ദൈവം ഇല്ല എന്ന് അയാള്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു
ദൈവം ഇല്ല എന്ന് നിസ്സംശയം അയാള്‍ വിശ്വസിക്കുന്നു
ദൈവം ഇല്ല എന്ന് ചുറ്റുമുള്ളവരെയൊക്കെ ശാസ്ത്രപാഠങ്ങള്‍ ഉപയോഗിച്ച് അയാള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു…
സിംപോസിയങ്ങള്‍
ലേഖനങ്ങള്‍
സംവാദങ്ങള്‍
സംഭാഷണങ്ങള്‍
എല്ലാം അയാള്‍ ദൈവമില്ലെന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നു.
ആ രംഗത്ത് അഹോരാത്രം അധ്വാനത്തിലാണ് അയാള്‍.
കഴിയുന്നത്ര ആളുകളേയും നിരീശ്വര വിശ്വാസികളാക്കിയിട്ടു വേണം തനിക്കു മരിക്കാന്‍!
തന്നാല്‍ കഴിയുന്ന ഒരു സുകൃതം! അത്രതന്നെ!
പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ടവരെ അയാള്‍ സന്ദര്‍ശിച്ചു;
അവരുടെ വിഷമതകള്‍ അയാള്‍ നെഞ്ചിലേറ്റി
മാറാരോഗികളെ വീടുകളിലും ആശുപത്രികളിലും ചെന്നുകണ്ടു;
അവരോടുള്ള അനുതാപം പ്രകടിപ്പിച്ചു
അംഗപരിമിതരായ ആളുകളെ നോക്കി, അയാളുടെ മനസ്സ് നൊന്തു.
സ്ത്രീസമൂഹത്തിന്‍റെ പ്രയാസങ്ങളും പ്രതിസന്ധികളും കണ്ട് അയാള്‍ കണ്ണീര്‍ പൊഴിച്ചു.
ആള്‍കേരളാ ഏയ്തീസ്റ്റ് അസോസിയേഷന്‍ കഴിഞ്ഞ 26ാം തിയ്യതി സെന്‍റിനറി ഹാളില്‍ വെച്ചു നടത്തിയ സിംപോസിയത്തില്‍ തന്‍റെ പ്രസംഗം കേള്‍ക്കാനെത്തിയ കാക്കത്തൊള്ളായിരം നിരീശ്വരന്‍മാരുടെ മുന്നില്‍ വെച്ച് എല്ലാം വിശദീകരിച്ചു കൊണ്ടു അയാള്‍ കത്തിക്കയറി.
പ്രകൃതിക്ഷോഭത്തിലേക്ക്
അംഗപരിമിതരിലേക്ക്
മാറാരോഗികളിലേക്ക്
വനിതകളിലേക്ക്
യുദ്ധക്കെടുതികളിലേക്ക്
അവസാനമായി, ലോകത്ത് പടര്‍ന്നു പിടിക്കുന്ന കോവിഡ്-19 ലേക്ക് ശ്രോദ്ധാക്കളുടെ ശ്രദ്ധക്ഷണിച്ചു.. എന്നിട്ടയാള്‍ പറഞ്ഞു:
ദൈവം ക്രൂരനാണ്
ദൈവം കരുണയില്ലാത്തവനാണ്
ദൈവം ദയവില്ലാത്തവനാണ്
ദൈവം….
ദൈവം….
നിരീശ്വരന്‍മാര്‍ അന്യോന്യം നോക്കി…
അവര്‍ പിന്നെയും നോക്കി…
കണ്ണുകള്‍ കൊണ്ട് ആംഗ്യം കാട്ടി…
‘അല്ല, അതേത് ദൈവം?!’
‘ദൈവമില്ലെന്ന് പറഞ്ഞ ഇയാളിതെന്താ ദൈവം ക്രൂരനാണെന്നും കരുണയില്ലാത്തവനാണെന്നും പറയുന്നത്…!’
‘ദൈവമില്ല… പക്ഷെ ഉണ്ട്, ഉള്ള ദൈവം ക്രൂരനാണ് എന്നായിരിക്കുമൊ പുതിയ ഏയ്തീസ്റ്റ് മതം!’
‘ക്രൂരനായ ഒരു ദൈവമുണ്ട് എന്ന് വിശ്വസിപ്പിക്കാനായിട്ടാണൊ ഇയാളുടെ ഇന്നത്തെ പ്രഭാഷണം?’
നിരീശ്വരന്മാരുടെ കാര്യം അത്ഭുതം തന്നെ!
യുക്തിവാദികള്‍ എന്നാണത്രെ ഇവരുടെ പേര്; നെയ്യപ്പം എന്നതു പോലൊരു പേര്!
മനുഷ്യരനുഭവിക്കുന്ന രോഗങ്ങളും ദാരിദ്ര്യങ്ങളും പ്രയാസങ്ങളും കെടുതികളും അംഗവൈകല്യങ്ങളും ഒക്കെ ചുണ്ടിക്കാട്ടിയിട്ട്, ദൈവം ക്രൂരനാണ് എന്ന് നിരീശ്വരന്മാര്‍ക്ക് പറയാമെങ്കില്‍,
ഇതൊന്നുമില്ലാതെ, ആരോഗ്യത്തിലും സുസ്ഥിതിയിലും സന്തോഷത്തിലും നിര്‍ഭയത്വത്തിലും സുഭിക്ഷമായി കഴിയുന്ന കോടാനുകോടി ആളുകളെ ചൂണ്ടിക്കാട്ടി, ദൈവമുണ്ട്, ആ ദൈവം കാരുണ്യവാനാണ് എന്ന് ഒരാള്‍ക്ക് പറഞ്ഞു കൂടെ!
അങ്ങനെയുള്ള കാരുണ്യവാനായ ഒരു ദൈവത്തില്‍ അയാള്‍ക്ക് വിശ്വസിച്ചുകൂടെ!
ഈ പാഷണ്ഡന്മാര്‍ക്കെന്തിനാണ് അതിലിത്ര കലിപ്പ്!
നീരീശ്വര വിശ്വാസികളേ, നിങ്ങള്‍ വെറുതെ സമയം കളയുകയാണ്! കഷ്ടം!