അധ്യായം ഒമ്പത്
പ്രവാചകന്‍റെ അവസാനകാല സാരോപദേശങ്ങള്‍
സംഭവ ബഹുലമായ മദീനാ പാലായനം കഴിഞ്ഞിട്ട് പത്തു വര്‍ഷം പിന്നിട്ടിരിക്കുന്നു.
പ്രവാചകന്‍(സ്വ) ഹജ്ജിന്‍റെ കര്‍മ്മങ്ങളില്‍ നിരതനാണ്.
അന്ന് ദുല്‍ഹിജ്ജ ഒമ്പത്. തന്‍റെ ക്വസ്വ്വാഅ് എന്ന ഒട്ടകത്തിന്‍റെ പുറത്ത് ബത്നുൽ വാദിയില്‍ നില്‍ക്കുകയാണദ്ദേഹം.
ചുറ്റും ലക്ഷത്തോളം വരുന്ന സ്വഹാബത്ത് കണ്ണെത്താ ദൂരം പരന്നു നില്‍പ്പുണ്ട്.
അവര്‍ക്കിടയിലതാ റബീഅത്തുബ്നു ഉമയ്യത്ത് ബ്നു ഖലഫ് ഏകദേശം പ്രവാചകനോടടുത്തായി നില്‍ക്കുകയാണ്.
മഹാനായ തിരുമേനിയുടെ മൊഴിമുത്തുകള്‍ ഒപ്പിയെടുത്ത് ജനങ്ങള്‍ കേള്‍ക്കുമാറുച്ചത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ് റബീ അ(റ).
ലോകത്തിന്‍റെ കാരുണ്യമായി നിയോഗിതനായ സൃഷ്ടി ശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ) ലോക ജനതയോട് ചിലത് പറയുകയാണ്. സാവധാനം, എന്നാല്‍ ഘനഗാംഭീര്യം നിറഞ്ഞ വാക്കുകള്‍. ഓരോ വാചകവും, മനുഷ്യ ഹൃദയത്തിന്‍റെ അഗാതതലങ്ങളെ സ്പര്‍ശിച്ചുണര്‍ത്തുന്നവയാണ്. മുസ്ലിമായ ഒരു വ്യക്തിക്ക്, അവന്‍റെ പ്രവാചകനോടുണ്ടാകുന്ന സ്വാഭാവികമായ മതിപ്പില്‍ നിന്നുള്ള വെറും ഭംഗിവാക്കുകളായി തോന്നുന്നുവെങ്കില്‍, ദയവായി, ആ പ്രവാചകനില്‍ നിന്നു തന്നെ നിങ്ങള്‍ കേള്‍ക്കുക.
“ജനങ്ങളേ, എന്‍റെ വാക്കുകള്‍ക്ക് കാതു നല്‍കിയാലും. ഈ വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ഇതേ പ്രദേശത്തു വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ എനിക്കവസരം ലഭിക്കുമോ എന്നെനിക്കറിയില്ല. ഈ ദിനത്തിന്‍റെ പരിശുദ്ധി, ഈ മാസത്തിന്‍റെ പരിശുദ്ധി, ഈ രാജ്യത്തിന്‍റെ പരിശുദ്ധി നിങ്ങള്‍ക്കറിവുള്ളതാണ്. ജനങ്ങളേ, അതേ പവിത്രതയും പരിശുദ്ധിയുമാണ് നിങ്ങളുടെ രക്തത്തിനും സമ്പത്തിനുമുള്ളത്. നിങ്ങളതു കളങ്കപ്പെടുത്തരുത്.”
“ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന സകല രീതികളും സമ്പ്രദായങ്ങളും ജീവിത നിലപാടുകളും ഇന്നിതാ എന്‍റെ കാല്‍കീഴിലമര്‍ത്തിയിരിക്കുകയാണ്. അക്കാലത്തു ചിന്തിയ രക്തങ്ങളും അതിനെത്തുടർന്നുള്ള പ്രതിക്രിയകളും ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. ഇതാ നമ്മുടെ ഭാഗത്തുനിന്നു തന്നെ ഞാനതു തുടങ്ങുകയാണ്. ബനൂ സാഇദ ഗോത്രവുമായി മുലകുടിബന്ധമുള്ള ഇബ്നു റബീഅത്ത് ബ്നുല്‍ ഹാരിഥയെ അകാരണമായി വധിച്ചു കളഞ്ഞ ഹുദൈല്‍ ഗോത്രത്തോടുള്ള പ്രതികാര നടപടി ഞാനിതാ അസാധുവാക്കിയിരിക്കുന്നു.”
