മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 10

2475

അധ്യായം പത്ത്
പ്രവാചകന്‍റെ വിയോഗ നിമിഷങ്ങള്‍

അനാഥനായി ജനിച്ചു.
ആറാമത്തെ വയസ്സില്‍ സ്നേഹനിധിയായ ഉമ്മ മരിച്ചു.
തുടർന്ന് ആശ്രയമായി നിലകൊണ്ട വല്യുപ്പ അബ്ദുല്‍ മുത്തലിബും മരണമടഞ്ഞു; തന്‍റെ എട്ടാമത്തെ വയസ്സില്‍!

ജീവിതത്തിന് ആശ്രയമാകേണ്ടവരുടെ മരണങ്ങള്‍ തിരുമേനിയുടെ ശൈശവ കാല സാഹചര്യത്തില്‍ നിരാശയോ, പ്രതിബന്ധമോ സൃഷ്ടിക്കേണ്ടതായിരുന്നു. പക്ഷേ, അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ അദ്ദേഹത്തില്‍ അവയൊന്നുമുണ്ടായില്ല.

നബി(സ്വ)യുടെ കൗമാര യൗവന ജീവിതങ്ങള്‍ പിതൃവ്യനായ അബൂത്വാലിബിന്‍റെ കീഴിലായിരുന്നു. തന്‍റെ ജ്യേഷ്ഠ പുത്രനോട് അതിരറ്റ സ്നേഹവും പരിഗണനയുമായിരുന്നു അബൂ ത്വാലിബിന്.

വളര്‍ന്ന ചുറ്റുപാടു മുഴുവന്‍ മുഹമ്മദ്(സ്വ) എന്ന സൽസ്വഭാവിയായ കുമാരനെ, യുവാവിനെ സ്നേഹിച്ചു, ആദരിച്ചു. അല്‍അമീന്‍ എന്നായിരുന്നു അവരദ്ദേഹത്തെ വിളിച്ചത്.

ജീവിതത്തിലെന്നും വിശ്വസ്തത കാത്തുസൂക്ഷിച്ച അദ്ദേഹത്തെ വിളിക്കാന്‍ മറ്റൊരു പേര് അവര്‍ക്കാവശ്യമില്ലായിരുന്നു.

മലമടക്കുകളാല്‍ നിബിഢമായ മക്കയുടെ പാരുഷ്യതയിലും സ്വഭാവ നൈര്‍മല്യം കൊണ്ട് വിളങ്ങിനിന്നു തിരുദൂതര്‍.

ചെറുപ്പത്തില്‍ ആടുമേച്ചും, യുവത്വത്തില്‍ കച്ചവടം ചെയ്തും, സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ടും ജീവിതഘട്ടങ്ങളെ സജീവമാക്കി നിര്‍ത്തീ അദ്ദേഹം.

നാല്‍പതാമത്തെ വയസ്സില്‍ ലോകത്തിന്‍റെ നെറുകയില്‍ പ്രവാചകനായി നിയോഗതനാകുമ്പോള്‍ സര്‍വരാലും ആദരിക്കപ്പെട്ട് നിലകൊള്ളുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു മഹാനില്ല. എല്ലാവര്‍ക്കും നന്മയാഗ്രഹിച്ചു. എല്ലാവരുടെ വേദനകളിലും വേദനിച്ചു. ഖുര്‍ആന്‍ പറഞ്ഞില്ലെ:
“തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താത്പര്യമുള്ളവനും, സത്യവിശ്വാസകളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (തൗബ: 128)

അല്ലാഹു തന്നിലേല്‍പ്പിച്ച പ്രബോധന ദൗത്യം തിരുമേനി(സ്വ) സമൂഹത്തില്‍ കൃത്യമായി നിര്‍വഹിക്കുകയുണ്ടായി. രാവുപോലും പകലുപോലെ വെളിച്ചമാര്‍ന്ന നില എന്നതായിരുന്നു പ്രവാചകന്‍റെ ജീവിത മാതൃക. (അവലംബം: ഇര്‍ബാള് ബ്നു സാരിയ നിവേദനം ചെയ്ത, ഇബ്നു മാജ രേഖപ്പെടുത്തിയ ഹദീസ്. ശൈഖ് അല്‍ബാനി സ്വഹീഹ്െ അഭിപ്രായപ്പെട്ടത്)

പ്രവാചകത്വത്തിനു ശേഷമുള്ള മക്കയിലെ പതിമൂന്നു വര്‍ഷക്കാലം.
പലായനത്തിനു ശേഷമുള്ള മദീനയിലെ പത്തു വര്‍ഷക്കാലം.
23 വര്‍ഷം മാത്രം നീണ്ടു നിന്ന പ്രവാചകത്വ ജീവിതം; സംഭവ ബഹുലമായിരുന്നു അത്.

മനുഷ്യ സമൂഹത്തിന്‍റെ സമൂലമാറ്റത്തിനും ലക്ഷ്യപ്രാപ്തിക്കുമായി അല്ലാഹു സുബ്ഹാനഹു വ തആല അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനിലൂടെ, നന്മയില്‍ നിലകൊള്ളുന്ന, മാതൃകായോഗ്യരായ വലിയൊരു മനുഷ്യ സഞ്ചയത്തെ പ്രവാചകന്‍(സ്വ) വളര്‍ത്തിയെടുക്കുകയുണ്ടായി. കേവലം ഇരുപത്തിമൂന്ന് വര്‍ഷമെന്നത്, ഫലദായകമായ ഒരൊറ്റ വിപ്ലവത്തിനും മതിയായതല്ല. പക്ഷെ, നബി തിരുമേനിയുടെ ഇരുപത്തി മൂന്ന് വര്‍ഷക്കാല പ്രവാചകത്വ ജീവിതം ഈ പൊതു നിയമത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു!

