പ്രവാചക ജീവിതം ഖൽബിലും കർമ്മങ്ങളിലും

1095

ചിന്താ ശേഷിയുള്ളവര്‍ എന്നും കാതോര്‍ക്കുക മഹാത്മാക്കളെ സംബന്ധിച്ച, അവരുടെ അതിവിശിഷ്ടമായ ജീവിതത്തെ സംബന്ധിച്ച വാക്കുകള്‍ കേള്‍ക്കാനാണ്. പഠിക്കാനും പകര്‍ത്താനും കൊതിക്കുന്നവര്‍ക്ക് ഗുണരഹിതമായ ഒന്നിനോടും താത്പര്യം കാണില്ല. ലോകത്തിന് മാതൃകകള്‍ സൃഷ്ടിച്ചു നല്‍കിവരും, ദിശാബോധമേകിയവരും, ജീവിതത്തിന്‍റെ ലക്ഷ്യപ്രാപ്തിക്കായി പാതകള്‍ കാട്ടി നടന്നവരും വിവേകമതികളുടെ ശ്രദ്ധയില്‍ പരിഗണനാര്‍ഹരായി നിലകൊള്ളും. ചരിത്രം സൃഷ്ടിച്ചവരെ അവഗണിക്കാനാകില്ല. അവരുടെ ചരിത്രങ്ങളാണ്, അവരോടുള്ള കടപ്പാടുകളാണ്, അവരിലേക്കുള്ള കാതുകളുടെ പ്രധാനവും അവരില്‍ നിന്നുള്ള ഹൃദയങ്ങളുടെ ആധാനവുമാണ് ബുദ്ധിമതികള്‍ക്ക് എന്നും പ്രിയങ്കരമായിട്ടുള്ളത്.

എങ്കില്‍ ലോകത്തിലെ വിവേകികള്‍ക്കു മുന്നില്‍ അഭിമാനപൂര്‍വം സമര്‍പ്പിക്കാവുന്ന വിശിഷ്ഠ വ്യക്തിത്വമാണ് മുഹമ്മദ് നബി(സ്വ). ചന്തമാര്‍ന്നതാണ് അവിടുത്തെ ജീവിതം. മാതൃകായോഗ്യമാണത്. ലോകത്തിന്‍റെ നെറുകയില്‍ ജാജ്വലം തിളങ്ങി നില്‍ക്കുന്ന മഹിതമായ ജീവിത സംഹിതയാണ് മനുഷ്യരുടെ കൈകളിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയത്. അറിവില്ലാത്തവര്‍ക്ക് അറിവായി, ദിശയില്ലാത്തവര്‍ക്ക് ദിശയായി, ലക്ഷ്യം കാണാത്തവര്‍ക്ക് ലക്ഷ്യവുമായി നിലകൊണ്ടവര്‍. കരുണയുടെയും ദയയുടേയും സ്നേഹത്തിന്‍റേയും അലിവിന്‍റേയും ആള്‍രൂപമായിരുന്നൂ മുഹമ്മദ് നബി(സ്വ).

മുഹമ്മദ് നബി(സ്വ): എത്രയെഴുതിയാലും ആ ജീവിതത്തിലെ പാഠങ്ങളുടെ ആഴം തീരില്ല. ഇതിനകം എത്രയെത്ര പേജുകള്‍ വിരചിതമായിരിക്കുന്നൂ ആ ധന്യ ജീവിതത്തെ പുരസ്കരിച്ച്! ഭൂമിയിലെ അവസാനത്തെ ദൈവദൂതനായി നിയോഗിക്കപ്പെടുന്നതിനു മുമ്പും ശേഷവുമുള്ള മറയില്ലാത്ത ജീവിതത്തിന്‍റെ തെളിഞ്ഞ ആകാശമാണ് മുഹമ്മദ് നബി(സ്വ). ആര്‍ക്കും ലളിതമായി വായിച്ചെടുക്കാന്‍ മാത്രം സുതാര്യമായ പദങ്ങളും വാചകങ്ങളും അധ്യായങ്ങളുമുള്ള ജീവിതം. കണ്ണുകള്‍ക്ക് നിറയെ കാണാനും കാതുകള്‍ക്ക് നിറയെ കേള്‍ക്കാനും ഹൃദയങ്ങള്‍ക്ക് നിറയെ ഉള്‍ക്കൊള്ളാനും ആ മഹാ ദൂതനില്‍ എമ്പാടുമുണ്ട്. ഗിരിശിഖരത്തിലെ ഗുഹാന്ധകാരത്തില്‍ ഏകനായിരിക്കവെയാണ് മുഹമ്മദി(സ്വ) ന് കെടാതെ നില്‍ക്കുന്ന പ്രകാശ ദീപിക കയ്യിലെത്തുന്നത്. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് മനുഷ്യ രാശിക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തിന്‍റെ കൈകളില്‍ ആ ദീപിക നല്‍കുകയായിരുന്നു. പിന്നീടദ്ധേഹം ആ മലയിലേക്ക് തിരിച്ചു കയറിയിട്ടില്ല; ആ ഗുഹയിലൊരിക്കല്‍ പോലും ഏകനായി ഭജനമിരുന്നിട്ടില്ല. ദൈവ ദൂതനായി അദ്ദേഹം നിയോഗിക്കപ്പെട്ടത് ആളുകള്‍ക്കിടയില്‍ ജീവിക്കാനായിരുന്നു. ആളുകള്‍ക്ക് ദൈവിക സന്ദേശങ്ങള്‍ കൈമാറാനായിരുന്നു. അജ്ഞതയുടെ ഇരുളുകള്‍ നീക്കി അവരുടെ ജീവിത വഴിയില്‍ പ്രകാശം പരത്തുന്ന വിജ്ഞാനവെട്ടം നല്‍കാനായിരുന്നു.

