ശൈഖ് മുഹമ്മദ് ഹിലാല്‍ അന്നഈം
ജാമിഅ് അല്‍മിഖ്ദാദ് ബ്നുല്‍ അസ്‌വദ്, ജുബൈല്‍
വിവ. കബീര്‍ എം. പറളി
വിശ്വാസികളെ, നോക്കൂ, എത്ര നല്ല വിലാസമാണ് നമ്മുടേത്. അല്ലാഹു നമ്മെ പലവട്ടം പേരുചൊല്ലി വിളിച്ചത് അങ്ങനെയാണ്; ഹേ, വിശ്വസിച്ചവരെ എന്ന്. ലാ ഇലാഹ ഇല്ലല്ലാഹ് എന്നും മുഹമ്മദുന്‍ റസൂലുല്ലാഹ് എന്നും പ്രഖ്യാപിച്ചവരാണു നാം. നാവുകൊണ്ട് അവ ഉരിയാടി. ഹൃദയം കൊണ്ട് അവയെ ഉള്‍ക്കൊണ്ടു. പ്രസ്തുത പ്രഖ്യാപനത്തില്‍ അല്ലാഹുവിനോട് നാം ആത്മാര്‍ത്ഥത കാണിച്ചു.
നമുക്കറിയുമൊ, ദൈവസാമീപ്യം സിദ്ധിച്ച മലക്കുകള്‍ നമുക്കുവേണ്ടി പാപമോചനം തേടുന്നുണ്ട്. ആദരണീയരായ അമ്പിയാക്കള്‍ നമുക്കു വേണ്ടി അല്ലാഹുവിനോട് മാപ്പിരന്നിട്ടുണ്ട്. അല്ലാഹുവിന്‍റെ കല്‍പനയായിരുന്നു അത്: നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും പാപമോചനംതേടുക. (മുഹമ്മദ്: 19)
നിനക്കറിയുമൊ, എന്തുകൊണ്ടാണത്? വിശ്വാസി എന്ന നിലയ്ക്ക് അല്ലാഹുവിങ്കലും അടിമകള്‍ക്കിടയിലും നീ പ്രിയങ്കരനാണ് എന്നതു കൊണ്ട്. അല്ലാഹു പറഞ്ഞു: വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച. (മര്‍യം)
സഹോദരാ അല്ലാഹുവിലുള്ള നിന്‍റെ ഈമാനും നിന്‍റെ സദ്പ്രവര്‍ത്തനങ്ങളുമാണ് നിനക്ക് ഈ മഹത്വം നേടിത്തന്നത്. ആകയാല്‍ മുഅ്മിന്‍ അഥവാ വിശ്വാസി എന്ന വിശേഷണത്തിന്‍റെ വിലയറിയുക നീ. എല്ലാവര്‍ക്കും അങ്ങനെയാകാന്‍ സാധ്യമല്ല. എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല. (യൂസുഫ്:103) എന്ന ഖുര്‍ആനിക പ്രസ്താവനയെ ആലോചിച്ചാല്‍ നിനക്കതു മനസ്സിലാകും. അതെ, അധിക പേരും ദേഹേച്ഛകള്‍ക്കനുസൃതമായിട്ടാണ് ജീവിക്കുന്നത്. അല്ലാഹു പറഞ്ഞതു പോലെ, അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. (ഫുര്‍ക്വാന്‍: 44)
സഹോദരാ, നിന്‍റെ ഈമാന്‍ കൊണ്ട് നീ ശക്തനാകണം. നിന്‍റെ മതനിഷ്ഠയാല്‍ നീ അന്തസ്സു നേടണം. നീ അങ്ങനെയാകണം എന്നതാണ് നബി തിരുമേനിയുടെ ആഗ്രഹം. തിരുമേനി(സ്വ) പറഞ്ഞു: ദുര്‍ബ്ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് പ്രിയമുള്ളവനും ശക്തനായ വിശ്വാസിയാണ്.