പരുക്കന്‍ ജീവിതവും വിശ്വാസ, സ്വഭാവ വൈകല്യങ്ങളാല്‍ കറുത്ത മനസ്സുമുണ്ടായിരുന്ന ഒരു ജനതയില്‍ സമ്പൂര്‍ണ്ണമായ മാറ്റമാണ് തിരുമേനി വരുത്തിയത്. തന്‍റെ സുന്നത്തും സച്ചരിതരായ തന്‍റെ സ്വഹാബത്തിന്‍റെ സുന്നത്തും അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കണം എന്ന് പില്‍കാല സമൂഹത്തെ ഉപദേശിച്ചാണ് നബി(സ്വ) വിടപറഞ്ഞത്. തന്‍റെ അനുചരന്മാരുടെ ജീവിതവും ഉപകാരപ്രദമാം വിധം മാതൃകായോഗ്യമായിരുന്നു എന്ന് അംഗീകരിക്കുകയായിരുന്നു നബി(സ്വ).

ഇന്നിതാ, ഇസ്ലാം പരിപൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം സമൂഹത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ലോക ഗുരുവിന്‍റെ ദൗത്യവഴി ലക്ഷ്യത്തിലെത്തിയിരിക്കെ ഇനിയെന്ത്?

മക്കാ വിജയത്തിനും, ഹജ്ജ് നിര്‍വഹണത്തിനും ശേഷമുളള പ്രവാചക ജീവിതത്തിലെ സംഭവങ്ങള്‍ അവിടുത്തെ വിയോഗത്തിലേക്ക് സൂചനകള്‍ നല്‍കുതായിരുന്നു. പ്രവാചക ദൗത്യത്തിന്‍റെ വിജയഘോഷമായി സൂറത്തുന്നസ്ര്‍ അവതരിക്കപ്പട്ടു. അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നുകിട്ടിയാല്‍, ആളുകള്‍ അല്ലാഹുവിന്‍റെ ദീനിലേക്ക് കൂട്ടം കൂട്ടമായി പ്രവേശിക്കുന്നത് കാണാനായാല്‍, നീ അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും, അവനോട് മാപ്പിരക്കുകയും ചെയ്യുക എന്ന അര്‍ഥഗര്‍ഭമായ വചനങ്ങള്‍ പ്രവാചക ഹൃദയത്തില്‍ ചില സൂചനകള്‍ ഇട്ടു കൊടുത്തു കാണണം. അവിടുന്ന് പറഞ്ഞു: ‘എന്‍റെ മരണവാര്‍ത്ത ഇതാ എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു.’ തന്‍റെ കരള്‍കഷണമായിരുന്ന പ്രിയ പുത്രി ഫാതിമയുടെ കാതുകളിലാണ് സ്നേഹനിധിയായ ആ പിതാവ് ഇക്കാര്യം പറഞ്ഞത് എന്ന് ഹദീസുകളില്‍ വായിക്കാനാകുന്നു. (ഇബ്നു അബ്ബാസ്(റ) നിവേദനം, ബൈഹഖി രേഖപ്പെടുത്തിയത്)

അതേ വര്‍ഷമാണ് പ്രിയ ശിഷ്യന്‍ മുആദ് ബ്നു ജബലി(റ)നെ പ്രബോധനാവശ്യാര്‍ഥം നബി(സ്വ) യമനിലേക്ക് നിയോഗിക്കുന്നത്. അദ്ദേഹത്തെ യാത്രയാക്കാന്‍ തിരുമേനി(സ്വ) കൂടെ നടന്നു. മുആദ് വാഹനപ്പുറത്ത്, തിരുമേനിയാകട്ടെ അതിനോട് ചേര്‍ന്ന് കാല്‍നടയായും. നബി(സ്വ) വിളിച്ചു: “മുആദ്…” ആ അരുമ ശിഷ്യന്‍ ലോകഗുരുവിന്ന് കാതുനല്‍കി. “… മുആദ്, ഒരു പക്ഷെ, ഈ വര്‍ഷത്തിനു ശേഷം എന്നെ നീ കണ്ടുമുട്ടിയെന്നുവരില്ല. എന്‍റെയീ മസ്ജിദിനരികില്‍ എന്‍റെ ഖബറിനെ താണ്ടിയാകാം അന്നു നിന്‍റെ യാത്ര.” അതു കേട്ട മാത്രയില്‍ മുആദ് പൊട്ടിക്കരഞ്ഞു. പ്രവാചകന്‍(സ്വ) അദ്ദേഹത്തെ വിലക്കി: “അരുത് മുആദ്, കരച്ചില്‍ പിശാചില്‍ നിന്നാണ്.” (അഹ്മദ്, ത്വബറാനി. അര്‍നാഊത്വ് സ്വഹീഹെന്ന് അഭിപ്രായപ്പെട്ടത്. ദഹബിയുടെ താരീഖുല്‍ ഇസ്ലാം. ഹദീസ്/1352)

