സലീമും ബഷീറും പുളിമരത്തിലേക്ക് നോക്കി നില്‍ക്കുകയാണ്.
രണ്ടു പേരും എന്തൊക്കെയൊ പറയുന്നുണ്ട്. നബീല്‍ സുക്ഷിച്ചു നോക്കി. രണ്ടാളുടെ കയ്യിലും കല്ലുകളുണ്ട്. പുളി എറിഞ്ഞു വീഴ്ത്താനുള്ള ശ്രമത്തിലായിരിക്കും. നബീല്‍ വിചാരിച്ചു.
‘അല്ലാ, എന്താ രണ്ടു പേരും കൂടി.. പുളി എറിയ്യാ?’ നബീല്‍ ചെന്നപാടെ ചോദിച്ചു.
നബീല്‍ അവരുടെ അടുക്കല്‍ എത്തിയത് സലീമും ബഷീറും അറിഞ്ഞിരുന്നില്ല.
“നബീല്‍… ദാ കണ്ടില്ലെ…” സലീം മുകളിലേക്ക് ചൂണ്ടി
“കിളിക്കൂടാ…” ബഷീര്‍ പൂര്‍ത്തിയാക്കി
“അതിനെന്തിനാ നിങ്ങള് കല്ലുമായി ഇവടെ നില്‍ക്കുന്നത്?” നബീല്‍ ചോദിച്ചു
“അത്…, ആ കൂട്ടില് കിളിക്കുട്ടികളുണ്ട് നബീല്‍… അതിനെ എറിഞ്ഞ് പിടിക്കാനാ.” ബഷീര്‍ അത് പറയുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു അവന്‍റെ മുഖത്ത്.
കിളിക്കൂട്ടിലേക്ക് എറിയാനായി കല്ലുമായി ഓങ്ങി നില്‍ക്കുകയായിരുന്നു സലീമപ്പോള്‍.
നബീല്‍ സലീമിന്‍റെ കയ്യില്‍ കടന്നു പിടിച്ചു. എന്നിട്ട് പറഞ്ഞു: “അരുത് സലീം… കിളിക്കൂട് എറിഞ്ഞ് തകര്‍ക്കരുത്.”
ബഷീറും സലീമും നബീല്‍ പറഞ്ഞത് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു. കിളികുഞ്ഞുങ്ങളെ പിടിക്കാന്‍ നബീലും അവരോടൊപ്പം ചേരുമെന്നായിരുന്നു അവര്‍ വിചാരിച്ചിരുന്നത്.
“അതെന്താ നബീല്‍.. കിളികളെ നമുക്ക് വളര്‍ത്താലൊ?” സലീം ചോദിച്ചു
“കൂട്ടുകാരെ, എന്തിനാണ് നിങ്ങള്‍ക്ക് ആ കിളിക്കുഞ്ഞുങ്ങള്‍? അവ അവയുടെ അമ്മക്കിളിക്കുള്ളതല്ലെ. അമ്മക്കിളി തന്‍റെ മക്കള്‍ക്കായി എത്ര കഷ്ടപ്പെട്ടായിരിക്കും ആ കിളിക്കൂട് നിര്‍മ്മിച്ചിട്ടുണ്ടാകുക?”
സലീമിന്‍റേയും ബഷീറിന്‍റെയും കൈകളില്‍ നിന്ന് നബീല്‍ കല്ലുകള്‍ വാങ്ങി ദൂരെയെറിഞ്ഞു. എന്നിട്ട് അവര്‍ രണ്ടുപേരെയും പുളിമരച്ചോട്ടില്‍ പിടിച്ചിരുത്തി.
“കൂട്ടുകാരെ, പറക്കാന്‍ കഴിയാത്ത കുറച്ചു കുഞ്ഞുകിളായിരിക്കും ആ കൂട്ടിലുണ്ടാകുക. കുഞ്ഞു കിളികള്‍ക്ക് ഭക്ഷണവും തേടി അവയുടെ അമ്മക്കിളി ദൂരേക്ക് പറന്ന് പോയിരിക്കുകയാകും.”
ബഷീറും സലീമും നബീലിനെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു.
“… ആ അമ്മക്കിളി മക്കള്‍ക്കുള്ള ഭക്ഷണവുമായി സന്തോഷത്തോടെ തിരിച്ചു വരുമ്പോള്‍ തന്‍റെ കൂടും കുട്ടികളേയും കാണാതായാല്‍… ആ അമ്മക്കിളിയുടെ ദു:ഖം എത്രയായിരിക്കും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടൊ?”
“അത്… നബീല്‍… ഞങ്ങള്‍..” സലീം നിര്‍നിര്‍ത്തിയാണത് പറഞ്ഞത്.
“അതെ, നിങ്ങള്‍ അതൊന്നും ആലോചിച്ചില്ല…”
“ബഷീറെ, വീട്ടില്‍ നിര്‍ത്തിപ്പോയ നിന്നെ തിരിച്ചു വരുമ്പോള്‍ നിന്‍റെ ഉമ്മ നിന്നെയവിടെ കാണാതിരുന്നാല്‍ എന്തായിരിക്കും ഉമ്മാന്‍റെ അവസ്ഥ?”
നബീലിന്‍റെ ചോദ്യത്തിന്‍റെ ഉത്തരം ബഷീറിനറിയാമായിരുന്നു. പക്ഷെ, അവന്‍ നബീലിനെ മൂകമായി നോക്കുക മാത്രം ചെയ്തു.
“വിഷമിക്കും… നിലവിളിക്കും…. ബോധംകെട്ടു വീഴും… അല്ലെ..?”