ദൈവ ദാസന്മാരെ, രാജ്യങ്ങളില്‍ സമാധാനമുണ്ടാക്കുക, സ്വദേശങ്ങളില്‍ നിര്‍ഭയത്വം സ്ഥാപിക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ്. വിലമതിക്കാനാകാത്ത നിധിയാണ് നിര്‍ഭയത്വം. ജീവിതത്തിന്‍റെ മൗലിക ഘടകമാണത്. നിര്‍ഭയത്വത്തിന്‍റെ തണലിലാണ് ജീവനുകള്‍ സംരംക്ഷിക്കപ്പെടുന്നത്. അഭിമാനങ്ങളും സമ്പത്തും പരിരക്ഷിക്കപ്പെടുന്നത്. യാത്രാവഴികള്‍ സുരക്ഷിതമാകുന്നതും അതിരുകള്‍ ലംഘിക്കപ്പെടാതിരിക്കുന്നതും നിര്‍ഭയത്വത്തിന്‍റെ സാന്നിധ്യത്തിലാണ്. മാത്രമല്ല, സ്വസ്ഥവും സുരക്ഷിതവുമായ നിലയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും മസ്ജിദുകള്‍ പരിപാലിക്കപ്പെടുന്നതും, മതനിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്നതും നന്മകള്‍ പ്രചരിപ്പിക്കപ്പെടുന്നതും തിന്മകള്‍ വിപാടനം ചെയ്യപ്പെടുന്നതും ജീവിതം സന്തുലിതമായി നിലനില്‍ക്കുന്നതും ഭയരഹിതമായ ജീവിതാന്തരീക്ഷം ഉള്ളതുകൊണ്ട് മാത്രമാണ്. മതവും നിര്‍ഭയത്വവും പരസ്പര പൂരകങ്ങളാണ്. ഒന്നിന്‍റെ അസാന്നിധ്യത്തില്‍ മറ്റേതിന് നിലനില്‍പ്പുണ്ടാകില്ല. സൂറത്തുല്‍ ഖുറൈശിലെ അല്ലാഹുവിന്‍റെ പ്രസ്താവനിയില്‍ നിന്ന് നമുക്കീ കാര്യം മനസ്സിലാക്കാം:
‘ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം നിര്‍ഭയത്വം നല്‍കുകയും ചെയ്തവനെ.’
സമാധാന സംസ്ഥാപനത്തിന് തികഞ്ഞ അധ്വാനവും ക്ഷമയും അനിവാര്യമാണ്. ആത്മാര്‍ത്ഥരായ ആളുകളിലൂടെയേ അത് സാധ്യമാകൂ. രാജ്യം കാക്കുന്നവര്‍, അതിരുകളില്‍ കാവല്‍ നില്‍ക്കുന്നവര്‍. അവര്‍ നമ്മുടെ ആദരവുകള്‍ അര്‍ഹിക്കുന്നു. സുരക്ഷയും സ്വസ്ഥതയും ആവശ്യമാണവര്‍ക്ക്. ആരും അവരെ അവമതിച്ചുകൂടാ. അവരെ ബഹുമാനിക്കുക എന്നത് നമ്മുടെ ബാധ്യതയായി നാം മനസ്സിലാക്കണം.
മുസ്ലിം സഹോദരങ്ങളേ, ഗുണകാംക്ഷികളായ നമ്മുടെ പണ്ഡിത വരേണ്യന്മാരുമായി നിങ്ങള്‍ ചേര്‍ന്ന് നില്‍ക്കുവീന്‍. മുസ്ലിം ഉമ്മത്തിന്‍റെ ഐക്യക്കണ്ണിയില്‍ ഇഴചേരുവീന്‍. ആത്മാര്‍ത്ഥരായ ഭരണാധികാരികളോട് അനുസരണ കാട്ടുവീന്‍. അല്ലാഹുവിന്‍റെ സാരോപദേശം സദാ ഓര്‍മ്മയില്‍ വെക്കുവീന്‍. അല്ലാഹു പറഞ്ഞു:
ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. (അന്‍ആം: 153)
പ്രപഞ്ച നാഥനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹു വിജയവും ജീവിത സൗകര്യങ്ങളും സംവിധാനിച്ചുതരുന്നതാണ്. അല്ലാഹുവിന്‍റെ വാഗ്ദാനമാണത്.