“ജനങ്ങളേ, മനുഷ്യ ഹൃദയത്തിലെ കാരുണ്യത്തിന്‍റെ ഉറവയെ അടച്ചുകളയുന്ന ജാഹിലിയ്യാ ആചാരമായ പലിശ സമ്പ്രദായം ഇനിമുതലെവിടെയും കണ്ടുകൂടാ. ആരിലും അതിന്‍റെ വീതംവെപ്പുകള്‍ നിലനിന്നുകൂടാ. നിഷിദ്ധമാണത്, മനുഷ്യത്വരഹിതമാണത്. നിങ്ങളില്‍ പലരിലും പലിശയിടപാടുകളുടെ പാരമ്പര്യമുണ്ടെന്നറിയാം. ആ വിഹിതത്തിലെ ഭീമമായ സംഖ്യകള്‍ ആളുകളില്‍ നിന്ന് ലഭിക്കാനുണ്ടെന്നുമറിയാം. ഇന്നത്തോടെ ആ സംഖ്യകളുടെ കണക്കു പറച്ചിലുകളില്ല. എല്ലാം അവസാനിച്ചിരിക്കുന്നു. എന്‍റെ പിതൃവ്യനായ അബ്ബാസ് ബ്നു അബ്ദില്‍ മുത്തലിബില്‍ നിന്നാകട്ടെ അതിന്‍റെ തുടക്കം. പലിശയിനത്തില്‍ അദ്ദേഹത്തിന് ലഭിക്കാനുള്ള മുഴുവന്‍ സംഖ്യയും ഞാനിതാ, ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയാണ്.”
“ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ജീവിത പങ്കാളികളായ സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അതീവ പരിഗണന നല്‍കുക. അല്ലാഹുവുമായുള്ള അതിശക്തമായ കരാറിടിസ്ഥാനത്തിലാണ് അവരെ നിങ്ങള്‍ സ്വീകരിച്ചതും, അവരുമായി ജീവിതം പങ്കിടുന്നതും. നിസ്സാരമായ കാര്യമല്ലിത്. അവര്‍ നിങ്ങളെ പരിഗണിക്കുന്നതുപോലെ, നിങ്ങളുടെ സാന്നിധ്യത്തിലും അഭാവത്തിലും സ്വന്തം ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതുപോലെ, അങ്ങനെത്തന്നെയാകണം അവരോടുള്ള നിങ്ങളുടെ സമീപനവും. അവരുടെ അപാകതകളില്‍ ശാസിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടെന്നത് നേരാണ്. അതിനേക്കാള്‍ പ്രാധാന്യമേറിയ നേരാണ്, അവര്‍ക്ക് നിങ്ങളില്‍ നിന്ന് ഭക്ഷണമായും, വസ്ത്രമായും ജീവിതവിഭവങ്ങള്‍ മാന്യമായി ലഭിക്കണമെന്നത്. അതു മറന്നു പോകരുത്.”
“ജനങ്ങളേ, ജീവിതത്തിന്‍റെ ഏതു ഘട്ടങ്ങളിലും വെട്ടം പകരാനും ലക്ഷ്യത്തിലേക്ക് വഴികാണിക്കാനും മഹത്തായ രണ്ടു വിളക്കുകളെ നിങ്ങളുടെ കൈവശമേല്‍പ്പിക്കുകയാണു ഞാന്‍. നിങ്ങള്‍ക്കവയെ കൈമോശം വരാതെ കാത്തുസൂക്ഷിക്കാനാകുമെങ്കില്‍ വഴിതെറ്റിപ്പോകുമോ, ലക്ഷ്യംവിട്ടകലുമോ എന്ന് പേടിക്കേണ്ടിവരികയേയില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിന്‍റെ ഖുര്‍ആനും അതിനെ മുന്നില്‍ വെച്ചുകൊണ്ടുള്ള എന്‍റെ ജീവിത മാതൃകയുമാണ് ആ രണ്ട് കെടാവിളക്കുകള്‍.”
