായ ഈ രണ്ട് നിര്‍ദ്ദേശങ്ങള്‍ക്കു ശേഷമാണ് നബി(സ്വ) മേലെ നല്‍കിയ പ്രാര്‍ത്ഥന പഠിപ്പിക്കുന്നത്.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
എന്റെ റബ്ബേ, നിന്റെ നാമംകൊണ്ട് എന്റെ പാര്‍ശ്വം ഞാനിതാ വെച്ചിരിക്കുന്നു, |
باسْمِكَ رَبِّي وضَعْتُ جَنْبِي |
നിന്നെക്കൊണ്ടു തന്നെയാണ് ഞാനതിനെ ഉയര്‍ത്തുകയും ചെയ്യുക, |
وبِكَ أرْفَعُهُ |
എന്റെ ആത്മാവിനെ (തിരിച്ചു തരാതെ) നീ പിടിച്ചുവെക്കുകയാണെങ്കില്‍ നീയതിനോട് കരുണകാണിക്കണേ, |
إنْ أمْسَكْتَ نَفْسِي فارْحَمْها |
നീയതിനെ വിട്ടയക്കുകയാണെങ്കില്‍ അതിനെ നീ സംരക്ഷിക്കേണമേ, |
وإنْ أرْسَلْتَها فاحْفَظْها |
നിന്റെ സദ്‌വൃത്തന്മാരായ അടിമകളെ സംരക്ഷിക്കുന്ന പരിരക്ഷകൊണ്ട്. |
بما تَحْفَظُ به عِبادَكَ الصَّالِحِينَ |
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
“എന്റെ റബ്ബേ, നിന്റെ നാമംകൊണ്ടാണ് എന്റെ പാര്‍ശ്വം ഞാന്‍ വെച്ചിരിക്കുന്നത്. ഇനി നിന്നെക്കൊണ്ടു തന്നെയാണ് ഞാനതിനെ ഉയര്‍ത്തുകയും ചെയ്യുക. എന്റെ ആത്മാവിനെ (തിരിച്ചു തരാതെ) നീ പിടിച്ചുവെക്കുകയാണെങ്കില്‍ നീയതിനോട് കരുണകാണിക്കണേ. അതല്ല, നീയതിനെ അഴിച്ചുവിടുകയാണെങ്കില്‍ നിന്റെ സദ്‌വൃത്തന്മാരായ അടിമകളെ സംരക്ഷിക്കുന്ന (പരിരക്ഷകൊണ്ട്) അതിനെ നീ സംരക്ഷിക്കേണമേ.”
സാന്ത്വനം
ഉറക്കം ഒരുതരം മരണമാണ്. പുര്‍ണ്ണമായ ആശ്വാസത്തോടെയാകണം നമ്മുടെ ഓരോരുത്തരുടേയും നിദ്ര. ആശ്രയമില്ലാത്തവന്റെ നിരാശനിറഞ്ഞ ഉറക്കമല്ല, പൂര്‍ണ്ണമായും തന്റെ നിദ്രയില്‍ തന്റെ കാര്യം ഏറ്റെടുക്കുന്ന ഒരു രക്ഷിതാവിലുള്ള ആശ്രയാശ്വാസത്തോടെയുള്ളവന്റെ ഉറക്കം. അത് വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ഉറക്കിനെപ്പറ്റിയുള്ള ഖുര്‍ആനിന്റെ പ്രസ്താവന ഈ പ്രാര്‍ത്ഥനയുടെ പഠനത്തില്‍ സുപ്രധാനമാണ്. അല്ലാഹു പറഞ്ഞു:
“ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവൊ അവയെ അവന്‍ പിടിച്ചുവെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (സുമര്‍: 42)
ഈ ആയത്തിലെ ആശയം ഉള്‍ക്കൊള്ളും വിധമുള്ള പ്രാര്‍ത്ഥനയാണ് ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനയായി നബി(സ്വ) പഠിപ്പിക്കുന്നത്. രണ്ടു കാര്യങ്ങളാണ് നാം ഈ പ്രാര്‍ത്ഥനയില്‍ അല്ലാഹുവിനോട് ചോദിക്കുന്നത്. 1. ഉറക്കത്തില്‍ എന്നെ നീ മരിപ്പിക്കുന്നുവെങ്കില്‍ അതിനോട് നീ കരുണകാണിക്കണം. ആ പ്രതീക്ഷയിലും ആശ്വാസത്തിലുമാണ് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്. 2. വീണ്ടും പ്രഭാതത്തില്‍ ഉണരാന്‍ നീ ജീവന്‍ നല്‍കുകയാണെങ്കില്‍ സ്വാലിഹീങ്ങളായ ആളുകളെപ്പോലെ ജീവിക്കാനുള്ള സംരക്ഷണവും തൗഫീഖും നീ നല്‍കണം. നിന്നില്‍ നിന്നും അവ പ്രതീക്ഷിച്ചും ആശ്വസിച്ചുമാണ് ഞാന്‍ കിടന്നുറങ്ങുന്നത്.
അല്ലാഹുവിലുള്ള നമ്മുടെ ഉറച്ച ഈമാനിനേയും, അവന്റെ ഖളാഇലും ഖദറിലുമുള്ള നമ്മുടെ വിശ്വാസത്തേയുമാണ് ഈ പ്രാര്‍ത്ഥന കൃത്യമായും ദ്യോതിപ്പിക്കുന്നത്. ഉറങ്ങാനൊരുങ്ങുന്ന വിശ്വാസീ വിശ്വാസികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സാന്ത്വനമാണ് ഈ പ്രാര്‍ത്ഥന.
Source: www.nermozhi.com