14 – ഉമ്മമുത്തുകള്‍
നീ എനിക്കെത്ര അറിവുകള്‍ പകർന്നു തന്നു.
നിന്‍റെ സ്നേഹത്തിന്‍റെ മടിത്തട്ടില്‍ ദുഃഖങ്ങളില്ലാതെ ഞാന്‍ വളർന്നു വന്നു.
വാക്കുപാലനത്തിന്‍റെ മെലഡികള്‍ എനിക്കു നീയെത്ര പാടിത്തന്നു.
എനിക്കു വേണ്ടി എത്രരാവുകള്‍ നിദ്ര കളഞ്ഞു നീ കാവലിരുന്നു.
കുഞ്ഞായിരുന്നപ്പോള്‍ കവിളിലുമ്മ നല്‍കി നീ
എനിക്കു വേണ്ടി പുഞ്ചിരി പകർന്നു നിന്നു നീ
ആത്മാവോടു ചേര്‍ത്ത് ആലിംഗനം ചെയ്തു നീ
സന്മാര്‍ഗത്തിന്‍റെ, സ്നേഹത്തിന്‍റെ, നന്മയുടെ, ദൈവനാമത്തിന്‍റെ
എത്രയെത്ര സൂക്തങ്ങള്‍ എനിക്കായി ഓതിപ്പഠിപ്പിച്ചു നീ!
വഴികാട്ടിയായി, ഉപദേശകയായി, ശാസിക്കുന്നവളായി
താന്തോന്നികളുടെ പാതയില്‍ നിന്ന് കൈപിടിച്ചു മാറ്റുന്നവളായി, ഉമ്മാ നിങ്ങള്‍!
-ഉമര്‍ ബഹാഉദ്ദീന്‍ അല്‍അമീരി, സിറിയന്‍ കവി
ഈ ജീവിതത്തിലെ സകലതും ഉമ്മയാണ്; ദുഃഖത്തില്‍ ആശ്വാസമായി, നിരാശയില്‍ പ്രതീക്ഷയായി, ബലഹീനതയില്‍ ആത്മശക്തിയായി അവര്‍ എന്നും മുന്നിലുണ്ടാകും. -ഖലീല്‍ ജിബ്രാന്‍
ഉമ്മയുടെ മടിത്തട്ടിനേക്കാള്‍ മാര്‍ദ്ദവമുള്ള തലയണ ലോകത്ത് മറ്റൊന്നില്ല -ഷേക്സ്പിയര്‍
ലോകം മുഴുവന്‍ ചെറുതാകുമ്പോഴും വളർന്നു നില്‍ക്കുന്നത് ഉമ്മ മാത്രം. -വിക്ടര്‍ ഹ്യൂഗൊ
കത്തുംതോറും സുഗന്ധം പൊഴിക്കുന്ന കസ്തൂരിയാണ് മാതൃഹൃദയം -ഇന്ത്യന്‍ പഴമൊഴി
വിവിധയിനം കായ്കനികള്‍ കായ്ചു നില്‍കുന്ന തോട്ടം; അതാണ് മാതൃഹൃദയം. -സ്പാനിഷ് പഴമൊഴി
മാതാവിന്‍റെ മടിത്തട്ടാണ് ഏറ്റവും നല്ല വിദ്യാലയം. -ജയിംസ് റസ്സെല്‍ ലോവെല്‍
സ്നേഹത്താല്‍ പണിയപ്പെട്ട മാതൃകരങ്ങളേക്കാള്‍ ഒരു കുഞ്ഞിന് സുഖമായുറങ്ങാന്‍ പറ്റിയ മറ്റൊരിടമില്ല. -വിക്ടര്‍ഹ്യൂഗോ
മാതാവിനു വേണ്ടി ഞാനെഴുതിയതെല്ലാം കവിതയായിരുന്നു; പക്ഷെ, എനിക്ക് ഒരുനാളും എഴുതാന്‍ കഴിയാത്ത കവിതയത്രെ എന്‍റെ അമ്മ! -ഷാരോണ്‍ ഡൂബിയാഗോ
മാതൃഹൃദയം ആഴമേറിയ കടലാണ്; അതിന്‍റെ അടിത്തട്ട് മുഴുവന്‍ ദയയാണ്. -ഹോണോറെ ദെ ബല്‍സാക്
തന്‍റെ മൃദുലമാറില്‍ നിന്നും എനിക്കൂട്ടിയതാരേ,
തന്‍റെ കൈകളില്‍ വിശ്രമിക്കാന്‍ എനിക്കു വേണ്ടി നിശ്ശബ്ദയായതാരേ,
എന്‍റെ കവിള്‍ത്തടങ്ങളില്‍ മധുര ചുംബനങ്ങള്‍ കൊണ്ട് പൊട്ടു തൊട്ടതാരേ,
എന്‍റെ അമ്മയല്ലാതെ മറ്റാര്?
വീഴാനടുക്കുമ്പോള്‍, താങ്ങാനോടിയെത്തുതാരേ
കാതിലിമ്പമാര്‍ന്ന കഥകള്‍ ചൊല്ലിയുറക്കുവതാരേ,
ആനന്ദദായകം കവിളിലുമ്മകളേകുവതാരേ
എന്‍റെ അമ്മയല്ലാതെ മറ്റാര്?
-ആനീ ടെയ്ലര്‍
പ്രഭാതത്തെ സ്വാഗതം ചെയ്യാന്‍ ആയിരം മഞ്ഞുതുള്ളികള്‍
പര്‍പ്പ്ള്‍ ചെടികളില്‍ പാറിരിക്കാന്‍ ആയിരം മധുമക്ഷികകള്‍
പുല്‍തകിടയില്‍ സല്ലപിക്കാന്‍ ആയിരം വര്‍ണ്ണശലഭങ്ങള്‍
പക്ഷെ, പ്രവിശാലമായ ലോകം നിറഞ്ഞു നില്‍ക്കാന്‍ ഒരേയൊരാള്‍: അമ്മ.
-ജോര്‍ജ് കൂപ്പര്‍
മാതൃചുംബനത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. -ടെറി ഗില്ലെമെറ്റ്സ്
മാതാവ് ഒരു നാമമല്ല; ക്രിയയാണ്. -പഴമൊഴി
ഞാനെന്‍റെ ഉമ്മയെ സ്നേഹിക്കുന്നൂ -മരങ്ങള്‍ മഴയെ, സൂര്യകിരണങ്ങളെ സ്നേഹിക്കും പോലെ- എനിക്ക് വളരാനും പുഷ്ടിപ്പെടാനും ഉയരങ്ങളിലേക്കെത്തിപ്പെടാനും അവരാണെന്നെ സഹായിക്കുന്നത്. -ടെറി ഗില്ലെമെറ്റ്സ്
ഒരമ്മയും തന്‍റെ കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി പോകുന്നില്ല; അവരെയവള്‍ കൂടെ കൊണ്ടു പോകുന്നില്ല എങ്കിലും. -മാര്‍ഗരറ്റ് ക്യുള്‍കിന്‍ ബാിംഗ്
അസാധ്യമായതു ചെയ്യാന്‍ ഒരു സാധാരണ മനുഷ്യനെ പ്രാപ്തനാക്കുന്ന ഇന്ധനം; അത് മാതൃസ്നേഹമാണ്. -മാരിയോണ്‍ സി. ഗാരെറ്റെ
Source: www.nermozhi.com