മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 08

1856

അധ്യായം എട്ട്
പ്രവാചകന്‍ സമ്പൂര്‍ണ്ണ മാതൃക

ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്. തനുവും മനവും ചന്തമാര്‍ന്ന തായിരുന്നു പ്രവാചകന്‍റേത്. ആ കൈത്തലങ്ങള്‍ക്കു പോലും നൈര്‍മ്മല്യമായിരുന്നു. സദാ സുഗന്ധം തൂകുന്ന മേനി. ധിഷണകൊണ്ടനുഗ്രഹീതന്‍. അവിടുത്തെ സാമീപ്യത്തിനും സമീപനങ്ങള്‍ക്കും എന്തുമാത്രം ഹൃദ്യതയായിരുന്നു! സ്രഷ്ടാവിനെ ആരേക്കാളുമധികം അറിഞ്ഞവര്‍; അവനെ ആരേക്കാളുമധികം ഭയന്നവര്‍! അബ്ദുല്ലാഹി ബ്നു അശ്ശഖീര്‍ (റ) പറയുകയുണ്ടായി: “പ്രവാചകന്‍ നമസ്കാരത്തിലായിരിക്കെ ഞാനൊരിക്കല്‍ അവിടുത്തെ സമീപിക്കുകയുണ്ടായി. തിരുമേനിയുടെ ഹൃദയത്തില്‍ നിന്നും പാത്രത്തില്‍ ചുടുവെള്ളം തിളക്കുന്നതുപോലുള്ള തേങ്ങല്‍ കേള്‍ക്കാമായിരുന്നു!” (അബൂദാവൂദ്, 904)

ധീരനായിരുന്നു തിരുമേനി. ഔദാര്യത്തിന്‍റെ നിറക്കുടമായിരുന്നു. ആരുമായുമുള്ള ബാധ്യതയും കൃത്യമായി പാലിച്ചിരുന്നു അവിടുന്ന്. സഹജീവികളോടുള്ള തിരുമേനിയുടെ പെരുമാറ്റ രീതി മാന്യവും മാതൃകാപരവുമായിരുന്നു. ആരേയും വെറുപ്പിക്കാത്ത പ്രകൃതം. പ്രവാചകനെപ്പറ്റി അവിടുത്തെ സേവകനായിരുന്ന അനസ് ബ്നു മാലിക്(റ) അനുസ്മരിച്ചത് കാണുക. “നീണ്ട പത്തു വര്‍ഷക്കാലം ഞാനെന്‍റെ റസൂലിന്‍റെ സേവകനായിരുന്നു. ഒരിക്കല്‍ പോലും ‘ഛെ മോശം’ എന്ന് എന്നോടവിടുന്ന് പറഞ്ഞിട്ടില്ല. ഒരു കാര്യം ചെയ്തതിന്‍റെ പേരില്‍ ‘എന്തിനേ നീയിങ്ങനെ ചെയ്തൂ’ എന്നോ ഒരു കാര്യം മറന്നു പോയതിന്‍റെ പേരില്‍ ‘എന്തേ നീയതു ചെയ്തില്ല’ എന്നോ പറഞ്ഞ് തിരുമേനിയെന്നെ ശാസിക്കുകയും ചെയ്തിട്ടില്ല.” (മുസ്ലിം)

അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ചും സല്‍കര്‍മ്മങ്ങളില്‍ നിരതനായും യഥാര്‍ഥ ദാസന്‍റെ ധര്‍മ്മം നിര്‍വഹിച്ചവരായിരുന്നു നബി(സ്വ). ഇസ്ലാമിന്‍റെ മാര്‍ഗത്തില്‍ അനുഭവിക്കേണ്ടിവന്ന എല്ലാ പരീക്ഷണങ്ങളേയും ക്ഷമാപൂര്‍വമാണ് അവിടുന്ന് നേരിട്ടത്. തിരുമേനിയുടെ സഹനശക്തി അതിശയിപ്പിക്കുതായിരുന്നു. ലജ്ജയുടെ കാര്യത്തില്‍ പ്രവാചകന്‍ മാതൃകാ പുരുഷനായിരുന്നു. തനിക്കിഷ്ടമില്ലാത്ത ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവാചകന്‍റെ മുഖത്ത് അതിന്‍റെ പ്രതികരണങ്ങള്‍ കാണാമായിരുന്നു. മറയിലിരിക്കുന്ന കന്യകകളേക്കാള്‍ ലജ്ജാലുവായിരുന്നു പ്രവാചകന്‍ എന്ന ഹദീസുകളില്‍ നിന്ന് വായിക്കാനാകുന്നുണ്ട്. (ബുഖാരി, മുസ്ലിം)

നബി തിരുമേനി(സ്വ) ആരോടും അന്യായമായി പെരുമാറിയില്ല. തന്‍റെ കാര്യത്തില്‍ ഒരാളോടും പ്രതികാര നടപടി സ്വീകരിച്ചതുമില്ല. തന്നോട് ആരെങ്കിലും മോശമായി പെരുമാറിയതിന്‍റെ പേരില്‍ അവരോട് കോപിഷ്ടനാവുകയോ, ശാസിക്കുക പോലുമോ ചെയ്തിട്ടില്ല. എന്നാല്‍ അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു നിയമം ആരു ലംഘിച്ചാലും പ്രവാചകന്‍റെ മുഖകമലം തുടുക്കും. അല്ലാഹുവിന്‍റെ കോപത്തെ നേരിടാന്‍ ആര്‍ക്കുമാകില്ല എന്നതു കൊണ്ടു തന്നെ അത്തരം നിയമലംഘകരെ പ്രവാചകന്‍ ശക്തമായി താക്കീതു ചെയ്യാറുണ്ടായിരുന്നു. അക്കാര്യത്തില്‍ ചെറിയവര്‍, വലിയവര്‍, ശക്തര്‍, ദുര്‍ബലര്‍, പണക്കാര്‍, പട്ടിണിക്കാര്‍, കുടുംബക്കാർ എന്നിങ്ങനെ ഒരു വേര്‍തിരിവും അവിടുന്ന് കല്‍പിച്ചിരുന്നില്ല. പരലോകത്ത് തന്‍റെ ഉമ്മത്തിലെ അംഗങ്ങള്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് വിധേയരായി നരകഗ്രസ്ഥരാകരുത് എന്ന ഗുണകാംക്ഷാനിര്‍ഭരമായ മനസ്സാണ്, അത്തരം കര്‍ക്കശമായ താക്കീതിന് പ്രവാചകനെ പ്രേരിപ്പിച്ചതു തന്നെ.

ലഭിക്കുന്ന ഭക്ഷണമെത്ര ലഘുവായിരുന്നാലും സന്തോഷപൂര്‍വം കഴിക്കുക എന്ന രീതിയാണ് നബി(സ്വ)യുടേത്. താത്പര്യമുള്ളതാണെങ്കില്‍ കഴിക്കും അല്ലെങ്കില്‍ മാറ്റിവെക്കും എന്നല്ലാതെ ഒരു ഭക്ഷണത്തെയും കുറ്റം പറയുന്ന സ്വഭാവക്കാരനായിരുന്നില്ല അവിടുന്ന്. അനുവദനീയമായ ഭക്ഷണങ്ങള്‍ പോലും ആവശ്യത്തിനു മാത്രം കഴിക്കും. ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു കളയരുതെന്ന് തിരുമേനി പ്രത്യേകം ഉണര്‍ത്തിയിട്ടുള്ളതാണ്. ആര്‍ത്തിയോടെയുള്ളതും, അതിരുവിട്ടുള്ളതുമായ ഭക്ഷണരീതിയെ തിരുമേനി (സ്വ) വിലക്കിയിട്ടുണ്ട്. ഖുര്‍ആനിന്‍റെ അധ്യാപനവും അതുതന്നെയാണ്. “നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.” (അഅ്റാഫ്: 31)