വിടവാങ്ങാനും വിടപറയാനുമുള്ള തയ്യാറെടുപ്പിലാണ് സൃഷ്ടിശ്രേഷ്ഠന്‍. അവസാന നാളുകളിലെ അവിടുത്തെ ഓരോ ചലനവും അത് വിളിച്ചോതുന്നുണ്ട്. ഹിജ്റ 11, സഫര്‍ മാസത്തിലെ ഒരു ദിവസം രാത്രി നബി(സ്വ) തന്‍റെ അനുചരന്‍ അബൂ മുവയ്ഹിബയേയും കൂട്ടി മദീനാ മസ്ജിദിനരികിലെ ബഖീഅ് ഖബറിടത്തിലേക്ക് നടന്നു. അവിടെയെത്തിയ പ്രവാചകന്‍ ആകാശ വിതാനത്തിലേക്ക് കൈകളുയര്‍ത്തി, ബഖീഇലെ ഖബറാളികള്‍ക്കു വേണ്ടി മാപ്പിരന്നു പ്രാര്‍ഥിച്ചു; ദീര്‍ഘനേരം.
ബഖീഇല്‍ നിന്ന് തിരിച്ചു നടക്കവേ തിരുമേനി വിളിച്ചു: “അബൂ മുവയ്ഹിബാ, എനിക്കു മുന്നില്‍ എന്‍റെ റബ്ബിതാ ഒരു തെരഞ്ഞടുപ്പിനുള്ള അവസരമൊരുക്കിയിരിക്കുന്നു. ഒന്ന്: ദുനിയാവിന്‍റെ താക്കോലുകളും അവിടുത്തെ ശാശ്വത ജീവിതവും പിന്നെ സ്വര്‍ഗവും. രണ്ട്: അല്ലാഹുവിനെ കണ്ടുമുട്ടലും പിന്നെ സ്വര്‍ഗവും. ഞാനിതാ അല്ലാഹുവിനെ കണ്ടുമുട്ടലും സ്വര്‍ഗവും തെരഞ്ഞെടുത്തിരിക്കുന്നു.” അബൂ മുവയ്ഹിബ തേങ്ങി: ‘റസൂലേ അങ്ങെന്‍റെ ഉമ്മയും ഉപ്പയുമാണ്. ദുനിയാവിന്‍റെ ഖജാനയുടെ താക്കോലുകളും ശാശ്വതവാസവും പിന്നെ സ്വര്‍ഗവും സ്വീകരിച്ചു കൂടെ അങ്ങേക്ക്?’ അവിടുന്ന് പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു: “ഈ ദാസന്‍ തന്‍റെ നാഥനെ കാണാനും സ്വര്‍ഗത്തിലേക്ക് പോകാനും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു!” (മുസ്നദ് അഹ്മദ്, താരീഖു ത്ത്വബരി, ബൈഹഖിയുടെ ദലാഇലുുബുവ്വ)

റസൂലിന്‍റെ പൂമേനിയില്‍ അനാരോഗ്യത്തിന്‍റെ ലക്ഷണങ്ങള്‍ നിഴലിട്ടു തുടങ്ങിയിരുന്നു. എല്ലാവരോടും നബി(സ്വ) വിടചൊല്ലുകയാണ്. ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമൊക്കെ. കാരുണ്യത്തിന്‍റെ ദൂതന്‍, കനിവിന്‍റെ നിറക്കുടം, സ്നേഹത്തിന്‍റെ നിലാവ് ദുനിയാവില്‍ നിന്നകലും മുമ്പേ എല്ലാവരേയും ഖല്‍ബില്‍ ഓര്‍ത്തുവെക്കുകയാണ്. ഒരാഗ്രഹം കൂടിയുണ്ട് ആ ഹൃദയകമലത്തില്‍. ഉഹദിലേക്ക് ചെല്ലണം. അവിടെ ഖബറടക്കപ്പെട്ട ശുഹദാക്കള്‍ക്ക് സലാം ചൊല്ലണം. നബി(സ്വ) സ്വഹാബത്തിനോടക്കാര്യം പറഞ്ഞു. പ്രവാചകന്ന് വയ്യായിരുന്നു. നടക്കാന്‍ ആളെ ആശ്രയിക്കണം. അവിടുന്ന് പ്രിയ ശിഷ്യരുടെ കരം കവര്‍ന്ന് നടന്നു. ഉഹദിന്‍റെ മണ്ണും മണവും ആ കണ്ണുകളില്‍ തെളിച്ചം വിടര്‍ത്തി. വാളുകളുടെ ഝണല്‍കാരവും, കുതിരകളുടെ ശീല്‍കാരവും ഓര്‍മകളായി തിരുമേനിയുടെ കാതുകളില്‍ ഓളം തല്ലിക്കാണണം!

ഉഹദിന്‍റെ മണ്ണില്‍ വീരമൃത്യുവരിച്ച ധീരസേനാനികളുടെ ഖബറിന്നരികില്‍ നബി(സ്വ) ചെന്നു നിന്നു: “ഉഹദ് ശുഹദാക്കളേ, നിങ്ങള്‍ ഞങ്ങള്‍ക്കു മുമ്പേ യാത്രതിരിച്ചു, അല്ലാഹു ഉദ്ദേശിക്കുമെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്.”

നബി(സ്വ) തിരിച്ചു നടന്നു. തിരുമേനിക്ക് താങ്ങായി സ്വഹാബികള്‍ തങ്ങളുടെ തോളുകള്‍ മാറിമാറി നല്‍കി. അവര്‍ പ്രവാകന്‍റെ മുഖ കമലത്തിലേക്ക് നോക്കവേ, അതാ ആ കണ്‍തടങ്ങള്‍ ഉറാഴെുകുന്നു! ലോകഗുരു കരയുകയാണ്. അവര്‍ക്ക് ആധിയായി. റസൂലേ അങ്ങയെ കരയിപ്പിച്ച സംഗതി എന്താണ്? അവര്‍ ചോദിച്ചു.
നബി(സ്വ) പറഞ്ഞു: “എനിക്കെന്‍റെ സഹോദരങ്ങളെ കാണാന്‍ കൊതിയാകുന്നു.” സ്വഹാബികള്‍ക്കു മനസ്സിലായില്ല. അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളിതാ ഇവിടെത്തന്നെയുണ്ടല്ലൊ, ഞങ്ങള്‍ അങ്ങയുടെ സഹോദരങ്ങള്‍ തന്നെയല്ലെ?’ നബി(സ്വ) പറഞ്ഞ: “നിങ്ങളെന്‍റെ സ്വഹാബികളാണ്, ഞാന്‍ കാണാന്‍ കൊതിക്കുന്ന സഹോദരങ്ങള്‍ എനിക്കു ശേഷം വരാനുള്ളവരാണ്. എന്നെ കാണാതെ തന്നെ എന്നില്‍ വിശ്വസിച്ച അവരാണ് എന്‍റെ സഹോദരങ്ങള്‍.”

