കൊറോണ വൈറസ് വ്യാപനം തടയാൻ സർക്കാറുകൾ സ്വീകരിച്ച ലോക്ഡൌൺ കാലയളവിൽ വീട്ടിൽ തന്നെ സമയം ചെലവഴിക്കുമ്പോൾ നിങ്ങൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? എങ്കിൽ അതിന്നുള്ള പ്രധാന കാരണം, വരും ദിവസങ്ങളിൽ ഈ സന്നിഗ്ദ ഘട്ടത്തെ എങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും നിങ്ങളുടെ ആശങ്കയുമാണ്.
പരിഭ്രമിക്കേണ്ടതില്ല ഇത് പരിഹരിക്കാൻ സഹായകമാകുന്ന അഞ്ച് കാര്യങ്ങൾ നമുക്കു മുന്നിലുണ്ട്.
- സോഷ്യൽ മീഡിയ അകലം
ആവശ്യമുളളതും അനാവശ്യവുമായ വാർത്തകൾ ഏറ്റവും കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന മേഖലയാണ് സോഷ്യൽ മീഡിയ. ഈ മഹാമാരിയുടെ കാലത്ത് ഭീതിപ്പെടുത്തുന്നതും എന്നാൽ അടിസ്ഥാനമില്ലാത്തതുമായ വാർത്തകൾ അനവധിയാണ്. മനുഷ്യരെ മാനസിക സമ്മർദ്ദത്തിലാക്കുന്നവയാണ് ഭൂരിഭാഗവും. ഈ ഏകാന്തവാസത്തിൽ അനാവശ്യമായ ചാറ്റിംഗുകളും ഡിബേറ്റുകളും ഫോർവേഡിംഗുകളും നിർത്തി സോഷ്യൽ മീഡിയയോട് അല്പം അകലം പാലിക്കുന്നതാകും നല്ലത്. കൂടുതൽ കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുക. അത് മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം നൽകും.
- ക്വാറൻറൈൻ vs ഖുറാൻ സമയം
ക്വാറൻറൈൻ പിരീഡ് ഉപകാരപ്രദമായി വിനിയോഗിക്കാൻ സവിശേഷമായ ഒരു മാർഗ്ഗമുണ്ട്. ക്വാറൻറൈൻ കാലം ഖുർആൻ വായനയുടെ കാലമാക്കുക. ഇത് ഖുർആനുമായുള്ള ബന്ധം പുതുക്കാൻ നമുക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ്. ഖുർആൻ സൂക്തങ്ങൾ ഓതിയും ആശയം ഗ്രഹിച്ചും കഴിഞ്ഞു കൂടുന്പോൾ മനസ്സിന് ശാന്തിയും സമാധാനവും കൈവരുക തന്നെ ചെയ്യും. ഹൃദയത്തിന് ശാന്തിയേകുന്ന ഔഷധമാണ് ഖുർആൻ എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ( ഇസ്രാഅ്/82)
ഈ ക്വാറൻറൈൻ പീരീഡിൽ ഖുർആനിനെ നമുക്ക് നമ്മുടെ കൂട്ടുകാരനാക്കാം.
- വീട് ഒരു മസ്ജിദാക്കി മാറ്റുക
ലോകമെന്പാടും മസ്ജിദുകൾ താത്കാലികമായെങ്കിലും നിർത്തിവെച്ചിരിക്കുകയാണ്. ഭൂരിഭാഗം മസ്ജിദുകളിലും ജമാഅത്തുകൾ നടക്കുന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാത്ത നമുക്കെങ്ങനെ നമസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കാനാകും? വഴിയുണ്ട്; നമ്മുടെ വീടുകള്‍ താത്കാലിക ആരാധനാലയങ്ങളാക്കുക. പ്രവാചകന്‍ (സ്വ) പറഞ്ഞത്, ‘ഭൂമി മുഴുവനും എനിക്ക് മസ്ജിദായി സൗകര്യപ്പെടുത്തപ്പെട്ടിട്ടുണ്ട്’ (ബുഖാരി) എന്നാണ്. അതിനാല്‍ ഓരോ നമസ്‌കാരവും കൃത്യ സമയത്ത് കുടുംബാംഗങ്ങളുമൊന്നിച്ച് വീട്ടില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുക.