“ഞാനൊന്നു ചോദിച്ചോട്ടെ നിങ്ങളോട്; നാളെ അല്ലാഹുവിന്‍റെ മുന്നില്‍ നിങ്ങളെത്തുമ്പോള്‍, നിങ്ങളോടൊപ്പം ജീവിച്ച, നിങ്ങളെപ്പോലെ ജീവിച്ച ഈ എന്നെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്താണു മറുപടി പറയുക?”
അത്ഭുതം തന്നെ! പ്രവാചകന്‍, സൃഷ്ടി ശ്രേഷ്ഠന്‍, വിനയത്തിന്‍റെ നിറക്കുടം എന്തിനാണിങ്ങനെ ചോദിക്കുന്നത്?! ആരേയും നോവിക്കാത്ത, ആരുടെ നോവിലും അവരേക്കാളധികം വേദനിച്ച പുണ്യവാന്‍! നരകത്തിന്‍റെ ചൂട്ടില്‍ നിന്ന് തന്‍റെ ഉമ്മത്തു മുഴുവന്‍ രക്ഷപ്പെടണമെന്ന് കൊതിച്ച, അതിനു വേണ്ടി, അവര്‍ ദുശ്ശാഠ്യം കാണിച്ചിട്ടുപോലും, ക്ഷമയോടുകൂടി യത്നിച്ച മഹാമനസ്കന്‍! അല്ലാഹുവില്‍ നിന്നു കിട്ടിയ സന്ദേശങ്ങള്‍ മുഴുവന്‍ സ്വന്തം ജീവിതം കൊണ്ടു പഠിപ്പിച്ച അധ്യാപകന്‍! എന്തിനേ ഈ ചോദ്യം ചോദിച്ചു?! അങ്ങ് വിടപറയുകയാണൊ?! അങ്ങ് യാത്രചോദിക്കുകയാണൊ?! ചന്ദ്രനേക്കാള്‍ ചന്തമാര്‍ന്ന ആ മുഖവും, കസ്തൂരിയേക്കാള്‍ ഗന്ധംവിതറിയ ആ മേനിയും, പട്ടിനേക്കാള്‍ മാര്‍ദ്ദവമായ ആ സാമീപ്യവും, എല്ലാമെല്ലാം…
പ്രവാചകന്‍റെ വാക്കുകള്‍ ഏറ്റുപറഞ്ഞപ്പോള്‍ റബീഅയുടെ കണ്ഠം തീര്‍ച്ചയായുമിടറിക്കാണണം. നാല്‍പതിനായിരം വരുന്ന സ്വഹാബത്തിന്‍റെ കാതില്‍ ആ ചോദ്യം പലവുരു പ്രതിധ്വനിച്ചു കാണണം.
അവര്‍ ഉച്ചൈസ്തരം, ഒരേകണ്ഠം വിളിച്ചു പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ, അങ്ങയെപ്പറ്റി ഞങ്ങള്‍ക്കു പറയാന്‍ നന്മകളല്ലാതെ മറ്റൊന്നുമില്ല. ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു; അല്ലാഹുവില്‍ നിന്ന് ലഭിച്ചവയെല്ലാം അങ്ങ് ഞങ്ങള്‍ക്ക് പകർന്നു തന്നു. അല്ലാഹുവില്‍ നിറ്റേെടുത്ത ഉത്തരവാദിത്തം ഭംഗമേതുമില്ലാതെ ഭംഗിയായി ഞങ്ങള്‍ക്കായങ്ങു നിര്‍വഹിച്ചു തന്നു. ജീവിതത്തിലേക്കാവശ്യമായ സകല സദുപദേശങ്ങളും ശിക്ഷണങ്ങളും ഗുണകാംക്ഷാപൂര്‍വം അവിടുന്ന് പഠിപ്പിച്ചു തന്നു. തീര്‍ച്ച; ഞങ്ങള്‍ സാക്ഷികളാണ് റസൂലേ.”
