ശക്തനായ സത്യവിശ്വാസിയാകുക

569

പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യുടെ സാരോപദേശങ്ങളടങ്ങുന്ന ഒരു ഹദീസും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥവുമടങ്ങുന്ന വിശദീകരണമാണ് താഴെ.

عن أبي هريرة رضي الله عنه قال: قال الرسول صلى الله عليه وسلم “الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنْ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ ، احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلَا تَعْجَزْ ، وَإِنْ أَصَابَكَ شَيْءٌ فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللَّهِ وَمَا شَاءَ فَعَلَ فَإِنَّ “لَوْ” تَفْتَحُ عَمَلَ الشَّيْطَانِ” – مسلم

ഹദീസിന്‍റെ പൂര്‍ണ്ണമായ അര്‍ഥം:

അബൂഹുറയ്റ(റ) നിവേദനം. അദ്ദേഹം പറയുന്നു; അല്ലാഹുവിന്‍റെ റസൂല്‍ (സ്വ) പറഞ്ഞിരിക്കുന്നു: “ശക്തനായ ഒരു സത്യവിശ്വാസിയാണ് ദുര്‍ബലനായ സത്യവിശ്വാസിയേക്കാള്‍ അല്ലാഹുവിങ്കല്‍ ഉത്തമനും അവന്ന് ഏറ്റവും ഇഷ്ടപ്പെട്ടവനും, എന്നാല്‍ എല്ലാവരിലും (അവരുടേതായ) നന്മകളുണ്ട്. നിനക്ക് ഉപകാരമുണ്ടാക്കുന്ന കാര്യങ്ങളില്‍ നീ താത്പര്യത്തോടെ പ്രവര്‍ത്തിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക, നീ ദുര്‍ബലനാകുകയും ചെയ്യരുത്. നിനക്ക് വല്ല വിപത്തും ബാധിച്ചാല്‍, ‘ഞാന്‍ ഇന്നിന്ന പ്രകാരം പ്രവര്‍ത്തിച്ചിരുന്നൂ എങ്കില്‍ (നന്നായേനെ)’ എന്ന് നീ പറയരുത്. എന്നാല്‍, ‘ഇത് അല്ലാഹുവിന്‍റെ വിധിയാണ്, അവന്‍ ഉദ്ദേശിച്ചതു പ്രകാരം അവന്‍ പ്രവര്‍ത്തിച്ചിരിക്കുന്നൂ’ എന്ന് നീ പറയുക. തീര്‍ച്ചയായും ‘എങ്കില്‍’ (എന്ന പ്രയോഗം) പിശാചിന്‍റെ പ്രവര്‍ത്തനത്തിനുള്ള വാതില്‍ തുറക്കുന്നതാണ്.” (മുസ്ലിം)

ഹദീസ് നിവേദകനെപ്പറ്റി:

ഹദീസ് നിവേദനം ചെയ്യുന്നത് പ്രസിദ്ധനായ സ്വഹാബി അബൂഹുറയ്റ(റ)യാണ്. അബ്ദുര്‍റഹ്മാന് ബ്നു സഖര്‍ അദ്ദൗസി എന്നാണ് അദ്ദേഹത്തിന്‍റെ ശരിയായ പേര്. ദൗസ് ഗോത്രക്കാരനാണ്. തന്‍റെ 28ാമത്തെ വയസ്സിലാണ് അബൂഹുറയ്റ(റ) ഇസ്ലാമാശ്ലേഷിക്കുന്നത്. പ്രവാചകനോടൊപ്പം സദാ ജീവച്ച വ്യക്തിയായിരുന്നൂ എന്നതു കൊണ്ടു തന്നെ നബി(സ്വ)യില്‍ നിന്നും അദ്ദേഹം കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്തു. ഏറ്റവും അധികം ഹദീസുകള്‍ അദ്ദേഹത്തില്‍ നിന്നാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റേതായി 5374 ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹിജ്റ 57ല്‍ തന്‍റെ 87ാമത്തെ വയസ്സിലാണ് അദ്ദേഹം മരണമടയുന്നത്. മദീനയില്‍ മരണപ്പെട്ട അദ്ദേഹം ബഖീഇലാണ് ഖബറടക്കം ചെയ്യപ്പെട്ടിട്ടുള്ളത്.

