ഘടികാരത്തിലെ സൂചികള്‍ക്ക്
സഞ്ചരിച്ച സമയത്തിലൂടെത്തന്നെ സഞ്ചരിക്കാനാകും
പക്ഷെ, നമ്മുടെ ജീവിതത്തിന് കടന്നു പോയ
സമയത്തിലൂടെ വീണ്ടും സഞ്ചരിക്കുക സാധ്യമല്ല.
സമയം നഷ്ടപ്പെടുക എന്നാല്‍
ആയുസ്സ് നഷ്ടപ്പെടുക എന്നാണര്‍ത്ഥം.
നഷ്ടപ്പെട്ട ജീവിത സമയങ്ങള്‍ എത്ര ഖേദിച്ചാലും തിരിച്ചു കിട്ടില്ല.
സമയമാണ് ജീവിതത്തിൻറെ അടിസ്ഥാന പ്രതലം.
ഓരോവർഷവും കലണ്ടറുകളാണ് നാം മാറ്റുന്നത്,
കാലമെത്രയായി നമ്മുടെ ചുമരുകളിൽ
ഒരേ ഘടികാരം തന്നെ തൂങ്ങുന്നു!
അതെ, സമയസൂചികയെ നാം മാറ്റേണ്ടതില്ല എന്നർത്ഥം!
ദിവസം നീങ്ങുന്നതിനേക്കാൾ ജാഗ്രതയോടെ കാണേണ്ടത്
സമയത്തിൻറെ പോക്കിനെയാണ്..
കാറ്റിനേക്കാൾ സുതാര്യവും വേഗവുമാണ് സമയം.
ആധുനിക അറേബ്യൻ കവിസമ്രാട്ട് അഹ്മദ് ഷൌഖിയുടെ ഈരടികളാണ് ഓർമ്മവരുന്നത്:
“ഓരോ ഹൃദയമിടിപ്പും പറഞ്ഞു കൊണ്ടിരിക്കുന്നത്,
മനുഷ്യാ, ജീവിതമെന്നത്, മിനിറ്റുകളും സെക്കൻറുകളും മാത്രമാണ്.”
മറ്റൊരു കവിതാ ശകലം ഇങ്ങനെയാണ്:
“ഒരു ബാലൻ തൻറെ വാച്ച് കാതോട് ചേർത്ത് നിൽക്കുന്നു,
അവൻ അതിൻറെ മിടിപ്പുകൾ കേൾക്കുകയാകാം,
ഞാൻ ചോദിച്ചു : കുഞ്ഞേ, എന്താണതിൽ?
അവൻ പറഞ്ഞു: എൻറെ ജീവിതത്തെ രണ്ടു പുഴുക്കൾ കാർന്നു തിന്നുന്നു.”
ജീവിതത്തിന് അനുഗുണമാം വിധം വിനിയോഗിക്കാനുള്ളതാണ് സമയം. ജീവിതത്തിൻറെ ധർമ്മവും ലക്ഷ്യവുമറിയുന്ന മുഅ്മിൻ ദുനിയാവിലെ മറ്റെന്തിനേക്കാളും വിലമതിക്കുന്ന സംഗതി സമയമാണ്. ഫലരഹിതമായ സമയനഷ്ടം ഭൌതികമായ സന്പാദ്യം മാത്രമല്ല നഷ്ടപ്പെടുത്തുക. പാരത്രിക സന്പാദ്യത്തിലും അത് നഷ്ടം വരുത്തും.
‘സമയനഷ്ടം മരണത്തേക്കാള്‍ ഭയാനകമാണ്’ എന്ന് ഇബ്നുല്‍ ഖയ്യിം പറഞ്ഞിട്ടുണ്ട്.
ഹസനുൽ ബസ്വരീ(റ) പറയുമായിരുന്നു: “പ്രഭാതം വിടർന്നെത്തുന്ന ഓരോ ദിനവും എന്നോട് വിളിച്ചു പറയുന്നുണ്ട്: മനുഷ്യാ, ഞാനൊരു പുതിയ ജന്മമാണ്, നിൻറെ കർമ്മങ്ങളുടെ സാക്ഷിയാണ്, നീ ആവുന്നത്ര എന്നെ ഉപയോഗപ്പെടുത്തുക, ഞാൻ പോയാൽ അന്ത്യനാൾ വരെ നിന്നിലേക്ക് തിരിച്ചു വരുകില്ല.”
