ഹൃദയത്തോട് പുഞ്ചിരിക്കാം

835

ജീവിതത്തില്‍ നീയൊന്നും ചെയ്തിട്ടില്ലെന്നൊ? നിരാശയാണ് നിനക്കെന്നൊ?
സഹോദരാ! നിരാശപ്പെടാന്‍ വരട്ടെ:

നീ അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെ?
നീ പ്രാവചകനെ സ്‌നേഹിച്ചിട്ടില്ലെ?
നീ നമസ്‌കരിച്ചിട്ടില്ലെ?
നീ നോമ്പ് നോറ്റിട്ടില്ലെ?
നീ ദാനം നല്‍കിയിട്ടില്ലെ?
നീ മാതാവിന്റെ നെറ്റിത്തടത്തില്‍ ഉമ്മ വെച്ചിട്ടില്ലെ?
നീ പിതാവിന്റെ കൈപിടിച്ച് സ്‌നേഹാന്വേഷണം നടത്തിയിട്ടില്ലെ?
നീ ഭാര്യയോട് സ്‌നേഹപൂര്‍വ്വം സഹവസിച്ചിട്ടില്ലെ?
നീ മക്കളുടെ ശിരസ്സില്‍ ഉമ്മ നല്‍കിയിട്ടില്ലെ?
നീ സഹോദരങ്ങളോട് സലാം പറഞ്ഞിട്ടില്ലെ?
നീ ആളുകളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചിട്ടില്ലെ?
നീ ദാനം നല്‍കിയിട്ടില്ലെ?
നീ അനാഥകളോട് അലിവു കാണിച്ചിട്ടില്ലെ?
നീ ചോദിച്ചു വന്നവര്‍ക്ക് കഴിവിലുള്ളത് നല്‍കിയിട്ടില്ലെ?
നീ അയല്‍ക്കാരോട് നന്നായി പെരുമാറിയിട്ടില്ലെ?
നീ പള്ളിക്കുവേണ്ടി പണമിറക്കിയിട്ടില്ലെ?
നീ നടവഴിയില്‍ നിന്ന് മുള്ളു മാറ്റിയിട്ടിട്ടില്ലെ?
നീ മറ്റൊരാളുടെ ആവശ്യ നിവൃത്തിക്കായി കൂടെച്ചെന്നിട്ടില്ലെ?
നീ പലരേയും ഉപദേശിച്ചിട്ടില്ലെ?
നീ സാരോപദേശങ്ങള്‍ക്ക് ചെവികൊടുത്തിട്ടില്ലെ?
നീ പക്ഷിമൃഗാദികളോട് ദയ കാണിച്ചിട്ടില്ലെ?
നീ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കിയിട്ടില്ലെ?
നീ സഹോദരങ്ങളുടെ അസാന്നിധ്യത്തില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ലെ?
നീ രോഗികളെ സന്ദര്‍ശിച്ചിട്ടില്ലെ? അവരുടെ രോഗശമനത്തിനായി തേടിയിട്ടില്ലെ?
നീ സഹോദരന്റെ മയ്യിത്തു സംസ്‌കരണത്തില്‍ പങ്കുകൊണ്ടിട്ടില്ലെ? അവന്റെ പരലോകമോക്ഷത്തിനായി ദുആ ചെയ്തിട്ടില്ലെ?
നീ കോപം അടക്കിയിട്ടില്ലെ?
നീ നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് കഴിയുന്നത്ര മാറിനിന്നിട്ടില്ലെ?
നീ പരീക്ഷണ സമയങ്ങളില്‍ ക്ഷമ കൈക്കൊണ്ടിട്ടില്ലെ?

സഹോദരാ…. ഇനിയുമുണ്ട് നിന്റെ ജീവിതത്തില്‍ നീ ചെയ്തു കൂട്ടിയ നന്മകള്‍! ഞാന്‍ കുറച്ചെണ്ണം പറഞ്ഞു പോയെന്നേയുള്ളൂ.

നിരാശപ്പെടേണ്ടതില്ല. നീയൊന്നും ചെയ്തിട്ടില്ലെന്ന് നിന്നെ ചിലര്‍ പ്രസംഗിച്ചു പേടിപ്പെടുത്തുകയാണ്.

മേല്‍പറഞ്ഞവയൊക്കെയും നിന്റെ ദീന് നിനക്കു നല്‍കിയ ബോധനത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്തവ തന്നെയാണല്ലൊ. എല്ലാം ആത്മാര്‍ത്ഥമായും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫല പ്രതീക്ഷയോടെയും ചെയ്തവ. നീ സന്തോഷിക്കുകയാണ് വേണ്ടത്. മുസ്ലിമെന്ന നിലയക്ക് നിനക്ക് ഒരുപാട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ശരിയല്ലെ? എങ്കില്‍ ആഹ്ലാദത്തോടെ പറയുക: അല്‍ഹംദുലില്ലാഹ്!

പരലോക വിചാരണ വരും മുമ്പെ ജീവിതത്തെ സ്വയം വിചാരണ നടത്തണമെന്ന് പറയാറുണ്ട്. സ്വയം വിചാരണ സാധ്യമാകണമെങ്കില്‍ നാം എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ബോധ്യമുണ്ടാകണ്ടെ? പ്രവൃത്തികളെ സംബന്ധിച്ച വിചാരണ നടന്നെങ്കിലല്ലെ പോരായ്മകളെയറിയാനും അവ നികത്തി കൂടുതല്‍ പൂര്‍ണ്ണതയിലേക്ക് പ്രവര്‍ത്തിക്കാനും നമുക്ക് സാധിക്കൂ. ജീവിതം സല്‍പ്രവൃത്തികളാല്‍ മനോഹരമാണ് എന്ന് അറിയുമ്പോഴല്ലെ നമുക്ക് സ്വന്തത്തോടു തന്നെ ആഹ്ലാദത്തോടെ പുഞ്ചിരിക്കാന്‍ കഴിയൂ. അപ്പോഴല്ലെ, പരമകാരുണികന്റെ അനുഗ്രഹാശിസ്സുകള്‍ക്കായി പ്രതീക്ഷാപൂര്‍വ്വം പ്രാര്‍ത്ഥിക്കാനാകൂ.

സന്തോഷിക്കുക; സഹാദരാ നീ ഒരുപാട് നന്മകള്‍ ചെയ്യുന്നുണ്ട്. നിരാശയില്ലാതെ അവയില്‍ത്തന്നെ തുടരുക. ആശംസകള്‍!

Source: www.nermozhi.com