- വീട്ടിൽ നിന്ന് ജോലി
ഈ ക്വാറന്റൈന്‍ കാലയളവില്‍ വീടുകളില്‍ വെച്ചു തന്നെയാണ് നമ്മുടെ ഔദ്യോഗിക ജോലികള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടാകുക. അതിനാല്‍, പ്രസ്തുത ദൈനംദിന ജോലികള്‍ കൃത്യമായി നിർവഹിക്കുന്നതിൽ ശ്രദ്ധ കാണിക്കുക. ഏത് ഉത്തരവാദിത്തവും ആത്മാര്‍ത്ഥമായി നിര്‍വഹിക്കേണ്ടവനാണ് മുസ്ലിം എന്ന ബോധമുണ്ടാകണം. നിര്‍വഹിക്കുന്ന ജോലികള്‍ക്ക് പ്രതിഫലം പറ്റുന്നവന്‍ എന്ന നിലക്ക് ചുമതലകളിലെ വിശ്വസ്തത നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.’ (ഇസ്രാഅ്/34)
- അയല്‍ക്കാരുടെ സ്ഥിതി അന്വേഷിക്കുക
ചുറ്റുപാടും കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും കാലിയായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണ ക്ഷാമത്തെ കുറിച്ചുള്ള അമിതമായ ഭയം നിമിത്തം ആളുകള്‍ സാധന സാമഗ്രികള്‍ വാങ്ങിക്കൂട്ടുകയാണ്. കൂടാതെ കച്ചവടക്കാരുടെ ഭാഗത്തു നിന്നള്ള പൂഴ്ത്തിവെപ്പും. കഴിവുള്ളവന്നും കാശുള്ളവന്നും ഭക്ഷ്യവിഭവങ്ങള്‍ വാങ്ങിക്കൂട്ടാനാകും. നിങ്ങളും ഒരു പക്ഷെ അങ്ങനെയാകാം. എങ്കില്‍, ഒരു കാര്യം മറക്കരുത്. ഇതിനൊന്നും സൗകര്യമില്ലാത്ത ഒരു കുടുംബം നിങ്ങളുടെ അയല്‍ പക്കത്തുണ്ടാകാം. അവരെക്കുറിച്ചന്വേഷിക്കാനും അവരുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാനും ശ്രദ്ധിക്കണം. പ്രവാചകന്‍ (സ്വ) പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ അയൽക്കാരനോട് ഉദാരനായിരിക്കട്ടെ.” (ബുഖാരി, മുസ്ലിം)
ആളുകളില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് ഒറ്റപ്പെട്ട് താമസസ്ഥലങ്ങളിൽത്തന്നെ കഴിയുന്ന ദിനങ്ങളില്‍ നമ്മുടെ ശ്രദ്ധയില്‍ വരേണ്ട് സുപ്രധാനമായ അഞ്ചു കാര്യങ്ങളാണ് മുകളില്‍ പ്രസ്താവിക്കപ്പെട്ടത്. ഇതോടൊപ്പം ദിക്‌റുകളും ദുആഉകളും ധാരാളം നിര്‍വഹിക്കാം. ഇസ്തിഗ്ഫാറുകള്‍ വര്‍ദ്ധിപ്പിക്കാം. അല്ലാഹുവിനെകുറിച്ചുള്ള ഓര്‍മ്മകള്‍ നല്‍കുന്ന ഗ്രന്ഥങ്ങള്‍ വായിക്കാം. പ്രഭാഷണങ്ങള്‍ കേള്‍ക്കാം. ലോകമനുഭവിക്കുന്ന മഹാമാരിയില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അല്ലാഹു സുരക്ഷ നല്‍കി സൗഖ്യം നിറഞ്ഞ ജീവിതാന്തരീക്ഷം അല്ലാഹു എല്ലാവര്‍ക്കും നല്‍കട്ടെ. ആമീന്‍
Source: nermozhi.com