പ്രാര്‍ത്ഥന
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 18 സൂറത്തുൽ കഹ്ഫ്, ആയത്ത് 10
പ്രാര്‍ത്ഥിക്കുന്നത് ആര്
ഏകദൈവ വിശ്വാസികളായ ഗുഹാവാസികൾ
പ്രാര്‍ത്ഥനയെപ്പറ്റി
സൂറത്തുൽ കഹ്ഫിൽ പ്രസ്താവിക്കപ്പെട്ട ഏകദൈവവിശ്വാസികളായ കുറച്ചു യുവാക്കളുടെ കഥാകഥനത്തിനിടയിലാണ് ഈ പ്രാർത്ഥന പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്. ഏകദൈവിശ്വാസത്തിനനുസൃതമായി സ്വന്തം നാട്ടിൽ ജീവിക്കാനുള്ള സാഹചര്യമില്ലെന്ന് മനസ്സിലാക്കുകയും വധിക്കപ്പെടുമൊ എന്ന് ഭയക്കുകയും ചെയ്ത സന്ദർഭത്തിൽ വിശ്വാസ സംരക്ഷണത്തിനും സ്വസ്ഥമായ ജീവിതത്തിനും ലക്ഷ്യംവെച്ചുകൊണ്ട് പ്രസ്തുത യുവാക്കൾ പലായനം ചെയ്യുകയാണ്. യാത്രയുടെ തുടക്കത്തിൽ അവർ പരമകാരുണികനായ അല്ലാഹുവിനോടു നടത്തുന്ന പ്രാർത്ഥനയാണ് മുകളിൽ നാം വായിച്ചത്.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
ഞങ്ങളുടെ രക്ഷിതാവേ, നിന്നിൽ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കേണമെ | رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً |
ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ | وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا |
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
ഞങ്ങളുടെ രക്ഷിതാവേ, നിന്നിൽ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൗകര്യം നല്‍കുകയും ചെയ്യേണമേ.
സാന്ത്വനം
ഏകദൈവവിശ്വാസം പറഞ്ഞറിയിക്കാനാകാത്ത മാനസിക സ്വസ്ഥതയും പ്രതീക്ഷയും മുഅ്മിനുകൾക്കു നൽകും. അല്ലാഹുവിൻറെ കാരുണ്യത്തെ സംബന്ധിച്ച സംശയമില്ലാത്ത വിശ്വാസം ഹൃദയത്തിൽ രൂഢമൂലമാകുന്പോഴാണ് അവരണ്ടും മുഅ്മിനിന്ന് അനുഭവിക്കാനാകുന്നത്. ഒരു നാടും നാട്ടുരാജാവും ഏകദൈവ വിശ്വാസികളായ കുറച്ചു ചെറുപ്പക്കാരെ, അവരുടെ വിശ്വാസത്തിൻറെ പേരിൽ എതിർക്കുകയാണ്. അവരെ പീഡിപ്പിക്കുകയാണ്. വധിക്കാൻ പോലും പദ്ധതിയിടുകയാണ്. വിശ്വാസ ജീവിതത്തിന് പ്രതിസന്ധികളനുഭവപ്പെട്ടപ്പോൾ ആ ചെറുപ്പക്കാർ തങ്ങളുടെ വിശ്വാസം വലിച്ചെറിഞ്ഞ് നാട്ടുകാരുടെ ബഹുദൈവ വിശ്വാസത്തോട് ചേർന്നുനിൽക്കുകയല്ല ചെയ്യുന്നത്. പ്രപഞ്ചത്തിൻറെ നാഥൻ ഏകനാണ്. അവൻ മാത്രമാണ് ആരാധ്യൻ. അവൻറെ മുന്നിലേ സന്പൂർണ്ണ സമർപ്പണം സാധ്യമാകൂ എന്നിങ്ങനെ ദൃഢപ്രതിജ്ഞ ചെയ്ത് ആ യുവാക്കൾ നാടുവിടുകയായിരുന്നു. അല്ലാഹുവിൽ തവക്കുൽ ചെയ്തുകൊണ്ടുള്ള ഹിജ്റയായിരുന്നൂ അത്. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവന് സഹായിയായി അവൻ മതിയാകുന്നതാണ് എന്ന് സൂറത്തു ത്വലാഖ് മൂന്നാം വചനത്തിൽ പറയുന്നുണ്ട്.
നാടുവിട്ടിറങ്ങുന്ന ഏകദൈവവിശ്വാസികളായ യുവാക്കളുടെ പ്രാർത്ഥന ശ്രദ്ധിച്ചുനോക്കുക; സുപ്രധാനമായും രണ്ടുകാര്യങ്ങളാണ് അവരതിൽ ആവശ്യപ്പെടുന്നത്. ഒന്ന്, ജീവിതമാസകലം നീ ഞങ്ങൾക്ക് കാരുണ്യം വർഷിച്ചു തരേണമെ എന്നത്. അല്ലാഹു കാരുണ്യവാനാണ്, അടിമകളുടെ മേൽ അവൻറെ കാരുണ്യം വിശാലമാണ് എന്ന് ബോധ്യമുള്ള ഒരു മുഅ്മിനിന്നു മാത്രമേ, സന്നിഗ്ദഘട്ടങ്ങളിലെല്ലാം അവൻറെ കാരുണ്യത്തിനുവേണ്ടി കൈനീട്ടാനാകൂ. രണ്ട്, ഹൃദയത്തിലുൾക്കൊണ്ട വിശ്വാസത്തിനനുസരിച്ച് കാര്യങ്ങൾ നേരാംവണ്ണം നിർവഹിക്കാൻ സൌകര്യം ചെയ്യണെ എന്നത്. ശത്രുക്കളായ ആളുകളിൽ നിന്ന് രക്ഷപ്പെടുത്തണേ എന്നല്ല, തങ്ങൾ നാടുവിട്ടെത്തുന്നതെവിടെയാണെങ്കിലും അവിടെ വിശ്വാസജീവിതം നയിക്കാൻ സഹായകമായ മാനസികമായും ശാരീരികമായും പാരിസ്ഥിതകമായുമുള്ള സൌകര്യങ്ങൾ ചെയ്തു തരണേ എന്നാണവർ പ്രാർത്ഥിക്കുന്നത്. തങ്ങളുടെ രക്ഷിതാവിനോട് ഈ വിധം പ്രാർത്ഥിച്ചു കൊണ്ട് യാത്രതുടങ്ങുന്പോൾ അവരനുഭവിച്ചിരുന്ന സാന്ത്വനം അവാച്യമാണെന്നു തന്നെ പറയാം. അല്ലാഹു മൂന്നാമനായി കൂടെയുള്ളപ്പോൾ നമുക്കു രണ്ടുപേർക്കും എന്തിനാണ് ആധി? എന്ന് നബി(സ്വ) അബൂബക്കർ സിദ്ധീഖി(റ)നോട് ഹിജ്റ വേളയിൽ ചോദിച്ചില്ലെ. അന്നേരം അബൂബബക്കർ(റ) അനുഭവിച്ച സുരക്ഷയുടെ പ്രതീക്ഷയുടെ സാന്ത്വനത്തിൻറെ മാനസികാവസ്ഥ. നമുക്കും അല്ലാഹുവിനോട് പ്രാർത്ഥിക്കാം. അസ്ഹാബുൽ കഹ്ഫിൻറെ പ്രാർത്ഥന; ജീവിത പ്രതിസന്ധികളിലെല്ലാം അത് നമുക്കും സാന്ത്വനമാണ്.
Source: nermozhi.com