15 – നമ്മുടെ കൈകളിലും വേണം ഈ പുണ്യം
പ്രതിസന്ധികളില്‍ പരിഹാരമായി മാതൃസേവനം കൈവശമുണ്ടെങ്കില്‍?
വിശ്വാസികള്‍ക്ക് അത് അനുഗ്രഹം തന്നെ!
മാതാവിനുവേണ്ടിയുള്ള സേവനങ്ങളും, പരിചരണങ്ങളും അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യകര്‍മ്മാണ്.
തന്നെ മാത്രം ആരാധിക്കണമെന്ന് അടിമകളെ ഉപദേശിച്ച റബ്ബ്, തൊട്ടുടനെ ആവശ്യപ്പെട്ടത്; മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക എന്നാണ്.
ദുനിയാവിലും നാളെ പരലോകത്തും വിശ്വാസികള്‍ക്കത് ഫലം ചെയ്യും.
ദീര്‍ഘയാത്രയിലേര്‍പ്പെട്ട മൂന്നംഗ സംഘത്തിന്‍റെ ചരിത്രം പ്രവാചക ഹദീസുകളില്‍ വായിച്ചിട്ടില്ലെ?
അതെ, കാട്ടിലൂടെയുള്ള യാത്രയില്‍ കാറ്റും മഴയും വന്നപ്പോള്‍ അവര്‍ മൂന്നു പേരും ഒരു ഗുഹയിലഭയം തേടി. അവരവിടെ സുഖമായുറങ്ങി.
നേരം പുലര്‍ന്നപ്പോള്‍ പക്ഷെ, അവര്‍ക്ക് പുറത്തു കടക്കാന്‍ വയ്യ.
ഗുഹാമുഖം വലിയൊരു പാറക്കല്ലിനാല്‍ മൂടിയിരിക്കുന്നു!
അതിനെ തള്ളിനീക്കാനും പുറത്തു കടക്കാനും അവര്‍ അശക്തരായിരുന്നു. എന്തു ചെ യ്യും?
അതില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു: നാം ചെയ്ത സല്‍കര്‍മ്മങ്ങളെടുത്തു പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. നമുക്ക് വിടുതല്‍ ലഭിച്ചേക്കാം.
ശരിയാണ്; സല്‍കര്‍മ്മങ്ങളെ വസീലയാക്കിക്കൊണ്ടുള്ള പ്രാര്‍ഥന ഇസ്ലാം പഠിപ്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും ചെയ്യുക. (മാഇദ/35)
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ശൈഖ് ഇബ്നു സഅദീ(റ) എഴുതി: അതായത്, അല്ലാഹുവിനോട് അടുക്കാന്‍, അവന്‍റെ മുന്നില്‍ വിനയം കാണിക്കാന്‍, അവനെ സ്നേഹിക്കാന്‍ ശ്രമിക്കുക. അല്ലാഹുവിനെ ഇഷ്ടപ്പെടുക, അല്ലാഹുവിനു വേണ്ടി ഇഷ്ടപ്പെടുക, ഭയം, പ്രതീക്ഷ, കീഴൊതുക്കം, തവക്കുല്‍ തുടങ്ങിയ മാനസികമായ ബാധ്യതകള്‍ നിര്‍വഹിക്കുക, സകാത്ത്, ഹജ്ജ്, നമസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍, ഉപകാരങ്ങള്‍ നല്‍കല്‍, നന്മയുപദേശിക്കല്‍, വിജ്ഞാനം പകരല്‍ തുടങ്ങിയ ശാരീരിക ബാധ്യതകള്‍ അനുഷ്ഠിക്കുക. ഇവ്വിധമാകണം അല്ലാഹുവിലേക്ക് സാമീപ്യം തേടേണ്ടത്. (തയ്‌സീറുല്‍ കരീമിര്‍റഹ്മാന്‍ തഫ്‌സീറു കലാമില്‍ മന്നാന്‍)
ഇതേ ആയത്തിന്‍റ വിശദീകരണത്തില്‍ ഇബ്നു കഥീര്‍(റ) എഴുതി: ക്വതാദ(റ) പറയുന്നു: (അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുക) എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്; നിങ്ങള്‍ വിധിവിലക്കുകള്‍ അനുസരിച്ചു കൊണ്ടും അവനെ തൃപ്തിപ്പെടുത്താവുന്ന കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്നാണ്. പണ്ഡിതന്മാരെല്ലാം ഇതേ അഭിപ്രായം പറഞ്ഞവരാണ്. മുഫസ്സിറുകളിലാര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍, മാഇദ-35ന്റെ വിശദീകരണത്തില്‍)
നമുക്ക് ഹദീസിലേക്കു തന്നെ തിരിച്ചു വരാം.
