പ്രിയപ്പെട്ട യുവസഹോദരങ്ങളെ

775

പ്രിയപ്പെട്ട യുവസഹോദരങ്ങളെ,

റമദാന്‍ മുമ്പിലെത്തി നില്‍ക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങല്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണിത് എന്ന് നമുക്കറിയാം. മുഅ്മിനുകളുടെ ജീവിതത്തില്‍ എല്ലാ വിധ ഇബാദത്തുകളും ഒരേപോലെ സജീവമായി നില്‍ക്കുന്ന രാപ്പകലുകളാണ് റമദാനിന്‍റേത്. ഇന്ന് നാം ജീവിക്കുന്ന കാലാവസ്ഥ പ്രശ്നസങ്കീര്‍ണ്ണമാണ് എന്നറിയാം. ലോകത്തെയാകമാനം കീഴടക്കിയ കോവിഡ് രോഗത്തിന്‍റെ ഭീതിയിലാണ് എല്ലാവരും. മുഅ്മിനുകളെന്ന നിലക്ക് നമുക്ക് പക്ഷെ, അനാവശ്യമായ ഭീതിയില്ല. അല്ലാഹുവിന്‍റെ പരീക്ഷണ കാലമാണ് ഇത് എന്ന് കരുതുകയും, കഴിവില്‍പ്പെട്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് നമ്മള്‍. അതേ സമയം, ഈ മാരകമായ രോഗത്തില്‍ നിന്നും അതുയര്‍ത്തിയിരിക്കുന്ന പ്രതിസന്ധികളില്‍ നിന്നും മുക്തി ലഭിക്കാനായി അല്ലാഹുവിനോട് കയ്യും ഖല്‍ബുമുയര്‍ത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.

ഈ ലോക്ഡൗണ്‍ കാലം നമ്മെ സംബന്ധിച്ചിടത്തോളം പരീക്ഷണ കാലം മാത്രമല്ല. പരിശീലനകാലം കൂടിയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സ് കാത്തുസൂക്ഷിക്കാന്‍ വീടകങ്ങളില്‍ ഒതുങ്ങി ജീവിക്കുന്ന നമ്മളില്‍ നിന്ന്, നാം ശീലിച്ചിരുന്ന എത്രയോ ശീലങ്ങള്‍ പടിയിറങ്ങിപ്പോയിട്ടുണ്ട്. കൂടാതെ കഴിയില്ലെന്നു പറഞ്ഞ പലതും നമ്മള്‍ ഒഴിവാക്കിയിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് മറന്നുപോയ പലതും നമ്മുടെ ജീവിതത്തിലേക്ക് പടികയറിവന്നിട്ടുമുണ്ട്.

എന്നാണ് ഈ രോഗാവസ്ഥമാറുന്നത്? എന്നാണ് ഇതിന്ന് ഒരു അറുതി വരുന്നത്? എന്ന് ആലോചിച്ച് ജീവിതം ആധിയിലാക്കേണ്ടതില്ല. ഇന്ന സമയത്ത് വരും എന്ന് മുന്നേ പറഞ്ഞിട്ടില്ലല്ലൊ കൊറോണ വന്നത്. അതു കൊണ്ടു തന്നെ ഇന്ന സമയത്തു പോകും എന്ന് പറഞ്ഞിട്ടല്ല അത് പോകുകയും ചെയ്യുന്നത്. എല്ലാറ്റിലും അല്ലാഹുവിന്ന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട്.

എങ്കില്‍, നാം ചെയ്യേണ്ടത് എന്താണ്? റമദാനിലേക്ക് പ്രവേശിക്കാന്‍ നാളുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. എന്‍റെയും നിങ്ങളുടെയും ജീവിത ലക്ഷ്യമായ, പരലോക മോക്ഷത്തിനായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്‍റെ മാസമാണ് റമദാന്‍ എന്ന് നമുക്കറിയാം. അതു കൊണ്ടു തന്നെ, ഖുര്‍ആനുമായി ചേര്‍ന്നിരിക്കാന്‍ ഈ ലോക്ഡൗണ്‍ കാലം ഉപയോഗപ്പെടുത്തുക. ഒരു പുതിയ ലോകം ഖുര്‍ആനിലൂടെ നമുക്കു തുറന്നു കിട്ടുമെന്നതില്‍ സംശയം വേണ്ട.

