വിശ്വാസികള്‍ക്ക് ജീവിതം മുഴുവന്‍ നന്മകള്‍ക്കുള്ള അവസരങ്ങളാണ്
അല്ലാഹുവിനെ കൂടുതല്‍ പഠിക്കാന്‍,
അവനിലേക്ക് ആത്മാര്‍ത്ഥമായി അടുക്കാന്‍,
അവനെ മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍,
അവനില്‍ നിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളെയോര്‍ത്ത് കൃതജ്ഞനാകാന്‍,
ആരാധനകളില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍,
ജീവിത പരീക്ഷണങ്ങളിലെ പാഠമുള്‍ക്കൊള്ളാന്‍,
അവിവേകങ്ങള്‍ തിരുത്താന്‍,
പാപങ്ങളില്‍ പശ്ചാത്തപിക്കാന്‍.
ഖേദം പശ്ചാത്താപമാണ് എന്ന പ്രവാചക തിരുമേനി അരുളിയിട്ടുണ്ട്. (ഇബ്‌നു മാജ)
പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ്,
അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (അല്‍ബഖറ: 222)
ആകയാല്‍, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. (തഹ്രീം: 8)
മനുഷ്യ ജീവിതം ഹൃസ്വമാണെന്ന് പറയുന്നത് നശ്വരമായ ഐഹിക ലോകത്തിനാപേക്ഷികമായിട്ടു മാത്രമാണ്. സത്യത്തില്‍ മനുഷ്യന്റെ ജീവിതം ശാശ്വതമാണ്. മരണ കവാടവും കടന്ന്, ഖബര്‍ ജീവിതവും കടന്ന് പരലോകത്ത് ശാശ്വതമായി സജീവമാകുന്ന ജീവിതം. മുഅ്മിനിന്റെ ഹൃദയത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന സന്ദേഹമില്ലാത്ത അറിവാണിത്. മനുഷ്യ ജീവിതത്തിന് ഈ വിധ സംവിധാനമൊരുക്കിയത് പ്രപഞ്ചത്തിന്റെ നാഥനായ അല്ലാഹുവാണ്. അത് മുഅ്മിനുകള്‍ക്കറിയാം.
മുന്നില്‍ നന്മയുടെ കവാടം തുറക്കപ്പെട്ടു കണ്ടാല്‍ അതിലൂടെ പ്രവേശിക്കാന്‍ ധൃതികൂട്ടുക; എപ്പോഴാണ് ആ കവാടങ്ങള്‍ അടയ്ക്കപ്പെടുക എന്ന് നിരൂപിക്കാന്‍ നമുക്കാകില്ല, എന്ന് ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞതാണ് കൂടുതൽ വ്യക്തം.
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ. അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍. (വാക്വിഅ:10-12)
നന്മകൾ വിശ്വാസിയുടെ അന്നവും വെള്ളവും വായുവുമാണ്. അവ നഷ്ടപ്പെടുത്തുന്നതും ഉപയോഗിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതും ആത്മഹത്യാപരമാണ്. ലക്ഷ്യബോധമുള്ള മുഅ്മിനിന്ന് കൃത്യമായ പ്രസ്തുത ധാരണയുണ്ട്. അതുകൊണ്ടുതന്നെ അവന്‍ സജീവമായ ജാഗ്രതയിലായിരിക്കും. ഭൗതികാവസരങ്ങളെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നതില്‍ അതീവ ശ്രദ്ധയിലുമായിരിക്കും അവന്‍. ഒരു നന്മയേയും വിശ്വാസി നിസ്സാരമായിക്കാണില്ല. ഒരു ചെറിയ നന്മയേയും പ്രതിഫല പ്രതീക്ഷയോടെയല്ലാതെ അവൻ സമീപിക്കില്ല. നന്മകളൊന്നിനേയും ചെറുതായിക്കണ്ട് അവഗണിക്കരുത് എന്ന നിർദ്ദേശം പ്രവാചകൻ(സ്വ) നൽകിയിട്ടുള്ളതാണ്. കണ്ടുമുട്ടുന്ന സഹോദരൻറെ മുഖം നോക്കി പുഞ്ചിരിതൂകുന്നത് നിസ്സാരമെന്ന് തോന്നാം. പ്രവാചകനരുളിയത്, അത് പ്രതിഫലാർഹമായ നന്മയാണെന്നാണ്. എങ്കിൽ ആ പ്രതിഫലം നഷ്ടമാകാൻ വിശ്വാസി അനുവദിക്കുമൊ? ഇല്ല.