പത്തിരുപതു വര്‍ഷക്കാലം താന്‍ വളര്‍ത്തിയെടുത്ത സച്ചരിത സമൂഹത്തിന്‍റെ കണ്ഠങ്ങളില്‍ നിന്ന്, ഈ മറുപടി ഉയർന്നു കേട്ടപ്പോള്‍, ആ ലോക ഗുരുവിന്‍റെ കണ്ണുകള്‍ ആകാശത്തേക്കു പാഞ്ഞു. തന്‍റെ ചൂണ്ടുവിരല്‍ അന്തരീക്ഷത്തിലേക്കുയര്‍ത്തിയും, പിന്നീട് തന്‍റെ അനുചരന്മാരിലേക്ക് ചൂണ്ടിയും അവിടുന്ന് പറഞ്ഞു:
“അല്ലാഹുവേ നീയിതിന് സാക്ഷിയാണ്… അല്ലാഹുവേ നീയിതിന് സാക്ഷിയാണ്… അല്ലാഹുവേ നീയിതിന് സാക്ഷിയാണ്…”
നബിതിരുമേനി(സ്വ) തന്‍റെ ഹൃദയസ്പൃക്കായ പ്രഭാഷണം അവസാനിപ്പിച്ചു. ആ സമയം, അവിടുത്തെ നെറ്റിത്തടത്തില്‍ വിയര്‍പ്പുകണങ്ങള്‍ ഉരുണ്ടു കൂടുുണ്ടായിരുന്നു. പരമപരിശുദ്ധനായ അല്ലാഹുവില്‍ നിന്നുള്ള വഹ്യ് ജിബ്രീലില്‍ നിന്ന് സ്വീകരിക്കുകയായിരുന്നു ആ മഹാന്‍. സ്വഹാബത്ത് പ്രവാചകനെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. നാഴികകള്‍ പിന്നിട്ടിട്ടില്ല; അതാ, തിരുമേനിയുടെ ചുണ്ടുകള്‍ ചിലതു ചൊല്ലിപ്പറയുന്നു. അത് ജനങ്ങള്‍ കേള്‍ക്കുമാറുച്ചത്തിലായി. ജിബ്രീലില്‍ നിന്ന് ആ സമയം ലഭിച്ച ഖുര്‍ആനിക സൂക്തമായിരുന്നൂ അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടിരുന്നത്.
“നിങ്ങളുടെ മതത്തെ നിങ്ങള്‍ക്ക് ഞാനിതാ ഇന്ന് പൂര്‍ത്തീകരിച്ചിരിക്കുന്നു. നിങ്ങളുടെ മേല്‍ എന്‍റെ അനുഗ്രഹത്തെ ഞാന്‍ സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു. ദീനായി ഇസ്ലാമിനെ നിങ്ങള്‍ക്കു ഞാന്‍ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.” (മാഇദ: 3)
നബിതിരുമേനിയില്‍ നിന്ന് ഈ വചനാമൃത് കേള്‍ക്കേണ്ട മാത്രയില്‍ സ്വഹാബത്തിന്‍റെ മനം മുഴുവന്‍ കുളിര്‍ത്താടി. ഒന്നും വിട്ടുപോകാത്ത, എല്ലാം വിശദീകരിക്കപ്പെട്ട ദീന്‍! ആ ദീനിലണിനിരന്ന നമ്മള്‍ അനുഗ്രഹ സമ്പൂര്‍ണ്ണരായ ജനത! അല്ലാഹുവിന്‍റെ സംപ്രീതിക്ക് പാത്രീഭൂതമായ ലോകത്തെ ഏക മതം! ആദര്‍ശത്തിന്‍റെ മാറ്റും മഹിമയും ജീവിതത്തിലൂടെ തൊട്ടറിഞ്ഞ പ്രവാചകാനുചരന്മാര്‍ അല്ലാഹുവിനെ സ്തുതിച്ചു. അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്…
എല്ലാവരും ആഹ്ളാദിക്കുന്ന ആ അനര്‍ഘവേളയില്‍ പക്ഷെ, ഒരാള്‍; ഒരാള്‍മാത്രം തേ ങ്ങലടക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ്. ഒരുകാലത്ത്, തന്‍റെയും സമുദായത്തിന്‍റേയും ആരാധ്യ ദേവന്മാരെ രക്ഷിക്കാനും, ആ ദേവന്മാരെ തള്ളിപ്പറയുന്ന മുഹമ്മദിന്‍റെ തലയറുക്കാനും ഊരിയെടുത്ത വാളുമായി വീടുവിട്ടിറങ്ങിയ പോക്കിരി. ഇന്നദ്ദേഹം പക്ഷെ, പോക്കിരിയല്ല. മഹാനായ ലോകഗുരുവിന്‍റെ മുന്നില്‍, അവിടുത്തെ ഓരോ വാക്കും പ്രവൃത്തിയും ഒപ്പിയെടുത്ത് ജീവിതത്തില്‍ പകര്‍ത്തി സൂക്ഷ്മതയോടെ ജീവിക്കുന്ന വിനയാന്വിതന്‍. അതെ, ഉമര്‍ ബ്നുല്‍ ഖത്താബ്(റ).
