ലോകഗുരുവായ മുഹമ്മദു നബി(സ്വ)യുടെ പ്രസിദ്ധമായ പ്രാര്‍ത്ഥനകളില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥന അതിന്‍റെ അര്‍ത്ഥവും ലഘുവായ ആശയവുമടക്കം ഹൃസ്വമായ വിവരണം.
عَنْ زَيْدِ بْنُ أَرْقَمْ رَضِيَ اللهُ عَنْهُ قَالَ: كَانَ رَسُولُ اللهِ صلى الله عليه وسلم يَقُولُ: «اَللّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسْلِ، وَالْبُخْلِ وَالْهَرَمِ، وَعَذَابِ الْقَبْـرِ، اَللّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اَللّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا» . رواه مسلم.
ഹദീസ് നിവേദകനായ സ്വഹാബിയെക്കുറിച്ച്
സൈദ് ബ്നു അര്‍ഖം(റ): അന്‍സാരിയാണ്. ഖസ്റജ് ഗോത്രക്കാരന്‍. അബൂഅംറ്, അബു സഈദ്, അബൂ അനീസ എന്നീ വിളിപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധനായ സ്വഹാബിയാണ് സൈദ്ബ്നു അർഖം(റ). പ്രവാചകനിൽ നിന്ന് എഴുപതോളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. ഹിജ്റ 66ല്‍ അല്ലെങ്കില്‍ 68ല്‍ കൂഫയിലാണ് അദ്ദേഹത്തിന്‍റെ മരണം.
ഹദീസിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം
സൈദ് ബ്നു അര്‍ഖം(റ) നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) പറയുമായിരുന്നു: അല്ലാഹുവേ, ബലഹീനതയില്‍ നിന്നും അലസതയില്‍ നിന്നും, പിശുക്കില്‍ നിന്നും വാര്‍ധക്യ സഹജമായ പീഡകളില്‍ നിന്നും, ഖബര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു. അല്ലാഹുവേ, നീ എന്‍റെ മനസ്സിന് അതിന്‍റെ ഭക്തി നല്‍കുകയും അതിനെ ശുദ്ധീകരിക്കുകയും ചെയ്യേണമേ; നീ അതിനെ നന്നായി ശുദ്ധീകരിക്കുന്നവനാകുന്നു. നീ അതിന്‍റെ രക്ഷാധികാരിയും യജമാനനുമാകുന്നു. അല്ലാഹുവേ, ഉപകാരം നല്‍കാത്ത അറിവില്‍ നിന്നും, ഭയമില്ലാത്ത/ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും, തൃപ്തിയടയാത്ത മനസ്സില്‍ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാര്‍ഥനയില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു. (മുസ്ലിം)
ഹദീസ് വിശദീകരണം
നബി തിരുമേനി(സ്വ)യുടെ അര്‍ഥവത്തായ ഒരു പ്രാര്‍ഥനയാണ് ഇത്. സത്യവിശ്വാസി പ്രബലനും ഊര്‍ജ്ജസ്വലനുമായിരിക്കണം. ആരാധനകളും മറ്റിതര സല്‍കര്‍മ്മങ്ങളുമനുഷ്ഠിക്കാനും, പരീക്ഷണങ്ങളെ അതിജയിക്കാനും, കുഴപ്പങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള വ്യക്തിക്കേ തന്‍റെ ഉത്തരവാദിത്തങ്ങള്‍ വേണ്ട വിധം നിര്‍വഹിക്കാനാകൂ. അതു കൊണ്ടു തന്നെയാണ് ബലഹീനത, അലസത എന്നിവയില്‍ നിന്നും നബി(സ്വ) ശരണം തേടുന്നത്. അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് തനിക്കും കുടുംബത്തിനും അര്‍ഹരായ അന്യര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തിലും ചെലവഴിക്കാനുള്ള മനസ്ഥിതിയാകണം മുഅ്മിനിന്‍റേത്. എല്ലാം തന്നില്‍ മാത്രം നിക്ഷിപ്തമാകണം എന്ന അത്യാഗ്രഹത്താല്‍ ധനം പിടിച്ചു വെക്കുന്ന പ്രവണതയാണ് പിശുക്ക്. ഔദാര്യ ചിന്തയും പരോപകാര മനസ്സും വിശ്വാസിയിലെപ്പോഴും ഉണ്ടാകേണ്ടതുണ്ട്.
പിശുക്ക് എന്ന മോശമായ പ്രവണത മനുഷ്യന് വരുത്തിവെക്കുന്ന പരോലക അപകടത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ‘അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്.’ (ആലു ഇംറാന്‍/180)
അതേ പ്രകാരം, പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കാവുന്ന ഒട്ടേറെ പ്രയാസങ്ങളുടെ കാലമാണ് വാര്‍ധക്യം. ശാരീരിക ശക്തി കുറയാം, ഊര്‍ജ്ജസ്വലത നഷ്ടപ്പെടാം, അലസത വന്നേക്കാം. ഇതെല്ലാം ഒരു വ്യക്തിയുടെ കര്‍മ്മ ശേഷിയെ സാരമായി ബാധിക്കുന്നവയാണ്. പിശുക്കില്‍ നിന്നും വാര്‍ധക്യകാല പ്രയാസങ്ങളില്‍ നിന്നുമൊക്കെ രക്ഷ ലഭിക്കാനുള്ള പ്രവാചകന്‍റെ പ്രാര്‍ഥന ഓരോ മുസ്ലിമും മനസ്സിരുത്തി പഠിക്കണം.
ഖബര്‍ ശിക്ഷ പ്രവാചക ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്. അതില്‍ നിന്ന് രക്ഷ കിട്ടാനുള്ള പ്രാര്‍ഥനകള്‍ നബി(സ്വ)യുടെ ചര്യയില്‍ ധാരാളമുണ്ട്. നമ്മുടെ പ്രാര്‍ഥനകളിലും ഖബര്‍ ശിക്ഷയില്‍ നിന്ന് അഭയം ലഭിക്കാനുള്ള തേട്ടം ഉള്‍പ്പെടുത്തിയിരിക്കണം.
ഈമാനുള്ള മനസ്സിലാണ് ഭക്തിയുണ്ടാകുക. മാനസിക ഭക്തിക്കും ഹൃദയ ശുദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ഥന നമ്മളില്‍ നിന്നുണ്ടാകണം. അല്ലാഹുവാണ് മനസ്സിനെ എല്ലാത്തരം മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്നവന്‍. ശിര്‍ക്ക്, കുഫ്റ്, ബിദ്അത്ത്, ഗീബത്ത്, പക, ശത്രുത പോലുള്ള എല്ലാ അഴുക്കില്‍ നിന്നും ശുദ്ധിയായെങ്കിലേ ഒരു നല്ല വിശ്വാസിയായി നമുക്ക് ജീവിക്കാനാകൂ.
ജീവിതത്തിന് ഉപകാരം നല്‍കാത്ത അറിവ്, അല്ലാഹുവിനെ ഭയമില്ലാത്ത ഹൃദയം, കിട്ടിയതില്‍ സംതൃപ്തമാകാത്ത മനസ്സ്, പലതരം പാപങ്ങളാലോ മറ്റൊ ഉത്തരം നിഷേധിക്കപ്പെടുന്ന പ്രാര്‍ഥന എന്നിവയില്‍ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടേണ്ടതിന്‍റെ അനിവാര്യത ഈ പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നുണ്ട്. الله أعلم