ഗുഹയിലകപ്പെട്ട മൂന്നു പേര്‍. അല്ലാഹുവിനോടവര്‍ പ്രാര്‍ഥിക്കാനൊരുങ്ങുകയാണ്.
ഏത് പ്രതിസന്ധിയിലേയും ആദ്യത്തേയും അവസാനത്തേയും ആശ്രയം അവനാണല്ലൊ: മരുഭൂമിയിലായാലും മലഞ്ചെരിവിലായാലും ദുനിയാവിലെവിടെയായാലും!
ആദ്യത്തെയാളുടെ പ്രാര്‍ഥന കേള്‍ക്കുക:
“നാഥാ! എനിക്ക് എന്‍റെ ഉപ്പയും ഉമ്മയുമുണ്ട്. രണ്ടു പേരും പ്രായമായവര്‍. എനിക്കെന്‍റെ കൊച്ചു മക്കളും ഭാര്യയുമുണ്ട്. എല്ലാവരേയും പരിചരിക്കേണ്ടത് ഈ ഞാനാണ്.
എന്നും ജോലികഴിഞ്ഞ് വീടണഞ്ഞാല്‍ ആടുകളെ കറന്ന് പാലെടുത്ത് ആദ്യം എന്‍റെ ഉപ്പയേയും ഉമ്മയേയും കുടിപ്പിച്ചേ എന്‍റെ മക്കള്‍ക്കു പോലും ഞാന്‍ നല്‍കാറുള്ളൂ.
അല്ലാഹുവേ, ഒരിക്കല്‍, ജോലികഴിഞ്ഞെത്താന്‍ ഞാന്‍ വൈകിയ അന്ന്, കറന്നെടുത്ത പാലുമായി എന്‍റെ മാതാപിതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ ഉറക്കത്തിലായിരുന്നു.
അവരുടെ ഉറക്കത്തിന് ഭംഗം വരുത്താന്‍ എനിക്കു മനസ്സു വന്നില്ല.
അവരുണരുന്നതുവരെ ഞാനവരുടെ തലക്കരികില്‍ കാത്തിരുന്നു.
തൊട്ടരികില്‍, വിശന്നു കരയുന്ന എന്‍റെ പൈതങ്ങള്‍ക്കു പോലും ഞാനൊരിറ്റു പാലും നല്‍കിയില്ല;
ആദ്യം എന്‍റെ ഉമ്മയേയും ഉപ്പയേയും കുടിപ്പിക്കണം; അവരെക്കഴിഞ്ഞേ മറ്റാരും.
അതാണെന്‍റെ ശീലം.
പിറ്റേന്ന് പ്രഭാതത്തില്‍ അവരിരുവരും ഉണര്‍ന്ന്, അവര്‍ക്കിരുവര്‍ക്കും പാലു നല്‍കിയതിനു ശേഷമേ ഞാനവരുടെ അരികില്‍ നിന്നും മാറിയുള്ളൂ.
അല്ലാഹുവേ, നിന്‍റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുള്ളതായിരുന്നൂ എന്‍റെയീ കര്‍മമെങ്കില്‍, ആകാശവെട്ടം കാണുമാറ്, ഈ പ്രതിസന്ധി നീക്കി ഞങ്ങളെ നീ രക്ഷപ്പെടുത്തിയാലും.”
അല്ലാഹു അക്ബര്‍! പ്രതീക്ഷയുടെ കിരണം!
ഗുഹാമുഖത്തുനിന്നു നിന്നും പാറയൊരല്‍പം നീങ്ങി.
അതെ, ഉമ്മാക്കും ഉപ്പാക്കുമുള്ള പരിഗണനയും പരിചരണവും പുണ്യമാണ്.
അല്ലാഹുവിങ്കല്‍ ശ്രേഷ്ഠമാണവ.
അവയെടുത്തു പ്രാര്‍ഥിച്ചാല്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാണ്.
സഹോദരീ സഹോദരങ്ങളേ, വെളിയിലേക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം ജീവിതത്തിന്‍റെ ഗുഹാമുഖത്ത്, പ്രതിസന്ധികളുടേയും, പ്രാരാംബ്ധങ്ങളുടേയും പാറക്കല്ലുകള്‍ വന്ന് മൂടുമ്പോള്‍, അവയൊന്ന് നീങ്ങിക്കിട്ടാനായി അല്ലാഹുവിനോട് വസീലയാക്കി പ്രാര്‍ഥിക്കാന്‍ ഇത്തരത്തിലൊരു പുണ്യം നമ്മുടെയൊക്കെ കൈകളിലുണ്ടൊ?
ഉണ്ടെങ്കിൽ നാം ധന്യർ: ഭാഗ്യവാൻമാർ!
Source: www.nermozhi.com