സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 11

718

പ്രാര്‍ത്ഥന

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 14 സൂറത്തു ഇബ്റാഹീം,  ആയത്ത് 41

പ്രാര്‍ത്ഥിക്കുന്നത് ആര്

ഇബ്റാഹീം നബി(അ)

പ്രാര്‍ത്ഥനയെപ്പറ്റി

ഖലീലുള്ളാഹി ഇബ്റാഹീം നബി(അ) അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകളിൽ ഒന്നാണ് മുകളിലുള്ളത്. സൂറത്തു ഇബ്റാഹീമിൽ ആയത്ത് 31 മുതൽക്ക് അദ്ദേഹത്തിൻറെ പ്രാർത്ഥനകൾ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. ആ പ്രാർത്ഥനകൾകൂടി, ഈ പ്രാർത്ഥനയുടെ ആശയ ഗ്രഹണത്തിന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ

വിചാരണ നിലവില്‍ വരുന്ന ദിവസം

يَوْمَ يَقُومُ الْحِسَابُ

 പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ.

സാന്ത്വനം

പ്രവാചകന്മാരുടെ പ്രാർത്ഥനകൾ ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്, വിശ്വാസികളായ നമുക്കു കൂടി പാഠമാകാനും അവ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കാനുമാണ്. അല്ലാഹുവിനോട് പ്രാർത്ഥനകളിലൂടെ നിരന്തരം ബന്ധപ്പെട്ടവരായിരുന്നു എല്ലാ നബിമാരും. അവർ നല്ലകാര്യങ്ങളിൽ മത്സരിക്കുന്നവരും നമ്മോട് പ്രതീക്ഷയോടെയും ഭയപ്പാടോടെയും പ്രാർത്ഥിക്കുന്നവരുമായിരുന്നു (അന്പിയാഅ്: 90) എന്ന് അല്ലാഹു പ്രവാചകന്മാരെപ്പറ്റി പറയുന്നുണ്ട്. പ്രവാചകരുടെ പ്രാർത്ഥനകൾ അല്ലാഹു പ്രത്യേകം എടുത്ത് പ്രസ്താവിച്ചതിൽ നിന്ന്, ആ പ്രാർത്ഥനകൾ അല്ലാഹു പരിഗണിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യങ്ങൾ അല്ലാഹു നിവൃത്തിച്ചു കൊടുത്തിട്ടുണ്ട് എന്നുമാണ് മനസ്സിലാകുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം അതൊരു ആശ്വാസം തന്നെയാണ്.

ഇവിടെ ഇബ്രാഹീം നബി പ്രാർത്ഥിക്കുന്നത് പരലോകത്തെ സുപ്രധാനമായൊരു ഗുണത്തിനുവേണ്ടിയാണ്. അല്ലാഹുവിൻറെ മാപ്പ് ലഭിക്കുക എന്നതാണത്. ആദ്യം തനിക്കു വേണ്ടിയും പിന്നെ തൻറെ രക്ഷിതാക്കൾക്കു വേണ്ടിയും തുടർന്ന് വിശ്വാസികൾക്ക് മുഴുവനായും വിചാരണാ നാളിൽ പാപമുക്തി ലഭിക്കണമെന്നും അങ്ങനെ തങ്ങൾക്ക് സ്വർഗ്ഗംപൂകാൻ അനുഗ്രഹം ലഭിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുന്ന വിശ്വാസികൾക്ക് ഇബ്രാഹീം നബിയുടെ പ്രാർത്ഥനാ വാചകം സാന്ത്വനമേകുന്ന ഒന്നാണ്. തനിക്കും തൻറെ കുടുംബാംഗങ്ങൾക്കും മാപ്പു ലഭിക്കണം എന്നതോടൊപ്പം മറ്റു വിശ്വാസികൾക്കും അത് ലഭിക്കണമെന്ന വിശാലമനസ്കത ഈ പ്രാർത്ഥനയിലൂടെ നമ്മളിലുണ്ടാകുന്നുണ്ട്. വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ് എന്ന ഖുർആനിക വചനം നാം പഠിച്ചതാണല്ലൊ. നമുക്കും നമ്മുടെ മാതാപിതാക്കൾക്കും വിശ്വാസീ സഹോദരീ സഹോദരങ്ങൾക്കും പരലോക നന്മക്കായി അല്ലാഹുവിനോട് ചോദിക്കാൻ ഈ പ്രാർത്ഥനയിലൂടെ നമുക്കാകുന്നൂ എന്നതാണ് ഈ ദുആയുടെ പ്രത്യേകത. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

Source: www.nermozhi.com