സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 13

1106

 

പ്രാര്‍ത്ഥന

رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ

പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 60, സൂറത്തുല്‍ മുംമതഹന, ആയത്ത് 4

പ്രാര്‍ത്ഥിക്കുന്നത് ആര്?

ഇബ്രാഹിം നബി(അ)യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളും നടത്തിയ പ്രാര്‍ത്ഥനയാണ് ഇത്.

പ്രാര്‍ത്ഥനയെപ്പറ്റി

ഇബ്രാഹിം നബി(അ)യിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളിലും ഉത്തമമായ മാതൃകയുണ്ട് എന്ന് പ്രസ്താവിച്ച് കൊണ്ട് തുടങ്ങുന്ന ആയത്താണ് മുംതഹനയിലെ നാലാം വചനം. ബഹുദൈവാരാധകരായിരുന്ന തങ്ങളുടെ ജനതയോട് ഭയപ്പാടില്ലാതെ സ്വന്തം ഏകദൈവ ആദര്‍ശവും ആ ആദര്‍ശത്തിനനുസരിച്ച കണിശമായ നിലപാടും വ്യക്തമാക്കിയവരാണ് ഇബ്‌റാഹീം നബി(അ)യും അനുചരന്മാരും. പ്രസ്തുത നിലപാടില്‍ ജീവിക്കുന്നതു കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ഒരു പ്രതിസന്ധിയേയും അവര്‍ കണക്കിലെടുത്തിരുന്നില്ല. എന്തുകൊണ്ടെന്നാല്‍, തങ്ങളുടെ രക്ഷിതാവ് തങ്ങളുടെ ഭരമേല്‍ക്കാന്‍ മതിയായവനാണെന്നും അവന്റെ സംരക്ഷണം തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുമെന്നും അവര്‍ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍, ആയത്തിന്റെ അവസാനത്തില്‍ പ്രസ്താവിച്ച പ്രകാരം മുകളില്‍ വായിച്ച പ്രാര്‍ത്ഥന നിര്‍വഹിക്കുന്നത്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ

رَّبَّنَا

നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുന്നു

عَلَيْكَ تَوَكَّلْنَا

നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു

وَإِلَيْكَ أَنَبْنَا

നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്

وَإِلَيْكَ الْمَصِيرُ

പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

“ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്.”

സാന്ത്വനം

എല്ലാ പ്രാവാചകന്മാരുടെയും വിശ്വാസ ആദര്‍ശം തൗഹീദാണ്. ഏകദൈവ ആരാധനയിലാണ് മനുഷ്യന്റെ വിജയമിരിക്കുന്നത്. പ്രസ്തുത ആദര്‍ശം ഹൃദയം കൊണ്ടും കര്‍മ്മം കൊണ്ടും അംഗീകരിച്ചു കഴിഞ്ഞാല്‍ ആ മാര്‍ഗ്ഗത്തിലൂള്ള ജീവിതത്തിനും പ്രബോധനത്തിനും പിന്നെ ആരേയും ഭയക്കേണ്ടതില്ല. ഇബ്‌റാഹീം നബി(അ) ആദര്‍ശ പിതാവാണ്. മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്തത് ആ ആദര്‍ശ പിതാവിന്റെ മില്ലത്താണ്. രണ്ടു പ്രവാചകന്മാരും അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസത്തിന്റെയും അവന്റെ കാരുണ്യത്തിലുള്ള അടിയുറച്ച പ്രതീക്ഷയുടേയും പ്രതീകങ്ങളാണ്. അതുകൊണ്ടു തന്നെ വിശ്വാസികളായ നമുക്ക് അവര്‍ അനുകരണീയമായ മാതൃകകളുമാണ്.

അല്ലാഹുവിനെ റബ്ബായി ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് ജീവിതത്തിലെല്ലായിടത്തും ഈമാനിന്റെ മാധുര്യം അനുഭവിക്കാനാകും. അബ്ബാസ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: പ്രവാചകന്‍(സ്വ) അരുളി; അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദിനെ റസൂലായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ മധുരം അനുഭവിച്ചു. (മുസ്ലിം) ഈമാനിന്റെ മധുരമെന്നാല്‍ അതിലൂടെ ലഭിക്കുന്ന ശാന്തിയും സമാധാനവുമാണ്.

അല്ലാഹുവാണ് തന്റെ പരിപൂര്‍ണ്ണ സംരക്ഷന്‍ എന്ന് മനസ്സിലാക്കുന്ന ഒരു മുസ്ലിം  ജീവതത്തില്‍ സമാധാന മനസ്‌കനായിരിക്കും. അല്ലാഹുവാണല്ലൊ സര്‍വ്വരുടേയും ഏക ആശ്രയം. അതുകൊണ്ടു തന്നെ, ഏത് പ്രതിബന്ധങ്ങളിലും പ്രയാസങ്ങളിലും അല്ലാഹുവിനെ മാത്രമായിരിക്കും മുഅ്മിനുകള്‍ ആശ്രയിക്കുന്നത്. മുഅ്മിനുകളുടെ ആ സ്വഭാവമാണ് മേലെ കൊടുത്ത പ്രാര്‍ത്ഥനയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. രക്ഷിതാവെ, നിന്റെ മേല്‍ ഭരമേല്‍പ്പിക്കുന്നു, നിങ്കലേക്ക് മടങ്ങുന്നു, നിന്നിലേക്കാണ് തിരിച്ചു വരവ് എന്ന പ്രസ്താവന എന്റെയും നിങ്ങളുടേയും അല്ലാഹുവിന്റെ ആശ്രയത്തിലുള്ള സംശയമില്ലാത്ത വിശ്വാസത്തെയാണ് പ്രകടിപ്പിക്കുന്നത്.

അല്ലാഹുവില്‍ തവക്കുല്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഖുര്‍ആനില്‍ പല സ്ഥലങ്ങളിലുണ്ട്. മുഅ്മിനുകളുടെ അല്ലാഹുവിലുള്ള ഹൃദയ സാന്നിധ്യമാണ് തവക്കുല്‍ എന്നത്. അല്ലാഹു പറയുന്നത് കാണുക,

നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (ആലുഇംറാന്‍: 159) സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ. (മാഇദ: 11) അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത് (ഇബ്‌റാഹീം: 11) ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. (ഫുര്‍ക്വാന്‍: 58) അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ശൂറ: 10)

നമ്മുടെ ആശ്രയമാണ് അല്ലാഹു. നമ്മുടെ ആശ്വാസമാണ് അല്ലാഹു. അല്ലാഹുവേ, നിന്നില്‍ ഞാന്‍ ഭരമേല്‍പ്പിക്കുന്നുവെന്ന് പറയുമ്പോള്‍ നമ്മളുദ്ദേശിക്കുന്നത്, അല്ലാഹുവേ എന്റെ എല്ലാ ഘട്ടങ്ങളിലും എല്ലാ കാര്യങ്ങളിലും നീ തുണയായി നിലകൊള്ളണേ എന്നാണ്. അതു കൊണ്ടുതന്നെ ഈ ഖുര്‍ആനിക പ്രാര്‍ത്ഥന നമുക്കു നല്‍കുന്നത് സാന്ത്വനമാണ്, സമാധാനമാണ്.