സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 12

1109

പ്രാര്‍ത്ഥന

رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 3, സൂറത്തു ആലു ഇംറാൻ,  ആയത്ത് 38

പ്രാര്‍ത്ഥിക്കുന്നത് ആര്

സകരിയ്യ നബി(അ)

പ്രാര്‍ത്ഥനയെപ്പറ്റി

പ്രായമേറെയായിട്ടും സന്താനസൌഭാഗ്യം ലഭിക്കാതിരുന്ന സകരിയ്യ നബി(അ) അല്ലാഹുവിനോട് നടത്തിയ പ്രാർത്ഥനയാണിത്. മഹതി മർയം(റ) അദ്ദേഹത്തിൻറെ സംരക്ഷണയിലാണ് വളർന്നത് എന്ന് നമുക്കറിയാം. തൻറെ പ്രാർത്ഥനാവേദിയിൽ അഥവാ മിഹ്റാബിൽ ചെന്നു നോക്കുന്പോഴെല്ലാം മർയ(റ)മിൻറെ അടുക്കൽ അവർക്കുവേണ്ട എന്തെങ്കിലും ആഹാര പദാർത്ഥങ്ങൾ സകരിയ്യ നബി(അ) കാണുമായിരുന്നു. മർയമേ, എവിടെ നിന്നാണ് നിനക്കിത് കിട്ടിയത്? എന്ന് അദ്ദേഹം ചോദിച്ചതിന്, അവര്‍ ഇപ്രകാരം മറുപടി പറയുകയുണ്ടായി: അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു. (ആലുഇംറാൻ/37). ഇതു കേട്ട സമയം സകരിയ നബി(അ) അല്ലാഹുവിലേക്ക് തിരിഞ്ഞ് തൻറെ ആവശ്യം പറഞ്ഞ് പ്രാർത്ഥിക്കുകയാണ്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് നല്‍കേണമേ

رَبِّ هَبْ لِي مِن لَّدُنْكَ

ഒരു ഉത്തമ സന്താനത്തെ

ذُرِّيَّةً طَيِّبَةً

തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ

إِنَّكَ سَمِيعُ الدُّعَاءِ

 പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ.

സാന്ത്വനം

നമ്മളെല്ലാവരും വിവിധതരം ആവശ്യങ്ങളുള്ളവരാണ്. അവയൊക്കെയും നിവൃത്തിക്കപ്പെടണമെന്നാണ് നമ്മുടെ ആഗ്രഹം. ആവശ്യനിവൃത്തികൾക്കായി ഭൌതികമായ വഴികളെല്ലാം ആരായുന്പോഴും വിശ്വാസികളെന്ന നിലയ്ക്ക് നമ്മുടെയൊക്കെ സ്വഭാവമാണ് അല്ലാഹുവിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുക എന്നത്. കാരണം, നിങ്ങൾ പ്രാർത്ഥിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം എന്ന് അല്ലാഹു വാക്കുതന്നിട്ടുള്ളതാണല്ലൊ. ഏതൊരവസരത്തിലും, ഏത് കാര്യത്തിനു വേണ്ടിയും കാരുണ്യവാനായ റബ്ബിനോട് നാം പ്രാർത്ഥിക്കുന്നത് അവൻറെ പരിഗണനകൾ ലഭിക്കാൻ അനിവാര്യമാണ്. (നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? (ഫുർക്വാൻ/77) എന്ന ആയത്ത് അതാണ് നമ്മെ പഠിപ്പിക്കുന്നത്.

പ്രവാചകന്മാർ അവരുടെ ആവശ്യങ്ങളെല്ലാം അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു വാങ്ങിയവരാണ്. അല്ലാഹു അല്ലാതെ വേറെ ആരാണ് നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നതും ഉത്തരം നൽകുന്നതും? അല്ലാഹു നമ്മുടെ പരമമായ ആശ്രയമാണ്; അവൻ നമുക്കുള്ള ആശ്വാസവുമാണ്. മഹാനായ സകരിയ നബി(അ) വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ഒരു കുഞ്ഞു വേണമെന്നത് അദ്ദേഹത്തിൻറെ ആഗ്രഹമാണ്. നീണ്ട കാലങ്ങൾ അതിന്നായി അല്ലാഹുവിനോട് അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. പ്രാർത്ഥനയിൽ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നില്ല. ഇതൊരു പാഠമാണ് നമുക്ക്. അല്ലാഹുവിനോട് ആവശ്യങ്ങൾ പറഞ്ഞ് ഒന്നു രണ്ടു വട്ടം പ്രാർത്ഥിച്ചു കഴിയുന്പോഴേക്കും നമുക്ക് നിരാശയാണ്. അല്ലാഹുവിനെപ്പറ്റി പരാതിയാണ്. എന്നാൽ ദീർഘകാലം കുഞ്ഞിനുവേണ്ടി പ്രാർത്ഥിച്ചിരുന്ന സകരിയ നബി(അ) തൻറെ പ്രാർത്ഥനയെപ്പറ്റി പറയുന്നത് കേട്ടു നോക്കൂ.  ‘എന്റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.’ (മര്‍യം/4)

സകരിയ നബി(അ)യുടെ തുടർച്ചയായ പ്രാർത്ഥനകൾ അല്ലാഹു കേട്ടു. അദ്ദേഹത്തിന് വിശിഷ്ഠനായ ഒരു സന്താനത്തെ നൽകുകയും ചെയ്തു. അല്ലാഹു തന്നെ പ്രസ്തുത സന്താനത്തിന് പേര് നൽകുന്നതും. സൂറത്തു മർയമിലെ ഏഴാം വചനത്തിൽ അതിനെപ്പറ്റി ഖുർആൻ പറയുന്നുണ്ട്.

‘ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല.’

അല്ലാഹു കാരുണ്യവാനാണ്. അലിവുള്ളവനാണ്. നമ്മുടെ മുഴുവൻ ആശ്രയമാണവൻ. നമുക്കുള്ള ഏക ആശ്വാസവും അവൻ തന്നെയാണ്. സകരിയ നബി(അ)യുടെ പ്രാർത്ഥന നമ്മുടെ ജീവിതത്തിലും നിലനിർത്തുക. കുഞ്ഞുങ്ങൾക്കായി കൊതിക്കുന്നവർക്ക് ഈ പ്രാർത്ഥന ഒരു സാന്ത്വനമാണ്.