ബഷീര്‍ തലയാട്ടി
“കൂട്ടുകാരെ, മനുഷ്യരായാലും മൃഗങ്ങളായാലും പക്ഷികളായാലും അവയുടെ കുഞ്ഞുങ്ങള്‍ അവര്‍ക്കൊക്കെ ജീവനാണ്… പ്രിയമുള്ളതാണ്.. നമ്മള്‍ ഒന്നിനേയും ഉപദ്രവിക്കാന്‍ പാടില്ല.. എല്ലാ ജീവജാലങ്ങളോടും നമ്മള്‍ കരുണ കാണിക്കുകയാണ് വേണ്ടത്.”
“നബീല്‍… സത്യത്തില്‍ ഞങ്ങളിതൊന്നും ആലോചിച്ചില്ല… കിളിക്കൂട് കണ്ടപ്പോള്‍ കുഞ്ഞു കിളികളെ പിടിക്കാലോന്ന് മാത്രമേ ചിന്തിച്ചുള്ളൂ.” ബഷീര്‍ ഇടക്കു കയറി പറഞ്ഞു.
“ഒന്നു രണ്ടു പ്രാവശ്യം ഞാന്‍ കൂട്ടിലേക്ക് എറിഞ്ഞതാ… കൊണ്ടില്ല..” ഭാഗ്യായി.. സലീം ആശ്വാസം കൊണ്ടു.
“കൂട്ടുകാരെ, ഞാന്‍ പറഞ്ഞല്ലോ, എല്ലാ ജീവജാലങ്ങളോടും നമ്മള്‍ കരുണ കാണിക്കണമെന്ന്.. ഇത് എന്‍റെ ഉപദേശമല്ല… നമ്മുടെ പ്രവാചകന്‍ നമ്മളെ ഉപദേശിച്ചതാ..”
“അതെന്താണ്?….” സലീമും ബഷീറും ഒന്നിച്ച് ചോദിച്ചു
“കേട്ടോളൂ…” നബീല്‍ പറഞ്ഞു തുടങ്ങി. “ഒരിക്കല്‍ നബി(സ്വ) സ്വഹാബികള്‍ക്ക് ഒരു കഥ പറഞ്ഞു കൊടുത്തു. ഒരാള്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയില്‍ അയാള്‍ക്ക് വല്ലാതെ ദാഹിച്ചു. വെള്ളം അന്വേഷിച്ച് അയാള്‍ കുറേ നടന്നു. ദാഹം കൊണ്ട് വല്ലാതെ ക്ഷീണിതനായിരുന്ന അയാള്‍ അവസാനം ഒരു കിണര്‍ കണ്ടു.”
“കിണറിലിറങ്ങി ദാഹം തീരുവോളം അയാള്‍ വെള്ളം കുടിച്ചു. മുകളില്‍ കയറിയപ്പോള്‍ തൊട്ടകലെ ഒരു നായ ദാഹം കൊണ്ട് വലഞ്ഞ് മണ്ണ് മാന്തിക്കൊണ്ടിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു.”
“അയാള്‍ കുറച്ചു മുമ്പത്തെ തന്‍റെ അവസ്ഥ ഓര്‍ത്തു. പാവം നായ! അയാള്‍ കിണറ്റിലേക്ക് വീണ്ടും ഇറങ്ങി. തന്‍റെ തോല്‍ഷൂവില്‍ വെള്ളം നിറച്ച് വായില്‍ കടിച്ചു പിടിച്ച് അദ്ദേഹം മുകളിലേക്ക് കയറി. എന്നിട്ട് ആ വെള്ളം നായക്ക് കുടിക്കാനായി നല്‍കി. അയാളുടെ ആ പ്രവൃത്തിയില്‍ അല്ലാഹു സംപ്രീതനായി. അയാള്‍ക്കല്ലാഹു അദ്ദേഹത്തിന്‍റെ തെറ്റുകളെല്ലാം പൊറുത്തു കൊടുക്കുകയും ചെയ്തു.”
“ഈ കഥ കേട്ടപ്പോള്‍ സ്വഹാബികള്‍ നബി(സ്വ)യോട് അത്ഭുതത്തോടെ ചോദിച്ചു: ദൈവ ദൂതരേ, ഞങ്ങളുടെ മൃഗങ്ങളോട് ഞങ്ങള്‍ കാണിക്കുന്ന കാരുണ്യത്തിനും ഞങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുമെന്നൊ?”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: “തീര്‍ച്ചയായും. പച്ചക്കരളുള്ള ഏത് ജീവിയോട് കരുണ കാട്ടിയാലും നിങ്ങൾക്ക് പ്രതിഫലം ലഭിക്കും.”
കഥ കേട്ടു കഴിഞ്ഞപ്പോള്‍ ബഷീറും സലീമും ഒപ്പം എഴുന്നേറ്റു. നബീലിന്‍റെ കൈകളില്‍ അവര്‍ പിടിച്ചു കൊണ്ട് പറഞ്ഞു: “നബീല്‍ നീ ഞങ്ങളുടെ കൂട്ടുകാരനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നീ ഞങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചു…”
“നിങ്ങളാണ് എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍. നല്ല കാര്യങ്ങള്‍ കേള്‍ക്കുമ്പോഴൊക്കെ അത് സ്വീകരിക്കാനുള്ള നിങ്ങളുടെ മനസ്സുണ്ടല്ലൊ, അതാണ് ഏറ്റവും നല്ല മനസ്സ്.” നബീല്‍ എഴുന്നേറ്റ് നടക്കുന്നതിനിടയില്‍ അവരോട് പറഞ്ഞു.
Source: www.nermozhi.com