മനുഷ്യ നന്മയെ മുന്നില്‍ക്കണ്ട് ഉപദേശികളും സിദ്ധാന്ത നിര്‍മ്മാതാക്കളും ഭൂമിയിലൊരുപാട് ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. അവരിലെ അധികപേര്‍ക്കും പക്ഷെ, ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണവര്‍. പേജുകളില്‍ അവരൊക്കെ എഴുതിക്കൂട്ടിയ നിയമങ്ങള്‍, ഉപദേശങ്ങള്‍, വീക്ഷണങ്ങള്‍, മാര്‍ഗ്ഗരേഖകള്‍ ഒന്നുമൊന്നും അവരവരുടെ ജീവിതത്തില്‍ പ്രതിഫലിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവരെ വായിച്ചവര്‍ക്കൊന്നും അവരെ മാതൃകയാക്കാനും സാധിച്ചില്ല.

മുഹമ്മദ് നബി(സ്വ) ആരേക്കാളും പ്രസ്താവ്യ യോഗ്യനാകുന്നത് ഈ പരിപ്രേഷ്യത്തില്‍ നിന്നുകൊണ്ടാണ്. ലോക സമൂഹത്തിന് പഠിപ്പിച്ചു നല്‍കാനായി പപഞ്ച സ്രഷ്ടാവില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളെ ആദ്യം സ്വന്തം ജീവിതത്തില്‍ പാലിച്ചു കൊണ്ടാണ് അദ്ദേഹം പ്രബോധനം നടത്തിയത്. നന്മകള്‍ ചെയ്തു കൊണ്ടാണ് നന്മകള്‍ കല്‍പിച്ചിരുന്നത്. തിന്മകളില്‍ നിന്ന് മാറി നിന്നു കൊണ്ടാണ് തിന്മകളെ വിരോധിച്ചിരുന്നത്. അടിമയേയും ഉടമയേയും, ദരിദ്രനേയും ധനാഡ്യനേയും, ആണിനേയും പെണ്ണിനേയും പരിശുദ്ധ ജീവിത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് പ്രപഞ്ച നാഥന്‍റെ പ്രിയങ്കരരാക്കാനും, അതുവഴി മരണാന്തര ജീവിതത്തില്‍ അവരെയെല്ലാം സ്വര്‍ഗ്ഗപ്രാപ്തരാക്കാനും വേണ്ടിയായിരുന്നൂ തിരുമേനി(സ്വ)യുടെ യത്നം മുഴുവന്‍. മനുഷ്യ സമൂഹത്തിന് ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമായിരുന്നൂ മുഹമ്മദ് നബി(സ്വ). മനുഷ്യപ്പറ്റുള്ള പ്രവാചകന്‍. ലോകത്തിന് മുഴുവനും നന്മ കൊതിക്കുകയും, ലോകത്തിന്‍റെ വേദനകളില്‍ കരളറിഞ്ഞു കരയുകയും ചെയ്ത പ്രവാചകന്‍(സ്വ). നബി തിരുമേനിയെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്.

