ജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ വളരെ എളുപ്പമുള്ളതും എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രം ചെയ്യുന്നതുമായ ഒരു സല്‍കര്‍മ്മമാണ് എപ്പോഴും ദിക്ര്‍ (ദൈവിക സ്മരണയും കീര്‍ത്തനങ്ങളും) പതിവാക്കുക എന്നത്.
ഖുര്‍ആനില്‍ നിരവധി ആയത്തുകളില്‍ “അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം”
എന്ന് പറയുന്നു, “നിന്നും ഇരുന്നും കിടന്നും സൃഷ്ടാവായ റബ്ബിനെ ഓര്‍ക്കുന്നവരെയും പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നവരെയും” അല്ലാഹു പുകഴ്ത്തുന്നു..
അവര്‍ക്ക് മനഃശാന്തി വാഗ്ദാനം ചെയ്യുന്നു…
നബി صلى الله عليه وسلم അതിനെ കുറിച്ച് പറഞ്ഞത് “ഏറ്റവും നല്ല കര്‍മ്മവും , അല്ലാഹുവിങ്കല്‍ ഏറ്റവും പരിശുദ്ധമായതും, പദവികള്‍ ഉയര്‍ത്തുന്നതും, സ്വര്‍ണ്ണവും വെള്ളിയും ദാനം ചെയ്യുന്നതിനെക്കാളും, ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനെക്കാളും ശ്രേഷ്ടകരമായതുമായ കര്‍മ്മം” എന്നാണ്…
ഇമാം ഇബ്നുല്‍ ഖയ്യിം(റ) ദിക്റിന്‍റെ നൂറോളം ഭൗതികവും ആത്മീയവുമായ മഹത്വങ്ങള്‍ തന്‍റെ അല്‍ വാബിലുസ്സ്വയ്യിബ് -الوابل الصيب – എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്…
سبحان الله-الحمد لله-لا إله إلا الله-الله أكبر…
സുബ്ഹാനല്ലാഹ് (അല്ലാഹു എത്ര പരിശുദ്ധന്‍) അല്‍ഹംദു ലില്ലാഹ് (സര്‍വ്വ സ്തുതികളും അല്ലാഹുവിനാകുന്നു) , ലാ ഇലാഹ ഇല്ലല്ലാഹ് (ആരാധനക്കന്‍ഹനായി അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) ….
നോക്കൂ, ഇത് പറയാന്‍ എത്ര എളുപ്പമാണ്…
എന്നാല്‍ ഈ വചനങ്ങളുടെ പ്രതിഫലമെത്രയാണെന്ന് അല്ലാഹുവിനേ അറിയൂ..
ഈ നാല് വചനങ്ങളുടെ ശ്രേഷ്ടതകള്‍ നിരവധി ഹദീസുകളില്‍ കാണാം…
(ശൈഖ് അബ്ദു റസാഖ് ബ്നു അബ്ദില്‍ മുഹ്സിന്‍ അല്‍ ബദ്ര്‍ ഈ നാല് വചനങ്ങളുടെ ശ്രേഷ്ടതകളുള്‍ക്കൊള്ളുന്ന ഹദീസുകള്‍ ഒരു ചെറു കൃതിയില്‍ സംഗ്രഹിച്ചിട്ടുണ്ട്- فضل الكلمات الأربع).
അത് പോലെ നാവിന് പറയാന്‍ വളരെ എളുപ്പമുള്ളതും, നന്മയുടെ തുലാസില്‍ വളരെ ഭാരമുള്ളതും, കാരുണ്യവാനായ അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ടവയും ആയ രണ്ട് വചനങ്ങള്‍:
سبحان الله وبحمده-سبحان الله العظيم.
“സുബ്ഹാനല്ലാഹി വബിഹംദിഹി-സുബ്ഹാനല്ലാഹില്‍ അ’ളീം”
(അല്ലാഹുവിനെ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു…
അത്യുന്നതനും മഹാനുമായ അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു..)
ഇങ്ങനെ എത്രയെത്ര ദിക്റുകള്‍, നബി صلى الله عليه وسلم ഒരു സദസ്സില്‍ ഇരുന്നാല്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പ് എഴുപതില്‍ പരം പ്രവശ്യം ഇസ്തിഗ്ഫാര്‍ (പാപമോചനം തേടുന്ന പ്രാര്‍ത്ഥന) നടത്തിയത് നമുക്ക് മാതൃകയല്ലേ…أستغفر الله وأتوب إليه…
പക്ഷേ ശൈഖ് ഇബ്നു ഉഥൈമീന്‍ (റ) പറഞ്ഞതു പോലെ “സല്‍കര്‍മ്മങ്ങള്‍ ശരീരത്തിന്‍റെ ശക്തി കൊണ്ടല്ല, അല്ലാഹുവിന്‍റെ തൗഫീഖ് കൊണ്ടാണ് എന്നതിനുള്ള വലിയ ഒരു തെളിവാണ് ദിക്ര്‍, അത് എത്ര സരളമാണ്, എന്നാല്‍ അത് പതിവാക്കുന്നവര്‍ എത്ര വിരളമാണ്”!
എപ്പോഴും പ്രാര്‍ത്ഥിക്കുക:
اللهم أعني على ذكرك وشكرك وحسن عبادتك….
അല്ലാഹുവേ, നിന്നെ സ്മരിക്കാനൂം നിനക്ക് നന്ദി ചെയ്യാനും ഏറ്റവും നല്ല രീതിയില്‍ നിന്നെ ആരാധിക്കാനും നീ എന്നെ സഹായിക്കേണമേ…