ആരില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിക്കുമായിരുന്ന പ്രവാചകന്‍, അവര്‍ക്കും തിരിച്ചങ്ങനെ നല്‍കുമായിരുന്നു. സ്വന്തം ചെരുപ്പു കേടുതീര്‍ക്കും. കീറിയ തന്‍റെ വസ്ത്രങ്ങള്‍ സ്വയം തുന്നിച്ചേര്‍ക്കും. വീട്ടുകാര്യങ്ങളില്‍ ഭാര്യയെ സഹായിക്കും. ആടിനെ കറക്കും. അങ്ങനെ സ്വന്തം കാര്യങ്ങള്‍ സ്വയം തന്നെ ചെയ്യാന്‍ ഉല്‍സാഹം കാട്ടും. അതെ, ലോകഗുരു മുഹമ്മദ് നബി(സ്വ) വിനയത്തിന്‍റെ ആള്‍രൂപം തന്നെയായിരുന്നു. ആര് എന്താവശ്യത്തിന് വിളിച്ചാലും പ്രവാചകന്‍ അവര്‍ക്ക് ചെവികൊടുക്കുമായിരുന്നു. അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിച്ചു കൊണ്ടായിരുന്നില്ല അത്. തികഞ്ഞ നീതിയും, സേവന മനസ്ഥിതിയുമായിരുന്നു പ്രവാചകന്‍റെ മാറ്റ്. അല്ലാഹുമ്മ സ്വല്ലി വസല്ലിം അലൈഹി!

പാവപ്പെട്ടവരോട് പ്രവാചകന്ന് പ്രത്യേകം കനിവായിരുന്നു. അവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും, അവരിലെ രോഗികളെ സന്ദര്‍ശിക്കാനും, അവരുടെ ജനാസയില്‍ പങ്കെടുക്കാനും ഉല്‍സാഹം കാണിച്ചിരുന്നൂ തിരുനബി(സ്വ). ഒരു ദരിദ്രനേയും അധഃസ്ഥിതനായി കണ്ട് മാറ്റി നിര്‍ത്തിയില്ല. ഒരു രാജാവിനേയും അവന്‍റെ ആധിപത്യത്തെ പരിഗണിച്ച് ആദരിച്ചില്ല. ഏത് നേതാവിനേയും ബാധിക്കാവുന്ന ഉച്ചനീചത്വ മനസ്ഥിതി ലോകശ്രേഷ്ഠന്‍റെ ജീവിതത്തില്‍ ഒരിടത്തും കാണാനാവില്ല. അദ്ദേഹം ഒട്ടകപ്പുറത്തും, കഴുതപ്പുറത്തും, കുതിരപ്പുറത്തും, കോവര്‍കഴുതപ്പുറത്തുമൊക്കെ യാത്രചെയ്തിട്ടുണ്ട്. വാഹനത്തിന്‍റെ കാര്യത്തില്‍ പോലും അന്യര്‍ക്ക് അലോസരമുണ്ടാക്കുന്ന പൊങ്ങച്ചമൊ ഡംബൊ കാണിച്ചില്ല അവിടുന്ന്. തന്‍റെ വാഹനത്തിനു പിറകെ കാല്‍നടയായി സഞ്ചരിക്കാന്‍ പ്രവാചകന്‍ ആരേയും അനുവദിച്ചിരുന്നില്ല. തന്‍റെ പിറകിലിരുത്തി അയാളേയും കൊണ്ട് സഞ്ചരിക്കുക എന്നതായിരുന്നു അവിടുത്തെ രീതി. നേതാവ് അനുയായി എന്ന വേര്‍തിരിവ് ഒരു തരിമ്പും ഉണ്ടായിക്കൂടാ എന്ന നിഷ്കര്‍ഷ പ്രവാചകന്നുണ്ടായിരുന്നു എന്നര്‍ഥം!

വിശന്നാൽ വെപ്രാളപ്പെടുന്ന ആളായിരുന്നില്ല പ്രവാചകന്‍. എത്രവട്ടം ആ പവിത്രമായ വയറില്‍ കരിങ്കല്ലുകള്‍ ഒട്ടിനിന്നു! വിശപ്പു തീവ്രമാകുമ്പോള്‍ ഒന്ന് നിവർന്നു നില്‍ക്കാന്‍ നബിതിരുമേനി (സ്വ) സ്വന്തം വയറ്റില്‍ കല്ലുകെട്ടി വെക്കുകയായിരുന്നു!! ദുനിയാവിന്‍റെ ഖജനാവുകളും അതിന്‍റെ താക്കോലുകളും കയ്യിലുണ്ടായിരിക്കേയാണ് പ്രവാചകന്‍റെ ഈ സഹനം. ദുനിയാവിനു പകരം പരലോകത്തെ തെരഞ്ഞെടുത്ത റസൂലിന് അങ്ങനെയേ ചെയ്യാനാകുമായിരുന്നുള്ളൂ. അനുയായികള്‍ വിശപ്പിനാല്‍ എരിപൊരികൊള്ളുമ്പോഴും സുഭിക്ഷമായി എരിവും പുളിയും ചേര്‍ത്ത് മൂക്കറ്റം തിന്നുന്ന നേതാക്കളുടെ ലോകമാണിത്. ആ ലോകത്ത് അല്ലാഹുവിന്‍റെ ദൂതന്‍ ജാജ്ജ്വലം ഉയർന്നു നില്‍ക്കുകയാണ്.

അല്ലാഹുവിനെ ധാരാളമായി ഓര്‍ത്തും, പ്രകൃതി വിസ്മയങ്ങളിലേക്ക് കണ്ണയച്ചു ചിന്തിച്ചും, അനാവശ്യ വര്‍ത്തമാനങ്ങളില്‍ നിന്ന് അകന്നും നബി(സ്വ) തന്‍റെ ജീവിതത്തെ പുഷ്കലമാക്കി. ഇക്കാര്യങ്ങളിലൊക്കെ തിരുമേനി(സ്വ) വിശ്വാസീ ലോകത്തിന് മാറ്റി നിര്‍ത്താനാവാത്ത മാതൃകയാണ്. പ്രവാചകന്‍റെ മുഖത്ത് സദാ പുഞ്ചിരി തത്തിനിിരുന്നു. വെറുക്കപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോഴല്ലാതെ ആ മുഖം ഗൗരവപ്പെടില്ലായിരുന്നു. മന്ദഹാസമായിരുന്നു അവിടുത്തേത്. തമാശകള്‍ പറയുകയും ആസ്വദിക്കുകയും ചെയ്യാറുള്ള പ്രവാചകന്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും തന്‍റെ അണപ്പല്ലുകള്‍ കാണും വിധം ചിരിക്കാറുണ്ടായിരുന്നു. തമാശകളില്‍ പക്ഷെ, സത്യമായതല്ലാതെ പറയാറില്ല. ആശാസ്യമായ തമാശകള്‍ക്കല്ലാതെ അദ്ദേഹം ചെവികൊടുക്കാറുമില്ല.

