മധുരവും മനോഹാരിതയുമുളള ദുനിയാവിൽ

933

ദുനിയാവിലെ ജീവിതം ശാശ്വതമല്ല
മടങ്ങിപ്പോക്കിന് ഒരുങ്ങേണ്ടവരാണ് സര്‍വ്വരും
പരലോക ജീവിതമാണ് ശാശ്വതം
അവിടേക്കുള്ള വിഭവമൊരുക്കാനുള്ള കൃഷിയിടത്തിലാണ് നാമുള്ളത്
മരണം ഏതു സമയത്തും വന്നെത്താം
ഏതു വിധേനയും സംഭവിക്കാം
മരിക്കാന്‍ രോഗം വരണമെന്നില്ല
മരണരുചി അനുഭവിക്കാതെ ആരുമില്ല. ഖുര്‍ആന്‍ പറഞ്ഞില്ലെ:

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്.” (ആലുഇംറാന്‍: 185)

“സ്വന്തത്തെ സദാ വിചാരണ ചെയ്യുകയും, മരണാന്തര ജീവിത്തിലേക്കായി അധ്വാനിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍” (തിർമിദി) എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. “ജീവത സുഖങ്ങളെ അവസാനിപ്പിക്കുന്ന മരണത്തെ കുറിച്ച് ധാരാളം ഓര്‍ക്കുവീന്‍” (തിർമിദി) എന്നും പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്

മരണം സമീപത്തുണ്ട്; നാം മരണത്തിനടുത്തേക്ക് പോകുകയല്ല, അത് നമ്മളിലേക്ക് വരുകയാണ് ചെയ്യുന്നത്. ഖുർആൻ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.

“നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്.” (നിസാഅ്:78)

“അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു.” (അന്‍ആം: 61)

“(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്.” (ജുമുഅ:8)

ദുനിയാവ് അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. ആസ്വാദ്യകരമായ മധുരവും ആകര്‍ഷണീയമായ ഹരിത സൗന്ദര്യവും ദുനിയാവിനുണ്ടെന്ന് പ്രവാചകന്‍(സ്വ) മൊഴിഞ്ഞിട്ടുണ്ട്. അതിലെ വിഭവങ്ങള്‍ ഏതു ഹൃദയത്തേയും ത്രസിപ്പിക്കുന്നവയാണ്. അവയില്‍ നിരങ്കുശം വീണുപോയവന്‍ ജീവിതത്തില്‍ ലക്ഷ്യം കാണാതെ വീണുപോയതുതന്നെ. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനും പ്രവാചകോക്തികളും ദുനിയാവിനെ ശ്രദ്ധയോടെ വേണം സമീപിക്കാനും അതിനോട് സഹവസിക്കാനും എന്ന് മുഅ്മിനുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

ദുനിയാവിനെ സംബന്ധിച്ച ചില പ്രസ്താവനകള്‍ വായിച്ചു നോക്കുക.

“നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് – ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു.” (ഹദീദ്: 20) ഈ “ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല.” (അന്‍കബൂത്: 64) “ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ഹദീദ്: 20)

ജീവിതത്തിന് അനുഗുണമായിത്തന്നെയാണ് അല്ലാഹു ദുനിയാവിനെ സംവിധാനിച്ചിരിക്കുന്നത്. പക്ഷെ, തനിക്കുള്ളതാണെന്ന് കരുതി എല്ലാം അനുഭവിച്ച് രമിക്കുകയല്ല മനുഷ്യന്‍ ചെയ്യേണ്ടത്. ഹൃസ്വകാലജീവിതമാണ് ഭൂമിയിലേത്. അതിനാവശ്യമായതല്ലെ ആര്‍ജ്ജിക്കുകയും ആസ്വദിക്കുയും ചെയ്യേണ്ടതുള്ളൂ. പരലോകത്തെ അപേക്ഷിച്ച് ദുനിയാവിന് വലിയ മൂല്യമൊന്നുമില്ല.  ഒരു കൊതുകിന്റെ ചിറകിന്റെ അത്രപോലും തൂക്കം അല്ലാഹുവിങ്കല്‍ ദുനിയാവിനില്ലെന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. ഒരുയാത്രക്കാരന്റെ, അല്ലെങ്കില്‍ ഒരു പ്രവാസിയുടെ മാനസികാവസ്ഥയിലായിരിക്കണം മുഅ്മിനിന്റെ ഐഹിക ജീവിതം (ബുഖാരി) എന്ന് നബി(സ്വ) വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്. ശാശ്വതമായ പരലോക ജീവിതം ലക്ഷ്യമായി മുന്നിലുള്ള മുഅ്മിനിന്ന് ദുനിയാവിനെ ആപാദചൂഢം ആലിംഗനം ചെയ്തു ജീവിക്കാന്‍ സാധിക്കില്ല. ഇഹലോകത്തെ കരുതിയിരിക്കണേ, അതിന് അതി മധുരവും മനോഹാരിതയുമുണ്ട് (മുസ്ലിം) എന്ന് നബി(സ്വ) താക്കീതു ചെയ്തത് അവന്നറിയാവുന്നതു കൊണ്ടാണ് അത്.

