കുടുംബ ബന്ധം മുറിക്കൽ

5542

അണുകുടുംബ വ്യവസ്ഥ വ്യാപകമായി വരുന്നതോടെ നാം കാലങ്ങളായി പിന്തുടരുന്ന കൂട്ടുകുടുംബ വ്യവസ്ഥ വേരറ്റുപോയിക്കൊണ്ടിരിക്കയാണ്‌. അങ്ങനെ കുടുംബബന്ധത്തിലും വന്‍വിള്ളലുകള്‍ വന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധത്തിന്‌ ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ്‌ കല്‍പിക്കുന്നത്‌. ഒരു ഹദീഥിലിങ്ങനെ കാണാം:

അബൂഹുറൈറ (റ) നിവേദനം: “റസൂല്‍ (സ) പറഞ്ഞു: അല്ലാഹു സൃഷ്‌ടികർമ്മം പൂർത്തീകരിച്ചു ഴിഞ്ഞപ്പോള്‍ കുടുംബബന്ധം എഴുന്നേറ്റു നിന്നു പറഞ്ഞു. കുടുംബബന്ധ വിഛേദനത്തില്‍ നിന്നോടഭയം തേടാന്‍ പറ്റിയ സന്ദര്‍ഭമത്രേ ഇത്‌. അല്ലാഹു പറഞ്ഞു. അതെ, നിന്നെ ചേര്‍ക്കുന്നവരെ ഞാന്‍ ചേര്‍ക്കും. നിന്നെ മുറിക്കുന്നവരെ ഞാനും മുറിക്കും. നിനക്ക്‌ തൃപ്‌തിയായില്ലേ! അതെ, കുടുംബബന്ധം പറഞ്ഞു. അല്ലാഹു പറഞ്ഞു. അങ്ങനെതന്നെ. പിന്നെ റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്ത്‌ ഓതുക. സാരം: എന്നാല്‍, നിങ്ങള്‍ കൈകാര്യ കര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബബന്ധം വിഛേദിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെ അല്ലാഹു ശപിച്ചിരിക്കുന്നു. അങ്ങനെ അവര്‍ക്ക്‌ അവന്‍ ബധിരത നല്‍കുകയും അവരുടെ കണ്ണുകള്‍ക്ക്‌ അന്ധത വരുത്തുകയും ചെയ്‌തിരിക്കുന്നു.” (47/22,23) (ബു.മു)

കുടുംബ ബന്ധം മുറിക്കുന്ന ഒരവസ്ഥ വന്നാൽ അത് ലോകാവസാനത്തിന്റെ അടയാളമാണ്. ഇന്ന് പലപ്പോഴും മുമ്പ് ഉള്ളപോലെയുള്ള ബന്ധങ്ങൾ ഇല്ലാതാകുന്നു. ഇന്ന് ബന്ധം ഉറപ്പിക്കാൻ സാഹചര്യങ്ങൾ കൂടുതലാണ്. എന്നാൽ അവസ്ഥയോ…??!!

ബന്ധങ്ങൾ അകന്നു കൊണ്ടിരിക്കുകയാണ്. കുടുബങ്ങളിലെ മരണം, വിവാഹം ഇവയെല്ലാം അറിയാതെ പോകുന്നു. മനഃപ്പൂർവ്വവും അല്ലാതെയും ബന്ധം മുറിക്കുന്ന ആളുകളെ നമുക്കിന്ന് കാണാൻ കഴിയും.കുടുബബന്ധം മുറിക്കൽ ലോകാവസാനത്തിന്റെ ലക്ഷണങ്ങളിൽപെട്ടതാണ്.
നബി (സ) പറഞ്ഞു: ” നീചവൃത്തിയും ബോധപൂർവ്വമുള്ള നെറികേടുകളും കുടുംബ ബന്ധം മുറിക്കലും ചീത്ത അയൽപക്കവും വ്യാപകമാകുന്നത്‌ വരെ അന്ത്യനാൾ സംഭവിക്കുകയില്ല ”
(മുസ്‌ നദ്‌ അഹമദ്‌ )

നബി(സ) പറഞ്ഞു : നീചവൃത്തിയും ബോധപുർവ്വമുള്ള നെറികേടുകളും കുടുംബ ബന്ധം മുറിക്കലും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതത്രേ ”(ത്വബ്‌ റാനി)

ഇസ്ലാം നല്ലൊരു സ്ഥാനം കുടുംബബന്ധത്തിന് കൊടുക്കുന്നുണ്ട്.
ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13)

ഉപജീവനത്തിൽ വിശാലത ലഭിക്കാനും, ദീർഘായുസ്സ് ലഭിക്കാനുള്ള മാർഗം ഇതാ…
عَنْ أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ.(ബുഖാരി:5980.(മുസ്‌ലിം:2557)