സുബ്ഹാനല്ലാഹ്! നബിഹൃദയത്തിനെന്തു മാത്രം വിശാലത! ആ സ്നേഹത്തടാകത്തിനെന്തുമാത്രം വ്യാപ്തി! എന്നേയും നിങ്ങളേയുമൊക്കെ നേര്‍ക്കുനേര്‍ കാണാന്‍ കൊതിച്ചു കണ്ണീര്‍ പൊഴിച്ച ആ മഹാപുംഗവനെ കണ്ടാനന്ദിക്കാന്‍ ഇനിയും നാമെത്രകണ്ടധ്വാനിക്കണം. അല്ലാഹുവേ, ഞങ്ങള്‍ക്കു നീയതിന് തൗഫീഖ് നല്‍കിയാലും.

നാള്‍ക്കുനാള്‍ തിരുമേനിയുടെ നില മോശമായിക്കൊണ്ടിരുന്നു. മറ്റു ഭാര്യമാരുടെ അനുമതിയോടെ അവിടുന്ന് ആയിഷ(റ)യുടെ വീട്ടില്‍ താമസമാക്കി. വേദന കഠിനമായനുഭവപ്പെട്ട ഒരു വേളിയില്‍ അവിടുന്ന് പറഞ്ഞു: ആയിഷാ, ഖൈബറിന്‍റെ വിഷാവശിഷ്ടം എന്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. ഖൈബര്‍ യുദ്ധം കഴിഞ്ഞ് തിരിച്ചുവരും വഴി, ഒരു ജൂതസ്ത്രീ നല്‍കിയ വിഷം പുരട്ടിയ ആട്ടിന്‍ മാംസം കഴിച്ചതിനെ ഓര്‍ത്തു പറയുകയായിരുന്നൂ തിരുമേനി(സ്വ).

നബി തിരുമേനി (സ്വ) വിയര്‍ത്തൊഴുകുകയാണ്. പനി വര്‍ദ്ധിച്ചിട്ടുണ്ട്. മഹതി ആയിഷ വിയര്‍പ്പൊപ്പിക്കൊണ്ടേയിരിക്കുന്നു. തിരുമേനി(സ്വ), അരികിലെ പാത്രത്തില്‍ നിന്ന് വെള്ളമെടുത്ത് ഇടക്കിടെ മുഖം തഴുകുകയാണ്. ശേഷം തന്‍റെ കയ്യിലുള്ള തുണിയെടുത്ത് മുഖത്തിടും. ചൂടധികമാകുമ്പോള്‍ അവിടുന്ന് അതെടുത്തുമാറ്റും. അപ്പോഴെക്കെ ആ മൃദുചുണ്ടുകള്‍ മന്ത്രിക്കുന്നത്: ലാഇലാഹ ഇല്ലല്ലാഹ്, ലില്‍ മൗത്തി ലസകറാത്ത് (തീര്‍ചയായും മരണത്തിന് വേദനകളുണ്ട്) എന്നാണ്.

തിരുമേനിക്ക് ഇടക്കിടെ ബോധം നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന ഒരു സമയം അവിടു് ചോദിച്ചു: ആളുകള്‍ ഇശാ നമസ്കരിച്ചുവോ? ആയിഷ പറഞ്ഞു: ഇല്ല നബിയേ, അവര്‍ താങ്കളെ കാത്തു നില്‍ക്കുകയാണ്. ജമാഅത്തു നമസ്കാരത്തിന് ഇമാമത്തു നില്‍ക്കാന്‍ നബിയാഗ്രഹിച്ചു. പക്ഷെ, വയ്യ! തെല്ലൊരുന്മേഷത്തിനായി തലയിലൂടെ പലവുരു കുടംകണക്കിന് വെള്ളമൊഴിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴൊക്കെ, ബോധരഹിതനായി കിടക്കയില്‍ വീണു. നേരം വല്ലാതെ വൈകിയിരിക്കുകയാണ്. ആളുകള്‍ പ്രവാചകാഗമനവും കാത്ത് പള്ളിയില്‍ തന്നെയുണ്ട്. നമസ്കാരത്തിന് ഇമാമത്തു നില്‍ക്കാന്‍ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ട അവസാന സമയം നബി(സ്വ) തന്‍റെ ഹബീബായ അബൂബക്കറിനെ ജനങ്ങള്‍ക്കായി ഇമാമത്തു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം ആളുകള്‍ക്ക് നേതൃത്വം നല്‍കി ഇശാ നമസ്കരിച്ചു.

സ്നേഹനിധികളായ തന്‍റെ അനുചരന്മാരില്‍ നിന്നും ജനങ്ങളുടെ ഇമാമായി നില്‍ക്കാന്‍ അബൂബക്കറി(റ)നെ നബി(സ്വ) നിശ്ചയിച്ചതില്‍ തീര്‍ച്ചയായും ഒരുദ്ദേശ്യമുണ്ടാകണം. പ്രവാചകന്‍റെ നിലപാടുകളില്‍ അങ്ങിനെയൊരുദ്ദേശ്യമുണ്ടായേ പറ്റൂ. അതെന്തായിരുന്നുവെന്ന്, തിരുമേനിയുടെ വിയോഗാനന്തരം അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന വേളയില്‍ അബൂബക്കര്‍(റ)ന്‍റെ കൈപിടിച്ച് കൊണ്ട് അദ്ദേഹത്തിന് ബൈഅത്ത് ചെയ്യവേ, ഉമര്‍(റ) പറഞ്ഞ വാക്കുകളില്‍ നിന്ന് വായിക്കാനാകും. “അബൂബക്കര്‍, ദീനിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‍റെ റസൂല്‍ അങ്ങയെ ഞങ്ങള്‍ക്ക് ഇമാമത്തായി നിശ്ചയിച്ചു തന്നതാണ്. എങ്കില്‍, ദുനിയാവിന്‍റെ കാര്യത്തിലും അങ്ങയെത്തന്നെ ഞങ്ങള്‍ക്കെന്തുകൊണ്ട് നേതാവായി സ്വീകരിച്ചു കൂടാ!” സ്വഹാബികള്‍ ഒന്നടങ്കം ഉമറി(റ)നെ ശരിവെച്ചു, അബൂബക്കറിനെ ആദ്യ ഖലീഫയായി അവര്‍ തെരഞ്ഞെടുത്തു.