നിര്‍ബന്ധ നമസ്കാരങ്ങള്‍ കൃത്യതയോടെയും മനസ്സാന്നിധ്യത്തോടെയും നിര്‍വഹിക്കുക. സുന്നത്തു നമസ്കാരങ്ങള്‍ നിര്‍വഹിക്കാനും അതില്‍ നിന്ന് അനുഭൂതി നുണയാനും പരിശ്രമിക്കുക. തെറ്റുകുറ്റങ്ങള്‍ മനുഷ്യ സഹജമാണ്. പരമകാരുണികനായ നാഥന്‍ നമ്മെ പിടിച്ചു ശിക്ഷിക്കാനല്ല ആഗ്രഹിക്കുന്നത്. ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ഇസ്തിഗ്ഫാര്‍ നടത്തുകയും ചെയ്യുന്നുവെങ്കില്‍ നമുക്കവന്‍ മാപ്പു തരാനും കരുണ നല്‍കാനുമാണ് ആഗ്രഹിക്കുന്നത്. അത് കൊണ്ട്, അല്ലാഹുവിന്‍റെ മുമ്പാകെ നിന്ന് തൗബ ചെയ്യാനും ഇസ്തിഗ്ഫാര്‍ നടത്താനും മനസ്സു കാണിക്കുക.
ഈ വിശുദ്ധമാസത്തില്‍ ഒട്ടേറെ നന്മകള്‍ക്ക് വിളയെറിയാനുള്ള അവസരമുണ്ട്. അത് ഉപയോഗപ്പെടുത്താനാകണം നമ്മുടെ ശ്രദ്ധ. വ്രതവും വ്രതത്തോനോടനുബന്ധിച്ചുള്ള ആരാധനകളും നമ്മിലുണ്ടാക്കേണ്ടത് തക് വയാണ്. സൂറത്തുല്‍ ബഖറയില്‍ അല്ലാഹു അത് പറഞ്ഞിട്ടുണ്ട്.

പ്രിയപ്പെട്ട യുവ സഹോദരങ്ങളെ, ഒരു ഖുര്‍ആനിക വചനം ശ്രദ്ധിക്കുക:

“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ആലു ഇംറാൻ:133)

അല്ലാഹു നമുക്കിപ്പോള്‍ നല്‍കിയിരിക്കുന്നത് അസുലഭമായ അവസരമാണ്. കളികളിലും തമാശകളിലും ഉറക്കത്തിലും മാത്രമായി സമയം കളയാതിരിക്കുക. ഏത് കളിയാണ് ഹറാം ഏത് കളിയാണ് ഹലാല്‍ എന്ന ചോദ്യങ്ങളില്‍ സമയം കളയരുത്. ആരോഗ്യവും ഒഴിവു സമയവും അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. അത് പാഴാക്കരുത്. മരണം വരും മുമ്പെ ജീവിതത്തെ, വാര്‍ധക്യം വരും മുമ്പെ യുവത്വത്തെ, രോഗം വരും മുമ്പെ ആരോഗ്യത്തെ പരലോകത്ത മോക്ഷത്തിനായി ഉപയോഗപ്പെടുത്തണം എന്ന് നമ്മുടെ ഹബീബായ റസൂല്‍ നമ്മളെ ഉണര്‍ത്തിയിട്ടുണ്ട്.

പ്രിയപ്പെട്ട യുവ സഹോദരങ്ങളെ, റമദാനില്‍ പ്രവേശിച്ചിട്ടാകരുത് റമദാനിലേക്കുള്ള തീരുമാനങ്ങള്‍. ഇപ്പോള്‍ത്തന്നെ ഷെഡ്യൂളിംഗ് നടത്തുക. നന്മകളാല്‍, പുണ്യങ്ങളാല്‍, ആരാധനകളാല്‍ സമൃദ്ധമായ ഒരു മാസമായി വരുന്ന റമദാനിനെ അല്ലാഹു നമ്മുടെ ജീവിത്തില്‍ ആക്കിത്തരട്ടെ. പുതിയൊരു ജീവിതത്തിലേക്കുള്ള തീരുമാനവുമായി നമുക്ക് റമദാനിലേക്ക് പ്രവേശിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ.