ബാങ്കുകൾക്കിടയിൽ ഇടവേളകളുണ്ട്

535

നാം മുസ്ലിംകളാണ്. അല്ലാഹുവിനെ നന്നായി അറിഞ്ഞും അവന്‍റെ ഏകത്വത്തെ ബോധ്യപ്പെട്ടുമാണ് നമ്മളെല്ലാവരും മുസ്ലിംകളായി ജീവിക്കുന്നത്. അല്ലാഹുവിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചവരാണല്ലൊ നമ്മള്‍. അല്ലാഹുവിന്‍റെയും അന്ത്യ പ്രവാചകന്‍റെയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ അവയെ അതേപടി സ്വീകരിക്കാനും നടപ്പിലാക്കാനും നമുക്ക് സന്തോഷവുമാണല്ലൊ. അങ്ങനെത്തന്നെയാകണം നമ്മുടെയൊക്കെ ജീവിതം.

പരമ കാരുണികനായ അല്ലാഹുവുമായി ഹൃദയപൂര്‍വ്വം അടുത്തു നില്‍ക്കാന്‍ എല്ലാ മുഅ്മിനും ആഗ്രഹിക്കുന്ന കാര്യമാണ്. ദുനിയാവിലെ ഏത് സാഹചര്യത്തില്‍ ജീവിക്കുമ്പോഴും നമ്മളെ സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന ദയാനിധിയായ അല്ലാഹുവിനെ ഓര്‍മ്മിക്കാനും സ്തുതിക്കാനും സാധിക്കുന്നത് മുഅ്മിനിനു ലഭിക്കുന്ന മഹത്തായ തൗഫീഖാണ്. അത് നിഅ്മത്താണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ, രാപ്പകലുകളുടെ വ്യതിയാനങ്ങളെ, അവയിലൊക്കെയുള്ള അല്ലാഹുവിന്‍റെ നിയന്ത്രണങ്ങളെ ചിന്തിക്കാനാകുന്നത് ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ ഓര്‍മ്മിക്കാനാകുന്നവര്‍ക്കാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സൂറത്ത് ആലു ഇംറാനിലെ ആയത്ത് 191 ഇപ്രകാരമാണ്:

നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.

വിവിധ തരം അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പടച്ച റബ്ബിനെ സ്നേഹിക്കാനും ഭയക്കാനും നമുക്കാകണം. അത് മറ്റൊന്നു കൊണ്ടുമല്ല. അല്ലാഹുവിനെ അറിഞ്ഞ് വിശ്വസിച്ച് അവനെ മാത്രം ആരാധിച്ച് അവന്ന് കീഴ്പ്പെട്ട് ജീവിക്കാനായിട്ടാണ് അല്ലാഹു നമുക്ക് സൃഷ്ടിപ്പ് നല്‍കിയത്. സംതൃപ്തവും ആനന്ദകരവുമായ ഭൗതിക ജീവിതത്തിനും ശാശ്വതമായ സ്വര്‍ഗ്ഗ പ്രവേശത്തിനും അപ്രകാരം ജീവിക്കുക എന്നതാണ് നമ്മുടെ ബാധ്യത.

അല്ലാഹു മനുഷ്യനെ വെറുതെ സൃഷ്ടിച്ചുവിട്ടിട്ടില്ല. ഭൂമിയിൽ അവൻറെ ജീവിതത്തിന് ആവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കിത്തന്നിട്ടുണ്ട്. മനുഷ്യൻറെ ശ്വസനം മുതൽ ദഹനം വരെ അല്ലാഹുവിൻറെ പൂർണ്ണമായ നിയന്ത്രണത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ സൃഷ്ടിജാലങ്ങളിൽ ആദരണീയ സൃഷ്ടിയായി അല്ലാഹു മനുഷ്യനെ പരിഗണിച്ചിട്ടുണ്ട് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. സൂറത്തുൽ ഇസ്രാഇലെ ആയത്ത് നന്പർ 70 ശ്രദ്ധിക്കുക:

തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.

എൻറെയും നിങ്ങളുടെയും സ്രഷ്ടാവായ അല്ലാഹു നമുക്ക് നൽകിയ വ്യത്യസ്തങ്ങളായ ചില അനുഗ്രഹങ്ങളെ ഈ ആയത്തിൽ അവൻ ഓർമ്മപ്പെടുത്തുകയാണ്. നമുക്ക് ഒരാൾ അനുഗ്രഹം നൽകിയിരിക്കുന്നൂ എന്നും, ഇന്നിന്ന അനുഗ്രഹങ്ങൾ അയാളാണ് നൽകിയത് എന്നും, ബോധ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്പോഴാണ് ആ ആളിനോട് നമുക്ക് സ്നേഹവും നന്ദിയും കടപ്പാടും ഉണ്ടാകുക. അല്ലാഹുവിൻറേതാണ് ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നന്മകളും ഗുണങ്ങളും എന്ന് മനസ്സിലാക്കുന്പോൾ മാത്രമാണ് നമുക്ക് അവനെ ആത്മാർത്ഥമായി സ്നേഹിക്കാനും അനുസരിക്കാനും ആരാധിക്കാനും സാധിക്കുകയുള്ളൂ.

കാരുണ്യവാനാണ് അല്ലാഹു എന്ന് നാം പഠിച്ചിട്ടുണ്ട്. അല്ലാഹുവിൻറെ കാരുണ്യത്തെ പഠിപ്പിക്കുന്ന അനവധി ആയത്തുകളും ഹദീസുകളും വായിച്ചിട്ടുമുണ്ട്. അടിമകളോടുള്ള അവന്റെ കാരുണ്യങ്ങളില്‍ മികച്ച ഒന്നാണ് അവരോട് അവന്‍ സ്‌നേഹം കാണിക്കുന്നൂ എന്നത്. നമ്മുടെ ജീവിതത്തിൽ നാം സ്വീകരിക്കുന്ന വിശ്വാസപരമായ ഏതൊരു നന്മയെ കാണുന്പോഴും അല്ലാഹുവിന് നമ്മോട് ഇഷ്ടമാണ്. പരിശുദ്ധിയുള്ളവരെ അല്ലാഹു സ്നേഹിക്കുന്നു. പശ്ചാത്തപിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നു. തവക്കുൽ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കുന്നു. നീതിപാലിക്കുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു. ഔദാര്യവാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നു. ക്ഷമാലുക്കളെ അല്ലാഹു സ്‌നേഹിക്കുന്നു. ഇപ്രകാരമുള്ള പ്രസ്താവനകള്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് ധാരാളം വായിക്കാനാകും.

ജീവിതത്തില്‍ നിന്ന് ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത് അതിവേഗതയിലാണ്. പള്ളിയില്‍ ഇത്രനേരമായിട്ടും ബാങ്കു കൊടുത്തില്ലെ എന്ന് ചോദിച്ചിരുന്ന നമ്മള്‍, പള്ളിയില്‍ ബാങ്ക് കൊടുക്കല് മാത്രമേ പണിയുള്ളൂ എന്ന് ചോദിക്കുന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പള്ളിയില്‍ നിന്നുയരുന്ന ബാങ്കുകള്‍ക്കിടയില്‍ മുമ്പും ഇപ്പൊഴും മതിയായ ഇടവേളകളുണ്ട് എന്ന് നമുക്കറിയാം. പക്ഷെ, ആ ഇടവേളകളെത്തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം നമ്മുടെയൊക്കെ ജീവിതം നമ്മളെ തീവ്രമായ തിരക്കിലാക്കിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ സമയത്തിന്റെ ഗതിയും വേഗതയും നാം അറിയാതെ പോകുന്നു. ഒരു കാര്യം നമുക്കെല്ലാവര്‍ക്കും ഉറപ്പാണ്. സമയം നമുക്കു വേണ്ടി കാത്തുനില്‍ക്കില്ല. പോയ സമയങ്ങള്‍ നമ്മളിലേക്ക് തിരിച്ചു വരികയുമില്ല. അതിനാല്‍, ജാഗ്രതയോടെയും വിവേകത്തോടെയും ദുനിയാവിലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നാമൊക്കെ ശ്രദ്ധിക്കണം.

ഇതിനകം നാമെത്ര പേരുടെ മരണം കേട്ടു. എത്രവട്ടം ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന് ചൊല്ലി. നമ്മുടെ മരണവും അടുത്തുണ്ട്. അല്ലാഹുവിനെ അറിഞ്ഞും അവനെ സ്‌നേഹിച്ചും അവന്റെ സാരോപദേശങ്ങളെ അനുസരിച്ചും ജീവിക്കുക. ധര്‍മ്മനിഷ്ഠയും സദാചാരശീലവും സല്‍കര്‍മ്മങ്ങളും ദുനിയാവിലും പരലോകത്തിലും നമ്മുക്ക് നല്‍കുന്നത് വിജയമാണ്. വിചാരണാ നാളില്‍ അല്ലാഹുവിന്റെ സല്‍കാരങ്ങളേറ്റുവാങ്ങാനുള്ള പരിശ്രമത്തില്‍ മുഴുക. നമ്മുടെ കര്‍മ്മങ്ങളൊന്നും നിഷ്ഫലമാകുന്നില്ല. നമ്മുടെ അധ്വാനങ്ങളൊന്നും വിഫലമാകുന്നില്ല. അല്ലാഹു പറഞ്ഞു:

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (നഹ്ൽ/97)

നമ്മുടെ സ്രഷ്ടാവും പരിപാലകനും കാരുണ്യവാനുമായ അല്ലാഹുവിനെ മനസ്സിലാക്കുകയും മനസ്സറിഞ്ഞ് സ്‌നേഹിക്കുകയും ചെയ്യുക. അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങളെ മാനിക്കുകയും പാലിക്കുകയും ചെയ്യുക. അതിനു വേണ്ടിയാകട്ടെ ഐഹിക ജീവിതത്തിലെ നമ്മുടെ കാര്യമായ ശ്രമങ്ങള്‍. അല്ലാഹു അതിന് നമുക്ക് തൗഫീഖ് നല്‍കട്ടെ. യഥാര്‍ത്ഥ മുഅ്മിനുകളായി ജീവിച്ച് മരിക്കാന്‍ നമ്മെയവന്‍ അനുഗ്രഹിക്കട്ടെ.

കബീർ എം. പറളി

Source: nermozhi.com