വിഷയത്തിലേക്കു വരാം. അടുത്ത ദിവസവും അബൂബക്കര്‍(റ) തന്നെയായിരുന്നു ഇമാം. പ്രവാചക തിരുമേനി(സ്വ) തന്‍റെ റൂമിലെ വിരിപ്പു നീക്കി പള്ളിയിലെ ജമാഅത്തു നമസ്കാരം ശ്രദ്ധിച്ചു. അബൂബക്കറി(റ)ന്‍റെ പിന്നില്‍ ഭക്തിപൂര്‍വം അണിയണിയായി നമസ്കരിക്കാന്‍ നില്‍ക്കുന്ന തന്‍റെ ശിഷ്യഗണങ്ങളെ കണ്ടപ്പോള്‍ പ്രവാചകന്നുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എങ്ങനേയും അവരുടെ അരികിലെത്തിയേ പറ്റൂ. നബി(സ്വ) പ്രയാസത്തോടെയാണെങ്കിലും പള്ളിയിലേക്ക് ചെന്നു. അബൂബക്കര്‍(റ)ന്‍റെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് അദ്ദേഹം നമസ്കാരം പൂര്‍ത്തിയാക്കി.

ശേഷം നബി(സ്വ) മിമ്പറില്‍ കയറി. ഹംദും സ്വലാത്തും ചൊല്ലി, ചില സാരോപദേശങ്ങള്‍ മൊഴിഞ്ഞു. മുഹാജിറുകളേയും അന്‍സ്വാറുകളേയും അവരുടെ ത്യാഗങ്ങളേയും സ്മരിച്ചു. അദ്ദേഹം പറഞ്ഞു: “ജനങ്ങളെ, നിങ്ങള്‍ പരസ്പരാദരവുകളോടെയും വിട്ടുവീഴ്ചാ മനസ്ഥിതിയോടേയും ജീവിക്കണം. സ്പര്‍ദ്ധയരുത്, പെരുമയരുത്, പഴിയരുത്. എല്ലാവരും സ്നേഹത്തില്‍ വര്‍ത്തിക്കുക. ജനങ്ങളേ, ഒരു ദാസന്‍റെ മുന്നില്‍ അല്ലാഹു ഐഹിക സുഖം വേണൊ, പാരത്രിക ലോകം വേണൊ എന്നുന്നയിച്ചിരുക്കുന്നു. ആ ദാസന്‍ പരലോകം തെരഞ്ഞെടുത്തിരിക്കുന്നു.”

തിരുമേനിയുടെ വാക്കുകള്‍ സാകൂതം ശ്രദ്ധിച്ചിരിക്കുകയായിരുന്ന അബൂബക്കര്‍(റ) ഈ വാക്കുകള്‍ കേട്ടതും തേങ്ങിക്കരയാന്‍ തുടങ്ങി. പ്രവാചകനദ്ദേഹത്തെ ആശ്വസിപ്പിച്ചു. തനിക്ക് അബൂബക്കറുമായുള്ള അനവധ്യമായ സ്നേഹബന്ധത്തെ ഓര്‍മ്മയിലെടുത്തു.

അദ്ദേഹം തുടര്‍ന്നു: “ജനങ്ങളേ, നിങ്ങള്‍ ജൂത ക്രൈസ്തവരെപ്പോലെയാകരുത്. അല്ലാഹു അവരെ ശപിക്കട്ടെ. തങ്ങളുടെ പ്രവാചകന്മാരും സദ് വൃത്തരും മരണമടഞ്ഞാല്‍ അവരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളാക്കിയവരാണവര്‍. എന്‍റെ ഖബറിടത്തെ നിങ്ങള്‍ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്. നിങ്ങള്‍ക്ക് ഞാനതു വിരോധിക്കുന്നു.”

ജീവിക്കുമ്പോഴും മരണാനന്തരവും ആള്‍ദൈവമായി അവരോധിക്കപ്പെടാനും പൂജിക്കപ്പെടാനും ആഗ്രഹിക്കുകയും, അതിന്നു പറ്റിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന സ്വാര്‍ഥംഭരികള്‍ക്കു മുന്നില്‍ സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദു നബിയുടെ വ്യക്തിത്വം അനുപമമാവുകയാണ് ഇവിടെ. അല്ലാഹുവിനെ കഴിഞ്ഞാല്‍ ഏതു നിലക്കും പ്രവാചകനെയാണ് ഞങ്ങള്‍ക്കിഷ്ടം എന്നു പറയുകയും, എന്നാൽ, ആ പ്രവാകന്‍റെ ചര്യകള്‍ക്ക് വിരുദ്ധമായി ജീവിക്കുകയും, ആ പ്രവാചകനിലേക്ക് തന്നെ കയ്യുയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യുന്ന മുസ്ലിം ഉമ്മത്തിന് തിരുമേനിയുടെ ഈ ഉപദേശങ്ങളില്‍ ചിന്തനീയമായ പാഠങ്ങളുണ്ട്.

