സമ്മാനങ്ങള്‍ സ്നേഹസൂനങ്ങള്‍

1722

കയ്യിലൊരു സമ്മാനവുമായി മുന്നില്‍ വന്നു നില്‍ക്കുന്നവനോട് നമുക്കുണ്ടാകുന്ന സ്നേഹമെത്രയാണ്.

ആ നിമിഷം നമ്മുടെ ഹൃദയത്തില്‍ തഴുകിയൊഴുകുന്ന സന്തോഷത്തിന്‍റെ തെന്നലെത്രയാണ്

സമ്മാനം സ്നേഹമാണ്. ഹൃദയത്തിന് ഹൃദയത്തില്‍ ഒരിടം നല്‍കുന്ന അവാച്യമായ വികാരമാണത്. സമ്മാനത്തിന് മൂല്യം പറയുക വയ്യ. അല്ലെങ്കിലും സ്നേഹത്തിന് വിലപറയാന്‍ ആര്‍ക്കാണ് കഴിയുക.

ഉപ്പയും ഉമ്മയും മക്കള്‍ക്കു നല്‍കുന്ന സമ്മാനം
മക്കള്‍ ഉപ്പാക്കും ഉമ്മാക്കും നല്‍കുന്ന സമ്മാനം
ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിനും നല്‍കുന്ന സമ്മാനം
സഹോദരീ സഹോദരന്മാര്‍ അന്യോന്യം നല്‍കുന്ന സമ്മാനം
അയല്‍വാസികള്‍ തമ്മതമ്മില്‍ നല്‍കുന്ന സമ്മാനം
കൂട്ടുകാര്‍ കൈമാറുന്ന സമ്മാനം
അഥിതികള്‍ക്കു സമര്‍പ്പിക്കുന്ന സമ്മാനം
വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന സമ്മാനം…

വ്യക്തികള്‍ക്കിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ സമ്മാനങ്ങള്‍ക്ക് അനന്യമായ പങ്കുണ്ട്. സമ്മാനം നല്‍കാന്‍ വിശിഷ്ഠാവസരങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടതില്ല. എപ്പോഴുമതാകാം. സമ്മാനം ഹൃദയബന്ധങ്ങളെ സുദൃഢമാക്കും. അകന്നവരെ അടുപ്പിക്കും. അടുത്തവരില്‍ ഇണക്കം ഊഷ്മളമാക്കും. അടഞ്ഞു കിടന്ന മനസ്സുകളില്‍ പ്രകാശം പരത്തും. സ്നേഹത്തിന്‍റെ മാസ്മരപ്പക്ഷികളെ ബന്ധങ്ങളില്‍ ചിറകുവിടര്‍ത്തിപ്പറക്കാനയക്കും.

സമ്മാന ദാനം മുഹമ്മദു നബി(സ്വ)യുടെ ജീവിത ചര്യയില്‍ പ്രകടമാണ്. തിരുമേനിയിലെ മികച്ച സ്വഭാവമാണത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനുള്ള നിര്‍ദ്ദേശങ്ങള്‍ അവിടുത്തെ സാരോപദേശങ്ങളില്‍ നിരവധിയുണ്ട്.

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: നിങ്ങള്‍ സമ്മാനങ്ങള്‍ നല്‍കുവീന്‍ പരസ്പരം സ്നേഹം കൈമാറുവീന്‍. (ബുഖാരി  അദബുല്‍ മുഫ്റദ്)

പ്രവാചക സുന്നത്തില്‍ സമ്മാനക്കൈമാറ്റത്തിന് പ്രത്യേകം സ്ഥാനമുണ്ട്. നബി(സ്വ) സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നു. തീര്‍ച്ചയായും ഹൃദയത്തിലെ വിദ്വേഷങ്ങളെ അകറ്റാന്‍ സമ്മാനദാനത്തിന് സാധിക്കുന്നതാണ്. ക്വുര്‍ത്വുബി(റ)യുടെ വാക്കുകളാണിത്.

പ്രവാചക ശ്രേഷ്ഠന്‍ സമ്മാനം സ്വീകരിക്കുമായിരുന്നു. സമ്മാനദാനം വിശ്വാസികള്‍ക്ക് സുന്നത്തായി അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകനിലെ ഉല്‍കൃഷ്ടമായ മാതൃകയാണത്. സമ്മാനം മനസ്സുകളില്‍ സ്നേഹത്തെ വളര്‍ത്തും പകയെ അകറ്റും. പ്രവാചകന്‍റെ പ്രസ്തുത ചര്യ പിന്തുടരുമ്പോള്‍ ലഭ്യമാകുന്ന ഗുണമാണിത്. ഇബ്നു അബ്ദില്‍ ബിര്‍റി(റ)ന്‍റെ വിശദീകരണമാണ് നാം വായിച്ചത്.