പ്രിയപ്പെട്ടവരേ, നന്മകള്‍ക്കുള്ള അവസരങ്ങളൊന്നും നമ്മെ കാത്തുനില്‍ക്കില്ല. പിന്നീടാകാം എന്ന അലസതയൊന്നും പിന്നീടൊരവസരം നേടിത്തരുകയുമില്ല. മനുഷ്യരില്‍ അധികപേരും അവഗണനയോടെ നഷ്ടപ്പെടുത്തിക്കളയുന്ന രണ്ട് ദൈവികാനുഗ്രഹങ്ങളെപ്പറ്റി നബി(സ്വ) മൊഴിഞ്ഞിട്ടുണ്ട്. ആരോഗ്യവും അവസരവുമാണ് പ്രസ്തുത രണ്ടനുഗ്രഹങ്ങള്‍. നന്മകളിലേക്ക് മത്സരിച്ചേറാന്‍ അവസരങ്ങള്‍ മുന്നിലുണ്ടായിരിക്കെ, ‘പിന്നീടാകാം, ഇനിയും സമയമുണ്ട്’ എന്ന മനോനില പിശാചിന്റെ സൈനികാംഗമാണെന്ന് ക്വതാദ ബ്‌നു അബില്‍ ജല്‍ദ് പ്രസ്താവിച്ചിട്ടുണ്ട്. ഹസന്‍(റ)ന്റെ പ്രസ്താവന കുറച്ചുകൂടി വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: ‘തസ്‌വീഫിനെ അഥവാ പിന്നീടാകട്ടെ എന്ന നിലപാടിനെ നീ സൂക്ഷിക്കണം. ഇന്ന് നിന്റേതാണ്, നീ പ്രവര്‍ത്തിക്കുക. നാളേക്ക് മാറ്റിവെക്കരുത്; അത് നിന്റേതാകണമെന്നില്ല. നാളെയൊരവസരം കിട്ടുന്നില്ലെങ്കിലും ഇന്നിനെ നഷ്ടപ്പെടുത്തിയല്ലൊ എന്നോര്‍ത്ത് ഖേദിക്കാതിരിക്കാന്‍ അതാണ് നിനക്കു നല്ലത്’.
“മരണം വന്നെത്തുമ്പോള്‍, രക്ഷിതാവേ, ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ” (മുഅ്മിനൂന്‍: 99, 100) എന്ന് പറയുന്ന അവസ്ഥ വരാതിരിക്കുവാന്‍ നമുക്കാകണം. “”അയ്യോ, ഞാന്‍ എന്റെ ജീവിതത്തിനു വേണ്ടി മുന്‍കൂട്ടി (സല്‍കര്‍മ്മങ്ങള്‍) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (ഫജ്ര്‍: 24) എന്ന് പരലോകത്ത് വെച്ച് പറയേണ്ടിവരുന്ന സന്ദര്‍ഭം നമുക്കുണ്ടാകാതിരിക്കാനും നാം തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
അതിനാല്‍ ജീവിതത്തില്‍ നന്മകള്‍ക്കായി വന്നുചേരുന്ന അവസരങ്ങളെ മുഴുവന്‍ ദൈവികാനുഗ്രഹങ്ങളായിക്കണ്ട് ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് ശ്രമിക്കാം, പ്രാര്‍ത്ഥിക്കാം. ഖുര്‍ആന്‍ പറഞ്ഞത് വായിക്കുക: നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (ആലുഇംറാന്‍: 133)
Courtesy to: Millireport