ദുനിയാവ് കര്‍മ്മ ഭൂമിയാണ്. പ്രതിഫലഭൂമി പരലോകമാണ്. നമ്മുടെ ജീവിത നന്മകള്‍ക്കെല്ലാം സമ്പൂര്‍ണ്ണവും നീതിപൂര്‍ണ്ണവുമായ പ്രതിഫലങ്ങള്‍ അല്ലാഹു നല്‍കുന്നത് അവിടെ വെച്ചാണ്. അതുകൊണ്ടാണ് നമ്മോടു പ്രിയമുള്ള അല്ലാഹു താഴെ കാണും പ്രകാരം നമ്മെ ഉപദേശിച്ചത്.

“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.” (ബഖറ: 281)

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (നഹ്ല്‍: 97)

കിട്ടിയ ജീവിത കാലം അല്ലാഹുവിനെ ഓര്‍ത്തും അവനെ അനുസരിച്ചും അവന്റെ കല്‍പനാനിര്‍ദ്ദേശങ്ങളോട് ആഭിമുഖ്യം കാണിച്ചും ജീവിക്കുക. ധര്‍മ്മനിഷ്ഠമായ ഐഹിക ജീവിതം കൊണ്ടാണ് പാരത്രിക വിജയം നമുക്ക് ലഭ്യമാകുന്നത്. ഇനിയും സമയമുണ്ടെന്ന് വൃഥാ കരുതി അലസതയിലും ആലസ്യത്തിലും മുഴുകാന്‍ ഇടവരരുത്. ഓര്‍ക്കുക, മരണം ഒരാളെയും അവന്റെ ആലസ്യത്തില്‍ നിന്ന് തട്ടിയുണര്‍ത്തി ‘കുറച്ചു കാലം കൂടി ജീവിക്കടൊ’ എന്നുപദേശിച്ച് വിട്ടുകളയാറില്ല. വിശ്രുതമായ ചില കവിതാ ശകലങ്ങള്‍ വായിച്ചു നോക്കൂ:

നീ തഖ് വ ശേഖരിച്ചു കൊണ്ടിരിക്കുക
രാത്രി വന്നെത്തിയാല്‍, അടുത്ത പ്രഭാതംവരെ നീ ജീവിക്കുമൊ എന്ന് നിനക്കറിയില്ല
രാവും പകലും ചിരികളിയില്‍ മുഴുകിയ എത്രയെത്ര യുവാക്കള്‍:
എത്ര ആകസ്മികമായാണ് അവന്റെ കഫന്‍ പുടവ ഒരുക്കപ്പെടുന്നത്!
ദീര്‍ഘായുസ്സ് പ്രതീക്ഷിച്ച എത്രയെത്ര കുഞ്ഞുങ്ങള്‍:
അവരുടെ ശരീരങ്ങള്‍ ഖബറിനിരുളില്‍ മറമാടപ്പെട്ടിരിക്കുന്നു.
പ്രിയതമനായി അണിഞ്ഞൊരുങ്ങിയ എത്രയെത്ര മണവാട്ടികള്‍:
മധുവിധുവിന്റെ രാത്രിതന്നെ അവരുടെ റൂഹുകള്‍ പിടിക്കപ്പെട്ടിരിക്കുന്നു!
എത്രയെത്ര ആരോഗ്യവാന്‍മാരാണ് രോഗമേതുമില്ലാതെ മരിച്ചിരിക്കുന്നു
ആയുസ്സടുത്തിരിക്കുന്നുവെന്ന് വിധിയെഴുതപ്പെട്ട
എത്രയെത്ര രോഗികളാണ്, പിന്നെയും കുറേകാലം ജിവിച്ചിരിക്കുന്നത്!

Courtesy: Millireport