സമ്മാനം സ്നേഹോപഹാരമായി ആര്‍ക്കും നല്‍കും. അക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് അവിശ്വാസികള്‍ക്ക് എന്ന വ്യത്യാസമില്ല. തന്നില്‍ വിശ്വസിക്കാത്ത, തന്നോട് ഏറെ വെറുപ്പു വെച്ചു പുലര്‍ത്തിയിരുന്ന സ്വഫ് വാനുബ്നു ഉമയ്യ(റ), ഒരിക്കല്‍ തന്നെ വന്നുകണ്ട സന്ദര്‍ഭത്തില്‍ രണ്ട് ആട്ടിന്‍ പറ്റങ്ങളെ സമ്മാനമായി പ്രവാചകന്‍ (സ്വ) നല്‍കിയ സംഭവം സ്വഹീഹുല്‍ മുസ്ലിമില്‍ വായിക്കാം. പിന്നീട് ഇസ്ലാമാശ്ലേഷിച്ച സ്വഫ് വാന്‍(റ) തന്നെ അക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: അല്ലാഹുവിന്‍റെ ദൂതന്‍ തരാവുന്നത്രയും സമ്മാനം എനിക്കു നല്‍കി. സത്യത്തില്‍ അദ്ദേഹത്തോടായിരുന്നു എന്‍റെ വെറുപ്പത്രയും. ക്രമേണ, അദ്ദേഹമെനിക്ക് ഇഷ്ടഭാജനമായിത്തീര്‍ന്നു. (മുസ്ലിം)

സമ്മാനത്തിന് വലുപ്പമില്ല; ചെറുപ്പവും.

ഭര്‍ത്താവ് ഭാര്യക്കു നല്‍കുന്ന ഒരു ചെറിയ റോസാപ്പൂവിന് വിലപറയാനാകില്ല. പക്ഷെ, ഒന്നു പറയാം; അതില്‍ നിറയെ പ്രണയമുണ്ട്.

ഉപ്പ മക്കള്‍ക്കു നല്‍കുന്ന ഒരു പൊതി മിഠായിക്കല്ല വില; അതിലെ സ്നേഹം ചാലിച്ച പരിഗണനക്കാണ്.

അധ്യാപകനില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്ന ഒരു കഷ്ണം ചോക്ക് സത്യത്തില്‍ സമ്മാനമാണ്; അവന്‍റെ ഹൃദയത്തിന് അതുണ്ടാക്കുന്നത് കുളിരാണ്.

ഒരു അയല്‍വാസിക്ക് ഒരുപാത്രം കറികൊടുക്കുന്നതു പോലും അവര്‍ക്കുളള സമ്മാനമാണ്. അയല്‍പക്കബന്ധത്തിന്‍റെ ഊഷ്മളതക്ക് അത് സംഭാവനയുമാണ്. അതിന്ന് അല്ലാഹുവില്‍ നിന്ന് പ്രതിഫലവുമുണ്ട്.

പ്രവാചകന്‍(സ്വ) ഈ വിഷയകമായി വിശ്വാസിനികള്‍ക്ക് നല്‍കിയ ഒരു ഉപദേശമുണ്ട്.

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ (സ്വ) പറഞ്ഞു: മുസ്ലീം സ്ത്രീകളേ, ഒരു അയല്‍വാസിനിയും തന്‍റെ അയല്‍വാസിനിയെ പരിഗണിക്കാതെ പോകരുത്; വെറും ആട്ടിന്‍കുളമ്പിട്ട കറിയാണെങ്കിലും അവര്‍ക്ക് കൈമാറുക (ബുഖാരി, മുസ്ലിം)

സമ്മാനം നല്‍കുന്നത് പോലെത്തന്നെ അത് സ്വീകരിക്കുന്നതും സുപ്രധാനമാണ്.

വില നോക്കിയാകരുത് ആരില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കേണ്ടത്.

തരുന്ന ആളെ നോക്കിയും ആകരുത്.

ആരു തന്നാലും സമ്മാനങ്ങളെ നിരസിക്കുകയും അരുത്, അങ്ങനെ ചെയ്യുന്നത് വിനയമല്ല, തരുന്നവനോടു കാണിക്കുന്ന അവിവേകമാണ്.

പ്രവാചകന്‍(സ്വ) ഒരിക്കല്‍ പറഞ്ഞു: മാംസമില്ലാത്ത വെറും എല്ലിട്ടു വേവിച്ച കറിയാണ് ഒരാള്‍ എനിക്ക് കഴിക്കാനായിത്തരുന്നതെങ്കിലും ഞാനതിലേക്ക് കൈനീട്ടും. ആട്ടിന്‍റെ കൈ ഭാഗം സമ്മാനമായി നല്‍കിയാലും ഞാനതു സ്വീകരിക്കും. (ബുഖാരി)

സമ്മാനം നല്‍കുന്നവന്‍റെ ഹൃദയത്തെയും സ്നേഹത്തേയുമാണ് ഇവിടെ പ്രവാചകന്‍ (സ്വ) പരിഗണിക്കുന്നത്.

അവ സ്വീകരിക്കുമ്പോള്‍, നല്‍കിയവനിലുണ്ടാക്കുന്ന പുഞ്ചിരിയും സന്തോഷവുമാണ് തിരുമേനി (സ്വ)യെ ആഹ്ലാദിപ്പിക്കുന്നത്.

നമുക്ക് സമ്മാനങ്ങള്‍ കൈമാറാം. സ്നേഹനൂലില്‍ ആഹ്ലാദപൂര്‍വ്വം സദാ ചേര്‍ന്നുനില്‍ക്കാം.

പ്രവാചക തിരുമേനിയുടെ സാരോപദേശം ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ: നിങ്ങള്‍ സമ്മാനങ്ങള്‍ നല്‍കുവീന്‍, പരസ്പരം സ്നേഹം കൈമാറുവീന്‍.