‘തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.’ (ഹജ്ജ് : 40, 41)
ദൈവ ദാസന്മാരെ, സമാധാനാന്തരീക്ഷം സംജാതമാകാന്‍ അനിവാര്യമായ ചില സംഗതികളുണ്ട്. ശിര്‍ക്കില്‍ നിന്ന്, അതിന്‍റെ എല്ലാത്തരം വകഭേദങ്ങളില്‍ നിന്ന്, നമ്മള്‍ അകന്നു നില്‍ക്കുക എന്നതാണ് അവയിലെ പ്രഥമ സംഗതി. അല്ലാഹുവത് പറഞ്ഞിട്ടുണ്ട്:
‘വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.’ (അന്‍ആം: 82)
ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ശൈഖ് സഅദീ(റ) എഴുതി: അതായത് തങ്ങളുടെ വിശ്വാസത്തില്‍, ശിര്‍ക്കാകട്ടെ, പാപങ്ങളാകട്ടെ യാതൊരു തരത്തിലുള്ള അക്രമവും കലര്‍ത്താത്തവര്‍ എന്ന് സാരം. അവര്‍ക്കാണ് പൂര്‍ണ്ണമായ നിര്‍ഭയത്വവും പൂര്‍ണ്ണമായ നേര്‍മാര്‍ഗ്ഗവും ലഭിക്കാനാകുക. സകലമാന ഭയങ്ങളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നുമുള്ള നിര്‍ഭയത്വം. ഋജുവായ പാതയിലേക്കുള്ള നേര്‍മാര്‍ഗ്ഗം.
ദൈവ ദാസന്മാരെ, നിര്‍ഭയത്വം സഫലമാകാന്‍ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നന്മകള്‍ കല്‍പ്പിക്കുകയും തിന്മകള്‍ വിരോധിക്കുകയും അല്ലാഹുവിനോടും റസൂലിനോടും ക്വുര്‍ആനിനോടും മുസ്ലിംകളുടെ ഭരണാധികാരികളോടും മുസ്ലിം സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ ഗുണകാംക്ഷാപൂര്‍വ്വം നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ്. പാപജീവിതവും സമാധാനാന്തരീക്ഷവും ഒന്നിച്ചുണ്ടാകുകയില്ല. പാപങ്ങള്‍ ദൈവികാനുഗ്രഹങ്ങളെ ഇല്ലാതാക്കും എന്ന് മനസ്സിലാക്കുക. അരാജകത്വങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും പാപങ്ങള്‍ വഴിവെക്കും. പുണ്യകര്‍മ്മങ്ങളാണ് അല്ലാഹു നല്‍കുന്ന സുരക്ഷിതമായ കോട്ട. അതിന്‍റെ വഴിയിലൂടെ സഞ്ചരിക്കുന്നവന്നാണ് സമാധാനം ലഭിക്കാനാകുന്നത്. അല്ലാഹുവിനെ ഓര്‍ത്തും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തും ജീവിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും നിര്‍ഭയാന്തരീക്ഷം അനുഭവിക്കാനാകും. വിശ്വാസികളെ, അല്ലാഹുവിന്‍റെ പാശത്തില്‍ മുറുകെപ്പിടിച്ചു ജീവിക്കാന്‍ തയ്യാറാകുക. അല്ലാഹുവിന്‍റെ കല്‍പനയാണത്. ‘നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്.’ (ആലു ഇംറാന്‍: 103) നബിതിരുമേനി(സ്വ) പ്രത്യേകം ഉപദേശിച്ച കാര്യമാണത്. ‘ഐക്യത്തില്‍ കഴിയുന്ന സമൂഹത്തിലാണ് അല്ലാഹുവിന്‍റെ കൈ സഹായമുള്ളത്.’
വിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുക. അവനുമായി ഹൃദയബന്ധം സദാ നിലനിര്‍ത്തുക. പാപങ്ങളില്‍ അവനോട് പശ്ചാത്തപിക്കുക. നേരിടുന്ന പരീക്ഷണങ്ങള്‍ നമ്മുടെ കൈകളാല്‍ സംഭവിച്ച പാപങ്ങളാലാകാം എന്ന് മനസ്സിലാക്കി പശ്ചാത്താപിക്കുക; പരീക്ഷണങ്ങളെ പശ്ചാത്താപം ദൂരീകരിക്കുന്നതാണ്. അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.’ (നൂര്‍: 31) അല്ലാഹു അനുഗ്രഹിക്കട്ടെ.