നബി തിരുമേനി(സ്വ) തന്‍റെ വാക്കുകള്‍ തുടരുകയാണ്: “ജനങ്ങളേ, നിങ്ങളുമായുള്ള പെരുമാറ്റങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ നിങ്ങളിലാരേയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, ഇതാ എന്‍റെ ശരീരം; നിങ്ങള്‍ക്ക് പ്രതികാരം ചെയ്യാവുന്നതാണ്.” തിരുമേനി(സ്വ) പിന്നെയും ഒരുപാടുപദേശങ്ങള്‍ തന്‍റെ ശിഷ്യര്‍ക്കായി നല്‍കി. പലരും കരഞ്ഞു. വിങ്ങുന്ന ഹൃദയങ്ങളില്‍ വികാരങ്ങള്‍ ഒരുപാടലയടിച്ചു കാണണം.

ഹിജ്റ പതിനൊന്നാം മാസം. അന്ന് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായിരുന്നു. സുബഹ് നമസ്കാരം അബൂബക്കര്‍(റ)ന്‍റെ ചാരത്തിരുന്നു കൊണ്ട് തിരുമേനി(സ്വ) നിര്‍വഹിച്ചു. അദ്ദേഹം അല്പം ഉന്മേഷവാനായിരുന്നു. സ്വഹാബികള്‍ സന്തോഷിച്ചു. ആകാംക്ഷ നിറഞ്ഞ അവരുടെ കണ്ണുകളില്‍ പ്രതീക്ഷകള്‍ പൂത്തുലയുകയായിരുന്നു. ദിവസങ്ങളായി തിരുമേനിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെട്ട് സ്വഹാബികളില്‍ പലരും പള്ളിയില്‍ തന്നെ കഴിയുകയായിരുന്നു. ഇന്നു പക്ഷെ, അവര്‍ക്ക് സമാധാനമായിരിക്കുന്നു. തങ്ങളുടെ ഉമ്മയായ ഉപ്പയായ പ്രവാചകന്ന് ആശ്വാസം വീണ്ടു കിട്ടിയിരിക്കുകയാണ്. അവര്‍ വീടുകളിലേക്ക് തിരിച്ചു. അബൂബക്കര്‍(റ)വും തന്‍റെ ആവശ്യത്തിനായി പുറത്തേക്ക് പോയി.

നബി തിരുമേനി(സ്വ) തന്‍റെ പ്രിയതമ ആയിഷയോടൊപ്പം വീട്ടിലാണ്. അടുത്തു നിന്നും മാറാതെ പ്രിയതമനെ പരിചരിക്കുകയാണ് മഹതി. നേരം പൂര്‍വാഹ്നത്തോടടുത്തു കാണും. എന്തോ, പ്രവാചകന്‍റെ ശാരീരികാവസ്ഥയില്‍ മാറ്റം സംഭവിക്കുന്നത് ആയിഷ(റ) മനസ്സിലാക്കി. അവരദ്ദേഹത്തെ തന്‍റെ മാറിലേക്ക് ചേര്‍ത്തിരുത്തി. തിരുമേനിയുടെ നെറ്റിത്തടം വിയര്‍ത്തൊഴുകുന്നുണ്ട്. ഇടക്കിടെ തന്‍റെ കൈവിരല്‍ മുകളിലേക്ക് ചൂണ്ടി, അല്ലാഹുവിന്‍റെ ഉന്നത സവിധത്തിലേക്ക് എന്നര്‍ത്ഥം വരുന്ന ‘ഇലര്‍റഫീഖില്‍ അഅ്ലാ’ എന്ന് അവിടുന്ന് മന്ത്രിക്കുന്നുണ്ട്. അധിക നേരം കഴിഞ്ഞില്ല; പ്രവാചകപ്പൂമേനി തളര്‍ന്നു. പ്രകാശം പരത്തിയ ആ കണ്ണുകള്‍ അടഞ്ഞു.

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

ആയിഷ(റ) വിങ്ങിപ്പൊട്ടി. വാര്‍ത്തയറിഞ്ഞ് സ്വഹാബികള്‍ നാനാഭാഗത്തു നിന്നും ഓടിയെത്തി. പ്രവാചകന്‍ വിടവാങ്ങുകയോ? അവര്‍ക്കു വിശ്വസിക്കാനാകുന്നില്ല. ഉമറും അവിടെയെത്തിയിട്ടുണ്ട്. ആകെ അങ്കലാപ്പിലാണദ്ദേഹം. ആരൊക്കെയൊ പറയുന്നു: ‘നബി(സ്വ) മരണപ്പെട്ടിരിക്കുന്നു.’ ഉമറിന് ആ വാചകം താങ്ങാനായില്ല. അദ്ദേഹം തന്‍റെ ഉടവാളൂരിയെടുത്തു കൊണ്ടു പറഞ്ഞു: “ഇനിയാരെങ്കിലും എന്‍റെ പ്രിയപ്പെട്ട പ്രവാചകന്‍ മരണപ്പെട്ടുവെന്ന് ഉച്ചരിച്ചാല്‍ ഞാനവന്‍റെ തലയരിയും. മൂസാ നബി(അ) തൗറാത്തു വാങ്ങാനായി ഇസ്റാഈല്യരെ വിട്ട് യാത്രപോയതുപോലെ പ്രവാചകനൊരു യാത്രയിലാണ്. അദ്ദേഹം തിരിച്ചു വരും!”

സുബ്ഹാനല്ലാഹ്! മുഹമ്മദി(സ്വ)ന്‍റെ മരണം കൊതിച്ച, അദ്ദേഹത്തെ കൊല്ലാനായി വാളൂരി യാത്രതിരിച്ച അതേ മനുഷ്യനിതാ പറയുന്നൂ: തിരുമേനി മരിച്ചെന്ന് പറയുന്നവന്‍റെ തല ഞാനരിയുമെന്ന്!!