തേങ്ങിക്കരയുന്ന ഉമറിനെ(റ) സമീപിച്ചു കൊണ്ട് ചിലര്‍ ചോദിച്ചു; എന്തു പറ്റീ ഉമര്‍ താങ്കള്‍ക്ക്? നാം നെഞ്ചെറ്റുന്ന വിശുദ്ധ ആദര്‍ശത്തിന്‍റെ പൂര്‍ത്തീകരണം പ്രഖ്യാപിക്കപ്പെട്ട ഈ വേളയില്‍, എല്ലാവരും സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടുന്ന ഈ അസുലഭ സന്ദര്‍ഭത്തില്‍ താങ്കള്‍ കരയുകയോ?!
അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ പറഞ്ഞതു ശരിയാണ്, പക്ഷെ, നിങ്ങളൊന്നൊർക്കണം. ഒന്നിന്‍റെ പൂര്‍ത്തീകരണം നടന്നാല്‍ മറ്റുചിലതിന്നു കുറവു വരാന്‍ പോകുന്നൂ എന്നാണതിന്‍റെ സൂചന. മതം പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞൂ എന്നാല്‍ ആ ദൗത്യവുമായി നിയോഗിക്കപ്പെട്ട റസൂലിന്‍റെ നമുക്കിടയിലെ സാന്നിധ്യം അവസാനിക്കാന്‍ പോകുന്നൂ എന്നാണതിന്‍റെ അര്‍ഥം. സഹോദരങ്ങളേ, അതോര്‍ത്തപ്പോള്‍ എനിക്കതു താങ്ങാനായില്ല.”
അപ്പോഴാണ്, സഹാബികളിലെ പലരും ഞെട്ടിയത്. അപ്പോഴാണ് അവരുടെ കണ്‍തടങ്ങള്‍ കലങ്ങിയത്. അപ്പോഴാണ് ആ ഹൃദയങ്ങളില്‍ വിരഹസൂചനയുടെ സൂചിമുനകള്‍ തറഞ്ഞത്. റസൂലില്ലാത്ത മദീനയും, മക്കയും! റസൂലില്ലാത്ത പകലും പാതിരാവും! റസൂലില്ലാത്ത സുഖവും ദുഃഖവും! റസൂലില്ലാത്ത വീടും വീഥിയും!
പിന്നീടുള്ള നിമിഷങ്ങളില്‍ അവര്‍ പ്രവാചകനോട് കൂടുതല്‍ ചേർന്നു നിന്നു, ചേര്‍ന്നു നടന്നു. കണ്ണുകളും കാതുകളും ഹൃദയങ്ങളും ആ മഹാനുഭാവന്‍റെ സവിധത്തില്‍ തറച്ചു വെച്ചു; എല്ലാം കേട്ടും, അറിഞ്ഞും, പകര്‍ത്തിയും.
അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ നബിയ്യിക വ ഹബീബിക.
Source: www.nermozhi.com
(Da’wa Books പ്രസിദ്ധീകരിച്ച ‘മുഹമ്മുദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)