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. (ആലു ഇംറാന്‍: 164)

മുഹമ്മദ് നബി(സ്വ) ലോകത്തിന് കാരുണ്യമായി നിയോഗിതനായി. അവര്‍ക്ക് സന്തോഷ വൃത്താന്തങ്ങള്‍ കേള്‍പ്പിക്കാന്‍. ജീവിതത്തില്‍ വരാവുന്ന അപകടങ്ങളെപ്പറ്റി താക്കീതു നല്‍കാന്‍. അദ്ദേഹത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, അദ്ദേഹത്തിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കുന്നവര്‍ക്ക്, അവക്കനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുന്നവര്‍ക്ക് നിരാശക്കു വകയില്ല. ജീവിതം ധന്യമായിരിക്കും. എന്തു കൊണ്ടെന്നാല്‍ അദ്ദേഹം സമര്‍പ്പിച്ച ജീവിതാദര്‍ശം ദയാനിധിയായ പ്രപഞ്ച സ്രഷ്ടാവില്‍ നിന്നും ലഭ്യമായതാണ്. സത്യവിശ്വാസികള്‍ക്ക് പ്രവാചക ജീവിതത്തില്‍ നിന്ന് ലഭിക്കുന്നത് മുഴുവന്‍ ആനന്ദമേകുന്ന വാര്‍ത്തകളാണ്. അതേ സമയം, താന്‍ സമര്‍പ്പിച്ച ദൈവിക സന്ദേശങ്ങളെ ധിക്കരിക്കുകയും തന്‍റെ ജീവിത മാതൃകയെ കളവാക്കുകയും ചെയ്യുന്നവര്‍ക്ക് ശക്തമായ താക്കീതുകളും, അതുമുഖേന വന്നു ഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും മുഹമ്മദ് നബി(സ്വ) മനുഷ്യര്‍ക്കു മുമ്പാകെ നല്‍കിയിട്ടുണ്ട്.

മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് നിന്നെ നാം അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (സബഅ്: 28)

ജീവിതത്തിന്‍റെ ലക്ഷ്യമറിഞ്ഞ് അല്ലാഹുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുമെങ്കില്‍ മനുഷ്യനു ലഭിക്കുന്ന മരണാനന്തര നേട്ടങ്ങളെ കുറിച്ചുള്ള സന്തോഷ വാര്‍ത്തകള്‍. അതേ സമയം, അല്ലാഹുവിനെ നിഷേധിച്ചും പ്രവാചകനെ ധിക്കരിച്ചും പാപങ്ങളില്‍ മുഴുകി ജീവിച്ചാലുണ്ടാകുന്ന അതിഗുരുതരമായ പരിണതിയെ സംബന്ധിച്ച താക്കീതുകള്‍. ഇതു രണ്ടും പ്രവാചക നിയോഗത്തിന്‍റെ കാമ്പാണ്. മനുഷ്യരെയൊന്നടങ്കം ഇരുളുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാനുള്ള യത്നത്തിലായിരുന്നൂ മുഹമ്മദ് നബി(സ്വ)യുടെ ശ്രദ്ധ മുഴുവന്‍. നരകത്തിന്‍റെ വക്കില്‍ ജീവിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തിന്‍റെ കവാടത്തിലേക്ക് വിവേകപൂര്‍വം വലിച്ചടുപ്പിച്ചൂ തിരുമേനി(സ്വ). അല്ലാഹുവില്‍ നിന്ന് ലഭിച്ച വിശുദ്ധ ഖുര്‍ആനിനെ ശക്തമായവലംബിക്കാനും, ഏക മനസ്സോടെ എല്ലാവരും അല്ലാഹുവിന്‍റെ മുമ്പാകെ കീഴൊതുങ്ങാനും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നൂ അദ്ദേഹമത് നിര്‍വഹിച്ചത്. ഖുര്‍ആനത് പറയുന്നുണ്ട്.

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി. (ആലു ഇംറാന്‍: 103)

ഈ ലോകഗുരു സമൂഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില അവകാശങ്ങളുണ്ട്. അവയാകട്ടെ അദ്ദേഹം സ്വയം നിശ്ചയിച്ച അവകാശങ്ങളല്ല. പ്രപഞ്ചനാഥനായ അല്ലാഹു തന്‍റെ ദാസന്മാര്‍ക്ക് നിശ്ചയിച്ചു പഠിപ്പിച്ചവയാണവ. അവയില്‍ അതി പ്രാധാന്യമര്‍ഹിക്കുന്നതും പ്രഥഗണനീയവുമായ ഒന്നാണ് അദ്ദേഹത്തെ ദൈവദൂതനായി അംഗീകരിച്ച് നിഷ്കളങ്കം വിശ്വസിക്കുക എന്നത്.

അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി. (ഫത്ഹ്: 8, 9)

നബി(സ്വ)യില്‍ വിശ്വസിക്കുക എന്നതിന് കൃത്യമായ നിര്‍വചനമുണ്ട്. മുഹമ്മദ്(സ്വ) അല്ലാഹു നിയോഗിച്ച ദൂതനാണെന്ന് സത്യപ്പെടുത്തുക. അദ്ദേഹത്തിന്‍റെ സന്ദേശങ്ങളെ അനുസരിക്കുക. അവിടുന്ന് പഠിപ്പിച്ച മത നിയമങ്ങളെ ജീവിതത്തില്‍ കൃത്യമായി പാലിക്കുക. അദ്ദേഹത്തിന്‍റെ ജീവിത മാതൃകകളില്‍ നിന്നൊന്നിനെപ്പോലും നിഷേധിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രവാചകനില്‍ വിശ്വസിക്കുക എന്നതു കൊണ്ട് സാമാന്യമായി വിവക്ഷിക്കുന്നത്.

മുഹമ്മദ് നബി(സ്വ)യെ സത്യപ്പെടുത്തുന്ന കാര്യത്തില്‍ രണ്ട് നിര്‍ബന്ധ ഘടകങ്ങളുടെ സാന്നിധ്യമുണ്ടാകണം. ഒന്ന്; മുഹമ്മദ്(സ്വ)യുടെ പ്രവാചകത്വത്തേയും, ദൈവിക സന്ദേശങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കുന്നതില്‍ അദ്ദേഹത്തിലുണ്ടായിരുന്ന സത്യസന്ധതയേയും അംഗീകരിക്കുക. രണ്ട്; പ്രവാചകന്‍(സ്വ) കൊണ്ടുവന്ന സന്ദേശങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നും, അവയെ വിശ്വസിച്ച് അനുസരിക്കല്‍ അനിവാര്യമാണെന്നും അംഗീകരിക്കുക. പ്രവാചക തിരുമേനി(സ്വ)യില്‍ വിശ്വസിക്കുന്ന ഓരോ മുസ്ലിമും ഈ രണ്ടു കാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തിയിരിക്കണം. ഏതേതെല്ലാം കാര്യങ്ങളില്‍ പ്രവാചകന്‍(സ്വ) കല്‍പനാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടൊ അവകളില്‍ മുഴുവന്‍ സംശയ രഹിതമായ വിശ്വാസമാകണം ഉണ്ടാകേണ്ടത്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രാപ്യമല്ലാത്ത ഗൈബിയ്യായ കാര്യങ്ങളായാലും, സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ച വൃത്താന്തങ്ങളായിരുന്നാലും, സത്യവിശ്വാസികള്‍ക്ക് റബ്ബില്‍ നിന്നുള്ള വാഗ്ദാനങ്ങളെക്കുറിച്ചും, താക്കീതുകളൈ കുറിച്ചുമുള്ള പ്രസ്താവനകളായിരുന്നാലും, ഖബര്‍ ജീവിതത്തിലെ രക്ഷാ ശിക്ഷകളെക്കുറിച്ചുള്ള അറിയിപ്പുകളായിരുന്നാലും യാതൊരു വിധ നിഷേധവും സന്ദേഹവും കൂടാതെ സ്വീകരിക്കുന്നതാകണം മുസ്ലിമിന്‍റെ നിലപാട്. നബി(സ്വ)യിലുള്ള വിശ്വാസ പ്രഖ്യാപനത്തിന്‍റെ ഭാഗമാണ് അത്.

അല്ലാഹു പറഞ്ഞു: അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല, അത് അദ്ദേഹത്തിന് ദിവ്യ സന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (നജ്മ്: 3-4)

മുഹമ്മദ് നബി(സ്വ)യില്‍ സത്യസന്ധമായി വിശ്വസിക്കുന്ന ഓരോ മുസ്ലിമും, അദ്ദേഹത്തിലുള്ള തന്‍റെ വിശ്വാസത്തെ തകര്‍ക്കുന്ന ഘടകങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുകയും, അവ തന്‍റെ ജീവിതത്തില്‍ കടന്നു വരാതിരിക്കാന്‍ ജാഗ്രത കാണിക്കുകയും വേണം. പ്രവാചകനിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്നത് സുപ്രധാനമായും രണ്ട് ഘടകങ്ങളാണ്. ഒന്ന്; നബി തിരുമേനി(സ്വ)യുടെ വ്യക്തിത്വത്തെ ആക്ഷേപിക്കുക. രണ്ട്: അല്ലാഹുവിന്‍റെ ദീനില്‍ നിന്ന് അദ്ദേഹം കൊണ്ടുവന്ന ആദര്‍ശങ്ങളെ നിഷേധിക്കുകയോ, അവയില്‍ പോരായ്മകള്‍ ആരോപിക്കുകയോ ചെയ്യുക.