ഹദീസ് രേഖപ്പെടുത്തിയത്:

ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുള്ളത് ഇമാം മുസ്ലിമിന്‍റെ സ്വഹീഹീല്‍

كتاب القدر، باب في الأمر بالقوة وترك العجز والاستعانة بالله

എന്ന അധ്യായത്തിലാണ്. മുസ്ലിമിബ്നുല്‍ ഹജ്ജാജ് അന്നയ്സാപൂരി എന്നാണ് ഇമാം മുസ്ലിമിന്‍റെ പൂര്‍ണ്ണനാമം. ഹി. 206ലാണ് ഇമാം മുസ്ലിമിന്‍റെ ജനനം. ഹിജ്റ 261ല്‍ തന്‍റെ 55ാമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെടുന്നത്.

ഹദീസിന്‍റെ സാരം:

സത്യവിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ സാരവത്തായ പ്രവാചകോപദേശങ്ങളാണ് ഈ ഹദീസിലെ പ്രതിപാദ്യം. ശക്തനായ വിശ്വാസിയാകുക, ദുര്‍ബലനാകാതിരിക്കുക, അല്ലാഹുവിനോട് സഹായം തേടിക്കൊണ്ടിരിക്കുക, അല്ലാഹുവിന്‍റെ വിധികളെ വിമര്‍ശിക്കാതിരിക്കുക, ജീവിത കാര്യങ്ങളെ അല്ലാഹുവിലേക്ക് ഏല്‍പ്പിക്കുക, അരുതാത്തത് പറഞ്ഞ് പിശാചിന്ന് വഴി തുറന്നു കൊടുക്കാതിരിക്കുക തുടങ്ങിയ പാഠങ്ങള്‍ ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാനാകും.

മുഅ്മിനുകളോടുള്ള അല്ലാഹുവിന്‍റെ അടുപ്പം, അല്ലാഹുവുമായുള്ള അവരുടെ അടുപ്പവും, അതിന്നു വേണ്ടിയുള്ള അവരുടെ ശ്രമവും ആസ്പദിച്ചായിരിക്കും. ഒരു വിശ്വാസിക്ക് സല്‍കര്‍മ്മ മേഖലയില്‍ അത്യധ്വാനം ചെയ്യാനുള്ള ശക്തി ലഭിക്കുന്നത് അവനിലെ ഈമാനിന്‍റെ ശക്തിയിലൂടെയാണ്. സത്യവിശ്വാസികളിലെല്ലാം നന്മയുണ്ടെന്നും അവരവരുടെ നന്മകളുടെ തോതനുസരിച്ച് പ്രതിഫലം ലഭിക്കുന്നതാണെന്നും ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഐഹികവും പാരത്രികവുമായ സൗഭാഗ്യം ലഭിക്കാനാകുന്നത് തനിക്ക് ഉപകാരമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ താത്പര്യപൂര്‍വം അനുഷ്ഠിക്കുമ്പോഴാണ്. ജീവിതത്തിലുണ്ടാകുന്ന ഏത് സംഗതിയും അല്ലാഹുവിന്‍റെ ഖദറിനും ഉദ്ദേശ്യത്തിനുമനുസരിച്ചാണ് ഉണ്ടാകുന്നത്. ഒന്നും നമ്മുടെ ആസൂത്രണങ്ങള്‍ക്ക് അനുസരിച്ചല്ല. അതു കൊണ്ടു തന്നെ ജീവിത്തില്‍ വന്നു ഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്ന് മനസ്സിലാക്കി അവനില്‍ തവക്കുല്‍ ചെയ്യുകയാണ് വേണ്ടത്. ഞാന്‍ ഇന്ന പ്രകാരം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എനിക്ക് ഇന്നത് സംഭവിക്കില്ലായിരുന്നൂ എന്ന് പറയുന്നത് സത്യവിശ്വാസിക്ക് ചേര്‍ന്നതല്ല. അത് ഹൃദയത്തില്‍ നിരാശ പടര്‍ത്താനായി പിശാചിന്ന് വഴിയൊരുക്കി കൊടുക്കലാകും. അല്ലാഹുവിങ്കല്‍ ഉത്തമനായ, അല്ലാഹുവിന്ന് ഇഷ്ടക്കാരനായ ശക്തനായ സത്യവിശ്വാസിയാകാനാകണം നമ്മുടെ യത്നവും പ്രാര്‍ഥനയും. الله أعلم

Source: nermozhi.com