മരണവാര്‍ത്ത കേട്ട് അബൂബക്കര്‍(റ) മകളുടെ വീട്ടിലെത്തി. ആളുകള്‍ തിങ്ങിനിറഞ്ഞു നില്‍പുണ്ട്. അദ്ദേഹം നേരെ പ്രവാചകന്‍റെ മൃതശരീരത്തിനരികിലേക്ക് ചെന്നു. ആ നെറ്റിത്തടത്തില്‍ സ്നേഹാദരവുകളുടെ ചുംബനം നല്‍കി. ശേഷം വെളിയിലേക്കിറങ്ങി, ഉമറിനെ സമാശ്വസിപ്പിക്കാന്‍ ആവുന്നതു ശ്രമിച്ചു. ഫലം കാണുന്നില്ല; അദ്ദേഹം അപ്പോഴും ഭീഷണാവസ്ഥയില്‍ തന്നെയാണ്.

അബൂബക്കര്‍(റ) മിമ്പറിലേക്ക് കയറി; ആളുകള്‍ അദ്ദേഹത്തിന് കാതു കൊടുത്തു. അദ്ദേഹം പറഞ്ഞു: “സഹോദരങ്ങളേ, വല്ലവരും മുഹമ്മദിനെ(സ്വ)യാണ് ആരാധിച്ചിരുന്നത് എങ്കില്‍ മുഹമ്മദ്(സ്വ) ഇതാ മരണപ്പെട്ടിരിക്കുന്നു. അതല്ല, ഏഴാകാശങ്ങള്‍ക്കുപരിയിലുള്ള അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കില്‍ അവന്‍ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ വാക്കുകള്‍ കേട്ടിട്ടില്ലേ;

“മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.” (ആലുഇംറാന്‍/144)

അബൂബക്കറി(റ)ന്‍റെ വാക്കുകള്‍ മഹാനായ ഉമറി(റ)ന്‍റെ ഹൃദയത്തില്‍ ചലനങ്ങളുണ്ടാക്കി. അബൂബക്കർ ഓതിയ ആയത്ത് എത്രയോ വട്ടം കേട്ടതാണെങ്കിലും, അന്ന് അവതരിച്ച ആയത്തു പോലെ തോന്നി അദ്ദേഹത്തിന്. പ്രവാചകന്‍റെ മരണം ഉമര്‍(റ) സന്തപ്തം സ്വീകരിക്കുകയായിരുന്നു പിന്നീട്.
സ്വഹാബത്ത് മുഴുവനും താങ്ങാനാവാത്ത ദുഃഖഭാരത്താല്‍ മ്ലാനവദനരായിരുന്നു. ജീവിതത്തിന്‍റെ വഴിയും വെട്ടവും ലക്ഷ്യവുമൊക്കെ പകര്‍ന്നു തന്ന മഹാഗുരുവിന്‍റെ വേര്‍പാട് സത്യമാണെങ്കിലും താങ്ങാവുന്നതായിരുന്നില്ല. പക്ഷെ, ക്ഷമിച്ചേ പറ്റൂ. അല്ലാഹുവിന്‍റെ അലംഘനീയമായ സമ്പ്രദായമാണത്. അക്കാര്യം പ്രവാചകനോടു തന്നെ അല്ലാഹു ഓര്‍മ്മപ്പെടുത്തിയത് സ്വഹാബികളുടെ മനസ്സില്‍ തെളിഞ്ഞു നില്‍പ്പുണ്ട്: “തീര്‍ച്ചയായും നീ മരിക്കുവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.” (സുമര്‍/30)

പ്രവാകന്‍റെ ഭൗതിക ശരീരം ചൊവ്വാഴ്ച ദിവസം കുളിപ്പിച്ചു കഫന്‍ ചെയ്തു. ചെറിയ ചെറിയ സംഘങ്ങളായി സ്വഹാബികള്‍ അദ്ദേഹത്തിനായി നമസ്കരിച്ചു. സ്നേഹനിധികളായ സ്വഹാബികളോടൊപ്പം തിരുമേനിയുടെ സാന്നിധ്യം ഇനി അല്പ സമയങ്ങള്‍ മാത്രം ബാക്കി. എന്തെന്തെല്ലാം ഓര്‍മ്മകള്‍ അവരുടെ ഹൃദയതലങ്ങളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകാണണം!

പ്രവാചകന്‍മാര്‍ എവിടെ വെച്ച് മരണമടയുന്നുവോ അവിടെത്തന്നെയാകണം അവരെ മറമാടേണ്ടത് എന്ന നബിതിരുമേനിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചെടുത്തൂ, അബൂബക്കര്‍(റ). അപ്രകാരം ആയിഷ(റ)യുടെ വീട്ടില്‍, റൂമില്‍ പ്രവാചകന്നള്ള അന്ത്യവിശ്രമ സ്ഥലമൊരുങ്ങി. മരുമകന്‍ അലിയും പിതൃവ്യന്‍ അബ്ബാസും, ഫദ്ലും, ശക്റാനുമടങ്ങു സ്വഹാബീ സംഘം തിരുമേനിയുടെ ഭൗതിക ശരീരം ഖബറിലേക്കെടുത്തു. പകലവനസ്തമിച്ച് നീളെ രാവു പടർന്നിരുന്നു അപ്പോള്‍. പതിനായിരക്കണക്കിന് തപ്ത ഹൃദയങ്ങള്‍ തങ്ങള്‍ സ്നേഹിച്ച തങ്ങളെ സ്നേഹിച്ച പ്രവാചക ശ്രേഷ്ഠന്ന് യാത്രാമൊഴികളേകി.

എല്ലാവരും അവരവരുടെ വീടുകളിലേക്ക് ചേക്കേറി. നിശബ്ദത ഘനീഭവിച്ചു നില്‍ക്കുന്ന ഗുഹാ നാളത്തിലൂടെയുള്ള യാത്രപോലെയാകണം അവരുടെ തിരിഞ്ഞു നടത്തം!