അല്ലാഹുവിന്‍റെ വിശുദ്ധ മതം ജനങ്ങള്‍ക്കിടയില്‍ പ്രബോധനം ചെയ്യുന്നതിന് പ്രവാചകനായി നിയോഗിക്കപ്പെടാന്‍ മാത്രം പോന്ന സദ്ഗുണങ്ങളൊന്നും മുഹമ്മദ് നബി(സ്വ)യില്‍ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപമാണ് ഒന്നാമത്തേത്. അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധിയേയും, സത്യസന്ധതയേയും, നിലപാടുകളേയും ഇകഴ്ത്തിപ്പറയുക. അകാരണമായി അദ്ദേഹത്തെ ചീത്തപറയുക. തിരുമേനിയുടെ ശാരീരിക ഘടനയിലും കുടുംബ ചരിത്രത്തിലും കുറവുകള്‍ ആരോപിക്കുക. അദ്ദേഹത്തിന്‍റെ സ്വഭാവങ്ങളെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം കുഫ്റാണ്. പ്രവാചക തിരുമേനി(സ്വ)യില്‍ വിശ്വസിക്കുന്ന മുസ്ലിം, സാരമായ ഈ സംഗതികളൊന്നും ബോധപൂര്‍വമോ അല്ലാതെയോ, തന്‍റെ സമീപനങ്ങളിലും നിലപാടുകളിലും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ജാഗ്രത കാണിക്കണം.

വിശ്വാസത്തെ തകര്‍ക്കുന്ന രണ്ടാമത്തെ ഘടകം, പ്രവാചകന്‍(സ്വ) എത്തിച്ചു നല്‍കിയ സന്ദേശങ്ങളെ വിമര്‍ശിക്കുക എന്നതാണ്. അഥവാ, പ്രസ്തുത സന്ദേശങ്ങളെ നിഷേധിക്കുക, അവയില്‍ പോരായ്മകള്‍ ആരോപിക്കുക തുടങ്ങിയ കാര്യങ്ങള്‍. അല്ലാഹുവില്‍ നിന്ന് ലഭ്യമായ ബോധനങ്ങളെ ആളുകള്‍ക്ക് കൃത്യമായി എത്തിക്കുന്നതില്‍ മുഹമ്മദ് നബി(സ്വ) സൂക്ഷ്മത കാണിച്ചിട്ടില്ല എന്നൊരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ നബി(സ്വ)യിലുള്ള അവന്‍റെ ഈമാന്‍ തകര്‍ന്നു കഴിഞ്ഞു. മനുഷ്യ കുലത്തിന് ഭൗതികവും പാരത്രികവുമായ ജീവിതത്തിലെ വിജയങ്ങള്‍ക്കാവശ്യമായ എല്ലാ ദൈവിക നിര്‍ദ്ദേശങ്ങളും സ്വന്തം ജീവിതത്തില്‍ പാലിക്കുകയും ജനങ്ങള്‍ക്ക് കൃത്യതയോടെ പഠിപ്പിച്ചു നല്‍കുകയും ചെയ്തവരാണ് മുഹമ്മദ് നബി(സ്വ). ദീനിന്‍റെ സന്ദേശക്കൈമാറ്റത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും ആ ധന്യ ജീവിതത്തില്‍ വന്നു ഭവിച്ചിട്ടേ ഇല്ല. ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൗത്യം നിറവേറ്റിയിട്ടില്ല. (മാഇദ: 67) എന്ന ദൈവിക കല്‍പനയുടെ ഗൗരവമുള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവരായിരുന്നു മുഹമ്മദ് നബി(സ്വ). ആകയാൽ ആ പ്രവാചക ശ്രേഷ്ഠൻറെ ധന്യമായ ജീവിതത്തെ നമ്മുടെ ഖൽബിലും കർമ്മങ്ങളിലും സജീവമാക്കി നിർത്താം.

Source: nermozhi.com