ആരേയും ആട്ടിയകറ്റാത്ത പ്രകൃതമായിരുന്നു റസൂലിന്‍റേത്. എല്ലാവരേയും പരിഗണിക്കും. ആരുടെ ഒഴിവുകഴിവുകളേയും സ്വീകരിക്കും. സരളമായും ചിലപ്പോള്‍ സരസമായും സംസാരിക്കുള്ള നബി(സ്വ), ആളുകള്‍ക്ക് വ്യക്തമാകും വിധം മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കാറുണ്ടെന്ന് അനസ് ബ്നു മാലിക് നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. നബിയുടെ സദസ്സില്‍ സന്നിഹിതരായവര്‍ക്ക് സുഗ്രാഹ്യമാകും വിധമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണങ്ങള്‍. വലിച്ചു നീട്ടിയുള്ള സംസാരമായിരുന്നില്ല അവ. സാരഗര്‍ഭമായ ഉപദേശങ്ങളായിരുന്നു മുഴുവനും. വെള്ളിയാഴ്ചകളിലെ ഖുതുബകള്‍ പോലും ഖുര്‍ആനിക സൂക്തങ്ങള്‍ പാരായണം ചെയ്തുകൊണ്ടുള്ള സാരോപദേശങ്ങളും താക്കീതുകളുമായിരുന്നു. താളാത്മകവും ആകര്‍ഷണീയത നിറഞ്ഞതും ചിലപ്പോള്‍ ഒരു സൈന്യാധിപന്‍റെ ആജ്ഞ കണക്കെ ഉറച്ച സ്വരമുള്ളതും ആയിരുന്നു അവിടുത്തെ ഖുതുബാ ശൈലി.

സ്വഹാബത്തിന്‍റെ നിലപാടുകളിലും പ്രവണതകളിലും കാണുന്ന അപാകതകളെ സ്നേഹ ബുദ്ധ്യാ ശാസിക്കുക എന്നതല്ലാതെ ആക്ഷേപിക്കുന്ന രീതിയായിരുന്നില്ല അത്. അവരില്‍ നന്മകള്‍ കാണുന്ന മാത്രയില്‍ അതിനെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ നന്മകളിലേക്ക് പ്രേരിപ്പിക്കാനും തിരുമേനി ശ്രദ്ധകാണിച്ച ഒരുപാടു സംഭവങ്ങള്‍ പ്രവാചക ജീവിതത്തിലുണ്ട്. ആരും ആരേയും അന്യായമായി ദ്രോഹിക്കരുതെന്നും, ആര്‍ക്കും വിഷമകരമായിത്തീരുന്ന ഒന്നും പ്രവര്‍ത്തിക്കരുതെന്നും നബിതിരുമേനി(സ്വ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്. വിഷമിപ്പിക്കാനല്ല, എളുപ്പമുണ്ടാക്കാനാണ്, വെറുപ്പിക്കാനല്ല സന്തോഷം പകരാനാണ് മുഴുവന്‍ വിശ്വാസികളും ശ്രദ്ധിക്കേണ്ടത് എന്ന മഹിതോപദേശം ഹദീസുകളില്‍ നിന്ന് വായിക്കാനാകും. ക്ഷമ, സഹനം, വിട്ടുവീഴ്ച, അനുകമ്പ, പരോപകാരം തുടങ്ങിയ മാനുഷിക ഗുണങ്ങളെ പരിപോഷിപ്പിക്കാനുള്ള എത്രയെത്ര നിര്‍ദ്ദേശങ്ങളാണ് ആ മഹിത ജീവിതത്തിലുള്ളത്!

പ്രവാചകന്‍റെ സദസ്സ് സ്വഹാബത്തിന് കണ്‍കുളിര്‍മ്മയാണ്. നിറഞ്ഞ വിജ്ഞാനമായിരുന്നു അതില്‍. ഓരോ ഉപദേശമുത്തുകളും പെറുക്കിയെടുക്കാന്‍ സ്വഹാബത്ത് കാണിച്ച ശ്രദ്ധ മറ്റൊരു നേതാവിന്‍റെ അനുയായികളിലും കാണുക സാധ്യമല്ല. തലയിലൊരു കുരുവി വന്നിരുന്നാല്‍ പാറിപ്പോകാത്തവിധം നിശ്ശബ്ദവും നിശ്ചേഷ്ഠവുമായിരുന്നു പ്രവാചകന്‍റെ മുമ്പിലെ സ്വഹാബത്തിന്‍റെ ഇരുത്തം. പ്രവാചകന്‍റെ ഒരു മൊഴിയും കാതിലും ഖല്‍ബിലും പെടാതെ പോകരുത് എന്ന നിഷ്കര്‍ഷ! അവര്‍ എല്ലാം കേള്‍ക്കും. സംശയങ്ങള്‍ ചോദിക്കും. പ്രവാചക തിരുമേനി സ്വഹാബത്തിന്‍റെ ചോദ്യങ്ങള്‍ക്ക് താത്പര്യപൂര്‍വം മറുപടി നല്‍കും. ശ്രോദ്ധാവിന്‍റെ ശ്രദ്ധയെ കയ്യിലെടുക്കും വിധമാണ് നബി(സ്വ)യുടെ വൈജ്ഞാനികാവതരണത്തിന്‍റെ തുടക്കം തന്നെ. ഏതൊരു കാര്യം പഠിപ്പിക്കാനുദ്ദേശിക്കുമ്പോഴും ‘ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെ’, ‘നിങ്ങള്‍ക്കത് അറിയുമൊ’ തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങള്‍ കൊണ്ടാകും അധിക സന്ദര്‍ഭങ്ങളിലും സ്വഹാബത്തിന്‍റെ ശ്രദ്ധക്ഷണിക്കാറ്. റസൂലേ, പറഞ്ഞു തന്നാലും, ഇല്ല, അല്ലാഹുവിനും അവന്‍റെ റസൂലിനുമറിയാം തുടങ്ങിയ മറുപടികള്‍ കൊണ്ടാകും സ്വഹാബികള്‍ തങ്ങളുടെ ശ്രദ്ധാസാന്നിധ്യത്തെ പ്രകടിപ്പിക്കാറ്.

പ്രവാചകന്‍റെ മുന്നില്‍ സ്വഹാബത്ത് ഭക്തിയോടെ, വിനയശിരസ്സോടെയാണ് ഇരിക്കുക. റസൂലിനെ മുന്‍കടന്നു കൊണ്ടുള്ള ഒരു ചെയ്തിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുകയില്ല. അദ്ദേഹത്തിന്‍റെ ശബ്ദത്തേക്കാള്‍ തങ്ങളുടെ ശബ്ദത്തെ അവര്‍ ഉയര്‍ത്തുകയുമില്ല. ഖുര്‍ആനില്‍ നിന്ന് അവരുള്‍ക്കൊണ്ട് മര്യാദയായിരുന്നു അത്.

അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും)മുന്‍കടന്നു പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഹുജ്റാത്ത്: 1, 2)

ചുരുക്കത്തില്‍, സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബിയുടെ മുഴുജീവിതവും ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് മാതൃകയാണ്. അവിടുത്തെ കര്‍മ്മങ്ങള്‍, ആരാധനകള്‍, വാക്കുകള്‍, തമാശകള്‍, ത്യാഗങ്ങള്‍, ഇരുത്തം, നടത്തം, ഉറക്കം, ഭക്തി, വിനയം, സ്നേഹം, സല്‍കാരം, സത്യസന്ധത, നിഷ്കളങ്കത, നിസ്വാര്‍ഥത തുടങ്ങിയ ചെറുതും വലുതുമായ സകലതും അനുധാവനം ചെയ്യപ്പെടാന്‍ അനുയോജ്യമായവയാണ്. അല്ലാഹുവിന്‍റെ വചനം ഇവിടെ ഒരിക്കല്‍ കൂടി സംഗതമാണ്; “തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.” (അഹ്സാബ്/21)

www.nermozhi.com
(Da’wa Books പ്രസിദ്ധീകരിച്ച ‘മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്നും)