പ്രവാചക(സ്വ)ൻറെ ഖബറടക്കം കഴിഞ്ഞ് വെളിയിലേക്കു വന്ന അനസ് ബ്നു മാലികിനോട് തിരുമേനിയുടെ കരള്‍ക്കഷ്ണമായ ഫാത്വിമ(റ) ചോദിച്ചു: “അനസേ, അല്ലാഹുവിന്‍റെ റസൂലിന്‍റെ ശരീരത്തിന്‍ മണ്ണുവാരിയിടാന്‍ മാത്രം നിങ്ങള്‍ക്കൊക്കെ മനസ്സു വന്നുവല്ലേ?!” (അനസ്(റ) നിവേദനം ചെയ്തത്. സ്വഹീഹുല്‍ ബുഖാരി)

മഹാനായ പ്രവാചകന്‍റെ വേര്‍പാട് നടന്നുവെന്നത് നേര്. ആ ദൗത്യം ലോകത്തിന് നല്‍കിയ വെളിച്ചം പക്ഷെ, ഇനിയും കെട്ടുപോയിട്ടില്ല. അത് ഒരു നാളും കെടുകയുമില്ല. ‘നാമാണ് ആ ഉല്‍ബോധനത്തെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്’ (ഹിജ്റ്/9) എന്ന അല്ലാഹുവിന്‍റെ വാഗ്ദാനത്തിന്‍റെ പുലര്‍ച്ചയാണത്. അവസാന നാളുവരെയുള്ള മനുഷ്യ സഞ്ചയത്തിന് ദിശയും വഴിയുമറിയാതെ, വെട്ടമില്ലാതെ അന്തിച്ചു നില്‍ക്കേണ്ട അവസ്ഥയിലല്ല സൃഷ്ടിശ്രേഷ്ഠന്‍ നമ്മെ വിട്ടേച്ച് പോയത്. അവിടുന്ന് അരുളിയത് പോലെ: “തൂവെള്ള വീഥിയിലാണ് നിങ്ങളെ ഞാന്‍ നിര്‍ത്തിപ്പോകുന്നത്, ആ വീഥിയിലെ രാവും പകലുപോലെ പ്രകാശമാനമാണ്. ബോധപൂര്‍വം നശിക്കാനൊരുങ്ങിയവനല്ലാതെ യാതൊരാള്‍ക്കും വഴിതെറ്റുകയില്ല.” (ഇബ്നു മാജ, ഹാകിം 1/175, അഹ്മദ് 4/126)

നബി തിരുമേനി മറ്റൊരിക്കല്‍ പറഞ്ഞു: “നിങ്ങളില്‍ രണ്ട് കാര്യങ്ങള്‍ നല്‍കിക്കൊണ്ടാണ് ഞാന്‍ വിടവാങ്ങുന്നത്. ആ രണ്ട് കാര്യങ്ങളെ മുറുകെ അവലംബിക്കുമെങ്കില്‍ നിങ്ങളിലൊരാളും വഴിപിഴക്കുകയില്ല: വിശുദ്ധ ഖുര്‍ആനും എന്‍റെ ജീവിത ചര്യയുമാണ് ആ രണ്ട് കാര്യങ്ങള്‍.” (മാലികി(റ)ന്‍റെ മുവത്വ, കിതാബുല്‍ ഖദ്ര്‍)

ജീവിതത്തിന്‍റെ അവസാന നാളുകളില്‍, തനിക്കു ശേഷം വരാനിരിക്കുന്ന സത്യവിശ്വാസികളെ ‘സഹോദരന്മാര്‍’ എന്ന് വിശേഷിപ്പിച്ച, അവരെ കാണാന്‍ തനിക്ക് കൊതിയാകുന്നുവെന്ന് പറഞ്ഞ് കണ്ണീര്‍പൊഴിച്ച, സ്വന്തം ഉമ്മത്തിന്‍റെ ആധിക്യത്താല്‍ നാളെ പരലോകത്ത് അഭിമാനം കൊള്ളാന്‍ ആഗ്രഹിച്ച, ദയാമയിയും കാരുണയുള്ളവനുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച, ലോകത്തിന്‍റെ ഗുരു മുഹമ്മദ് നബി(സ്വ)യെ, ഉല്‍കൃഷ്ട മാതൃകയായി ഉള്‍കൊണ്ടും, ആ മാതൃകയെ ജീവിതത്തിന്‍റെ നിഖില മേഖലകളിലും നിരന്തരം പ്രയോഗത്തില്‍ വരുത്തിയും നിലകൊള്ളാന്‍ സന്മനസ്സു കാണിക്കുന്നവര്‍ക്കാണ് ഈ ലോകത്തും പരലോകത്തും വിജയമുണ്ടാകുന്നത്. അല്ലാഹു പറഞ്ഞു:

“തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.” (അഹ്സാബ്/21)

വിശുദ്ധനായ പ്രവാചകനെ സ്നേഹിച്ചും തിരുമേനിയുടെ സുന്നത്തിനെ കലർപ്പില്ലാതെ പാലിച്ചും ജീവിക്കുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധമുഴുവനും. അതിന്ന് തൌഫീഖ് ലഭിക്കുന്നതിനു വേണ്ടിയകട്ടെ നമ്മുടെ പ്രാർത്ഥനകളധികവും.

അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ അബ്ദിക വഹബീബിക വനബിയ്യിക മുഹമ്മദ് വ അലാ ആലിഹി വസ്വഹ്ബിഹീ അജ്മഈൻ.

– അവസാനിച്ചു
Source: www.nermozhi.com
(Da’wa Books പ്രസിദ്ധകരിച്ച മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം എന്ന കൃതിയിൽ നിന്ന്)