നബി(സ) പറഞ്ഞു : ആയുസ് വർദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന്‍ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ. കുടുംബബന്ധം പുലർത്തുകയും ചെയ്യട്ടെ. (മുസ്നദ് അഹ്മദ് :3/229)

ഇബ്‌നു ഉമർ(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘തന്റെ നാഥനെ സൂക്ഷിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുന്നവന് അല്ലാഹു ആയുസ്സും സമ്പത്തും അധികരിപ്പിച്ചുകൊടുക്കുകയും ബന്ധുക്കള്‍ അയാളെ ഇഷ്ടപ്പെടുകയും ചെയ്യും’. (ബുഖാരി / അദബുല്‍ മുഫ്‌റദ്)

അല്ലാഹു പറയുന്നത് ഇങ്ങനെ.. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും.

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)

ആരാണ് കുടുംബബന്ധം പുലര്‍ത്തുന്നവന്‍?!

അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്(ബുഖാരി. 8. 73. 20)

ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: മനുഷ്യരുടെ കര്‍മങ്ങള്‍ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവില്‍ (അല്ലാഹുവിന്റെ മുമ്പാകെ) പ്രദര്‍ശിപ്പിക്കപ്പെടും. എന്നാല്‍ കുടുംബബന്ധം വിഛേദിച്ചവന്റെ കര്‍മങ്ങളൊന്നും അന്ന് സ്വീകരിക്കപ്പെടുകയില്ല.'(അഹ്മദ്).

ഇങ്ങോട്ട് തന്നാൽ അങ്ങോട്ടും എന്നുള്ള രീതിയല്ല വേണ്ടത്. മറിച്ചു ബന്ധങ്ങൾ ചേർക്കുന്നവനാണ് കുടുബക്കാരൻ.

അബ്ദുല്ലാഹ് ഇബ്നു അംറ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. കുടുംബബന്ധം (അല്ലാഹുവിന്റെ) അ൪ശുമായി (സിംഹാസനവുമായി) ബന്ധപ്പെട്ടതാണ്. പകരത്തിന് പകരമായി നല്‍കുന്നത് ബന്ധം ചേ൪ക്കലല്ല. എന്നാല്‍‌ മുറിഞ്ഞുപോയ ബന്ധത്തെ വിളക്കിചേ൪ക്കുന്നവനാണ് യഥാ൪ത്ഥത്തില്‍ ബന്ധം ചേ൪ക്കുന്നവന്‍.
(അഹ്മദ്)

ഞാൻ അങ്ങോട്ട് പോയി കൂടാനോ… അവൻ ഇങ്ങോട്ട് വരട്ടെ എന്നുള്ള ചിന്തയാണ് മിക്കവർക്കും. എന്നാൽ ഒരു സത്യവിശ്വാസി അങ്ങനെയാവരുത്.ബന്ധം ചേർക്കാൻ ചെന്നാൽ നമ്മൊളൊട് എങ്ങേനെയും പെരുമാറിക്കൊള്ളട്ടെ നാം സലാം പറഞ്ഞു ബന്ധം ചേർക്കാൻ ശ്രമിക്കുക.

നാം അങ്ങോട്ട് ബന്ധം ചേ൪ക്കാന്‍ ശ്രമിച്ചാലും അകല്‍ച്ചക്ക് ശ്രമിക്കുകയും ഇങ്ങോട്ട് മോശമായി പെരുമാറുകയും ചെയ്യുന്നവരുണ്ടാകും. അതൊന്നും നാം നോക്കേണ്ടതില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിത്തം നാം നിര്‍വഹിക്കുകയാണ് വേണ്ടത്. അത്തരം സന്ദ൪ഭങ്ങളിലെല്ലാം അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കുമെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.

عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ ‏.‏ فَقَالَ ‏ “‏ لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ ‏”‏ ‏.

അബൂഹുറൈറയില്‍(റ) വിൽ നിന്ന് നിവേദനം: ഒരാൾ നബിയോട്(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം:2558).

ഇങ്ങോട്ട് തിന്മ ചെയ്താലും നാം തിരിച്ചു അങ്ങോട്ട് കുടുംബബന്ധം കൂട്ടിയിണക്കുക.കുടുബബന്ധം പാലിച്ചു മുന്നോട്ട് പോവുക. അല്ലാഹു അതിനു തൗഫീഖ് ചെയ്യട്ടെ. ആമീൻ.
ഓർക്കുക… കുടുബബന്ധം മുറിക്കുന്നത് ലോകാവസാനത്തിന്റെ സൂചനയാണ് റസൂൽ (സ)യുടെ പാഠങ്ങൾ പറഞ്ഞു തരുന്നു.