ഓരോ നിമിഷത്തേയും അനുഗ്രഹമായിട്ടാണ് അല്ലാഹു നമ്മുടെ കയ്യിൽ വെച്ചുതരുന്നത്. നിമിഷങ്ങളുടെ സമ്മേളനമാണ് ഓരോ ദിവസവുമെന്ന് നമുക്കറിയാം. സൽകർമ്മങ്ങൾക്കുള്ള ഫലഭൂയിഷ്ടമായ സാഹചര്യമാണ് ഓരൊ ദിവസവും. പക്ഷെ, അധികപേരും അതിനെ അവഗണിച്ചാണ് ജീവിക്കുന്നത്.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം. പ്രവാചകൻ(സ്വ) പറഞ്ഞു: “അധിക മനുഷ്യരും വിലയറിയാതെ നഷ്ടപ്പെടുത്തിക്കളയുന്ന രണ്ട് അനുഗ്രഹങ്ങളുണ്ട്: ആരോഗ്യവും ഒഴിവു സമയവുമാണത്.” (ബുഖാരി)
വ്യാമോഹങ്ങളും അധിക അധികരിച്ച ആഗ്രഹങ്ങളും നമ്മെയൊക്കെ സമയബോധത്തിൽ നിന്നും അകറ്റിനിർത്താം. ദുനിയാവിൻറെ അലങ്കാരങ്ങളും ആകർഷണീയതയും അലസരാക്കാം. മുഅ്മിനുകളാണല്ലൊ നാം. തീർത്തും സമയബോധമുള്ളവരാകണം നമ്മൾ. റബ്ബിലേക്കടുക്കാനും റബ്ബിൻറെ സ്നേഹവും പ്രീതിയും നേടാനുമുതകുന്ന ആരാധനകളാൽ സന്പന്നമാകണം നമ്മുടെ സമയങ്ങൾ. ദീനാറുകളും ദിർഹമുകളും എണ്ണി നോക്കുന്നതിനേക്കാൾ ശ്രദ്ധയോടെ സമയത്തെയും ചെലവഴിക്കുന്ന സമയങ്ങളിൽ നേടാനായ സൽകർമ്മങ്ങളേയും എണ്ണിനോക്കിയിരുന്നു, നമ്മുടെ സലഫുകൾ.
ഇബ്നു മസ്ഊദ്(റ)ൻറെ പ്രസ്താവന പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു: “എനിക്ക് ഒരു ദിവസം ലഭിച്ചിട്ട്, ജീവിതത്തിൽ അല്പമെങ്കിലും ഫലവർദ്ധനവില്ലാതെയാണ് ആ ദിവസം എന്നിൽ നിന്നും അസ്തമിച്ചു പോകുന്നതെങ്കിൽ അതിനേക്കാൾ വേദനയേറിയ ഖേദം മറ്റൊന്നിലും എനിക്കില്ല.”
എത്രയെത്ര ആളുകളാണ് – ഒരുപക്ഷെ, നാം തന്നെയും, മോദത്തിലും ആഹ്ലാദത്തിലും ആലസ്യത്തിലുമായി സമയം നഷ്ടപ്പെടുത്തിയിട്ട്, വിനഷ്ടമായ സമയങ്ങളേയും ദിനങ്ങളേയും ഓർത്ത് ഖേദത്തിലും ആകുലതകളിലുമായി കഴിഞ്ഞു കൂടുന്നത്. അത്ഭുതമാണ് മനുഷ്യൻറെ കാര്യം! ചുറ്റുപാടുമുള്ള ആളുകളുടെ അനുഭവങ്ങളിൽ നിന്നു പോലും ആരും പാഠമുൾക്കുള്ളുന്നില്ല. അനുഭവങ്ങൾ തന്നിൽത്തന്നെയുണ്ടാകണം എന്ന വാശിയിലാണ് എല്ലാവരും! കടന്നുപോയ യുവത്വത്തിൻറെ നിമിഷങ്ങളെയോർത്ത് വാർദ്ധക്യത്തിൻറ വിരസതയിൽ വിലപിക്കുന്നവർ!
ഒരു അറബ്ബിക്കവിതയുടെ ഈരടികള്‍ ഇങ്ങനെയാണ്:
“യുവത്വത്തെയോര്‍ത്ത് ഞാനിന്ന് കണ്ണീര്‍പൊഴിക്കുകയാണ് കണ്ണീരും നെടുവീര്‍പ്പും കൊണ്ട് ഇനിയെന്തു കാര്യം! ഒരു ദിവസം യുവത്വമെങ്ങാനും എന്നിലേക്ക് തിരിച്ചു വരുമെങ്കില്‍ വാര്‍ദ്ധക്യം എന്നില്‍ ചെയ്തു കൂട്ടിയതെല്ലാം അതിനോട് ഞാന്‍ പറഞ്ഞു പരിതപിക്കുമായിരുന്നു!”
അല്ലാഹുവിനോടുള്ള ധർമ്മം നിർവഹിക്കുന്നതിൽ ജീവിത സമയങ്ങളെ വിനിയോഗിക്കാതിരുന്ന ചില മനുഷ്യരുടെ പരിണതിയെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. അവർ തന്നെ സ്വയം പറയുന്ന വാക്കുകൾ: “എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ.” (സുമര്‍: 56)
പ്രിയപ്പെട്ടവരേ, ചുമരിൽ നിന്ന് കലണ്ടറുകളേ മാറുന്നുള്ളൂ, ഘടികാരങ്ങൾ മാറുന്നില്ല. സമയം നമുക്കൊപ്പമുണ്ട്. സമയത്തോടൊപ്പം ദൈവസ്മരണയിലാകട്ടെ നമ്മുടെ ജീവിതം. പരലോകത്ത് വലതുകയ്യിൽ കർമ്മപുസ്തകം ലഭിക്കുന്പോഴുണ്ടാകുന്ന ഒരു സൌഭാഗ്യവാൻറെ സന്തോഷ പ്രകടനങ്ങൾ ഖുർആനിൽ വായിച്ചിട്ടില്ലെ. അതിങ്ങനെയാണ്:
“എന്നാല്‍ വലതുകൈയില്‍ തന്റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്റെ ഗ്രന്ഥം വായിച്ചുനോക്കൂ. ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്, തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍. അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.” (എന്ന് അവരോട് പറയപ്പെടും) (ഹാഖ: 19-24)
Courtesy to: Millireport