സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 10

900

പ്രാര്‍ത്ഥന

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 02 സൂറത്തുൽ ബഖറ,  ആയത്ത് 201

പ്രാര്‍ത്ഥിക്കുന്നത് ആര്

പരലോകബോധമുള്ള മുഅ്മിനുകൾ

പ്രാര്‍ത്ഥനയെപ്പറ്റി

സൂറത്തുൽ ബഖറിൽ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്ന ഭാഗത്താണ് ഈ പ്രാർത്ഥന പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. രണ്ടു തരം ആളുകളുടെ വ്യത്യസ്ത പ്രാർത്ഥനകൾ ഈ ഭാഗത്ത് പറയുന്നുണ്ട്. ഒരു വിഭാഗം, ഞങ്ങളുടെ രക്ഷിതാവെ, ഇഹലോകത്ത് ഞങ്ങൾക്കു നീ അനുഗ്രഹം നൽകണേ എന്ന് പ്രാത്ഥിക്കുന്നു. അത്തരക്കാർക്ക് പരലോകത്ത് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. എന്നാൽ മറ്റൊരു കൂട്ടരുണ്ട് അവർ മുകളിൽ കണ്ടതു പോലെയാണ് പ്രാർത്ഥിക്കുക. അത്തരക്കാർക്ക് അവർ സന്പാദിച്ചതിൻറെ ഫലമായി വലിയൊരു വിഹിതമുണ്ടായിരിക്കും എന്ന് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമെ,

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً

പരലോകത്തും നീ നല്ലത് തരേണമെ

وَفِي الآخِرَةِ حَسَنَةً

നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമെ

وَقِنَا عَذَابَ النَّارِ

 പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമെ, പരലോകത്തും നീ നല്ലത് തരേണമെ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമെ.

സാന്ത്വനം

ഖുർആനിൽ പ്രസ്താവിക്കപ്പെട്ട പ്രാർത്ഥന എന്നതിനാൽ ഇതിന് പ്രത്യേക സവിശേഷതയുണ്ട്. ഈ പ്രാർത്ഥനയിൽ സുപ്രധാനമായ മൂന്ന് കാര്യങ്ങളാണ് റബ്ബിനോട് നാം ചോദിക്കുന്നത്. 1. ഇഹലോകത്തെ നന്മകൾ 2. പരലോകത്തെ നന്മകൾ 3. നരകശിക്ഷയിൽ നിന്നുള്ള സംരക്ഷണം. പരലോകബോധമുള്ള മുഅ്മിനുകൾ ദുനിയാവിലെ നന്മകൾ മാത്രം ലക്ഷ്യമിടുന്നവരല്ല. മരണാനന്തര ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞ സ്വർഗ്ഗം പ്രതീക്ഷിക്കുന്നവരാണ് അവർ. അതുകൊണ്ടുതന്നെ, ഇരുലോക ജീവിതങ്ങളും അല്ലാഹുവിൽ നിന്നുള്ള നന്മകളാൽ അനുഗൃഹീതമാകാൻ വേണ്ടിയാകും അവരുടെ പ്രാർത്ഥന. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, അറിവ്, ദാന്പത്യം, സന്താനങ്ങൾ, സ്ഥാനമാനങ്ങൾ, ദീന്, സ്വഭാവം തുടങ്ങിയ എല്ലാ കാര്യങ്ങളിലും നല്ലത് നൽകണേ എന്നാണ് പ്രാർത്ഥനയുടെ ആദ്യഭാഗത്ത് നാം ചോദിക്കുന്നത്. രണ്ടാമത്തെ ഭാഗത്ത് സ്വർഗ്ഗം, സ്വർഗ്ഗീയ വിഭവങ്ങൾ, പദവികൾ, അവിടുത്തെ ഭവനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് ചോദിക്കുന്നത്. കൂടാതെ നരകാഗ്നിയിൽ നിന്നുള്ള മോചനവും നമ്മൾ ചോദിക്കുകയാണ്. അല്ലാഹുവിൻറെ റസൂൽ(സ്വ) ദിനേന ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചിരുന്നത് ഈ പ്രാർത്ഥനായണ് എന്ന് അനസ് (റ) നിവേദനം ചെയ്തിട്ടുണ്ട്. (ബുഖാരി, മുസ്ലിം) അതുകൊണ്ടുതന്നെ, ഏതൊരു പ്രാർത്ഥന നടത്തിയാലും അനസ്(റ) റബ്ബനാ ആതിനാ ഫിദ്ദുൻയാ… എന്ന ഈ ഖുർആനിക പ്രാർത്ഥന നിർവഹിക്കാൻ ശ്രദ്ധിക്കുമായിരുന്നു. കഅബ ത്വവാഫു ചെയ്യുന്ന വേളയിൽ, റുക്നുൽ യമാനിയുടേയും ഹജറുൽ അസ്വദിൻറെയും ഇടയിൽ നബി(സ്വ) പ്രാർത്ഥിച്ചിരുന്നത് ഈ ദുആ മാത്രമായിരുവെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ചുരുക്കത്തിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ മാനസികമായി സാന്ത്വനമേകുന്ന പ്രസക്തമായ പ്രാർത്ഥനയാണ് മുകളിൽ നാം പഠിച്ചത്. കാരുണ്യവാനായ അല്ലാഹുവിൽ നിന്ന് ഐഹികവും പാരത്രികവുമായ എല്ലാ നന്മകൾക്കുമായി ചോദിക്കാനാകുന്നൂ എന്നത്, അവൻറെ മേൽ നമ്മൾ ആത്യന്തികമായി ആശ്രയം കാണുന്നൂ എന്നതിൻറെ ലക്ഷണമാണ്. അല്ലാഹുവിനെ മാത്രം ജീവിതത്തിൻറെ ആശ്രയമായി കാണുന്പോൾ നമുക്കുണ്ടാകുന്നത് പരമമായ ആശ്വാസമാണ്.

Source: nermozhi.com